Skip to main content

ബിജെപി ജയിച്ചാലും സാരമില്ല മതനിരപേക്ഷതയും സിപിഐ എമ്മും തകരണമെന്നാഗ്രഹിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ കശ്മീർ ജനത കണക്കിന് ശിക്ഷിച്ചു

എക്‌സിറ്റ് പോളുകൾക്ക് കടകവിരുദ്ധമായ ഫലങ്ങളാണ് ഹരിയാനയിലും ജമ്മു കശ്മീരിലും ഉണ്ടായത്. ഗോദി മീഡിയ ഉൾപ്പെടെയുള്ള ഭൂരിപക്ഷം എക്‌സിറ്റ്പോളുകളും ഹരിയാനയിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചപ്പോൾ ബിജെപിയാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചത്. ജമ്മു- കശ്മീരിൽ മാധ്യമങ്ങൾ തൂക്കുസഭ പ്രവചിച്ചപ്പോൾ നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിലുള്ള ‘ഇന്ത്യ കൂട്ടായ്മ’ മികച്ച വിജയം നേടുകയും ചെയ്തു. മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത ഇത്രയേ ഉള്ളൂവെന്ന് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുന്നു.
കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിരാശ പകരുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ഹരിയാനയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരാൻ കഴിയുമെന്ന സന്ദേശം നൽകിയ കോൺഗ്രസിന് അതിനു കഴിഞ്ഞില്ലെന്നു മാത്രമല്ല 1966 ൽ സംസ്ഥാനം രൂപംകൊണ്ടശേഷം ആദ്യമായി ഒരു കക്ഷിക്ക് (ബിജെപിക്ക് ) തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരാൻ അവസരമൊരുക്കിയെന്ന പഴി കേൾക്കേണ്ടിവന്നു. പ്രത്യേകപദവി എടുത്തുകളഞ്ഞ ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിന്റെ നിയന്ത്രണം നേടാമെന്ന് കരുതിയ ബിജെപിക്ക് അതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ അധികാരത്തിൽ വരികയും ചെയ്തു. അതായത് രാജ്യത്തെ പ്രമുഖ രാഷ്ട്രീയകക്ഷികൾക്ക് ഒരു പോലെ താക്കീതും മുന്നറിയിപ്പും നൽകുന്നതാണ് ജനവിധി. കൂടുതൽ ക്ഷീണം കോൺഗ്രസിനാണെന്നതും വസ്തുതയാണ്. ഇന്ത്യ കൂട്ടായ്‌മയിൽ പ്രാദേശിക കക്ഷികൾ ശക്തരാകുകയും കോൺഗ്രസിന്റെ ശബ്ദം ദുർബലമാകുകയും ചെയ്യുമെന്ന വിലയിരുത്തലാണ് പൊതുവെ മാധ്യമങ്ങൾ നടത്തുന്നത്.

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടും സീറ്റും മെച്ചപ്പെട്ടതോടെ കോൺഗ്രസിന്റെ പുനർജീവനം തുടങ്ങിയെന്ന ആഖ്യാനം ഉയർന്നു. അത് ശരിയല്ലെന്ന് അടിവരയിടുന്നതാണ് ഹരിയാനയിലുണ്ടായ പരാജയം. വിജയിക്കാനുള്ള എല്ലാ സാഹചര്യവും അവിടെ ഉണ്ടായിരുന്നു. തൊഴിലില്ലായ്മയ്‌ക്കെതിരായ യുവജനരോഷം, കർഷക സമരത്തിന്റെ കേന്ദ്രഭൂമി, ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടങ്ങി അനുകൂലമായ രാഷ്ട്രീയ പശ്ചാത്തലമുണ്ടായിട്ടും അത് ബിജെപിയുടെ ‘ഇരട്ട എൻജിൻ’ സർക്കാരുകൾക്കെതിരെ തിരിച്ചുവിടുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. പതിനൊന്ന് ശതമാനം വോട്ട് കോൺഗ്രസിന് വർധിച്ചെങ്കിലും 36 സീറ്റിൽ വിമതസ്ഥാനാർഥികളുടെ സാന്നിധ്യവും നേതൃത്വത്തിലെ പടലപ്പിണക്കവും (ഹൂഡ-, ഷെൽജ-, സുർജെവാല ഗ്രൂപ്പ് പോര്) അമിതമായ ആത്മവിശ്വാസവും വിനയായി. സ്ഥാനാർഥികളെ നിർണയിച്ചതും തന്ത്രങ്ങൾ മെനഞ്ഞതും സുനിൽ കനഗോലുവാണെന്നതും പരാജയത്തിന് കാരണമായതായി കോൺഗ്രസ് നേതാക്കൾ തന്നെ അടക്കം പറയുന്നു. ബിജെപിക്കെതിരെ എല്ലാ രാഷ്ട്രീയ,-സാമൂഹ്യശക്തികളെയും യോജിപ്പിച്ച് അണിനിരത്താൻ കോൺഗ്രസ് തയ്യാറായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ ആം ആദ്മി പാർടിക്ക് അരഡസൻ സീറ്റ് പോലും നൽകാൻ വിസമ്മതിച്ചു. കോൺഗ്രസ് തോറ്റ മൂന്ന് മണ്ഡലങ്ങളിൽ ബിജെപിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാളും വോട്ട്‌ എഎപി സ്ഥാനാർഥികൾ നേടി. അതുമാത്രമല്ല സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് ശതമാനത്തിലുള്ള വ്യത്യാസം 0.85 ശതമാനം മാത്രമാണ്.

