Skip to main content

മാധ്യമങ്ങൾ മറച്ചുവച്ചാലും ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കി ബിജെപിക്ക് കനത്ത തിരിച്ചടി നൽകുന്നതിൽ സിപിഐ എമ്മിനുള്ള പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്

പാർലമെന്ററി ജനാധിപത്യം സംരക്ഷിക്കാൻ ഉതകുന്നതും ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്നതുമായ രണ്ടു വിധിന്യായമാണ് ഒരാഴ്ചയ്‌ക്കകം സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്. കശ്മീർപോലുള്ള വിഷയങ്ങളിൽ പരമോന്നത നീതിപീഠത്തിന്റെ വിധിന്യായം നിരാശ ഉളവാക്കുന്നതായിരുന്നെങ്കിലും ചണ്ഡീഗഢ്‌ മേയർ തെരഞ്ഞെടുപ്പ് വിഷയത്തിലും ഇലക്ടറൽ ബോണ്ട് വിഷയത്തിലും സുപ്രീംകോടതിയുടെ വിധിന്യായം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളിൽ പ്രതീക്ഷ ഉണർത്തുന്നതാണ്. ചണ്ഡീഗഢ്‌ മേയർ തെരഞ്ഞെടുപ്പ് വേളയിൽ ബാലറ്റിൽ കൃത്രിമം കാണിച്ച് ബിജെപി സ്ഥാനാർഥിയെ വിജയിപ്പിച്ച വരണാധികാരിയുടെ നടപടി റദ്ദാക്കി ആം ആദ്മി പാർടി നേതാവിനെ വിജയിയായി പ്രഖ്യാപിക്കാൻ സുപ്രീംകോടതി തയ്യാറായിരിക്കുകയാണ്. ഭരണഘടനയുടെ 142–-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗബെഞ്ച് തോൽപ്പിക്കപ്പെട്ട സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പിൽ ജയിക്കാൻവേണ്ടി എന്ത്‌ നെറികെട്ട പ്രവർത്തനവും ബിജെപി ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ജനുവരി 30ന് നടന്ന ചണ്ഡീഗഢ്‌ മേയർ തെരഞ്ഞെടുപ്പ് അട്ടിമറി. മോദിയും അമിത് ഷായും നേരിട്ട് ഭരിക്കുന്ന നഗരത്തിലെ തെരഞ്ഞെടുപ്പിലാണ് ബിജെപിക്കാരനായ വരണാധികാരിയെ ഉപയോഗിച്ച് അട്ടിമറി നടത്തിയിട്ടുള്ളത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങൾ ബിജെപിയുടെയും മോദി സർക്കാരിന്റെയും ഭാഗത്തുനിന്ന്‌ ഉണ്ടാകുമെന്ന മുന്നറിയിപ്പായി ഇതിനെ വായിച്ചെടുക്കാം. വോട്ടെടുപ്പിനായി ഉപയോഗിച്ചുവരുന്ന വോട്ടിങ്‌ മെഷീൻ, വിവിപാറ്റ് മെഷീൻ എന്നിവയുടെ ദുരുപയോഗം സംബന്ധിച്ച ആശങ്കകളും പല കോണിൽനിന്നും ഉയർന്നിട്ടുണ്ട്. ചണ്ഡീഗഢ്‌ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ആശങ്കകൾ വർധിക്കുകയുമാണ്. അതിനാൽ, സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ജനങ്ങൾതന്നെ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.

പാർലമെന്ററി ജനാധിപത്യത്തെ രക്ഷിക്കാൻ ഉതകുന്ന മറ്റൊരു വിധി സുപ്രീംകോടതിയിൽനിന്ന് ഉണ്ടായത് ഫെബ്രുവരി 15നാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയെ പണാധിപത്യത്തിന് എറിഞ്ഞുകൊടുക്കാനായി മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് അഥവാ കടപ്പത്രം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കിയ വിധിന്യായമാണ് അത്. അദാനി, അംബാനി തുടങ്ങി വൻകിട കോർപറേറ്റുകളുടെ പിന്തുണയോടെയാണ് തീവ്ര ഹിന്ദുത്വമുഖമായ നരേന്ദ്ര മോദി 2014ൽ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. സ്വാഭാവികമായും രാഷ്ട്രീയ വ്യവസ്ഥയെയാകെ പണച്ചാക്കുകൾക്ക് അടിയറ വയ്‌ക്കാനുള്ള നീക്കങ്ങൾ ബിജെപിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായി. രാഷ്ട്രീയ പാർടികൾക്കുള്ള തെരഞ്ഞെടുപ്പ് ഫണ്ട് സുതാര്യമാക്കാനെന്ന പേരിൽ 2017ലാണ് തെരഞ്ഞെടുപ്പ് കടപ്പത്രം എന്ന ആശയം മുന്നോട്ടുവയ്‌ക്കപ്പെടുന്നത്. അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റലിയാണ് തെരഞ്ഞെടുപ്പ് രംഗം "ശുദ്ധീകരിക്കാനും സുതാര്യമാക്കാനുമായി’ ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്. പുതിയ നിയമനിർമാണമായിട്ടും രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പില്ലാത്തതിനാൽ ഉപരിസഭയെ മറികടക്കാനായി ധനബില്ലിന്റെ ഭാഗമായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ജനപ്രാതിനിധ്യ നിയമം, കമ്പനി നിയമം, ആർബിഐ നിയമം എന്നിവ ഭേദഗതി ചെയ്താണ് കടപ്പത്രം വാങ്ങുന്ന വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും ഏത് രാഷ്ട്രീയ പാർടിക്കാണ് നൽകുന്നതെന്ന വിവരവും രഹസ്യമാക്കി വയ്‌ക്കാൻ വഴിയൊരുക്കിയത്. റിസർവ് ബാങ്കും തെരഞ്ഞെടുപ്പ് കമീഷനും എതിർത്തിട്ടുപോലും സർക്കാർ ഇലക്ടറൽ ബോണ്ടുമായി മുന്നോട്ടു പോകുകയാണുണ്ടായത്.

