നാനൂറിലധികം പേരുടെ ജീവൻ നഷ്ടപ്പെടുകയും ഒരു പ്രദേശം അപ്പാടെ തന്നെ തുടച്ചുമാറ്റപ്പെടുകയും ചെയ്ത വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന കേന്ദ്ര സർക്കാർ നിലപാട് കേരളത്തോടുള്ള കടുത്ത അവഗണനയും അനീതിയുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിച്ച് ഇതൊരു സാധാരണ ദുരന്തമല്ല എന്നും പുനരധിവാസത്തിനും പ്രദേശത്തിൻ്റെ പുനർനിർമ്മാണത്തിനും സാധ്യമായത് എല്ലാം ചെയ്യും എന്ന് പ്രഖ്യാപിച്ചു പോയിട്ട് 3 മാസം കഴിഞ്ഞിരിക്കുന്നു. എന്നാൽ നാളിതു വരെ ദുരന്തത്തിന് പ്രത്യേക പാക്കേജ് അനുവദിക്കാൻ ഉള്ള യാതൊരു നടപടിയും കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.2400 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആണ് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് എല്ലാവർഷവും നൽകുന്ന തുക ദുരന്ത നിവാരണത്തിന് ഉപയോഗിക്കാം എന്ന വിചിത്ര വാദമാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്നത്. മുണ്ടക്കൈ ചൂരൽമല ദുരന്ത നിവാരണത്തിനായി ഒരു രൂപ പോലും അധികം അനുവദിക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നില്ല എന്നാണ് ഈ നിലപാടിൽ നിന്ന് വ്യക്തമാകുന്നത്.എല്ലാ കാലത്തും കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണന ദുരന്തമുഖത്തും തുടരുന്ന നിലപാടാണ് കേന്ദ്രത്തിൻ്റേത്. സർവ്വവും നഷ്ടപ്പെട്ട ഒരു ജനതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യമായ എല്ലാ തരത്തിലുമുള്ള ഇടപെടലുകൾ നടത്തി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള കേന്ദ്രത്തിൻ്റെ വെല്ലുവിളിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ കത്തിലൂടെ വെളിവാകുന്നത്.