രക്തസാക്ഷിത്വത്തിന്റെ അനശ്വരതയ്ക്ക് കാലം നൽകിയ മറ്റൊരു പേരാണ് കൂത്തുപറമ്പ്. നവലിബറൽ നയങ്ങൾക്കെതിരായി ലോകമെമ്പാടും നടന്നിട്ടുള്ളതും ഇപ്പോഴും നടക്കുന്നതുമായ നിരവധിയായ പ്രതിരോധ പ്രക്ഷോഭങ്ങളുണ്ട്. അത്യുജ്ജ്വലമായ ആ പോരാട്ട ചരിത്രത്തിന്റെ അനശ്വരമായ ഏടാണ് കൂത്തുപറമ്പിന്റെ രക്തസാക്ഷിത്വം. വിദ്യാഭ്യാസമടക്കമുള്ള സുപ്രധാനമായ മേഖലകളെ കയ്യൊഴിയുകയും അവ പൂർണമായും സ്വകാര്യവൽക്കരിക്കുകയും ചെയ്യുക എന്ന മനുഷ്യത്വ വിരുദ്ധമായ ലാഭേച്ഛയാണ് രാജ്യത്തെ വലതുപക്ഷ സർക്കാരുകൾ വച്ചുപുലർത്തിയത്. ഇന്ന് ഉദാരീകരണ പ്രക്രിയയും സ്വകാര്യവൽക്കരണ നടപടികളും കരാർവൽക്കരണവും കൂടുതൽ തീവ്രമായും ക്രൂരമായും നടപ്പാക്കുകയാണ് മോദി സർക്കാർ. മതനിരപേക്ഷ മൂല്യങ്ങൾ മുറുകെ പിടിച്ച്, മുതലാളിത്തത്തിനെതിരായ പുതിയ സമരമുഖങ്ങൾ അനിവാര്യമായ കാലമാണിത്. ആ പോരാട്ടങ്ങൾക്ക് കൂത്തുപറമ്പിന്റെ രണധീരരുടെ സ്മരണകൾ കരുത്തേകും.