Skip to main content

കേരളം സാമൂഹ്യ- സാംസ്കാരിക രാഷ്ട്രീയ രംഗത്ത് ഇതുവരെ നേടിയ നേട്ടങ്ങളും നിയോ ലിബറൽ കാലത്ത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടുവച്ച ബദൽനയങ്ങളും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാനുള്ള അവസരമാണ് കേരളീയം

കേരളത്തിന്റെ 68-ാം ജന്മദിനമായ ബുധനാഴ്ച കേരളീയം പരിപാടിക്ക് തലസ്ഥാന നഗരിയിൽ തുടക്കമായി. കേരളം എന്താണെന്ന് ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ ആഘോഷപരിപാടികളുടെ ലക്ഷ്യം. തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതൽ കവടിയാർവരെയുള്ള പ്രദേശങ്ങളിലാണ് വിവിധ പരിപാടികൾ നടക്കുന്നത്. നാൽപ്പതിലധികം വേദികൾ സജ്ജമാക്കിയിട്ടുണ്ട്. പ്രദർശനങ്ങളും സെമിനാറുകളും കലാപ്രകടനങ്ങളും ചലച്ചിത്രോത്സവവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രൊഫഷണലുകളും വിദഗ്‌ധരും ഗവേഷകരും മൂവായിരത്തോളം കലാകാരന്മാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കേരളം സാമൂഹ്യ- സാംസ്കാരിക രാഷ്ട്രീയ രംഗത്ത് ഇതുവരെ നേടിയ നേട്ടങ്ങളും നിയോ ലിബറൽ കാലത്ത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടുവച്ച ബദൽനയങ്ങളും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാനുള്ള അവസരമായാണ് കേരളീയത്തെ കാണേണ്ടത്. ഓരോ മലയാളിക്കും തല ഉയർത്തിപ്പിടിച്ച് അന്തസ്സോടെ ഈ ലോകത്തോട് പറയാൻ ഏറെയുണ്ട്. അത് ഉറക്കെ പറയാനുള്ള അവസരമാണ് കേരളീയം. ഗ്ലോബൽ കേരളീയത്തിനുള്ള റിഹേഴ്സലായി കേരളീയം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ പല വികസിത രാജ്യങ്ങളോടും കിടപിടിക്കുന്ന സംസ്ഥാനമാണ് കേരളം. സമ്പൂർണ സാക്ഷരത, സാർവത്രിക വിദ്യാഭ്യാസം, ശക്തമായ പൊതുജനാരോഗ്യ സംവിധാനം, ലിംഗസമത്വം, ഉയർന്ന സാമൂഹ്യ സാമ്പത്തിക സൂചികകൾ എന്നിവയെല്ലാം കേരളത്തെ വികസിതരാഷ്ട്രങ്ങളുമായി അടുത്തുനിർത്തുന്ന ഘടകങ്ങളാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാളും പല മേഖലയിലും മുന്നിലാണ് കേരളം. പ്രത്യേകിച്ചും മനുഷ്യവികസന സൂചികയിൽ. നിതി ആയോഗിന്റെ ദേശീയ മൾട്ടി ഡയമെൻഷനൽ ദാരിദ്ര്യസൂചികയിൽ കുറഞ്ഞ ഭാരിദ്ര്യമുള്ള സംസ്ഥാനമാണ് കേരളം. അതിദാരിദ്ര്യം പൂർണമായും തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് സർക്കാർ ഏർപ്പെട്ടിട്ടുള്ളത്. അറുപതിനായിരത്തിലധികം കുടുംബങ്ങളെ അതിദാരിദ്ര്യം അനുഭവിക്കുന്നവരായി കണ്ടെത്തുകയും അവരെ ദാരിദ്ര്യമുക്തമാക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത് അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു. രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണിപ്പോൾ. രാജ്യത്തിനും ലോകത്തിനും കേരളം നൽകുന്ന മാതൃകാ പ്രവർത്തനമായിരിക്കും ഇത്. നിതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികപ്രകാരം കേരളം രാജ്യത്തൊന്നാമതാണ്. 98.2 ശതമാനം വീടുകളിലും ശുചിമുറികളുണ്ട്. ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കും കേരളത്തിലാണ്. നിതി ആയോഗിന്റെ ആരോഗ്യസൂചികയിൽ കേരളം തുടർച്ചയായി നാലാം തവണയും ഒന്നാമതാണ്.