ഹരിയാനയിലെ പരാജയത്തോടെ ഹിന്ദി മേഖലയിൽ ഹിമാചൽപ്രദേശിൽ മാത്രമായി കോൺഗ്രസ് ഭരണം ഒതുങ്ങി. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ വിന്ധ്യാപർവതത്തിന് വടക്കുള്ള ഹിന്ദി ഭാഷാ സംസ്ഥാനങ്ങളിൽ നടന്ന ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസിന് വിജയിക്കാനായില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഢ്‌, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെല്ലാം അവർ പരാജയപ്പെട്ടു. ഇതിനൊരു മറുവശം കൂടിയുണ്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് മുഖാമുഖം നേരിട്ടത് ബിജെപിയെയാണ്. ബിഹാറിലും യുപിയിലും ബംഗാളിലും മഹാരാഷ്ട്രയിലും മറ്റും പ്രാദേശികകക്ഷികൾ ബിജെപിയുടെ മുന്നേറ്റം തടയുമ്പോൾ കോൺഗ്രസ് ബിജെപിയുടെ വിജയം അനായാസമാക്കുകയാണ്. ബിജെപി വിജയത്തിനുള്ള ഗ്യാരന്റി കോൺഗ്രസ് മുഖ്യപ്രതിപക്ഷമാകുക എന്നിടത്തേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് ഹരിയാനയിലെ ഫലം വ്യക്തമാക്കുന്നു.

ജമ്മു- കശ്മീരിലും ഇതുതന്നെയാണ് സ്ഥിതി. ഹിന്ദു ജമ്മു മേഖല ബിജെപിയുടെ കേന്ദ്രമാണ്. ഇവിടെ നാഷണൽ കോൺഫറൻസിനേക്കാൾ സ്വാധീനം കോൺഗ്രസിനാണ്. എന്നാൽ ഈ മേഖലയിൽനിന്ന് ബിജെപി 29 സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് ലഭിച്ചത് ഒരു സീറ്റു മാത്രമാണ്. കോൺഗ്രസ് ജയിച്ച ആറ് സീറ്റിൽ അഞ്ചും നാഷണൽ കോൺഫറൻസിന് സ്വാധീനമുള്ള കശ്മീരിലാണ്. അതായത് ജമ്മുവിലും ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. പ്രത്യേക പദവി എടുത്തുകളഞ്ഞും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശമായി വെട്ടിമുറിച്ചും സീറ്റ് വർധിപ്പിക്കുക ലക്ഷ്യമാക്കി മണ്ഡല പുനർനിർണയം നടത്തിയും അഞ്ച് നോമിനേറ്റഡ് അംഗങ്ങളെ നിയമസഭയിൽ അനധികൃതമായി ഉൾപ്പെടുത്തിയും അധികാരം നേടാൻ ബിജെപിക്ക് കഴിയാതിരുന്നത് കോൺഗ്രസിന്റെ കരുത്തിനേക്കാൾ നാഷണൽ കോൺഫറൻസിന്റെ സംഘടനാ ശേഷി കൊണ്ടാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ വിലയിരുത്തിയിട്ടുള്ളത്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ആശയപരമായും രാഷ്ട്രീയമായും നേരിടുന്നതിൽ കോൺഗ്രസ് കാണിക്കുന്ന വിമുഖതയാണ് ബിജെപിയുടെ വളർച്ചയ്‌ക്ക് പ്രധാനകാരണം.