ആയിരംരൂപമുതൽ ഒരു കോടി രൂപവരെയുള്ള കടപ്പത്രങ്ങളാണ് വിൽക്കപ്പെട്ടത്. വിറ്റഴിക്കപ്പെട്ട കടപ്പത്രങ്ങളിൽ 95 ശതമാനവും ഒരു കോടി രൂപയുടേതായതിനാൽ വൻകിട കോർപറേറ്റുകളാണ് ഇവ വാങ്ങിയത് എന്ന് വ്യക്തം. കടപ്പത്രം വഴി രാഷ്ട്രീയപാർടികൾക്ക് 16,518 കോടി രൂപ ലഭിച്ചതിൽ 6566 കോടി രൂപ ലഭിച്ചത് ബിജെപിക്കാണ്. ഇതിൽനിന്ന്‌ രണ്ടു കാര്യം വ്യക്തമാണ്. കടപ്പത്രം വഴി സംഭാവന നൽകിയത് കൂടുതലും കോർപറേറ്റുകളാണ്. ആ പണം ലഭിച്ചതിൽ കൂടുതലും ബിജെപിക്കും. കേന്ദ്രഭരണ കക്ഷിക്ക് പണം ലഭിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് ഇതെന്നർഥം. സർക്കാർ ചെയ്യുന്ന കോർപറേറ്റ് സേവയ്‌ക്ക് അവർ തിരിച്ചുനൽകുന്ന കൈക്കൂലിക്ക് നിയമസാധുത നൽകുകയാണ് ബിജെപി സർക്കാർ ചെയ്തത്. വിധിന്യായത്തിൽ സുപ്രീംകോടതി ഇത് തുറന്നുപറയുകയും ചെയ്തു.

പണം നൽകിയവരുടെയും അത് സ്വീകരിച്ചവരുടെയും വിവരങ്ങൾ രഹസ്യമായി വയ്‌ക്കണമെന്ന് ശഠിക്കുന്നതുതന്നെ സുതാര്യതയില്ലായ്മയല്ലേ എന്ന ചോദ്യം തുടക്കം മുതൽതന്നെ സിപിഐ എം ഉയർത്തിയിരുന്നു. "സുതാര്യത’യുടെ മറവിൽ തെളിഞ്ഞത് ബിജെപിയുടെ കാപട്യമാണെന്നും സിപിഐ എം ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 324-–-ാം ഖണ്ഡിക അനുസരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മുഖ്യ അധികാരകേന്ദ്രം തെരഞ്ഞെടുപ്പ് കമീഷനാണ്. എന്നാൽ, രാഷ്ട്രീയ പാർടിക്ക് ലഭിക്കുന്ന പണത്തിന്റെ സ്രോതസ്സുപോലും തെരഞ്ഞെടുപ്പ് കമീഷൻ അറിയേണ്ടതില്ല എന്നു വരുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയ സംശുദ്ധമാകില്ലെന്നതിന്റെ സൂചനയായി സിപിഐ എം ചൂണ്ടിക്കാട്ടുകയുണ്ടായി. വെറും പ്രസ്താവന ഇറക്കുക മാത്രമല്ല, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇലക്ടറൽ ബോണ്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ച രാഷ്ട്രീയകക്ഷി സിപിഐ എം മാത്രമാണ്. മുഖ്യ പ്രതിപക്ഷകക്ഷിയായിട്ടും കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കാൻ തയ്യാറായില്ല. ഇന്ത്യൻ രാഷ്ട്രീയരംഗത്തെ കോർപറേറ്റ് പണാധിപത്യത്തിന് വിട്ടുകൊടുക്കുന്ന ഇലക്ടറൽ ബോണ്ടുവഴിയുള്ള പണം സ്വീകരിക്കാനും സിപിഐ എം തയ്യാറായില്ല. ഈ പണം സ്വീകരിക്കാൻ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് തുറക്കാനും സിപിഐ എം വിസമ്മതിച്ചു. എന്നാൽ, കോൺഗ്രസ് ഇതിൽനിന്ന് തീർത്തും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. അവർ ഇലക്ടറൽ ബോണ്ടുവഴിയുള്ള പണം സ്വീകരിക്കാൻ തയ്യാറായി. 1123 കോടി രൂപയാണ് ഈ ഇനത്തിൽ കോൺഗ്രസിന് ലഭിച്ചത്. ഇലക്ടറൽ ബോണ്ടുവഴി ലഭിച്ച പണംകൊണ്ടാണ് ബിജെപി, കോൺഗ്രസ് എംഎൽഎമാരെ 25 കോടി രൂപയും 40 കോടി രൂപയും മറ്റും നൽകി വിലയ്‌ക്ക് വാങ്ങിയതും അരഡസനോളം കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചതും. എന്നിട്ടും ഇതിനോട് സമരസപ്പെടാൻ കോൺഗ്രസ് തയ്യാറായത് ആത്യന്തികമായി നിയോലിബറൽ നയത്തെ അംഗീകരിക്കുന്നവരാണ് അവരും എന്നതുകൊണ്ടാണ്. കോർപറേറ്റ് കൊള്ളയ്‌ക്ക് പച്ച പരവതാനി വിരിക്കപ്പെട്ടത് നിയോലിബറൽ നയത്തിന്റെ ഭാഗമാണ്. ആ നയം ഇന്ത്യയിൽ അവതരിപ്പിച്ചതാകട്ടെ നരസിംഹറാവു സർക്കാരും. അവർക്കെങ്ങനെ ആ നയത്തിന്റെ തുടർച്ചയായ ഇലക്ടറൽ ബോണ്ടുകളെ തള്ളിപ്പറയാനാകും?

