Skip to main content

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നീക്കങ്ങൾക്കെതിരെ സംഘടിതമായ പ്രതിരോധം തീർക്കാനാണ് നമ്മുടെ ശ്രമം

രാജ്യത്തെ തൊഴിൽനിയമങ്ങൾ ലഘൂകരിക്കുന്നു എന്ന പേരിൽ കേന്ദ്രസർക്കാർ 29 തൊഴിൽനിയമങ്ങളെ സംയോജിപ്പിച്ച് നാല് ലേബർ കോഡുകളായി (വേജസ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ സെക്യൂരിറ്റി, ഒക്യുപ്പേഷണൽ സേഫ്റ്റി) വിഭാവനം ചെയ്തിരിക്കുകയാണ്. കേന്ദ്രം ഈ കോഡുകൾ നടപ്പാക്കുമ്പോൾ കേരളത്തിലെ തൊഴിൽമേഖലയിൽ നിലനിൽക്കുന്ന സവിശേഷ സാഹചര്യങ്ങളെയും തൊഴിലാളികളുടെ അവകാശങ്ങളെയും അത് എങ്ങനെ ബാധിക്കുമെന്നത് ഗൗരവമുള്ള ചിന്താവിഷയമാണ്.

പ്രധാനമായും ‘കോഡ് ഓൺ വേജസ് 2019' നടപ്പാക്കുമ്പോൾ, നിലവിലുള്ള 87 തൊഴിൽമേഖലകളിലെ മിനിമം വേതന വ്യവസ്ഥകൾ എടുത്തുകളയുകയും പകരം തൊഴിലുകളെ നാല് വിഭാഗങ്ങളായി (അൺസ്‌കിൽഡ്, സെമിസ്കിൽഡ്, സ്കിൽഡ്, ഹൈലി സ്കിൽഡ്)മാത്രം തരംതിരിക്കുകയും ചെയ്യുന്നു. വ്യത്യസ്ത തൊഴിൽസാഹചര്യങ്ങളെ പരിഗണിക്കാതെ സ്കിൽമാത്രം അടിസ്ഥാനമാക്കി വേതനം നിശ്ചയിക്കുന്നത് തൊഴിൽമേഖലയിൽ അസംതൃപ്തിക്കും സംഘർഷങ്ങൾക്കും കാരണമായേക്കാം. കൂടാതെ, ബോണസ് ആക്ട് ബാധകമാകുന്ന പരിധി ഉയർത്തിയതോടെ തൊഴിലാളികൾക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്.

ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് പരിശോധിക്കുമ്പോൾ, ‘വ്യവസായം' എന്നതിന്റെ നിർവചനത്തിൽനിന്ന് ചാരിറ്റബിൾ സ്ഥാപനങ്ങളെയുംമറ്റും ഒഴിവാക്കിയത് വലിയ ആശുപത്രികളിലെയടക്കം തൊഴിലാളികളുടെ സംഘടനാസ്വാതന്ത്ര്യത്തെയും തൊഴിൽസുരക്ഷയെയും ദോഷമായി ബാധിക്കും. പണിമുടക്കുകൾക്ക് നിശ്ചിതദിവസത്തെ മുൻകൂർ നോട്ടീസ് നിർബന്ധമാക്കിയതും സ്റ്റാൻഡിങ്‌ ഓർഡറുകൾ ബാധകമാകുന്ന തൊഴിലാളികളുടെ പരിധി ഉയർത്തിയതും തൊഴിലാളിവിരുദ്ധമായ മാറ്റങ്ങളാണ്. തൊഴിൽസുരക്ഷാ കോഡിലും ആശങ്കകളേറെയാണ്. ഫാക്ടറി നിയമത്തിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ എണ്ണം വർധിപ്പിച്ചതും മോട്ടോർ ട്രാൻസ്പോർട്ട് മേഖലയിലെ പരിധി ഉയർത്തിയതും വലിയൊരു വിഭാഗം തൊഴിലാളികൾക്ക് നിയമപരിരക്ഷ നഷ്ടമാകാൻ ഇടയാക്കും.