കശ്മീരിലെ ഫലത്തെക്കുറിച്ച് പറയുമ്പോൾ കുൽഗാമിനെക്കുറിച്ച് പറയാതിരിക്കാനാകില്ല, ഇന്ത്യ കൂട്ടായ്മയുടെ സ്ഥാനാർഥിയായി വിജയിച്ചത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായ മുഹമ്മദ് യൂസഫ് തരിഗാമിയാണ്. ഭീകരവാദത്തിനെതിരെ ധീരമായി പൊരുതി, വധശ്രമങ്ങളെപ്പോലും അതിജീവിച്ച തരിഗാമി സംസ്ഥാനത്തിന്റെ പ്രത്യേക അവകാശങ്ങൾ മോദി സർക്കാർ റദ്ദാക്കിയപ്പോൾ അതിനെതിരെയും ധീരമായി പൊരുതി. അതായത് ബിജെപിയുടെ പ്രത്യയശാസ്ത്ര പദ്ധതിയെ എല്ലാ അർഥത്തിലും വെല്ലുവിളിച്ച നേതാവ്‌. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഞ്ചാം വിജയം തടയേണ്ടത് ബിജെപിയുടെ ആവശ്യമായിരുന്നു. ബിജെപിക്ക് നേരിട്ടിറങ്ങി തരിഗാമിയെ തോൽപ്പിക്കാനാകില്ല. അതിനാൽ നിരോധിച്ച ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കേന്ദ്ര സർക്കാർ നേതൃത്വം ചർച്ച നടത്തുകയും അവരിലൊരാളെ തരിഗാമിക്കെതിരെ സ്ഥാനാർഥിയാക്കുകയും ചെയ്തു. ഹിന്ദുരാഷ്ട്രത്തിനായി വാദിക്കുന്ന ബിജെപി ഇസ്ലാമികരാഷ്ട്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ ഇറക്കി സിപിഐ എമ്മിനെതിരെ നീങ്ങി.

ഭരണഘടനയെ തള്ളിപ്പറയുകയും കശ്മീരിനെ മോചിപ്പിച്ച് പാകിസ്ഥാനിൽ ചേർക്കണമെന്ന് വാദിക്കുകയും ചെയ്തവരുമായി കൈകോർത്താണ് കേന്ദ്രം ഭരിക്കുന്നവർ തരിഗാമിക്കെതിരെ നീങ്ങിയത്. മതരാഷ്ട്രവാദങ്ങൾ ആരുയർത്തിയാലും മതനിരപേക്ഷവാദികളായ കമ്യൂണിസ്റ്റുകാർ അതിനെ എതിർക്കും. അതിനാലാണ് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും കൈകോർത്ത് സിപിഐ എമ്മിനെതിരെ നീങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നാം കണ്ടതും അതാണ്. ഇപ്പോൾ തരിഗാമിക്കെതിരെ കണ്ടതും അതുതന്നെ. ‘നേരത്തേ ജമാഅത്തെ ഇസ്ലാമിയുടെ കശ്മീർ ഘടകത്തിന്റെ പ്രമുഖനേതാവായ സയാർ അഹമ്മദ് റഷിയെയാണ് ഈ നിഴൽസഖ്യം തരിഗാമിക്കെതിരെ സ്ഥാനാർഥിയാക്കിയത്. എന്നാൽ കുൽഗാമിൽ മതനിരപേക്ഷതയ്‌ക്ക് അനുകൂലമായി ജനങ്ങൾ വിധിയെഴുതി. ജമാഅത്തെ ഇസ്ലാമി സ്ഥാനാർഥിയെ 7838 വോട്ടിന് തരിഗാമി തോൽപ്പിച്ചു. കശ്മീരിൽ സ്വതന്ത്രരായി മത്സരിച്ച 10 ജമാഅത്തെ ഇസ്ലാമി സ്ഥാനാർഥികളിൽ 8 പേർക്കും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു.

ഒരു കാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ കോട്ടയായിരുന്ന സോപോറിൽ അവരുടെ സ്ഥാനാർഥിയായ മൻസൂർ അഹമ്മദ് കലൂവിന് ലഭിച്ചത് 406 വോട്ട് മാത്രമാണ്. ജമാഅത്തെ ഇസ്ലാമിയുമായി "തന്ത്രപ്രധാന സഖ്യം’ സ്ഥാപിച്ച ബാരാമുള്ള എം പി എൻജിനിയർ റാഷിദിന്റെ അവാമി ഇത്തെഹിദ് പാർടി 36 സീറ്റിൽ മത്സരിച്ചെങ്കിലും 31 ലും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. ബിജെപി ജയിച്ചാലും സാരമില്ല മതനിരപേക്ഷതയും സിപിഐ എമ്മും തകരണമെന്നാഗ്രഹിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ കശ്മീർ ജനത കണക്കിന് ശിക്ഷിച്ചു. കേരളത്തിലെ ജനങ്ങളും ഈ മതരാഷ്ട്രവാദികളെ തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും ചെയ്യുമെന്ന് ഉറപ്പാണ്.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.