ഇന്ത്യൻ ജനാധിപത്യത്തിൽ ഈ ദിനം കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ഉജ്വലമായ ഏട് എഴുതിച്ചേർത്താണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരായി കേരളത്തിന്റെ മൂന്നരക്കോടി ജനതയുടെ രോഷമാണ് ഡൽഹിയിൽ ഉയർന്നത്. നാടിന്റെ മുന്നേറ്റത്തിനായുള്ള ഈ പോരാട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞവരെല്ലാം സമരത്തോട് ഐക്യപ്പെട്ട അനുഭവം ആവേശകരവും പ്രതീക്ഷാനിർഭരവുമാണ്. ജനാധിപത്യ ഇന്ത്യയിൽ കേരളത്തിന്റെ മുന്നോട്ടുപോക്കിനും അതിജീവനത്തിനും അനിവാര്യമായതോടെയാണ് സംസ്ഥാനം പ്രക്ഷോഭത്തിനൊരുങ്ങിയത്. രാജ്യം ഭരിക്കുന്ന പാർടിക്ക് ഭരണമില്ലെങ്കിൽ ആ സംസ്ഥാനങ്ങൾക്ക് അർഹമായ പണം നൽകാൻ തയ്യാറാവാത്ത കേന്ദ്ര സർക്കാർ നിലപാട് തിരുത്തിയേ തീരു. ജനാധിപത്യവും ഫെഡറലിസവും ഭീഷണി നേരിടുമ്പോൾ പൊരുതാനുറച്ച കേരള ജനതയുടെ ശബ്ദമാണ് ഇന്ന് ഡൽഹിയിൽ മുഴങ്ങിക്കേട്ടത്.