തൃശ്ശൂർ വിജയിച്ചത് ബിജെപിയുടെ മിടുക്കെന്നാണ് അൻവർ ഇപ്പോൾ പറയുന്നത്. കറങ്ങിക്കറങ്ങി അവിടെയാണ് എത്തിയിരിക്കുന്നത്. ഈഡി ഭീഷണിയാണോ കാര്യം എന്നറിയില്ല. ഇന്നലെ വരെയുള്ള ആരോപണം എന്തായിരുന്നു? തൃശൂർ പൂരം കലക്കിയത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോൾ ആ വാദം മാറി. മറ്റു മണ്ഡലങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് വോട്ടുകൾ അനധികൃതമായി തൃശ്ശൂിലെ വോട്ടർ പട്ടികയിൽ തിരുകിക്കയറ്റി എന്നൊക്കെയാണ് നേരത്തെ പറഞ്ഞത്. പൂരം കലക്കിയതിൽ ബിജെപിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണ്ട, എഡിജിപിയുടെ പങ്കിനെക്കുറിച്ച് മാത്രം അന്വേഷിച്ചാൽ മതിയത്രേ. അതെന്ത് അന്വേഷണം?
ഇപ്പോൾ അൻവറിനെ ഉപയോഗപ്പെടുത്തുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ്. മുസ്ലിം മത ന്യൂനപക്ഷങ്ങൾക്കിടയിൽ ഇടതുപക്ഷ സ്വാധീനം വർദ്ധിക്കുന്നതിൽ ഏറ്റവും അസ്വസ്ഥത ഇക്കൂട്ടർക്കാണ്. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷാവകാശ സംരക്ഷണ പ്രതിബദ്ധതയും ബിജെപിയോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിർപ്പുമാണ് ഈ വർദ്ധിക്കുന്ന സ്വാധീനത്തിന് കാരണം. അൻവറിനെപ്പോലുള്ളവർ സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാർത്ഥികളായി മത്സരിക്കാൻ മുന്നോട്ടുവന്നതും അതിനു സഹായകരമായിട്ടുണ്ട്. അതുകൊണ്ടാണ് സിപിഐ(എം)നെ ഇകഴ്ത്താൻ അൻവറിനെപ്പോലൊരു കൈക്കോടാലിയെ അവർ നന്നായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത്.
ജമാഅത്തെ ഇസ്ലാമി ആർഎസ്എസിനെപ്പോലെ തന്നെ മതരാഷ്ട്രവാദത്തിന്റെ വക്താക്കളാണ്. രണ്ടുപേർക്കും കേരളത്തിൽ പൊതുശത്രു സിപിഐ(എം) ആണ്. കാശ്മീരിൽ മതനിരപേക്ഷ-ഇടതുപക്ഷ നിലപാടിന്റെ ഏറ്റവും ശക്തനായ വക്താവായ സിപിഐ(എം) നേതാവ് സ. യൂസഫ് തരിഗാമിയെ അദ്ദേഹം എത്രയോ തവണ വിജയിച്ച മണ്ഡലത്തിൽ തോൽപ്പിക്കുന്നതിന് ജമ്മു-കാശ്മീർ ജമാഅത്തെ ഇസ്ലാമിയും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കുൽഗാമിനു പുറമേ പുൽവാമ, സൗത്ത് കശ്മീർ മണ്ഡലങ്ങളിലും മാത്രമേ ജമ്മു-കാശ്മീർ ജമാഅത്തെ ഇസ്ലാമി മത്സരിക്കുന്നുള്ളൂ. നിരോധിത സംഘടനയായ ജമ്മു-കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാർത്ഥിക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് കേന്ദ്ര ബിജെപി സർക്കാരാണ്.
(അങ്ങനെയുമുണ്ടൊരു കാര്യം – ജമ്മു-കാശ്മീരിലെ ജമാഅത്തെ ഇസ്ലാമി ഇപ്പോഴും ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ഭാഗമല്ല. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരകാലത്ത് പാകിസ്ഥാൻ പട്ടാളക്കാരോടൊപ്പം സ്വന്തം നാട്ടുകാരെ കൊലപ്പെടുത്തുന്നതിനും സ്ത്രീകളെ പീഡിപ്പിക്കുന്നതിനും ഒത്തുചേർന്ന പാരമ്പര്യമാണ് അവിടുത്തെ ജമാഅത്തെ ഇസ്ലാമിക്കുള്ളത്.)
എഡിജിപി ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയതും മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന്റെ പരിധിയിൽ വരുന്നുണ്ടല്ലോ. അപ്പോൾ ബിജെപി നേതൃത്വവുമായി 2023-ൽ ജമാഅത്തെ ഇസ്ലാമി എന്താണ് കൂടിയാലോചന നടത്തിയതിനെക്കുറിച്ച് സത്യസന്ധമായൊരു പ്രസ്താവനയെങ്കിലും പുറപ്പെടുവിക്കാൻ ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന് ബാധ്യതയില്ലേ?
അൻവറിന്റെ ഇരവാദമൊന്നും വിലപോവില്ല. ഇന്നത്തെ ബഹളമൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം.