ഇലക്ടറൽ ബോണ്ട് കൊള്ളയടിയാണൈന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ മാധ്യമങ്ങൾ ആവേശംകൊണ്ടു. എന്നാൽ, ഇലക്ടറൽ ബോണ്ടിൻെറ പങ്കുപറ്റിയ ബിജെപിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഇലക്ടറൽ ബോണ്ട് കൊള്ളയടിയിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണ് എന്നതാണ് വസ്തുത.
ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപി 8252 കോടി രൂപ വാങ്ങിയപ്പോൾ 1952 കോടി രൂപയാണ് കോൺഗ്രസ് വാങ്ങിയത്. എല്ലാ ബോണ്ടുകളും നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരിൽ നിന്നാണ്. രാജ്യസഭാംഗമായിരിക്കെ സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയാണ് ഇലക്ടറൽ ബോണ്ടിനെതിരെ നിശിതവിമർശനം നടത്തിയത്. ഇലക്ടറൽ ബോണ്ട് സംവിധാനം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ പോയതും സിപിഐ എമ്മാണ്.
കേരളത്തിൽ സിപിഐ എമ്മും പിണറായിയും തന്നെ വിമർശിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. അതിനു കാരണമുണ്ട്. കോൺഗ്രസിന് ബിജെപിയെ പ്രതിരോധിക്കാനാകുന്നില്ല. ബിജെപിയിൽ ആളുകൾ ചേക്കേറുന്നത് തടയുകയാണ് കോൺഗ്രസ് ചെയ്യേണ്ട പ്രധാന ജോലി. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള കുത്തൊഴുക്ക് രാഹുൽ ഗാന്ധി ഗൗരവമായി എടുക്കുന്നില്ല.
മതരാഷ്‌ട്രത്തിലേക്കുള്ള പ്രധാന കൈവഴി പൗരത്വ നിയമമാണ്. അതിനെ എതിർക്കുന്നത് ഇടതുപക്ഷവും പിണറായിയുമാണ്. പൗരത്വനിയമം അംഗീകരിക്കില്ലെന്നു കേരളത്തെപ്പോലെ പറയാൻ കോൺഗ്രസ് ഭരിക്കുന്ന കർണാകത്തിലെയും തെലങ്കാനയിയെും മുഖ്യമന്ത്രിമാർ തയ്യാറല്ല. പൗരത്വനിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ നിങ്ങൾക്കു നടപ്പാക്കേണ്ടിവരുമെന്നാണ് കോൺഗ്രസ് പറയുന്നത്. കേരളത്തിന്റെ നിലപാടിനു പിന്തുണ നൽകേണ്ടതിനു പകരമാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉൾപ്പെടെ ഈ നിലപാടെടുക്കുന്നത്. ദേശീയ നേതൃത്വത്തോട് ചോദിച്ചപ്പോൾ നാളെ അഭിപ്രായം പറയാമെന്നു പറഞ്ഞിട്ട് ഇന്നുവരെ പറഞ്ഞിട്ടില്ല. ന്യായ് യാത്രയ്‌ക്കിടെ രാഹുൽ പറയുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. പ്രകടനപത്രികയിലും പറഞ്ഞില്ല. മത്‌സരിക്കാനെത്തിയപ്പോഴും രാഹുൽ ഗാന്ധി ഈ വിഷയത്തെ പറ്റി മിണ്ടാൻ തയ്യാറാകുന്നില്ല.