അമേരിക്കയുടെ വിസ നിരക്ക് വർധനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപനവും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണവും നിരാശാജനകവും അപമാനകരവുമാണ്. മറ്റ് രാജ്യങ്ങളുടെ ചെലവിൽ സ്വന്തം വ്യാപാര താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി യുഎസ് നിർബന്ധിത തന്ത്രങ്ങൾ ഉപയോഗിക്കുകയാണ്. ഇന്ത്യ നടത്തുന്ന ഇറാന്റെ ചാബഹാർ തുറമുഖ പദ്ധതിയിൽ 50 ശതമാനം താരിഫും ഉപരോധങ്ങളും ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഉഭയകക്ഷി വ്യാപാര ചർച്ചകൾ പുനരാരംഭിച്ചതോടെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനാണ് ഈ നടപടികൾ. അന്യായമായ യുഎസ് താരിഫ് സംബന്ധിച്ച ആവശ്യങ്ങൾക്ക് വഴങ്ങാൻ ഇന്ത്യയെ നിർബന്ധിക്കുക എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം.
ഈ തന്ത്രങ്ങളെ ചെറുക്കുന്നതിനുപകരം സ്വാശ്രയത്വത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. അമിത നിരക്ക് ചുമത്തിയ ട്രംപ് ഭരണകൂടത്തിന്റെ ഏകപക്ഷീയവും പ്രതികാരപരവുമായ നടപടികളെ ശക്തമായി അപലപിക്കുന്നു. എച്ച്-1ബി വിസക്കാരുടെ പ്രവേശനം നിയന്ത്രിക്കുന്നത് വൈദഗ്ധ്യമുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെ ഗുരുതരമായി ബാധിക്കും. കരിയർ തടസ്സപ്പെടുത്തുകയും അവരുടെ കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗത്തെ ബാധിക്കുകയും ചെയ്യും.
നിർബന്ധിതവും അന്യായവുമായ ഇത്തരം നടപടികൾക്കെതിരെ കേന്ദ്ര സർക്കാർ ഉറച്ച നിലപാട് സ്വീകരിക്കണം. യുഎസ് സമ്മർദ്ദത്തിന് വഴങ്ങാതെ ഇന്ത്യൻ ജനതയുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് നിർണായക ഇടപെടലുണ്ടാകണം.
