Skip to main content

തൃശൂരിലെ കോൺഗ്രസും ബിജെപിയും കഴിഞ്ഞ കുറച്ചുകാലമായി യോജിച്ചാണ് സിപിഐ എമ്മിനെ എതിർക്കുന്നത്

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനുശേഷം ആദ്യമായി സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ഒമ്പതിന് ഡൽഹിയിൽ ചേരുകയുണ്ടായി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. ഭരണഘടനയും റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യസ്വഭാവവും നിലനിർത്താനാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നാണ് യോഗം വിലയിരുത്തിയത്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും തനിച്ച് ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി അത് നേടാനായില്ല. 2019ൽ 303 സീറ്റ് നേടിയ ബിജെപിക്ക് ഇക്കുറി 240 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. 21 ശതമാനത്തിന്റെ കുറവാണ് സീറ്റിലുണ്ടായത്. എൻഡിഎയും ഇന്ത്യ കൂട്ടായ്മയും തമ്മിലുള്ള സീറ്റ് വ്യത്യാസം 58 ആണെങ്കിലും ലഭിച്ച വോട്ട് തമ്മിലുള്ള വ്യത്യാസം 1.62 ശതമാനം മാത്രമാണ്. കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നെങ്കിൽ മോദി ഭരണത്തിന് മൂന്നാം ഊഴം ലഭിക്കില്ലായിരുന്നു.

ഏതായാലും സഖ്യകക്ഷികളുടെ ചുമലിലേറി മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്വന്തം നിലയിൽ ഭൂരിപക്ഷമില്ലെങ്കിലും മോദി സർക്കാർ ഹിന്ദുത്വ അജൻഡ പുറത്തെടുക്കില്ലെന്ന് പറയാനാകില്ല. അതിനാൽ, ഇടതുപക്ഷ പാർടികൾ മതനിരപേക്ഷ ജനാധിപത്യവും ജനങ്ങളുടെ ജീവനോപാധികളും സാമ്പത്തിക പരമാധികാരവും സാമൂഹ്യനീതിയും ഫെഡറലിസവും സംരക്ഷിക്കാനുള്ള പോരാട്ടം ജാഗ്രതയോടെ തുടരുകതന്നെ വേണമെന്നാണ് പൊളിറ്റ്ബ്യൂറോ കൈക്കൊണ്ട തീരുമാനം. ഹിന്ദുത്വ കടന്നാക്രമണങ്ങൾക്കും ഹിന്ദുത്വ കോർപറേറ്റ് കൂട്ടുകെട്ടിനുമെതിരെ പാർലമെന്റിനകത്തും പുറത്തും ഒരുപോലെ പോരാട്ടം ശക്തിപ്പെടുത്താനും പിബി തീരുമാനിച്ചു. പ്രതീക്ഷിച്ച രീതിയിൽ ഇടതുപക്ഷത്തിന് മുന്നേറാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നും യോഗം വിലയിരുത്തി. പാർടിയുടെ സംസ്ഥാനഘടകവും ഈ പരിശോധന ഉടൻ നടത്തും.

