Skip to main content

ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ കുത്തൊഴുക്ക് തടയാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കയാണ് കോൺഗ്രസ്

ഏഴു ദിവസം കഴിഞ്ഞാൽ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. ഒരു മാസത്തിലധികം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടുത്ത ബുധനാഴ്ചയോടെ തിരശ്ശീല വീഴും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എൽഡിഎഫിനാണ് മുൻതൂക്കം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് എൽഡിഎഫിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. 20 മണ്ഡലത്തിലും അദ്ദേഹം മൂന്നോളം പൊതുയോഗങ്ങളിൽ വീതം സംസാരിച്ചുവരികയാണ്. ഞാനും എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിലാണ്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ്കാരാട്ട്, എം എ ബേബി, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, തപൻസെൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയ നേതാക്കളെല്ലാം കേരളത്തിന്റെ തെക്കേയറ്റംമുതൽ വടക്കേയറ്റംവരെ പ്രചാരണത്തിലാണ്. യുഡിഎഫ്, എൻഡിഎ എന്നിവയേക്കാളും പ്രചാരണരംഗത്ത് എൽഡിഎഫിനാണ് മുൻതൂക്കം. വൻജനക്കൂട്ടമാണ് എല്ലാ പരിപാടികളിലും ദൃശ്യമാകുന്നത്.

ബിജെപിയെ കേന്ദ്രാധികാരത്തിൽനിന്ന്‌ പുറത്താക്കുക എന്നതാണ് എൽഡിഎഫിന്റെ ലക്ഷ്യം. മോദി മൂന്നാമതും അധികാരമേറിയാൽ ഭരണഘടന പൊളിച്ചെഴുതുമെന്നും മതനിരപേക്ഷത ഉപേക്ഷിച്ച് രാജ്യം മതരാഷ്‌ട്രമാക്കുമെന്നും ഇത്‌ ജനാധിപത്യത്തിന്റെ അന്ത്യമാകുമെന്നുമുള്ള മുന്നറിയിപ്പാണ് ഇടതുപക്ഷം ജനങ്ങൾക്ക്‌ നൽകുന്നത്. ബിജെപിയെ പരാജയപ്പെടുത്തേണ്ടതിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന വിമർശവും ഞങ്ങൾ ഉയർത്തി. ഉദാഹരണത്തിന് ബിജെപിയോട്‌ നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം രാഹുൽ ഗാന്ധിയടക്കം വയനാട്ടിൽവന്ന് ഇടതുപക്ഷത്തോട് മത്സരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ജനങ്ങൾക്ക് മുന്നിൽവച്ചു. അമേത്തിയിൽ ബിജെപിയെ നേരിട്ട് എതിർക്കാൻ തയ്യാറാകാതെ രാഹുൽ ഗാന്ധി ഒളിച്ചോടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയർത്തി.

ബിജെപിയുടെ ഹിന്ദുത്വ അജൻഡയെ തുറന്ന് എതിർക്കാൻ എന്തുകൊണ്ട് കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന് സിഎഎ വിഷയം ഉയർത്തി ഇടതുപക്ഷം ചോദിച്ചു. കേരളത്തിൽ പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിപോലും ഈ വിഷയത്തോട് പ്രതികരിക്കാത്തത് ആർഎസ്എസിന്റെ അജൻഡ അംഗീകരിക്കുന്നതുകൊണ്ടല്ലേ എന്ന ന്യായമായ ചോദ്യമാണ് ഇടതുപക്ഷം ഉയർത്തുന്നത്.

