ജമ്മു കശ്മീരിന് ഭരണഘടനയിലെ 370-ാം വകുപ്പ് അനുസരിച്ച് നൽകിയ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സർക്കാരിന്റെ നടപടിക്ക് സുപ്രീംകോടതി അംഗീകാരം നൽകിയിരിക്കുകയാണ്. 2019 ആഗസ്ത് അഞ്ചിനാണ് കേന്ദ്രസർക്കാർ ജമ്മു- കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞത്. മാത്രമല്ല സംസ്ഥാന പദവി ഇല്ലാതാക്കുകയും ജമ്മു കശ്മീരെന്നും ലഡാക്ക് എന്നും രണ്ടു കേന്ദ്രഭരണ പ്രദേശമാക്കി വിഭജിക്കുകയും ചെയ്തു. നിയമവിരുദ്ധമായി മോദി സർക്കാർ ചെയ്ത ഈ നടപടികൾക്കാണ് ഇപ്പോൾ പരമോന്നത കോടതി നിയമസാധുത നൽകിയിരിക്കുന്നത്. ജനാധിപത്യത്തെയും നിയമവാഴ്ചയെയും മതനിരപേക്ഷതയെയും കൊടിയടയാളമാക്കിയ ജനങ്ങളെ അസ്വസ്ഥമാക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ് സുപ്രീംകോടതിയുടെ വിധിന്യായം. കേന്ദ്രസർക്കാരിന്റെ തെറ്റായ ചെയ്തികളെ ചോദ്യം ചെയ്യാതെ അംഗീകരിച്ച പരമോന്നത കോടതിയുടെ നടപടി വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
നാലു വർഷത്തിനു ശേഷമുണ്ടായ സുപ്രീംകോടതി വിധിയിൽ കുഴപ്പമൊന്നുമില്ലെന്ന ആഖ്യാനമാണ് മാധ്യമങ്ങൾ പൊതുവേ നൽകുന്നത്. 370–--ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയും അതിനെ അംഗീകരിച്ച സുപ്രീംകോടതി വിധിയും തീർത്തും സ്വാഭാവികം എന്ന മട്ടിലാണ് ഭൂരിപക്ഷം മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വിധിയിൽ അടങ്ങിയിരിക്കുന്ന ദൂരവ്യാപകമായ ഫലങ്ങളെ കാണാതെയുള്ള ഈ വാഴ്‌ത്തുപാട്ടുകൾ പാർലമെന്ററി ജനാധിപത്യത്തിൽ ഏൽപ്പിക്കുന്ന പരിക്കുകൾ ചെറുതല്ല. ‘ദ ഹിന്ദു’ ദിനപത്രം ഡിസംബർ 12ന് ഇതുസംബന്ധിച്ച് എഴുതിയ മുഖപ്രസംഗം ഈ അപകടങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
പരമോന്നത കോടതിയുടെ വിധിന്യായം ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും ഏൽപ്പിക്കുന്ന ഗുരുതരമായ പരിക്കുകൾ എന്തെന്ന് പരിശോധിക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ സമർപ്പിച്ച രണ്ട് ഡസനോളം ഹർജികൾ പരിഗണിച്ച ശേഷമാണ് വൈകിയാണെങ്കിലും സുപ്രീംകോടതിയുടെ വിധിന്യായം ഉണ്ടായിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിന് ഇല്ലെന്നും 370–--ാം വകുപ്പ് താൽക്കാലിക സ്വഭാവമുള്ളതാണെന്നുമാണ് കോടതി വിധിച്ചത്. ഇന്ത്യൻ യൂണിയനിൽ ചേരാൻ സമ്മതിച്ചതിലൂടെ ഭൂപ്രദേശത്തിന്റെ കൂടിച്ചേർക്കൽ മാത്രമല്ല, പ്രത്യേക പരമാധികാരവും ഇല്ലാതായെന്നാണ് നിരീക്ഷണം. ഇവിടെ ഉയരുന്ന ചോദ്യമിതാണ്. ഇപ്പോൾ റദ്ദാക്കപ്പെട്ട 370–--ാം വകുപ്പിലെ പ്രത്യേക പദവി, ലയന കരാറിൽ ഒപ്പിട്ടില്ലായിരുന്നെങ്കിൽ തുടരാൻ കഴിയുമായിരുന്നോ. അത്തരമൊരു ആഖ്യാനത്തിന് ഇടവരുത്തുന്നത് ജമ്മു കശ്മീരിലെ രാഷ്ട്രീയ സ്ഥിതിഗതികളെ എങ്ങനെയാണ് സ്വാധീനിക്കുകയെന്ന് വിധിന്യായം പുറപ്പെടുവിച്ചവരും അതിനെ അനുകൂലിക്കുന്നവരും ആലോചിച്ചിട്ടുണ്ടാകുമോ.