കേരളത്തിൽ സിപിഐ എം ഉൾപ്പെട്ട ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നു പറഞ്ഞല്ലോ. എന്നാൽ, ഇവിടെ 18 സീറ്റ്‌ നേടി മുൻവിജയം (2019നെ അപേക്ഷിച്ച് യുഡിഎഫിന് ഒരു സീറ്റ് കുറവാണ്) ആവർത്തിച്ച യുഡിഎഫിനും ആദ്യമായി ലോക്‌സഭയിലേക്ക് ഒരു സീറ്റ് നേടിയ ബിജെപിക്കും വിജയം ആഘോഷിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല അവർ പരസ്പരം കലഹിക്കുന്നതാണ് കാണുന്നത്. വോട്ടുകച്ചവടവും അവസരവാദ കൂട്ടുകെട്ടും വഴി 18 സീറ്റ് നേടിയപ്പോഴും തൃശൂരിൽ മുൻ കെപിസിസി അധ്യക്ഷനും മുൻ മന്ത്രിയുമായ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും അവിടെ ബിജെപി കന്നിവിജയം നേടിയതുമാണ് യുഡിഎഫ് വിജയത്തിന് മങ്ങലേൽപ്പിച്ചത്. സിറ്റിങ് എംപിയായ ടി എൻ പ്രതാപനെ മാറ്റി അവസാനനിമിഷത്തിൽ മുരളീധരനെ സ്ഥാനാർഥിയാക്കിയത് അദ്ദേഹത്തെ തോൽപ്പിക്കാനും ബിജെപിയെ ജയിപ്പിക്കാനുമുള്ള മാസ്റ്റർ സ്ട്രോക്കായിരുന്നെന്ന് ഇന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. ബിജെപിയുടെ സ്ലീപ്പർ സെല്ലുകൾ കേരളത്തിലെ കോൺഗ്രസിൽ പ്രത്യേകിച്ചും തൃശൂരിലെ കോൺഗ്രസിൽ പ്രവർത്തിക്കുന്നുവെന്നതിന്റെ തെളിവുകൂടിയാണിത്. കോൺഗ്രസ് സ്ഥാനാർഥിക്ക് ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൻ 86,965 വോട്ട് കുറഞ്ഞപ്പോൾ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഇതിൽനിന്ന്‌ ആർക്കും വായിച്ചെടുക്കാവുന്ന കാര്യം കോൺഗ്രസിൽനിന്ന്‌ ചോർന്ന വോട്ടാണ് താമര വിരിയിച്ചത് എന്നാണ്. എൽഡിഎഫിന്റെ സ്ഥാനാർഥിക്കാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 16,196 വോട്ട് വർധിക്കുകയാണ് ചെയ്തത്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ്‌ നിയമസഭാ മണ്ഡലത്തിലും കോൺഗ്രസിന് വോട്ടുചോർച്ച ഉണ്ടായത് നേതൃത്വത്തിന്റെ അറിവോടെയാണ് വോട്ടുകച്ചവടം എന്നതിന്റെ തെളിവുകൂടിയാണ്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണെന്ന കാര്യത്തിൽ സംശയത്തിന് അവകാശമില്ലെന്നർഥം. തൃശൂരിൽ യുഡിഎഫ് വോട്ടും ബിജെപിക്ക് പോയെന്ന് യുഡിഎഫ് കൺവീനർതന്നെ സമ്മതിക്കുകയും ചെയ്തു. ഡിസിസി പ്രസിഡന്റ്‌, ജില്ലാ യുഡിഎഫ് കൺവീനർ എന്നിവരുടെ രാജി വാങ്ങി മറച്ചുവയ്‌ക്കാവുന്ന വോട്ടുകച്ചവടമല്ല തൃശൂരിൽ നടന്നതെന്നർഥം.

സ്വാഭാവികമായും ബിജെപിയെ ജയിപ്പിച്ച കോൺഗ്രസിൽ കലഹം മൂത്തു. ഈ മാസം ഏഴിന് വൈകിട്ട് കെ കരുണാകരന്റെ പേരിലുള്ള ഡിസിസി ഓഫീസിൽ കൂട്ടത്തല്ല് നടന്നു. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയ്‌ക്ക് പരിക്കേറ്റെന്നാണ് മാധ്യമവാർത്ത. തൊട്ടടുത്ത ദിവസം ഇയാളുടെ പരാതിയിൽ ഡിസിസി പ്രസിഡന്റ്‌ ഉൾപ്പെടെ 20 പേർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. പകരം തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നെന്ന് ആരോപിച്ച് തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് ഡിസിസി പ്രസിഡന്റും പരാതി നൽകി. സംസ്ഥാനത്ത് ഭൂരിപക്ഷം ലോക്‌സഭാ സീറ്റും നേടിയ ഒരു പാർടിയുടെ അവസ്ഥയാണിത്. കോൺഗ്രസിനകത്തെ മൂപ്പിളമ തർക്കത്തേക്കാൾ ബിജെപിയെ ആര് സഹായിച്ചെന്നതിനെക്കുറിച്ചുള്ള തർക്കമാണ് തൃശൂരിൽ നടക്കുന്നത്. തൃശൂരിലെ കോൺഗ്രസിൽ ഒരുവലിയ വിഭാഗം ബിജെപിയിലേക്ക് വിളി കാത്ത് നിൽക്കുന്നവരാണ്. പത്മജ വേണുഗോപാൽ ബിജെപിയിലെത്തിയത് ഇതിന്റെ തുടക്കം മാത്രമാണെന്ന് ഇപ്പോഴത്തെ സംഭവങ്ങൾ വിരൽചൂണ്ടുന്നു.