1956ൽ കേരളം രൂപീകരിക്കപ്പെടുമ്പോൾ രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലായിരുന്നു കേരളം. എന്നാൽ, 1959ലെ ഇ എം എസ് സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണം സംസ്ഥാനത്തിന്റെ സാമൂഹ്യ -സാമ്പത്തിക ഘടനയിൽ വലിയ മാറ്റംവരുത്തി. ഭൂരഹിതരായ ഒരു വലിയ വിഭാഗത്തിന്‌ സ്വന്തമായി ഭൂമി ലഭിച്ചു. വിദ്യാഭ്യാസം സാർവത്രികമാക്കിയതും ആരോഗ്യമേഖലയിൽ പൊതുനിക്ഷേപം വർധിപ്പിച്ചതും സാധാരണ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ സഹായിച്ചു. പ്രവാസി മലയാളികൾ അയക്കുന്ന പണവും സ്വകാര്യനിക്ഷേപ വർധനയും മ്പമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുനയിച്ചു. ഭൂപരിഷ്കരണത്തോടൊപ്പം പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഉയർന്ന കൂലി ഉറപ്പാക്കുന്നതിലും കേരളം മുന്നിലായിരുന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന കൂലി ലഭിക്കുന്ന സംസ്ഥാനമാണിന്ന് കേരളം. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ നിരന്തരമായ പോരാട്ടത്തിന്റെ ഫലമായിരുന്നു ഇത്. വടക്കേ ഇന്ത്യയിൽനിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുമുള്ളവർ തൊഴിലിനായി കേരളത്തിലേക്ക് ആകർഷിക്കപ്പെടാനുള്ള ഒരു കാരണം ഈ ഉയർന്ന കൂലിയാണ്. അതോടൊപ്പം ജാതി–- മത വിവേചനമില്ലായ്മയും അവരെ കൂടുതലായും കേരളത്തിലേക്ക് ആകർഷിക്കുന്നു. സാമ്പത്തിക അസമത്വം ഒരു പരിധിവരെ കുറയ്‌ക്കുന്നതിലുള്ള ഒരു ഘടകം ഈ ഉയർന്ന കൂലിയാണ്.

അതോടൊപ്പം കമ്പോളശക്തികളുടെ ആധിപത്യകാലത്തും വിലക്കയറ്റം പിടിച്ചുനിർത്താനും വിപണിയിൽ സജീവമായ ഇടപെടലുകൾ നടത്താനും കേരളത്തിലെ എൽഡിഎഫ് സർക്കാരുകൾ തയ്യാറായി. ഭക്ഷ്യകമ്മി സംസ്ഥാനമായിട്ടും ഭക്ഷ്യവസ്തുക്കൾക്ക് തീവിലയില്ലാത്തത് സപ്ലൈകോ, മാവേലി സ്റ്റോറുകൾ, റേഷൻ കടകൾ എന്നിവ സജീവമായി പ്രവർത്തിക്കുന്നതിനാലാണ്. ലോകത്തിൽത്തന്നെ ഇത്തരം വിപണി ഇടപെടലുകൾ അപൂർവമായിരിക്കെയാണ്‌ കേരളം ഈ രംഗത്ത് പലർക്കും മാതൃകയാകുന്നത്. ചിലിയിലും മറ്റും കമ്യൂണിസ്റ്റു പാർടികളുടെ നേതൃത്വത്തിലുള്ള തദ്ദേശ ഭരണസമിതികൾ ഇത്തരം വിപണി ഇടപെടലുകൾ അടുത്ത കാലത്ത് സജീവമാക്കിയത് കാണാതെയല്ല ഈ നിരീക്ഷണം.

