Skip to main content

വ്യാജ വോട്ടർ ഐഡി ഒരു വിഭാഗത്തെ തോൽപ്പിച്ച് മറുവിഭാഗത്തിന്റെ വിജയം ഉറപ്പാക്കാനുള്ള കോൺഗ്രസ്സ് ഗൂഢാലോചന

പതിനാറു വർഷംമുമ്പാണ് യൂത്ത് കോൺഗ്രസിന്റെയും എൻഎസ്‌യുവിന്റെയും ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി രാഹുൽ ഗാന്ധി ചുമതലയേറ്റത്. കഴിവുള്ള യുവാക്കളെയും വിദ്യാർഥികളെയും കോൺഗ്രസിലെത്തിക്കുക ലക്ഷ്യമായി കണ്ട രാഹുൽ അതിനായി പല ശ്രമങ്ങളും നടത്തുകയുണ്ടായി. മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കാൻ യുവാക്കളുടെ ഊർജം കെട്ടഴിച്ചുവിടണമെന്ന് രാഹുൽ ആഹ്വാനം ചെയ്തു. ഭാവി കോൺഗ്രസ് നേതൃത്വത്തെ നിർമിച്ചെടുക്കുന്ന യന്ത്രമായി യൂത്ത് കോൺഗ്രസ് മാറണമെന്നും ഈ പുതിയ നേതൃത്വമാണ് രാജ്യത്തിന്റെ രാഷ്ട്രീയം മൗലികമായി മാറ്റേണ്ടതെന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി.

രാഹുൽ ഗാന്ധിയുടെ ആഹ്വാനം ശിരസ്സാവഹിച്ച് കേരളത്തിലെ യൂത്ത് കോൺഗ്രസുകാർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിലേക്ക് വിരൽ ചൂണ്ടുന്ന സംഭവമാണ് അടുത്തിടെ നടന്ന സംഘടനാ തെരഞ്ഞെടുപ്പ്. ആഭ്യന്തര ജനാധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂത്ത് കോൺഗ്രസ് ഭാരവാഹികളെ കണ്ടെത്താൻ തെരഞ്ഞെടുപ്പ് നടന്നത് എന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ, രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ലക്ഷ്യങ്ങളൊന്നും ഈ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കാണാനായില്ലെന്ന് മാത്രമല്ല, ഒരു രാഷ്ട്രീയനേതൃത്വം എന്താകരുതെന്ന വ്യക്തമായ സന്ദേശമാണ് അത്‌ നൽകുന്നത്. ലക്ഷക്കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുകയും അതുപയോഗിച്ച് വ്യാപക കള്ളവോട്ട് നടന്നുവെന്നുമാണ് പുറത്തുവന്ന വാർത്ത. ഈ കള്ളവോട്ടിന്റെ ബലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പുതിയ പ്രസിഡന്റായത്. 7.43 ലക്ഷം വോട്ടാണ് മൊത്തം രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 2, 21, 986 വോട്ട് നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. രണ്ടു ലക്ഷത്തോളം വോട്ടുകൾ അസാധുവാക്കി. ഒന്നേകാൽ ലക്ഷം വോട്ട് എണ്ണാതെ മാറ്റിനിർത്തിയത്രേ. ഏഴരലക്ഷത്തോളം വോട്ടിൽ പകുതിയോളം വോട്ട് പരിഗണിക്കാതെയുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഇത്തരമൊരു തെരഞ്ഞെടുപ്പിന് എന്ത് വിശ്വാസ്യതയാണുള്ളത്.

