വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ അത്യന്തം അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നത്. മുൻപ് വിസിമാരുടെ പുനര്‍നിയമനം സംബന്ധിച്ച വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടിലാക്കി നിര്‍ത്തിയ ചാന്‍സലര്‍ ഇപ്പോള്‍ തൻ്റെ ഇംഗിതത്തിന് അനുസരിച്ച് നില്‍ക്കുന്ന വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കി. ഒരിക്കല്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു നിലപാട് സ്വീകരിക്കുന്ന ഈ സ്ഥിതിയാണ് ചാന്‍സലറില്‍ നിന്ന് നിരന്തരം കാണാനാകുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മാ വര്‍ദ്ധനവിനും പൊതുവായ മുന്നേറ്റത്തിനും കാര്യമായ പരിശ്രമങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട് ചാന്‍സലറുടെ ഇടപെടല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് അത്യന്തം ഖേദകരമാണ്.
ഭരണഘടനയുടെ 246 (3) അനുച്ഛേദ പ്രകാരം സംസ്ഥാന സർവ്വകലാശാലകൾ സംബന്ധിച്ച് നിയമനിർമ്മാണം നടത്തുന്നതിന് സംസ്ഥാന നിയമസഭയ്ക്കുള്ള അധികാരം വരെ ചോദ്യം ചെയ്യുകയും ബില്ലുകൾ തടഞ്ഞുവയ്ക്കുകയും ചെയ്ത് ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കരണ ശ്രമങ്ങളെ പിന്നോട്ടടിക്കുന്ന ചാൻസലർ തന്നിഷ്ടപ്രകാരം നടത്തുന്ന നിയമനങ്ങൾ മര്യാദകളുടെ ലംഘനമാണ്.