Skip to main content

സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ മൗത്ത് പീസായി രാഹുൽ ഗാന്ധി അധഃപതിക്കരുത്

പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നില്ല എന്ന രാഹുൽഗാന്ധിയുടെ ചോദ്യം ജനാധിപത്യ വാദികളെയാകെ അത്ഭുതപ്പെടുത്തുന്നതാണ്. കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ഒരു കെഎസ്‌യു നേതാവിന്റെ നിലവാരത്തിലേക്ക് അധഃപതിച്ചിരിക്കുകയാണ്.

ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐ എമ്മിന്റെ മുഖ്യമന്ത്രിയെ കുടുക്കാനായി കേന്ദ്ര ഗവൺമെന്റ് വിവിധ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുകൊണ്ടുള്ള പരിശ്രമങ്ങൾ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ സ്വർണ്ണക്കടത്ത് എന്ന ഉണ്ടയില്ലാവെടിയുമായി മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും അപകീർത്തിപ്പെടുത്താൻ കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങൾ നാം കണ്ടതാണ്. വിവിധ അന്വേഷണ ഏജൻസികൾ കേരളത്തിന് ചുറ്റും വട്ടമിട്ട് പറന്നിട്ടും മുഖ്യമന്ത്രിക്കെതിരെയോ ഇടതുപക്ഷത്തെ ഏതെങ്കിലും ഒരാൾക്കെതിരെയോ തെളിവിന്റെ ഒരു കണിക പോലും കണ്ടെത്താൻ കഴിഞ്ഞില്ല. അന്ന് ബിജെപിയും അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന അന്വേഷണ സംഘങ്ങളും ഇവിടെ അരങ്ങേറ്റിയ പൊറാട്ട് നാടകങ്ങൾക്ക് എല്ലാ പിന്തുണയും കൊടുക്കുകയായിരുന്നു കോൺഗ്രസും യുഡിഎഫും.

ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ഇഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണ പ്രഹസനങ്ങളുടെ അടുത്ത ഘട്ടം ആരംഭിച്ചിരിക്കുന്നു. ബിജെപി ഇതര മുഖ്യമന്ത്രിമാരെ രാജ്യത്തുടനീളം വേട്ടയാടാൻ സംഘപരിവാർ ശ്രമിക്കുന്നതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായ കോൺഗ്രസിന്റെ നേതാവ് കേരളത്തിൽ വന്ന്, രാജ്യത്തെ ഏറ്റവും ശക്തമായ ബിജെപി വിരുദ്ധ സംസ്ഥാനത്തിന്റെ തലവനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നതിനേക്കാൾ പരിഹാസ്യമായ മറ്റെന്താണുള്ളത്?

ബിജെപിയോട് നേർക്കുനേർ ഒരു വിമർശനം പോലും ഉന്നയിക്കാത്ത കേരളത്തിലെ കോൺഗ്രസ് നേതൃത്വം എഴുതിക്കൊടുക്കുന്നത് അതേപടി വായിക്കാനുള്ള ഔചിത്യമില്ലായ്മ രാഹുൽ ഗാന്ധിയെ പോലെ ഒരു നേതാവ് കാണിക്കുവാൻ പാടില്ല. ബിജെപിയോട് നേരിട്ട് മത്സരിക്കാതെ അവർക്ക് അഞ്ചു ശതമാനം വോട്ട് മാത്രമുള്ള വയനാട്ടിൽ മത്സരിക്കുന്ന അദ്ദേഹം തുടർച്ചയായി അബദ്ധങ്ങൾ കാണിക്കുകയാണ്.

മുഖ്യമന്ത്രി ബിജെപിക്കെതിരെ പറയുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരാരോപണം. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഇന്ത്യയിൽ സംഘപരിവാറിനെ ഏറ്റവും ശക്തമായി വിമർശന മുനയിൽ നിർത്തുന്ന സർക്കാരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ശക്തമായ രാഷ്ട്രീയ ബദൽ കേരളം ഉയർത്തുന്നു. ആ സമരത്തിന്റെ നായകനാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി. മതരാഷ്ട്രവാദവും ന്യൂനപക്ഷ വിരോധവും പ്രചരിപ്പിക്കുന്ന സംഘപരിവാറിന്റെ കണ്ണിലെ ഏറ്റവും വലിയ കരടും ഇടതുപക്ഷവും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയുമാണ്. പൗരത്വ നിയമ ഭേദഗതി നിയമവും കാർഷിക നിയമങ്ങളും ഉൾപ്പെടെ സംഘപരിവാർ കൊണ്ടുവന്ന ജനാധിപത്യവിരുദ്ധമായ നിയമങ്ങൾക്കെതിരെ രാജ്യത്ത് ഏറ്റവും തീക്ഷ്ണമായ സമരം നടന്ന നാട് കേരളമാണ്. ഇതൊന്നും രാഹുൽ ഗാന്ധിക്ക് അറിയാത്തതല്ല.

വസ്തുതകൾ ഇതായിരിക്കെ രാജ്യത്തെ ബിജെപി വിരുദ്ധ മുന്നണിയുടെ പ്രധാന നേതാക്കളിതൊരാൾ ഇന്ത്യ മുന്നണിയിലെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അനുചിതമായ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നാണ് ആവശ്യപ്പെടാനുള്ളത്. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ മൗത്ത് പീസായി രാഹുൽ ഗാന്ധി അധഃപതിക്കരുത്.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.