ഭീകരസംഘങ്ങളും തട്ടിപ്പ് വീരന്മാരും ഉപയോഗിക്കുന്ന തന്ത്രങ്ങളാണ് തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം ഉപയോഗിച്ചത്. സ്വന്തം സംഘടനയിൽ സ്ഥാനമാനങ്ങൾ നേടാൻ എന്ത് ഹീനമായ മാർഗങ്ങളും സ്വീകരിക്കാൻ മടിയില്ലാത്തവരാണ് കോൺഗ്രസുകാരെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ആധാർ നമ്പറും വോട്ടേഴ്സ് ലിസ്റ്റും ഉപയോഗിച്ച് വ്യക്തികളുടെ പേര് വ്യാജമായി ചേർത്താണ് തട്ടിപ്പ് നടത്തിയത്. ബംഗളൂരുവിലെ കമ്പനി നിർമിച്ചതെന്ന് സംശയിക്കുന്ന സിആർ കാർഡ് എന്ന മൊബൈൽ ആപ് ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതെന്നും ഇവ ഐവൈസി സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് വ്യാജ അംഗങ്ങളെ ചേർത്തത് എന്നുമാണ് വിവരം. തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന കാർഡിന് സമാനമായ കാർഡുകളാണ് യൂത്ത് കോൺഗ്രസുകാർ നിർമിച്ചത് എന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. രാഹുൽ ഗാന്ധിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡുപോലും നിർമിച്ചു. പൊതുതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന തിരിച്ചറിയൽ കാർഡുകൾതന്നെയാണ് യൂത്ത് കോൺഗ്രസ് കൃത്രിമമായി നിർമിച്ച് വൻതോതിൽ വിതരണം ചെയ്തിട്ടുള്ളത്. ഇത്തരം വ്യാജ കാർഡുകൾ അടുത്ത ലോക്‌സഭ-നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജനങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കള്ളവോട്ടിലൂടെ അധികാരം കവർന്നെടുക്കുമെന്ന സന്ദേശമാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് കൃത്രിമമാർഗത്തിലായാൽ സർക്കാർ രൂപീകരണവും കൃത്രിമമാകും. അന്തിമഫലം വ്യാജ ജനാധിപത്യവും. മൂന്നാമതും എൽഡിഎഫ് ഭരണം വരുന്നത് തടയാൻ എന്ത് മാർഗവും കോൺഗ്രസുകാർ സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്. അതിനാൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ എല്ലാ പ്രവർത്തകരും ജാഗ്രതയോടെ പ്രവർത്തിക്കണം.

തെരഞ്ഞെടുപ്പ് കമീഷന്റെ കാർഡ് പല ആവശ്യങ്ങൾക്കും സേവനങ്ങൾക്കും അംഗീകരിക്കപ്പെടുന്ന തിരിച്ചറിയൽ രേഖയാണ്. സ്വാഭാവികമായും ഇതിന്റെ ദുരുപയോഗം രാജ്യസുരക്ഷയെത്തന്നെ ദോഷകരമായി ബാധിക്കും. അതുകൊണ്ട്‌ ഈ സംഭവത്തെ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറയുന്നതുപോലെ ലഘുവായ സംഭവമായി കാണാനാകില്ല. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് സിപിഐ എം രാജ്യസഭാംഗം എ എ റഹിം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്‌ജയ്‌ എം കൗൾ പൊലീസ് മേധാവിയോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടതും. പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഫലമായി ഇതിനകം നാലു പേർ അറസ്റ്റിലാകുകയും ചെയ്തു. ഇതിൽ രണ്ടു പേരെ അറസ്റ്റ്‌ ചെയ്തത് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽനിന്നാണ്. ഇവർ തന്റെ വിശ്വസ്തരാണെന്ന് മാങ്കൂട്ടത്തിൽ സമ്മതിച്ചിട്ടുമുണ്ട്. ഇതിനർഥം വ്യാജ വോട്ട് നടന്നത് രാഹുലിന്റെ അറിവോടെയാണെന്നാണ്. എന്നിട്ടും അദ്ദേഹം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിൽ കോൺഗ്രസ് നേതൃത്വമോ വലതുപക്ഷ മാധ്യമങ്ങളോ ഒരു അപാകവും കാണുന്നില്ല. ഈ കൊടും തട്ടിപ്പിന്റെ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയില്ല. അവരുടെ അറിവും സമ്മതത്തോടെയുമാണ് ഇതൊക്കെ നടന്നിട്ടുള്ളതെന്ന് പകൽപോലെ വ്യക്തമാണ്. ഈ തട്ടിപ്പ് വീരന്മാർക്കെതിരെ, വ്യാജന്മാർക്കെതിരെ എന്തുകൊണ്ട് സംഘടനാ നടപടിപോലും സ്വീകരിക്കുന്നില്ലെന്ന്‌ കെപിസിസി നേതൃത്വം വ്യക്തമാക്കണം.