ജനക്ഷേമത്തിൽ ഊന്നൽ നൽകുന്നതോടൊപ്പംതന്നെ സംസ്ഥാനത്തിന്റെ സർവതോമുഖമായ വികസനത്തിലും എൽഡിഎഫ് സർക്കാർ വലിയ മുന്നേറ്റങ്ങൾ നടത്തുകയുണ്ടായി. പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ മാത്രമല്ല, വൻകിട വ്യവസായ സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളും ഒരുപോലെ വികസിപ്പിക്കാൻ പിണറായി സർക്കാർ തയ്യാറായി. ദേശീയപാത വികസനത്തോടൊപ്പം മലയോര ഹൈവേയും തീരദേശ ഹൈവേയും പൂർത്തിയാക്കിവരുന്നു. കൊച്ചിയിൽ ജലമെട്രോയും യാഥാർഥ്യമായി. തീരദേശ ജലപാതയുടെ പ്രവർത്തനം നടന്നുവരുന്നു. കേന്ദ്രം അംഗീകരിച്ചാൽ സിൽവർ ലൈൻ പദ്ധതിയും യാഥാർഥ്യമാകും.യുഡിഎഫ് സർക്കാർ പാതിവഴിയിൽ ഉപേക്ഷിച്ച ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതി യാഥാർഥ്യമായി. വിഴിഞ്ഞം പദ്ധതിയും ഉടൻ പൂർണമാകും. കെ ഫോൺ പദ്ധതിയുടെ പ്രവർത്തനം അതിവേഗം പുരോഗമിക്കുന്നു. സാധാരണ ജനങ്ങൾക്ക് ഇന്റർനെറ്റ് ബന്ധം നൽകുന്ന ഈ പദ്ധതിയെ ലോകമാധ്യമങ്ങൾപോലും പുകഴ്ത്തുകയുണ്ടായി.

സംസ്ഥാനത്തെ ഒരു വിജ്ഞാനസമൂഹത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് എൽഡിഎഫ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ മതനിരപേക്ഷ അടിത്തറയിൽനിന്നുകൊണ്ട് ഒരു നവകേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ജാതി–- മത നിറഭേദമില്ലാതെ സാമ്പത്തികപുരോഗതിയുടെ പങ്ക് എല്ലാവർക്കും ലഭ്യമാക്കുന്ന, അസമത്വം കുറഞ്ഞ ഒരു നവകേരളത്തിനായാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. നവകേരളത്തിൽ വർഗീയതയ്‌ക്ക് ഇടമുണ്ടായിരിക്കില്ല. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാടായിരിക്കും ഇത്. മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന തുരുത്തായി കേരളം തുടരും. വിദ്വേഷത്തിനും വെറുപ്പിനും ഇടമില്ലാത്ത നാടായി കേരളം തുടരും. മഹത്തായ ഈ ആശയങ്ങൾക്കായി നിലകൊള്ളുന്ന കേരളത്തെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാനുള്ള വേദിയായാണ് കേരളീയത്തെ കാണുന്നത്.

കേരളത്തിന്റെ പ്രതിച്ഛായ തകർക്കാൻ ചില ശക്തികൾ ബോധപൂർവം ശ്രമിക്കുന്നുണ്ട്. കേരളത്തെ സൊമാലിയയോട് താരതമ്യം ചെയ്തത് മറക്കാറായിട്ടില്ല. കറകളഞ്ഞ മതനിരപേക്ഷ സംസ്കാരത്തെ, ഭീകരവാദത്തെ സഹായിക്കലായി വ്യാഖ്യാനിക്കുന്നവരും ഈ നാട്ടിലുണ്ട്. കേരളത്തെ ഇകഴ്ത്തിക്കാണിക്കാൻ ചില സിനിമകൾപോലും അടുത്ത കാലത്തുണ്ടായി. വിഷലിപ്ത മനസ്സുകളിൽനിന്ന്‌ ഉയരുന്ന ഇത്തരം വ്യാഖ്യാനങ്ങൾ തെറ്റാണെന്ന് ലോകത്തോട് വിളിച്ചു പറയാനുള്ള മികച്ച അവസരംകൂടിയാണ് കേരളീയം.

