Skip to main content

മോദിക്ക് മൂന്നാം ഊഴം ലഭിച്ചാലും പ്രശ്നമില്ല കേരളത്തിൽ ഇടതുപക്ഷം തകരണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ താൽപ്പര്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എൽഡിഎഫ് ഭരിക്കുന്ന കേരളത്തോട് കാണിക്കുന്ന സാമ്പത്തിക കടന്നാക്രമണത്തിനെതിരെ ഈ മാസം എട്ടിന്‌ ഡൽഹിയിൽ നടത്തിയ സമരം ദേശീയശ്രദ്ധ ആകർഷിക്കുകയുണ്ടായി. നികുതി വിഹിതം നിഷേധിച്ചും ഗ്രാന്റുകൾ തടഞ്ഞും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും ബിജെപിയിതര സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിനെതിരെ തലസ്ഥാനനഗരിയിൽ സമരം എന്ന ആശയം കേരള സർക്കാരാണ് ആദ്യം മുന്നോട്ടു വച്ചത്. ഒരു സംസ്ഥാന സർക്കാർ ഒന്നടങ്കം തലസ്ഥാനത്തെത്തി കേന്ദ്രത്തിനെതിരെ സമരം ചെയ്യുക എന്നത് അപൂർവങ്ങളിൽ അപൂർവമായ സംഭവംതന്നെയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ വിരലിലെണ്ണാവുന്ന അവസരങ്ങളിൽ മാത്രമാണ് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും എംപിമാരും ഒന്നിച്ച് തലസ്ഥാനത്തെത്തി കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുള്ളത്. സാമ്പത്തിക അവഗണന ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കത്തെഴുതുക, സർക്കാർ സമിതികളിലും വേദികളിലും ഉന്നയിക്കുക തുടങ്ങി ജനാധിപത്യപരമായ എല്ലാ മാർഗങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഡൽഹിയിൽ സമരം നടത്തുമെന്ന പ്രഖ്യാപനം കേരളം നടത്തിയത്. സമരം നടത്താനുണ്ടായ സാഹചര്യം നവകേരള സദസ്സിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്താനും മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും തയ്യാറായി.

ഈ സന്ദർഭങ്ങളിലൊക്കെ കേരളത്തിന്റെ പൊതുവായ താൽപ്പര്യം സംരക്ഷിക്കാനും അവകാശങ്ങൾ ചോദിച്ചുവാങ്ങാനും പ്രതിപക്ഷത്തിന്റെ സഹകരണം തേടിയെങ്കിലും നവകേരള സദസ്സിലോ ഡൽഹി സമരത്തിലോ പങ്കെടുക്കാൻ കോൺഗ്രസോ യുഡിഎഫോ തയ്യാറായില്ല. ധനപരമായ മാനേജ്മെന്റിന്റെ അഭാവവും പിടിപ്പുകേടുമാണ് കേരളത്തിലെ പ്രതിസന്ധിക്ക് കാരണമെന്ന മോദി സർക്കാരിന്റെ വാദം ഏറ്റുപാടുകയായിരുന്നു കേരളത്തിലെ കോൺഗ്രസും യുഡിഎഫും. എന്നാൽ, കേരളം സമരം ചെയ്യുന്നതിന് തലേദിവസം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും ജനപ്രതിനിധികളും കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ സമരം ചെയ്തതോടെ യുഡിഎഫ് വാദങ്ങളുടെ മുനയൊടിഞ്ഞു. കർണാടകത്തിന് സമാനമായ പ്രശ്നംതന്നെയാണ് കേരളവും അഭിമുഖീകരിക്കുന്നതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറയുകയും ചെയ്തു. തെലങ്കാനയിലെ കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കേന്ദ്രത്തിന്റെ ധനപരമായ അനീതിയെക്കുറിച്ച് കഴിഞ്ഞ ദിവസം സംസാരിച്ചു. കേന്ദ്ര അവഗണന യാഥാർഥ്യമാണെന്ന് അവർക്കൊക്കെ അംഗീകരിക്കേണ്ടിവന്നു.