സംഘടനാ സംവിധാനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താൻപോലും കഴിയാത്തതിനാൽ സ്വകാര്യ ഏജൻസിക്ക് പുറംകരാർ നൽകിയിരിക്കുകയായിരുന്നു യൂത്ത് കോൺഗ്രസ് നേതൃത്വം. ആ ഏജൻസി തെരഞ്ഞെടുപ്പ് നടത്തി അതിൽ വിജയിക്കുന്നവരുടെ പട്ടിക യൂത്ത് കോൺഗ്രസ് നേതൃത്വത്തെ ഏൽപ്പിക്കുകയായിരുന്നുവത്രേ. വോട്ടർ പട്ടികപോലും തയ്യാറാക്കിയതും ഈ സ്വകാര്യ ഏജൻസിതന്നെ. 18-35 വയസ്സുകാർക്ക് സ്വന്തം തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇവരുടെ സൈറ്റിൽ വോട്ടറായി രജിസ്റ്റർ ചെയ്യാം. 50 രൂപയാണ് ഫീസ്. ഇങ്ങനെ അംഗങ്ങളാകുന്നവർക്കാണ് മണ്ഡലം പ്രസിഡന്റ് മുതൽ സംസ്ഥാന പ്രസിഡന്റ് വരെയുള്ളവരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അവകാശമുള്ളത്. ഈ രീതിക്ക് തുടക്കമിട്ടതും രാഹുൽഗാന്ധിയാണ്. 2008ൽ ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്ഡ് മാനേജ്മെന്റ് ഓഫ് ഇലക്‌ഷൻസ് (ഫെയിം) ആണ് അഖിലേന്ത്യ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത്. അതായത് കോൺഗ്രസ് സംഘടനതന്നെ സ്വകാര്യ കമ്പനികൾ നിയന്ത്രിക്കുന്ന കാലത്തിന് തുടക്കമായിരിക്കുന്നു. ഇതിന്റെ ഫലമായാണ് യുവമോർച്ച മണ്ഡലം പ്രസിഡന്റ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായത്. ക്രിമിനൽ കേസിൽ റിമാൻഡിലുള്ളയാൾ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പോക്സോ കേസിലെ പ്രതിപോലും ഭാരവാഹിയായി. സംഘടനയെ സ്വകാര്യ കമ്പനിയെ, കനഗോലുമാരെ ഏൽപ്പിച്ചാലുള്ള ദുരന്തമാണിത്.

