പ്രിയ സഖാവും നാട്ടുകാരനുമായ രജിലാലിൻ്റെ വേർപാട് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത വേദനയാണ്. കണ്ണൂർ എഞ്ചിനീയറിങ് കോളേജ് പഠന കാലത്തെ എസ്എഫ്ഐ സംഘടനാ പ്രവർത്തനവും കോളേജ് യൂണിയൻ ചെയർമാൻ എന്ന നിലയിലുള്ള ഇടപെടലുകളും തൊട്ട് പ്രവാസ ജീവിതം നയിക്കുമ്പോൾ വരെ രജിലാലുമായി അടുത്ത ആത്മബന്ധമായിരുന്നു. സൗമ്യമായ സഖാവിൻ്റെ ഇടപെടൽ എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നതാണ്. വിദ്യാർത്ഥി കാലഘട്ടത്തിൽ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി പിന്നീട് മാറിവരുന്ന ജീവിത സാഹചര്യത്തിൽ ഉയർന്ന ജോലി ചെയ്യുമ്പോഴും ഇടതു രാഷ്ട്രീയപ്രവർത്തനം ജീവിതത്തിന്റെ മുഖ്യ പ്രമേയമായി നിലനിർത്തുന്നത് എങ്ങനെയെന്ന് സഖാവ് രജിലാലിന്റെ ജീവിതത്തിൽ നിന്നും പഠിക്കാം. ഒമാനിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങിന്റെ കൺവീനറായിരിന്ന കാലത്ത് രജിലാലിന്റെ നേതൃത്വത്തിൽ മലയാളികളെ കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. രജിലാലിന്റെ വിയോഗം പ്രവാസി മലയാളി സമൂഹത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്. സഖാവിൻ്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഗാധമായ ദുഃഖത്തിൽ പങ്കു ചേരുന്നു.