ചരിത്രത്തിൽനിന്ന് വേർപെടുത്തി ജമ്മു- കശ്മീർ ലയനത്തെ കാണാനാകില്ല. ജമ്മു കശ്മീർ ദോഗ്ര രാജാവ് ഹരിസിങ് ഇന്ത്യയിൽ ലയിക്കാൻ വിസമ്മതിച്ചയാളായിരുന്നു. അന്ന് അദ്ദേഹത്തിന് പിന്തുണ നൽകിയത് ആർഎസ്എസും സംഘപരിവാർ സംഘടനകളുമായിരുന്നു. പാകിസ്ഥാൻ സേനാംഗങ്ങൾ കശ്മീരിലേക്ക് ഇരച്ചുകയറിയപ്പോൾ മാത്രമാണ് ഗത്യന്തരമില്ലാതെ ഇന്ത്യൻ യൂണിയനിൽ ജമ്മു കശ്മീരിനെ ലയിപ്പിക്കാൻ രാജാവ് സമ്മതിച്ചത്. എന്നാൽ, പ്രത്യേക പദവി ലഭിച്ചാലേ ഇന്ത്യൻ യൂണിയനിൽ ലയിക്കാനാകൂ എന്നു വാദിച്ചതും ഇതേ ഹരിസിങ് രാജാവായിരുന്നു. നെഹ്റു മന്ത്രിസഭയിൽ അംഗമായിരുന്ന ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി ഉൾപ്പെടെ 370–--ാം വകുപ്പിനെ അന്ന് അനുകൂലിച്ചിരുന്നു. ഈ ചരിത്രവസ്തുതകളെ മറച്ചുവച്ചാണ് 370–-ാം വകുപ്പിനെ ഇന്ന് രാക്ഷസവൽക്കരിക്കുന്നത്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുമ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഭരണഘടനയിലെ 371–--ാം വകുപ്പനുസരിച്ച് പ്രത്യേക പദവിയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെയും ഭാവിയെന്താകുമെന്നതാണ്. ഇവിടങ്ങളിൽ പുറത്തുനിന്നുള്ളവർക്ക് ഭൂമി വാങ്ങുന്നതിനടക്കം നിയന്ത്രണങ്ങളുണ്ട്. ജമ്മു കശ്മീരിൽ ഈ നിയന്ത്രണം എടുത്തുകളഞ്ഞ സ്ഥിതിക്ക് ഈ സംസ്ഥാനങ്ങളുടെ പ്രത്യേക പദവിയും അവകാശങ്ങളും എന്താകുമെന്ന ആശങ്കയും ഉയരുകയാണ്.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയത്. കേന്ദ്രഭരണ പ്രദേശങ്ങളെ സംസ്ഥാനങ്ങളായി ഉയർത്താറുണ്ട്. എന്നാൽ, നേരേ തിരിച്ചുള്ള പിന്തിരിപ്പൻ നടപടിയാണ് മോദി സർക്കാരിൽനിന്നുണ്ടായിട്ടുള്ളത്. ഈ സുപ്രധാന വിഷയത്തിൽ ഒരു നിയമപരിശോധന നടത്താനോ ഉത്തരവ് പുറപ്പെടുവിക്കാനോ സുപ്രീംകോടതി തയ്യാറാകാത്തത് ‘ദ ഹിന്ദു’ ദിനപത്രം വിശേഷിപ്പിച്ചതുപോലെ ജുഡീഷ്യൽ ഒളിച്ചോട്ടമാണ്. ജമ്മു കശ്മീരിൽ അടുത്ത വർഷം സെപ്തംബർ മുപ്പതിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന മറ്റൊരു ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി നിയമപരമായി പുനഃസ്ഥാപിക്കാൻ പരമോന്നത കോടതി തയ്യാറായിട്ടുമില്ല. സംസ്ഥാനപദവി തിരിച്ചു നൽകുമെന്ന സോളിസിറ്റർ ജനറലിന്റെ ഉറപ്പിനെ വിശ്വാസത്തിലെടുത്താണ് തെരഞ്ഞെടുപ്പ് നടത്താൻ സുപ്രീംകോടതിയുടെ നിർദേശം. ഇത് എത്രമാത്രം പ്രായോഗികമായിരിക്കുമെന്ന സംശയം പല കോണുകളിൽനിന്നും ഉയർന്നുകഴിഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. എന്നാൽ അതോടൊപ്പമല്ല; സെപ്തംബർവരെ കേന്ദ്രത്തിന് സമയം നൽകിയിരിക്കുകയാണ് സുപ്രീംകോടതി. 2018 ജൂണിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയശേഷം ജനായത്ത ഭരണം ജമ്മു കശ്മീരിന് അന്യമാണ്. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്താൻ അവസരമൊരുക്കുന്നതിന് പകരം കേന്ദ്രത്തിന് 10 മാസം സമയം നൽകിയത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ചും പരമോന്നത കോടതി മൗനം പാലിക്കുകയാണ്. 10 വർഷമായി 700 പഞ്ചായത്തിലായി 12,000 സീറ്റിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നാണ് പത്രവാർത്ത.