നോമിനേഷൻ രീതിമാറ്റി കറതീർന്ന ജനാധിപത്യമാതൃകയിലാണ് തെരഞ്ഞെടുപ്പ് എന്ന യൂത്ത് കോൺഗ്രസുകാരുടെ അവകാശവാദം പൊള്ളയാണെന്ന് മേൽപ്പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നു. നോമിനേഷൻ രീതിയിൽനിന്ന്‌ ജനാധിപത്യമാർഗത്തിലേക്ക് മാറാൻ കോൺഗ്രസ് നേതാക്കളുടെ താൽപ്പര്യമില്ലായ്മയും ഈ തട്ടിപ്പിൽ വായിച്ചെടുക്കാം. വ്യാജ തെരഞ്ഞെടുപ്പിലൂടെ വരുന്ന ഭാരവാഹികളും വ്യാജന്മാരല്ലേ. എന്തേ കോൺഗ്രസ് നേതൃത്വം നടപടിയൊന്നും കൈക്കൊള്ളാത്തത്. യൂത്ത് കോൺഗ്രസിന്റെ ജനാധിപത്യവിരുദ്ധ മുഖം ജനങ്ങൾക്കു മുമ്പിൽ തുറന്നുകാട്ടപ്പെട്ടപ്പോൾ പുതിയ സിദ്ധാന്തവുമായി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസുകാരും ചില മാധ്യമങ്ങളും. പുതിയ കമ്മിറ്റി സർക്കാരിനെതിരെയുള്ള ശബ്ദമായി മാറുമെന്നതിനാൽ സിപിഐ എമ്മും ഇടതു സർക്കാരും നടത്തിയ ഗൂഢാലോചനയാണ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദമെന്നാണ് കോൺഗ്രസും മലയാള മനോരമയും പറയുന്നത്. അവരോട് ഒന്നേ പറയാനുള്ളൂ. ആരാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സിപിഐ എമ്മോ ഡിവൈഎഫ്ഐയോ ആണോ. യൂത്ത് കോൺഗ്രസ് നേതാക്കളല്ലേ. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ റിസർച്ച് കോ-ഓർഡിനേറ്റർ ഷഹബാസ് വടേരിയെപ്പോലുള്ളവർ നൽകിയ പരാതിയിലൂടെയല്ലേ തെരഞ്ഞെടുപ്പ് തട്ടിപ്പിനെക്കുറിച്ച് കേരളം അറിഞ്ഞത്. എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയ്‌ക്കും മുൻപ്രസിഡന്റ്‌ രാഹുൽ ഗാന്ധിക്കും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിട്ട് എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നറിയാൻ ആഗ്രഹമുണ്ട്. ഇക്കാര്യത്തിൽ ആരെങ്കിലും ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ അത് കോൺഗ്രസുകാർതന്നെയാണ്. ഒരു വിഭാഗത്തെ തോൽപ്പിച്ച് മറുവിഭാഗത്തിന്റെ വിജയം ഉറപ്പാക്കാനുള്ള ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. അത് മറച്ചുവയ്‌ക്കാനാണ് ക്രിമിനൽ കുറ്റം ചെയ്തവരെ വെള്ളപൂശാനുള്ള ശ്രമം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിദ്വേഷവും ഹിംസയും കൊടിയടയാളമാക്കിയ ഹിന്ദുത്വ വർഗീയതയെ കേരളത്തിന്റെ മണ്ണിലേക്ക് ആനയിച്ചാൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് മലയാളികൾ തിരിച്ചറിയണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജൂലൈ 28 മുതൽ 30വരെ ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പാർടി വിശദമായ റിവ്യൂ റിപ്പോർട്ട്‌ പുറത്തിറക്കുകയുണ്ടായി. സിപിഐ എമ്മിന്റെ വെബ് സൈറ്റിൽ ഡോക്യുമെന്റ്‌ വിഭാഗത്തിൽ ഇതിന്റെ പൂർണരൂപം ലഭ്യമാണ്.

ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബിജെപി ശൈലി മൂന്നാം മോദി സർക്കാരും തുടരുകയാണ്

സ. എ വിജയരാഘവൻ

ഉത്തരേന്ത്യയിൽ പശുക്കടത്ത് ആരോപിച്ച് മനുഷ്യരെ കൊല്ലുന്ന പരിപാടി ഊർജിതമായി സംഘപരിവാർ നടത്തുകയാണ്. ഹരിയാനയിൽ നിന്ന് ഇത്തരം റിപ്പോർട്ടുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഏവരെയും ആശങ്കയിലാക്കുന്നുണ്ട്.

കേരളത്തിന്റെ ഐടി രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇൻഫോപാർക്ക് 20 വർഷങ്ങൾ പിന്നിടുന്നു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഐടി രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇൻഫോപാർക്ക് പ്രവർത്തനമാരംഭിച്ചു 20 വർഷങ്ങൾ പിന്നിടുകയാണ്. ഈ വേളയിൽ പുതിയ നേട്ടങ്ങളുമായി കുതിപ്പ് തുടരുന്ന ഇൻഫോപാർക്കിലെ ഐടി കയറ്റുമതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 11,417 കോടി രൂപയിൽ എത്തി നിൽക്കുന്നു.

ഓണത്തിനും കേരളത്തിന് കേന്ദ്രത്തിന്റെ കടുംവെട്ട്: കേന്ദ്രം പിടിച്ചുവെച്ചത്‌ ₹3685 കോടി

മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്തും കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവച്ച്‌ കേരളത്തോടുള്ള ദ്രോഹം കേന്ദ്രസർക്കാർ തുടരുകയാണ്. വായ്പയെടുക്കാനുളള അനുമതിപത്രവും കേന്ദ്രം നൽകുന്നില്ല.