ബിജെപിയെയും അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും എതിർക്കുന്നതിന് പകരം കേരളത്തിലെ കോൺഗ്രസും യുഡിഎഫും ഇടതുപക്ഷത്തെ എതിർക്കാനാണ് തയ്യാറായത്. ദേശീയ രാഷ്ട്രീയം കേരളത്തിലെ യുഡിഎഫ് നേതാക്കൾക്ക് വിഷയമേ ആകുന്നില്ല. മറിച്ച് പിണറായി സർക്കാരിനെയും എൽഡിഎഫിനെയും കടന്നാക്രമിക്കാനാണ് യുഡിഎഫ് തയ്യാറാകുന്നത്. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും പൂർണമായും ഇവരോടൊപ്പം ചേർന്ന് ഇടതുപക്ഷത്തെ എതിർക്കുകയാണ്. ഒരു ഉദാഹരണംമാത്രം ചൂണ്ടിക്കാട്ടാം. പാനൂരിൽ ബോംബ് സ്ഫോടനം നടന്നപ്പോൾ അതുമായി സിപിഐ എമ്മിന് ഒരു ബന്ധവുമില്ലെന്ന് ഞാൻ അന്നുതന്നെ പറഞ്ഞിരുന്നു. എന്നാൽ, ഈ വിഷയം ആളിക്കത്തിച്ച് എൽഡിഎഫിനെ കരിതേയ്‌ക്കാനാണ് യുഡിഎഫും അവരുടെ മെഗാഫോണായി പ്രവർത്തിക്കുന്ന വലതുപക്ഷ മാധ്യമങ്ങളും ശ്രമിച്ചത്. സിപിഐ എം പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണ് സ്ഫോടനത്തിൽ ഉൾപ്പെട്ടത്. പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിലും സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് വ്യക്തമായിരുന്നു. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിന്റെ തുടർച്ച മാത്രമാണ് സ്ഫോടനമെന്നും പിന്നീട് തെളിയുകയുണ്ടായി. എന്നാൽ, എത്ര ദിവസമാണ് മലയാള മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇടതുപക്ഷത്തിനെതിരെ തലക്കെട്ട് നിരത്തിയത്. ക്യാമ്പസുകളിലെ ക്രിമിനൽവൽക്കരണം, സാമ്പത്തികപ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും എൽഡിഎഫിനെതിരെ ഉപയോഗിക്കാനാണ് യുഡിഎഫും ചില മാധ്യമങ്ങളും ശ്രമിച്ചത്. എന്നാൽ, ഈ പ്രചാരണങ്ങളൊന്നും ജനങ്ങൾ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് എൽഡിഎഫ് പരിപാടികളിൽ പങ്കെടുക്കുന്ന വൻജനക്കൂട്ടം തെളിയിക്കുന്നു.

തെരഞ്ഞെടുപ്പിൽ വൻ പരാജയമാണ് യുഡിഎഫിനെ തുറിച്ചുനോക്കുന്നത്. ഈ ഘട്ടത്തിലാണ് എൽഡിഎഫ് സ്ഥാനാർഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രചാരണത്തിന് തുടക്കമിട്ടത്. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയ്‌ക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഇതിന്റെ ഭാഗമാണ്. മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്. ശൈലജ പറയാത്ത കാര്യങ്ങൾ പറഞ്ഞെന്ന് വരുത്തുന്ന വീഡിയോകളും യുഡിഎഫ് പ്രചരിപ്പിച്ചു. വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയും കൂട്ടരുമാണ് ഈ തരംതാണ പ്രവർത്തനം നടത്തിയത്. നേരത്തേ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയ യൂത്ത് കോൺഗ്രസ് ടീം അംഗങ്ങളാണ് ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിലും പ്രവർത്തിച്ചതെന്നാണ് മാധ്യമ വാർത്തകൾ സൂചിപ്പിക്കുന്നത്. എൽഡിഎഫിനെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തപ്പോഴാണ് നികൃഷ്ടവും നീചവുമായ അശ്ലീല പ്രചാരണവുമായി യുഡിഎഫ് രംഗത്തുവന്നിട്ടുള്ളത്. ഇതിനെതിരെ വടകരയിലെ പ്രബുദ്ധരായ ജനങ്ങൾ വിധിയെഴുതുകതന്നെ ചെയ്യും.

കേന്ദ്രസർക്കാരിനെ ബിജെപി വിമർശിക്കാത്തതിന്റെ രാഷ്ട്രീയം എല്ലാവർക്കും മനസ്സിലാകും. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മോദി സർക്കാരിനെയല്ല, മറിച്ച് പിണറായി സർക്കാരിനെമാത്രം വിമർശിക്കുന്നതിന്റെ രാഷ്ട്രീയം എന്താണ്. ബിജെപിക്ക് പ്രകടമായ കേരള വിരുദ്ധതയുണ്ട്. മതനിരപേക്ഷതയുടെ തുരുത്തായി കേരളം തുടരുന്നതാണ് ഇതിന് പ്രധാനകാരണം. അർഹമായ സാമ്പത്തികവിഹിതം വെട്ടിക്കുറച്ചും സിൽവർ ലൈൻ, എയിംസ് തുടങ്ങിയ പദ്ധതികൾ നിഷേധിച്ചും കേരള സ്റ്റോറിപോലുള്ള കേരളത്തെ അപഹസിക്കുന്ന സിനിമകൾക്ക് ഔദ്യോഗികവേദികളിൽ പ്രചാരണം നൽകിയും ബിജെപി കേരളവിരുദ്ധത പ്രകടിപ്പിക്കുകയാണ്.