മൃദുഹിന്ദുത്വം മുഖമുദ്രയാക്കിയ കോൺഗ്രസിന് ബിജെപിയോട് പ്രത്യയശാസ്ത്രപരമായ അകൽച്ചയൊന്നുമില്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പലഘട്ടങ്ങളിലും അവർ കൈകോർത്തിട്ടുമുണ്ട്. പട്ടാമ്പിയിലും ബേപ്പൂരും വടകരയിലും നാം അത്‌ കണ്ടതുമാണ്. ഇപ്പോൾ തൃശൂരിൽ കോൺഗ്രസ് വോട്ടിന്റെ 10 ശതമാനത്തോളം ബിജെപിയിലേക്ക് പോകാൻ പ്രധാന കാരണം അവിടത്തെ കോൺഗ്രസ് കുറച്ചുകാലമായി സ്വീകരിച്ചുവന്ന ബിജെപി അനുകൂലനയങ്ങളാണ്. ബിജെപി വളർന്നാലും തരക്കേടില്ല, ബിജെപിവിരുദ്ധ സിപിഐ എമ്മും ഇടതുപക്ഷവും തളരണമെന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. ഞാനിവിടെ പറയുന്നത് വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി വിഷയത്തിലും കരുവന്നൂർ ബാങ്ക് വിഷയത്തിലും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച വിഷയത്തിലും കോൺഗ്രസും യുഡിഎഫും ബിജെപിക്കൊപ്പം തോളോടുതോൾ ചേർന്നാണ് പ്രവർത്തിച്ചതെന്ന കാര്യമാണ്. ഭവനരഹിതർക്ക് സ്വന്തമായ വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ആ പദ്ധതിയെ തകർക്കാൻ മുന്നിട്ടിറങ്ങിയത് അനിൽ അക്കരെയും കൂട്ടരുമായിരുന്നു. കരുവന്നൂർ ബാങ്ക് വിഷയത്തിലും ഇതുതന്നെയാണ് നടന്നത്. ഇഡി അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത് ബിജെപി നേതാക്കളോടൊപ്പം കോൺഗ്രസ് നേതാക്കളാണ്. ഈ ചങ്ങാത്തത്തിന്റെ ഫലമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്. അതായത് കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി തൃശൂരിലെ കോൺഗ്രസും ബിജെപിയും യോജിച്ചാണ് സിപിഐ എമ്മിനെ എതിർത്തത്. ഈ ഐക്യമാണ് ഇപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കണ്ടത്. കോൺഗ്രസുകാരെ സംബന്ധിച്ച് ബിജെപിക്ക് വോട്ടു ചെയ്യുന്നതിൽ ഒരു പുതുമയും ഉണ്ടായിരുന്നില്ല. തെരുവിലെ ഐക്യം വോട്ടിലും ദൃശ്യമായി എന്നുമാത്രം. ബിജെപിയുടെ നേതൃത്വമായി കോൺഗ്രസ് നേതൃത്വത്തിന് മാറാമെങ്കിൽ അണികൾക്കും അതിനു കഴിയുമെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. ഇഡിയെപ്പോലുള്ള ഏജൻസികളെ ബിജെപി പ്രതിപക്ഷത്തെ നേരിടാൻ ഉപയോഗിക്കുകയാണെന്ന് ഒരു ഘട്ടത്തിൽപ്പോലും പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. രാഷ്ട്രീയത്തിലെ ഈ ചോർച്ചയാണ് വോട്ടു ചോർച്ചയായി പരിണമിച്ചത്.