സാമൂഹ്യസുരക്ഷാ കോഡ്‌ പ്രകാരം, കെട്ടിടനിർമാണ സെസ് പിരിക്കുന്നതിനുള്ള പരിധി ഉയർത്തുന്നത് ക്ഷേമനിധി ബോർഡിന്റെ വരുമാനത്തെ സാരമായി ബാധിക്കും. ക്ഷേമപദ്ധതികൾ ആവിഷ്കരിക്കാനുള്ള സംസ്ഥാനത്തിന്റെ സ്വതന്ത്രാധികാരത്തിനുമേലുള്ള നിയന്ത്രണങ്ങളും അംഗീകരിക്കാനാകില്ല. കേന്ദ്രനിയമങ്ങൾ നടപ്പാകുമ്പോഴും, കേരളം പടുത്തുയർത്തിയ മികച്ച തൊഴിൽസംസ്കാരവും തൊഴിലാളിക്ഷേമവും ഒട്ടും ചോർന്നുപോകാതെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സാധ്യമായ സാഹചര്യങ്ങളിൽ ആവശ്യമെങ്കിൽ നിയമനിർമാണങ്ങളിലൂടെയും ഭേദഗതികളിലൂടെയും തൊഴിലാളികളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പാക്കും.

ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ് തൊഴിൽ. അതിനാൽ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ നിയമനിർമാണത്തിന് അവകാശമുണ്ട്. ഈ ഫെഡറൽ അധികാരം ഉപയോഗിച്ചാണ് കേരളം കേന്ദ്ര കോഡുകളെ പ്രതിരോധിക്കുന്നത്. പിരിച്ചുവിടലിനുള്ള തൊഴിലാളികളുടെ പരിധി ഉയർത്തിയ നടപടി കേരളത്തിൽ അതേപടി നടപ്പാക്കാതിരിക്കാൻ നിയമപരമായ വഴികൾ നമ്മൾ തേടുകയാണ്. സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ തൊഴിൽസുരക്ഷ ഉറപ്പാക്കുന്ന കർശനചട്ടങ്ങൾ നമ്മൾ രൂപീകരിക്കും. ഫാക്ടറികളിലെ സുരക്ഷാപരിശോധനകൾ ലഘൂകരിച്ച് ‘വെബ് അധിഷ്ഠിത'മാക്കാനാണ് കേന്ദ്രനിർദേശം. എന്നാൽ, തൊഴിലാളികളുടെ ജീവനും ജീവിതത്തിനും വിലകൽപ്പിക്കുന്ന കേരളം, ലേബർ ഓഫീസർമാർ നേരിട്ട് നടത്തുന്ന കൃത്യമായ ഇൻസ്‌പെക്‌ഷനുകൾ നിർബന്ധമാക്കും.

അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന കാര്യത്തിൽ കേരളം ലോകത്തിന് മാതൃകയാണ്. നിർമാണത്തൊഴിലാളികൾമുതൽ തയ്യൽ തൊഴിലാളികൾവരെ വിവിധ മേഖലകൾക്കായി പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾവഴി പെൻഷനും ചികിത്സാസഹായവും ഉറപ്പാക്കുന്നു.

ദേശീയതലത്തിൽ നിശ്ചയിക്കുന്ന ‘ഫ്ലോർ വേജ്' കേരളത്തിലെ ജീവിതച്ചെലവിനേക്കാൾ വളരെ കുറവായിരിക്കും. അതിനാൽ, കേരളത്തിലെ തൊഴിലാളികൾക്ക് മാന്യമായ ജീവിതം നയിക്കാൻ ആവശ്യമായ ഉയർന്ന മിനിമം വേതനം സംസ്ഥാനം ഉറപ്പാക്കും. തൊഴിലാളികളെ കേവലം ലാഭമുണ്ടാക്കാനുള്ള യന്ത്രങ്ങളായി കാണുന്ന മുതലാളിത്ത കാഴ്ചപ്പാടല്ല, മറിച്ച് അവരെ നാടിന്റെ സമ്പത്തായും പങ്കാളികളായും കാണുന്ന ഇടതുപക്ഷബദലാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രം അവകാശങ്ങൾ കവർന്നെടുക്കുമ്പോൾ, ആ അവകാശങ്ങൾക്ക് കാവൽ നിൽക്കുകയാണ് കേരളം ചെയ്യുന്നത്.

ലേബർ കോഡുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡിസംബർ 19ന് ദേശീയ ലേബർ കോൺക്ലേവ് തിരുവനന്തപുരത്ത് വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിൽ കേന്ദ്ര തൊഴിലാളി സംഘടനാ പ്രതിനിധികൾ, മാനേജ്മെന്റ് പ്രതിനിധികൾ, നിയമവിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽമന്ത്രിമാരെയും കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നീക്കങ്ങൾക്കെതിരെ സംഘടിതമായ പ്രതിരോധം തീർക്കാനാണ് ശ്രമം. ഇതിന്റെ മുൻപന്തിയിൽ കേരളം ഉണ്ടാകും.
 

കൂടുതൽ ലേഖനങ്ങൾ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.