ഇന്ത്യാചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളത്. ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ച ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ്. 8252 കോടി രൂപയാണ് വിവിധ കമ്പനികളിൽനിന്ന് ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി വാങ്ങിയത്. രണ്ടുവിധത്തിലാണ് ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി പണം നേടിയത്. സർകാർ പദ്ധതികളുടെ കരാറെടുക്കുന്ന കമ്പനികൾ ബിജെപിക്ക് ബോണ്ട് നൽകുന്നതാണ് ആദ്യത്തെ രീതി. രണ്ടാമത്തെ രീതി കൂടുതൽ അപകടകരമാണ്. പണം നൽകാത്ത കമ്പനികളിൽ ഇഡിയും ആദായനികുതി വകുപ്പും റെയ്‌ഡ് നടത്തി കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തും. പണം കൊടുക്കുന്നതോടെ കേസുകൾ ഇല്ലാതാകും.
പത്തുവർഷം മോദി സർക്കാർ ജനാധിപത്യത്തെ തകർക്കാനാണ് ശ്രമിച്ചത്. ജനങ്ങൾ തെരഞ്ഞെടുത്ത രണ്ടു മുഖ്യമന്ത്രിമാരെ ജയിലിൽ അടച്ചു. ബിജെപിക്കെതിരെ പോരാടാൻ ഇന്ത്യ കൂട്ടായ്‌മയുടെ ഭാഗമായി എന്നതാണ് ഇവർ ചെയ്ത കുറ്റം. ജനാധിപത്യം നിലനിർത്താനും ഭരണഘടന സംരക്ഷിക്കാനുമുള്ള പോരാട്ടത്തിലാണ് ഇന്ത്യ കൂട്ടായ്‌മ. ബിജെപി സർക്കാരിനെ നിയന്ത്രിക്കുന്ന ആർഎസ്എസ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നത്. അതിനായി പൗരത്വനിയമം കൊണ്ടുവന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിങ്ങളും ക്രൈസ്‌തവരും രണ്ടാംകിട പൗരന്മാരാണ്. അവരുടെ ജീവിതോപാധികൾ തകർക്കുകയാണ്. രാജ്യത്തെ ജനാധിപത്യത്തിൻ്റെ ഭാവി തീരുമാനിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണിത്.