എന്നാൽ, വിചിത്രമായ കാര്യം തൃശൂരിൽനിന്ന്‌ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി സ്ഥാനാർഥി സ്വന്തം വിജയത്തിൽ ആഹ്ളാദിക്കാൻ കഴിയാതെ മെച്ചപ്പെട്ട കസേര ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഒന്നാമതായി കോൺഗ്രസ് വോട്ടിന്റെ സഹായത്താൽ മാത്രമാണ് ജയിച്ചതെന്ന വസ്തുത വിജയത്തിന്റെ തിളക്കം ചോർത്തിക്കളഞ്ഞു. രണ്ടാമതായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് തന്നിലൂടെ ആദ്യവിജയം സമ്മാനിച്ചിട്ടും അതിനർഹമായ പരിഗണന മന്ത്രിസഭാ രൂപീകരണത്തിൽ പ്രധാനമന്ത്രി മോദി നൽകിയില്ല. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പ്രധാനമന്ത്രിയുമായുള്ള അടുത്തബന്ധം തൃശൂരിലെ ബിജെപി സ്ഥാനാർഥി പെരുമ്പറയടിച്ച് പ്രചരിപ്പിച്ചിരുന്നു. അഞ്ച് പത്ത് മന്ത്രിമാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും ചൊൽപ്പടിക്കുനിർത്തുന്ന പദവിയിലെത്തുമെന്ന് വീമ്പിളക്കിയ സുരേഷ്‌ ഗോപിക്ക് ലഭിച്ചത് സഹമന്ത്രിസ്ഥാനംമാത്രം. മറ്റൊരു മന്ത്രിയുടെ ചൊൽപ്പടിക്ക് കീഴിലുള്ള പദവി. അതിനാൽ ഈ സഹമന്ത്രിസ്ഥാനംപോലും വേണ്ടെന്നായി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള പ്രതികരണം. തനിക്ക് ക്യാബിനറ്റ് പദവി ലഭിച്ചില്ലെന്നു മാത്രമല്ല, ജോർജ് കുര്യനെയും തനിക്ക് സമം കണ്ട് സഹമന്ത്രിസ്ഥാനം നൽകിയെന്നതും പ്രത്യേക പരിഗണന ലഭിച്ചില്ലെന്നതിന്റെ പ്രഖ്യാപനമായി. ജയിച്ചിട്ടും പരാജയപ്പെട്ടവനായി ജീവിക്കേണ്ട ഗതികേട്. തിരുവനന്തപുരത്ത് തോറ്റെങ്കിലും മന്ത്രിയുടെ കാറും ചുവന്ന ലൈറ്റും പ്രതീക്ഷിച്ച രാജീവ്‌ ചന്ദ്രശേഖറാകട്ടെ പൊതുപ്രവർത്തനംതന്നെ അവസാനിപ്പിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തെരഞ്ഞെടുപ്പിൽ ജയിച്ച യുഡിഎഫിനും ബിജെപിക്കും വിജയം മുൾക്കിരീടമായി മാറുന്ന കാഴ്ചയാണ് ദൃശ്യമായത്.
 

കൂടുതൽ ലേഖനങ്ങൾ

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജനതയുടെ പൊതുവായ ഉത്സവമായ കൽപ്പാത്തി രഥോത്സവ ദിനത്തിൽ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം

സ. ടി പി രാമകൃഷ്‌ണന്‍

പാലക്കാട്‌ ജനതയുടെ പൊതുവായ ഉത്സവമായി മാറിയിട്ടുള്ളതാണ്‌ കല്‍പ്പാത്തി രഥോത്സവം. അതിന്റെ ആദ്യ ദിവസമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. അത്‌ ജനങ്ങളുടെ സുഗമമായ സമ്മതിദാന അവകാശത്തിന്‌ പ്രയാസം സൃഷ്ടിക്കും. അതിനാല്‍ ഉപതെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാകണം.

സഖാവ് ഷിബിന്റെ കൊലപാതകം; മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കോഴിക്കോട്‌ തൂണേരിയിലെ ഡിവൈഫ്‌ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം. മുസ്‌ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികൾക്കുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചത്. വിചാരണകോടതി വെറുതെവിട്ടവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.

വിശന്നുവലയുന്ന ഇന്ത്യ: ആഗോള വിശപ്പ് സൂചികയിൽ 105-ാം സ്ഥാനം

ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ വീണ്ടും പിറകിൽ. 127 രാജ്യങ്ങളുടെ പട്ടികയിൽ 105-ാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. സൂചികയിൽ ഇന്ത്യയുടെ സ്‌കോർ 27.3 ആണ്‌. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111–ാം സ്ഥാനമായിരുന്നു.