കേരളത്തിന്റെ നേട്ടങ്ങളും നന്മകളും പ്രത്യേകതകളും ലോകജനതയ്‌ക്കു മുമ്പിൽ അവതരിപ്പിക്കുന്ന കേരളീയംപോലുള്ള പരിപാടി ധൂർത്താണെന്നു പറഞ്ഞ് ആക്ഷേപിക്കാൻ സങ്കുചിത മനസ്സുകൾക്കേ കഴിയൂ. കോൺഗ്രസിനാൽ നയിക്കപ്പെടുന്ന യുഡിഎഫും ബിജെപിയും കേരളീയത്തെ എതിർക്കുന്ന കാര്യത്തിലും ഒരേ തട്ടിലാണ്. ഒക്ടോബർ 28ന് ബിജെപി മുഖപത്രം ലീഡ് വാർത്തയായി നൽകിയ കേരളീയത്തിന് വൻ ധൂർത്ത് എന്ന വാർത്ത അതേപടി അടുത്ത ദിവസം കോൺഗ്രസ് മുഖപത്രത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എഴുതിയ ലേഖനത്തിലും ആവർത്തിക്കുന്നത് ഇരുവരും തമ്മിലുള്ള ബന്ധം എത്രമാത്രം ദൃഢമാണെന്ന് വ്യക്തമാക്കുന്നു. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും സാമ്പത്തിക നീതിയിലും ഊന്നുന്ന കേരളീയത്തെ എതിർക്കുന്നത് വർഗീയതയും വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നവരെ സന്തോഷിപ്പിക്കാനാണ്. കേരളത്തിലെ പ്രതിപക്ഷം എങ്ങനെയാണ് ആർഎസ്എസ്–- ബിജെപി അജൻഡയെ സഹായിക്കുന്നത് എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കേരളീയത്തോടുള്ള അവരുടെ എതിർപ്പ്. എന്നാൽ, പ്രബുദ്ധരായ കേരളത്തിലെ ജനങ്ങൾ പ്രതിപക്ഷത്തെ തള്ളി കേരളീയത്തെ വൻ വിജയമാക്കുകതന്നെ ചെയ്യും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങൾ മുഖ്യമന്ത്രി സ. പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി

ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങൾ മുഖ്യമന്ത്രി സ. പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പരിഷ്കാരങ്ങളിൽ ആകൃഷ്ടരായാണ് ലോക ബാങ്ക് പ്രതിനിധികൾ എത്തിയത്.

ഉജ്ജ്വല പ്രക്ഷോഭകാരിയും കാർക്കശ്യക്കാരനായ സംഘാടകനുമായ സഖാവ് ചടയൻ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സ്വജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു

സ. പിണറായി വിജയൻ

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 26 വർഷം തികയുകയാണ്. ഉജ്ജ്വല പ്രക്ഷോഭകാരിയും കാർക്കശ്യക്കാരനായ സംഘാടകനുമായ സഖാവ് ചടയൻ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സ്വജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു.

സ. ചടയൻ ഗോവിന്ദൻ ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ. ചടയൻ സ്മൃതി മണ്ഡപത്തിൽ സ. എ വിജയരാഘവൻ അഭിവാദ്യം അർപ്പിച്ചു

സെപ്റ്റംബർ 9 സ. ചടയൻ ഗോവിന്ദൻ ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ. ചടയൻ സ്മൃതി മണ്ഡപത്തിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ അഭിവാദ്യം അർപ്പിച്ചു.

മുതിർന്ന സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായ സഖാവ് പി രാഘവന്റെ സ്മരണാർത്ഥം സഖാക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച പി രാഘവൻ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

മുതിർന്ന സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായ സഖാവ് പി രാഘവന്റെ സ്മരണാർത്ഥം സഖാക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച പി രാഘവൻ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ചിന്താ പബ്ലിഷേഴ്സ് പുറത്തിറക്കിയ സ.