‘മോദി സർക്കാരിന്റെ പത്തു വർഷത്തെ ഭരണത്തെക്കുറിച്ച് "ബ്ലാക്ക് പേപ്പർ’ പുറത്തിറക്കി നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇങ്ങനെ പറഞ്ഞു: "ബിജെപിയിതര കക്ഷികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം വിവേചനം കാണിക്കുകയും അവഗണിക്കുകയുമാണ്. കർണാടകം, തെലങ്കാന, കേരളം തുടങ്ങി പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുകയാണ്’. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഈ നയം അംഗീകരിക്കാത്ത കേരളത്തിലെ കോൺഗ്രസ് നേതൃത്വം മോദിയുടെ വാഴ്ത്തുപാട്ടുകാരായി അധഃപതിക്കുന്നതാണ് കാണുന്നത്. കേരളത്തിലെ കോൺഗ്രസിന്റെ ഈ നിലപാട് ദേശീയമായി ബിജെപിവിരുദ്ധ വിശാലസഖ്യം കെട്ടിപ്പടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ്. കേരളത്തിന്റെ സമരത്തിൽ ഖാർഗെ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചെങ്കിലും അവർ പങ്കെടുക്കാതിരുന്നത് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ കടുത്ത സമ്മർദത്തെ തുടർന്നാണെന്ന മാധ്യമവാർത്തകൾ അവിശ്വസിക്കാനാകില്ല.
അയോധ്യയിലെ രാമക്ഷേത്രനിർമാണത്തെതുടർന്ന് ശക്തമായ വർഗീയ ധ്രുവീകരണത്തിന് മോദി സർക്കാരും സംഘപരിവാറും ശ്രമിക്കുന്ന വേളയിലാണ് സംസ്ഥാനങ്ങളോട് ധനപരമായ അനീതി, ഫെഡറലിസം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി കേരളം ഡൽഹി സമരം നടത്തിയത്. ജനങ്ങളുടെ വിഷയം ഉയർത്തി എങ്ങനെ വർഗീയശക്തികളെ നേരിടാമെന്ന രാഷ്ട്രീയസന്ദേശംകൂടിയായിരുന്നു ഈ സമരം. ബിജെപി മുന്നോട്ടുവയ്‌ക്കുന്ന അയോധ്യ, സങ്കുചിത ദേശീയത എന്നിവയ്‌ക്ക് മറു ആഖ്യാനം സൃഷ്ടിക്കാൻ ഡൽഹി സമരത്തിന് കഴിഞ്ഞു. സമരത്തെക്കുറിച്ച് നൽകിയ വാർത്തയ്‌ക്ക് ഹിന്ദു പത്രം നൽകിയ തലക്കെട്ട് ഈ മറു ആഖ്യാനം വിളംബരം ചെയ്യുന്നതായിരുന്നു. "ഫെഡറലിസത്തിനെതിരായ കേന്ദ്ര ആക്രമണത്തിനെതിരെ ഡൽഹിയിൽ സമരം നയിച്ച് പിണറായി’ എന്നായിരുന്നു ആ തലക്കെട്ട്. ഭരണഘടനയിലെ പ്രധാന തത്വമായ ഫെഡറലിസം മോദി ഭരണകാലത്ത് ആക്രമണത്തിന് വിധേയമാകുകയാണെന്നും അതിനെ ചെറുക്കുന്നത് ഇടതുപക്ഷമാണെന്നുമുള്ള വ്യക്തമായ സന്ദേശമാണ് ഹിന്ദുപത്രം നൽകിയത്. ടൈംസ് ഓഫ് ഇന്ത്യ എഴുതിയത് കേന്ദ്രത്തിന് എതിരായ പ്രതിരോധത്തിന് നേതൃത്വം നൽകുന്നത് ഇടതുപക്ഷമാണെന്നാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം എത്ര സംസ്ഥാനങ്ങളിൽ ഭരണമുണ്ട്, പാർലമെന്റിൽ എത്ര എംപിമാരുണ്ട് എന്നുവച്ച് അളക്കുന്നത് മൗഢ്യമായിരിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് ഈ പത്രങ്ങളുടെ നിരീക്ഷണം.

ഹിന്ദു പത്രം സമരംസംബന്ധിച്ച് നൽകിയ വാർത്ത ആരംഭിക്കുന്നതുതന്നെ "ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ ഐക്യം സാധ്യമാക്കാൻ കേരളത്തിന്റെ സമരത്തിന് കഴിഞ്ഞു’വെന്ന നിരീക്ഷണത്തോടെയാണ്. ബിഹാറിൽ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ‘ഇന്ത്യ’ കൂട്ടുകെട്ട് വിട്ട് ബിജെപി പാളയത്തിലേക്ക് പോയതോടെ ബിജെപിവിരുദ്ധ കൂട്ടുകെട്ട് തകർന്നുവെന്ന കൊണ്ടുപിടിച്ച പ്രചാരണമാണ് സംഘപരിവാർ നടത്തുന്നത്. ഈ വേളയിലാണ് നാല് സംസ്ഥാനങ്ങളിലെ ഭരണകക്ഷി നേതാക്കളടക്കം ഒരു ഡസനിലധികം രാഷ്ട്രീയകക്ഷികൾ കേരളം ഉയർത്തിയ സമരപ്പന്തലിൽ കൈകോർത്തത്. മുഖ്യമന്ത്രി പിണറായി വിജയനു പുറമെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, തമിഴ്‌നാട് മന്ത്രി പി ത്യാഗരാജൻ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള, ഡിഎംകെ നേതാവ് തിരുച്ചി ശിവ, പ്രശസ്ത അഭിഭാഷകൻ കപിൽ സിബൽ, വിസികെ നേതാവും എംപിയുമായ തൊൽ തിരുമാവളവൻ എന്നിവർ കേരളത്തിന്റെ സമരത്തിൽ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി സ്‌റ്റാലിൻ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഒരു വീഡിയോ സന്ദേശം നൽകുകയുണ്ടായി. അത് സമരവേദിയിൽ കേൾപ്പിച്ചു. "ഇന്ത്യ’ യുടെ ഡൽഹിയിൽ ചേർന്ന നാലാമത്തെ യോഗത്തിനുശേഷം ആ കൂട്ടുകെട്ടിലെ പ്രധാന കക്ഷികൾ പങ്കെടുത്ത വേദിയായി സമരം മാറി. കേന്ദ്രത്തിൽ ബിജെപിക്ക് മൂന്നാം ഊഴം ലഭിക്കാതിരിക്കണമെങ്കിൽ ജനങ്ങളുടെ വിഷയങ്ങൾ ഉയർത്തി സമരങ്ങളും പോരാട്ടങ്ങളും നടത്തുക മാത്രമാണ് മാർഗമെന്ന വലിയ സന്ദേശവും കേരളം ഡൽഹിയിൽ നടത്തിയ സമരം നൽകുന്നുണ്ട്.

