ജനാധിപത്യത്തിൽ പുതിയ സംഭാവന നൽകുന്നതാണ് നവകേരള സദസ് എന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഒന്നാം പിണറായി സർക്കാർ കാലത്തെ പ്രോഗ്രസ് റിപ്പോർട്ട് പോലെ മറ്റൊരു ചുവടുവയ്‌പ്പായിരുന്നു നവകേരള സദസ്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം ജനങ്ങളെ അറിയിക്കാൻ പുതിയ അധ്യായം തുറന്നു. വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഇടപെടൽകൂടി ഇതിലുണ്ടായി. പൊതുവായ കേരളത്തിന്റെ ചിത്രം ലഭിക്കാനിടയായി. ലക്ഷക്കണക്കിന് നിവേദനങ്ങളാണ് ലഭിച്ചത്. ഇത് പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഒന്ന് മുൻപ് ഉണ്ടായിട്ടില്ല.
35 ലക്ഷം ജനങ്ങളുമായി സംവദിക്കാൻ സാധിച്ചു. പകുതിയിലധികം സ്‌ത്രീകളാണ്. ഇത് കണ്ട് യുഡിഎഫ് നടത്തിയ ബദൽ പരിപാടി ശോഷിച്ചുപോയി. പരിപാടിയുടെ വിജയംകണ്ട് അങ്കലാപ്പുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. അതിനാണ് പ്രതിപക്ഷ നേതാവ് കലാപാഹ്വാനം ചെയ്‌തത്. രാഷ്‌ട്രീയമായ സമനില തെറ്റലാണ് ഉണ്ടായിട്ടുള്ളത്.