ജമ്മു കശ്മീർ ജനതയെസംബന്ധിച്ച് സംസ്ഥാനം എന്നത് ജമ്മുവും കശ്മീരും ലഡാക്കും ഉൾക്കൊള്ളുന്നതാണ്. എന്നാൽ, ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി മാറ്റിയ മോദി സർക്കാർ നടപടിയെ സുപ്രീംകോടതി അംഗീകരിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിന് സംസ്ഥാനപദവി നിയമപരമായി ഉറപ്പുവരുത്തിയില്ലെന്ന് മാത്രമല്ല, ലഡാക്കിനെ കേന്ദ്രഭരണപ്രദേശമായി ശാശ്വതമായി മാറ്റുകയും ചെയ്തു. ഈ വിരോധാഭാസത്തെ സുപ്രീംകോടതി എങ്ങനെയാണ് വിശദീകരിക്കുക. എന്നാൽ, വിധിന്യായത്തിലെ ഏറ്റവും ഭയാനകവും ജനാധിപത്യവിരുദ്ധവുമായ ഭാഗം രാഷ്‌ട്രപതിഭരണത്തിൻ കീഴിൽ ഒരു സംസ്ഥാനത്തെ സംബന്ധിച്ച് എന്ത് തീരുമാനമെടുക്കാനും കേന്ദ്രത്തിന് നൽകുന്ന അമിതാധികാരങ്ങളാണ്. 2018ൽ ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിൻ കീഴിലാണ് സംസ്ഥാനപദവി എടുത്തു കളഞ്ഞത്. ഇങ്ങനെ ചെയ്യുമ്പോൾ രാഷ്ട്രപതി സംസ്ഥാന നിയമസഭയുടെ അനുമതി തേടണമെന്ന ഭരണഘടനയിലെ വ്യവസ്ഥ (അനുച്ഛേദം 3) ലംഘിക്കപ്പെട്ടു. നിയമസഭ പിരിച്ചു വിട്ടതിനാൽ സംസ്ഥാന പ്രതിനിധി ഗവർണറാണെന്നും ആ പദവിയിലിരിക്കുന്നയാളുടെ അനുമതി മതിയെന്നുമാണ് ആഖ്യാനം. ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയല്ല ഗവർണർ. രാഷ്ട്രപതി നിയമിക്കുന്ന വ്യക്തിയാണ്. ജനങ്ങൾ തെരഞ്ഞെടുക്കേണ്ട പ്രതിനിധിയെ സർക്കാർ തെരഞ്ഞെടുക്കുന്ന രീതി ജനാധിപത്യമല്ല. അത് ഏകാധിപത്യമാണ്. ഭരണഘടനയുടെ അടിസ്ഥാനമായ ജനാധിപത്യമാണ് ഇവിടെ ബലികഴിക്കപ്പെടുന്നത്. സംസ്ഥാന നിയമസഭയ്‌ക്ക് പകരം ഗവർണറുടെ അനുമതി മതിയെന്നു വന്നാൽ ‘പ്രതിപക്ഷമുക്ത ഇന്ത്യ’യെന്ന ലക്ഷ്യം നേടാൻ ബിജെപിക്ക് അധികം വിയർക്കേണ്ടി വരില്ല. പ്രതിപക്ഷ സർക്കാരുകളുള്ള സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി ആ സംസ്ഥാനത്തെ കഷണങ്ങളായി മുറിക്കുകയോ ഏതാനും നഗരങ്ങളെയോ ജില്ലകളെയോ കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയോ സംസ്ഥാനത്തിന്റെ പേരുമാറ്റുകയോ ചെയ്യാം.
അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകർത്തത് കുറ്റകൃത്യമാണെന്ന് നിരീക്ഷിക്കുകയും ആ കുറ്റം ചെയ്തവർക്കുതന്നെ ക്ഷേത്രനിർമാണത്തിനായി ആ ഭൂമി നൽകുകയുംചെയ്ത പരമോന്നത കോടതി ഇപ്പോൾ ‘പ്രതിപക്ഷമുക്ത ഇന്ത്യ’ എന്ന ലക്ഷ്യം നേടാൻ മോദി സർക്കാരിന് വഴിയൊരുക്കിയിരിക്കുകയാണ്. ദേശസുരക്ഷയുടെയും ഏകീകരണത്തിന്റെയും പേരിൽ ഏകീകൃത സംവിധാനത്തിലേക്ക് രാജ്യത്തെ നയിക്കാൻ ബിജെപിക്കു കരുത്തു പകരുന്നതാണ് സുപ്രീംകോടതി വിധി. കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യം സംഘപരിവാർ സംഘടനകൾ ഉയർത്തുന്നതും ഗവർണർ നടത്തുന്ന വഴിവിട്ട നീക്കങ്ങളും ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.