മതവും ജാതിയും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം കൊയ്യുന്ന ബിജെപിയും പ്രധാനമന്ത്രിയും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ കേന്ദ്രവിരുദ്ധ സമരത്തെയും ഭിന്നിപ്പിച്ച് ഭരിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി സമരത്തിൽ ഭിന്നിപ്പിന്റെ അപകടകരമായ രാഷ്ട്രീയം ദർശിച്ചത്. ‘തെക്കൻമാരുടെ’ സമരം എന്ന ആഖ്യാനം സൃഷ്ടിക്കാനാണ് ശ്രമമുണ്ടായത്. എന്നാൽ, കേരളം ഉയർത്തിയ സമരവേദി പ്രധാനമന്ത്രിയുടെയും സംഘപരിവാറിന്റെയും ഈ തെറ്റായ ആഖ്യാനത്തിന് മറുപടി നൽകി. ഡൽഹി മുഖ്യമന്ത്രി വടക്കുനിന്നാണ്. പഞ്ചാബ് മുഖ്യമന്ത്രിയും വടക്കുനിന്നുതന്നെ. ഏറ്റവും വടക്കേ അറ്റത്തുള്ള സംസ്ഥാനമായ ജമ്മു കശ്മീരിന്റെ മുൻ മുഖ്യമന്ത്രിയും സമരത്തിൽ പങ്കെടുത്തു. കേരളത്തിന്റെ ന്യായമായ ആവശ്യത്തിന് വടക്കൻ സംസ്ഥാനങ്ങളുടെ വർധിച്ച പിന്തുണയാണ് നേടാനായത്. സമരത്തിന് അഭിവാദ്യം അർപ്പിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ഇക്കാര്യം ഊന്നിപ്പറയുകയും ചെയ്തു. പ്രധാനമന്ത്രി ഇന്ത്യയുടെ ഭൂമിശാസ്ത്രം പഠിക്കണമെന്ന് യെച്ചൂരി പറഞ്ഞു. സംസ്ഥാനങ്ങളുടെ ന്യായമായ സമരത്തെപ്പോലും വക്രീകരിച്ച് രാജ്യദ്രോഹത്തിന്റെ പട്ടികയിൽപ്പെടുത്താനുള്ള അപകടകരമായ നീക്കമാണ് മോദിസർക്കാർ നടത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞതുപോലെ ഫാസിസ്റ്റ് ബിജെപിയെ അധികാരത്തിൽനിന്ന്‌ താഴെയിറക്കാൻ ഇന്ത്യാ ബ്ലോക്കിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ട സമയമാണിത്. എന്നാൽ, കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തിനുമാത്രം ഈ രാഷ്ട്രീയം മനസ്സിലാകുന്നില്ല. അവർ ഇപ്പോഴും ബിജെപിക്കെതിരായ യോജിച്ച പോരാട്ടത്തിന് തുരങ്കം വയ്‌ക്കുകയാണ്. മോദിക്ക് മൂന്നാം ഊഴം ലഭിച്ചാലും പ്രശ്നമില്ല, കേരളത്തിൽ ഇടതുപക്ഷം തകരണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ താൽപ്പര്യം. എന്നാൽ, സംസ്ഥാനത്തെ പ്രബുദ്ധരായ ജനങ്ങൾ ഇത് തിരിച്ചറിയും. ജനങ്ങളുടെ താൽപ്പര്യത്തിനും അവകാശങ്ങൾക്കുംവേണ്ടി വാദിക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന ഇടതുപക്ഷത്തെ അവർ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.