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കക്ഷിയായിട്ടും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇലക്ടറൽ ബോണ്ടുവഴിയുള്ള കോർപറേറ്റ് ഫണ്ട് സ്വീകരിക്കില്ലെന്ന ആദർശാധിഷ്ഠിത നിലപാടാണ് സിപിഐ എം സ്വീകരിച്ചത്. ഭരണഘടനാ നിർമാണ സഭയിൽ കള്ളപ്പണം സംബന്ധിച്ച് നടന്ന ചർച്ച ഇത്തരുണത്തിൽ പ്രസക്തമാണ്, രാഷ്ട്രീയ പാർടികളും കള്ളപ്പണവും എന്ന വിഷയം ചർച്ചയ്‌ക്ക് വന്നപ്പോൾ ഡോ.- അംബേദ്കറും ഡോ. രാജേന്ദ്രപ്രസാദും പറഞ്ഞത് രാഷ്ട്രീയ പാർടികൾ അവരുടെ യഥാർഥ സ്വഭാവവും ജനങ്ങളോടുള്ള കൂറും വ്യക്തമാക്കേണ്ട സന്ദർഭമാണ് അതെന്നാണ്. ഏതെങ്കിലും വഴി കള്ളപ്പണം കിട്ടിയാൽ അത് സ്വീകരിക്കില്ലെന്ന് പ്രഖ്യാപിക്കാൻ രാഷ്ട്രീയ പാർടികൾ തയ്യാറാകണം. ചെക്കുവഴി മാത്രമേ പണം സ്വീകരിക്കൂ എന്ന് പറയാനും കഴിയണം. അന്ന് അംബേദ്‌കർ ചൂണ്ടിക്കാട്ടിയ പാതയിലൂടെ സഞ്ചരിക്കാൻ സിപിഐ എമ്മിന് (സിപിഐയും) മാത്രമേ കഴിയുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. ഇന്ത്യൻ രാഷ്ട്രീയരംഗത്തെ കോർപറേറ്റുകൾക്കും തീവ്രഹിന്ദുത്വവാദികൾക്കും വിട്ടുകൊടുക്കില്ല എന്ന നിശ്ചയദാർഢ്യംകൂടിയാണ് സിപിഐ എം നിലപാടിൽ നിഴലിച്ചുകാണുന്നത്. - തുറന്ന പോരാട്ടം മാത്രമാണ് നമുക്ക് മുമ്പിലുള്ള മാർഗം. സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കാൻ തലസ്ഥാനനഗരിയിൽ പ്രക്ഷോഭം നടത്തിയതും അതേ വിഷയത്തിൽ സുപ്രീംകോടതിയെ സമീപച്ചതും ഈ പോരാട്ടത്തിന്റെ ഭാഗമാണ്. ഇലക്ടറൽ ബോണ്ടിനെതിരായ സിപിഐ എം പോരാട്ടവും ഇതിന്റെ ഭാഗംതന്നെ. മാധ്യമങ്ങൾ മറച്ചുവച്ചാലും ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കി ബിജെപിക്ക് കനത്ത തിരിച്ചടി നൽകുന്നതിൽ സിപിഐ എമ്മിനുള്ള പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.