ഇവരുടെ സഖ്യകക്ഷിയായി ഇപ്പോൾ കോൺഗ്രസും യുഡിഎഫും മാറി. സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികസഹായം ലഭിക്കാൻ തെരുവിലും കോടതിയിലും ഒരുപോലെ പോരാടുകയാണ് എൽഡിഎഫ്. ഈ കേന്ദ്രവിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് പകരം ബിജെപിക്കൊപ്പം ചേർന്ന് കേരളവിരുദ്ധത പ്രോത്സാഹിപ്പിക്കുകയാണ് കോൺഗ്രസ്. കേരളത്തിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫിന്റെ 18 എംപിമാരും സംസ്ഥാനത്തിന്റെ ആവശ്യത്തിനായി പാർലമെന്റിൽ ശബ്ദം ഉയർത്തിയില്ലെന്ന് മാത്രമല്ല, കേരളത്തെ തകർക്കുന്ന ബിജെപി സർക്കാരിന്റെ ശ്രമങ്ങൾ ശക്തമായി തുടരണമെന്ന് വാദിക്കുകയും ചെയ്തു.
ബിജെപി കേരളത്തിൽ വളർന്നാലും പ്രശ്നമില്ല എൽഡിഎഫ് തോറ്റാൽ മതിയെന്ന വിചാരമാണ് കോൺഗ്രസിനെ നയിക്കുന്നത്. ബിജെപിയുടെ മെഗാഫോണായി യുഡിഎഫ് മാറുന്ന ദയനീയകാഴ്ചയാണ് മുന്നിൽ തെളിയുന്നത്. ബിജെപിയുമായുള്ള സഹവാസമാണ് കേരളത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള അതിർവരമ്പ്‌ നേർത്ത് നേർത്ത് വരാൻ കാരണം. നയത്തിലും കാഴ്ചപ്പാടുകളിലുമുള്ള ഈ ഐക്യമാണ് ഒരു സങ്കോചവുമില്ലാതെ കോൺഗ്രസ് നേതാക്കൾക്ക് ബിജെപിയിലേക്ക് പോകാൻ വഴിയൊരുക്കുന്നത്. അനിൽ ആന്റണിമാരും പത്മജമാരും ഇനിയും ഉണ്ടാകുമെന്നർഥം.

ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ കുത്തൊഴുക്ക് തടയാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കുന്ന നേതൃത്വമാണ് കോൺഗ്രസിന്റേത്. അതുകൊണ്ടുതന്നെ യുഡിഎഫിന്‌ ചെയ്യുന്ന ഓരോ വോട്ടും അന്തിമമായി ബിജെപിയെയാണ് സഹായിക്കുക. അതിനാൽ ജനാധിപത്യവും ഭരണഘടനയും നിലനിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പിൽ വോട്ട് പാഴാക്കിക്കളയാതെ, ബിജെപിയെ ശക്തമായി എതിർക്കുന്ന എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ ഓരോ വോട്ടർമാരോടും വിനയപൂർവം അഭ്യർഥിക്കുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

മെയ് ദിനം നീണാൾ വാഴട്ടെ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനം. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ഇല്ലാതാക്കി തുല്യതയിൽ പടുത്തുയർത്തിയ ഒരു പുത്തൻ സാമൂഹികക്രമം സാധ്യമാണെന്ന ഓർമപ്പെടുത്തലാണ് ഏതൊരു മെയ് ദിനവും.

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം ഓർമ്മപ്പെടുത്തുന്നത്

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ശോഭാസുരേന്ദ്രൻ, കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു

പാർടിയേയും തന്നെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ബിജെപി നേതാവ്‌ ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.