ദില്ലി സർവകലാശാലയിൽ അധ്യാപകനായിരുന്ന മനുഷ്യാവകാശപ്രവർത്തകൻ ഡോ. ജി എൻ സായിബാബ ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ അന്തരിച്ചു.
നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന ഉടനെ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകർക്കും മറ്റും എതിരെ ആരംഭിച്ച ഭരണകൂട ആക്രമണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ 2014 മേയിൽ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തത്. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ട് എന്ന പേരിലായിരുന്നു ഈ അറസ്റ്റ്. 2015ൽ ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു എങ്കിലും സുപ്രീം കോടതി ഉടനെ അത് റദ്ദാക്കി. 2017ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. പക്ഷേ, 2022 ൽ ബോംബെ ഹൈക്കോടതി സായിബാബയെയും ഒപ്പം അറസ്റ്റിലായ മറ്റ് അഞ്ചു പേരെയും വെറുതെ വിട്ടു. സുപ്രീം കോടതി ഈ വിധിയും റദ്ദാക്കി. പക്ഷേ, 2024 മാർച്ചിൽ ബോംബെ ഹൈക്കോടതി വീണ്ടും അദ്ദേഹത്തെയും മറ്റ് അഞ്ചു പേരെയും വെറുതെ വിട്ടു.
തുടർന്നു പുറത്തിറങ്ങിയ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. അദ്ദേഹത്തെ കാണാനാവാതെ അദ്ദേഹത്തിന്റെ അമ്മ മരിച്ചിരുന്നു.
അഞ്ചു വയസ്സ് മുതൽ പോളിയോ ബാധിതനായി വീൽ ചെയറിൽ നീങ്ങുന്ന അദ്ദേഹത്തിന് ജയിൽ ജീവിതം അസാധാരണമാം വിധം ദുഷ്കരമാക്കുന്നതിൽ ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചു.
ഫാ. സ്റ്റാൻ സ്വാമി മോദി സർക്കാരിന്റെ തടവറയിൽ മരിച്ചു എങ്കിൽ, മുസോളിനിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിൻറെ ജയിലിൽ നീണ്ടകാലം കിടന്ന് ആരോഗ്യം നഷ്ടപ്പെട്ടശേഷം പുറത്തുവിട്ട അന്റോണിയോ ഗ്രാംഷി ഒരു സാനട്ടോറിയത്തിൽ മരിച്ച പോലെ, ഡോ. ജിം എൻ സായിബാബ ഇന്ന് ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ മരണമടഞ്ഞു!
സായിബാബയെ അവസാനമായി കണ്ടത് സഖാവ് സീതാറാം യെച്ചൂരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ, ശാരീരിക അവശതകൾക്കിടയിലും, സെപ്തംബർ പതിനാലിന് അദ്ദേഹം എകെജി ഭവനിൽ വന്നപ്പോൾ ആയിരുന്നു.
ഭരണകൂടം നടത്തിയ ഒരു കൊലപാതകമാണിത്. ജി. എൻ സായിബാബയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.