Skip to main content

ജനജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിലപാട് സ്വീകരിച്ച് പരമാവധി അവരെ ചേർത്തുപിടിച്ച് മുന്നോട്ടു പോകുന്ന എൽഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ വരികതന്നെ ചെയ്യും

കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടക്കില്ലെന്ന് വലതുപക്ഷം പ്രചരിപ്പിച്ച പല കാര്യങ്ങളും കഴിഞ്ഞ ഒമ്പത് വർഷ ഭരണത്തിൽ നടന്നുവെന്നതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ആഗോള നിക്ഷേപ സംഗമം. കൊച്ചിയിൽ നടന്ന സംഗമത്തിൽ 26 രാജ്യങ്ങളിൽ നിന്നായി 3000 സംരംഭകർ പങ്കെടുത്തു. യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ മന്ത്രിമാർ പ്രതിനിധിസംഘത്തോടൊപ്പമാണ് പങ്കെടുത്തത് എന്നതിൽനിന്നും അവർക്ക് കേരളത്തിൽ നിക്ഷേപം നടത്താനുള്ള വർധിച്ച താൽപ്പര്യം വ്യക്തമാണ്. ജർമനി, വിയറ്റ്‌നാം, നോർവെ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാൻസ് എന്നിവ പങ്കാളിത്ത രാജ്യങ്ങൾ എന്ന നിലയിലും പങ്കുകൊണ്ടു. 374 കമ്പനികളിൽനിന്നായി 1,52,905 കോടി രൂപയുടെ നിക്ഷേപത്തിനുള്ള താൽപ്പര്യപത്രമാണ് ഒപ്പുവച്ചത്.

6 കമ്പനികൾ ആയിരത്തിലധികം കോടി രൂപ നിക്ഷേപിക്കാൻ താൽപ്പര്യപ്പെട്ടപ്പോൾ അറുപതോളം കമ്പനികൾ 500 കോടിയിലധികം നിക്ഷേപിക്കാൻ സന്നദ്ധത അറിയിച്ചു. നിക്ഷേപ സംഗമത്തിനു ശേഷവും ഷെറി ഹോൾഡിങ്ങ്സ് പോലുള്ള കമ്പനികൾ ആയിരക്കണക്കിന് കോടിരൂപയുടെ നിക്ഷേപ വാഗ്ദാനവുമായി മുന്നോട്ട് വരികയാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇതെല്ലാം തെളിയിക്കുന്നത് നിക്ഷേപത്തിനും വ്യവസായങ്ങൾ ആരംഭിക്കുന്നതിനും അനുകൂല ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്നതാണ്.

കേരളത്തിൽ ഇതിനുമുമ്പും നിക്ഷേപസംഗമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര വിപുലമായ പങ്കാളിത്തമോ ഇത്രയും വലിയ തുകയുടെ നിക്ഷേപവാഗ്ദാനമോ ഉണ്ടായിട്ടില്ല. എന്തിനും ഏതിനും സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും എതിർക്കുന്ന "ദേശീയപത്രം’എഴുതി " വൻകിട വ്യവസായികൾ, സിഇഒമാർ, സ്റ്റാർട്ടപ് സംരംഭകർ, വ്യവസായ ചേംബറുകളുടെ മേധാവികൾ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥ നിര കൊച്ചി ശരിക്കും ലോകത്തിന്റെ തന്നെ വാണിജ്യതലസ്ഥാനമായി മാറുന്ന കാഴ്ചയാണ് "ഇൻവെസ്റ്റ് കേരള’ ആഗോള നിക്ഷേപക ഉച്ചകോടിയുടെ വേദിയും സദസ്സും.’ എന്നിട്ട് അവർ ഇത്രയംകൂടി പറഞ്ഞു " കേരളത്തിൽ വ്യവസായം സാധ്യമാണ് എന്ന് തെളിയിക്കപ്പെടുന്ന ഉച്ചകോടിയായി ഇൻവെസ്റ്റ് കേരള മാറി’യെന്ന്. അതായത് ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച മാധ്യമങ്ങൾക്കുപോലും ഒളിപ്പിക്കാനോ അവഗണിക്കാനോ കഴിയാത്ത നേട്ടമാണ് നിക്ഷേപക സംഗമം വഴി സംസ്ഥാനത്തിന് ലഭിച്ചത്. "വികസനച്ചിറകിൽ പറന്നുയരാൻ’ എന്ന തലക്കെട്ടിൽ മലയാള മനോരമയും "വികസന ചരിത്രത്തിലെ പുതിയ അധ്യായം’ എന്ന് മുഖപ്രസംഗം എഴുതാൻ മാതൃഭൂമിയും നിർബന്ധിതമായി.

കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവും വികസനവിരുദ്ധരാണെന്നും ബന്ദും ഹർത്താലും പണിമുടക്കുകളും നടത്തി വ്യവസായ വികസനത്തെ തടയുന്നവരാണെന്നുമുള്ള, യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത പ്രചാരണമാണ് വലതുപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും നിരന്തരമായി നടത്താറുള്ളത്. ഇത് ഒരു പൊതുബോധമാക്കി വളർത്താനായിരുന്നു ശ്രമം. എന്നാൽ 1957 ലെ ഇ എം എസ് സർക്കാർ മുതൽ നേർവിപരീതമായ ദിശയിലാണ് കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവും പ്രവർത്തിച്ചത്. ഇ എം എസിന്റെ കാലത്താണ് ബിർളയുടെ മാവൂർ റയോൺസ് ഫാക്ടറി തുടങ്ങുന്നത്. തുടർന്നങ്ങോട്ടുള്ള ഓരോ ഇടതുപക്ഷസർക്കാരും വ്യവസായങ്ങൾ തുടങ്ങുന്നതിനും അവ നിലനിർത്തുന്നതിനും അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ന്യായമായ ആവശ്യങ്ങൾ ഉയർത്തിയേ കേരളത്തിൽ സമരങ്ങൾ നടന്നിട്ടുള്ളൂ. വ്യവസായങ്ങളുടെ സംരക്ഷണംകൂടി കണക്കിലെടുത്താണ്‌ ട്രേഡ് യൂണിയനുകളും പ്രവർത്തിച്ചത്‌. തൊഴിലില്ലായ്മ പരിഹരിക്കാനും പൊതുവികസനം ഉറപ്പുവരുത്താനും വ്യവസായങ്ങൾ വരേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് നവഉദാരവാദ നയത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടും പൊതുമേഖലാ വ്യവസായങ്ങൾ അടയ്‌ക്കുമ്പോൾ, കേന്ദ്രം വിൽക്കാൻ വച്ച പൊതുമേഖലാ സ്ഥാപനങ്ങൾപോലും ഏറ്റെടുത്ത് എൽഡിഎഫ് സർക്കാർ പ്രവർത്തനക്ഷമമാക്കുന്നത്.

വികസനകാര്യത്തിൽ വിശാലമായ കാഴ്ചപ്പാടാണ് എൽഡിഎഫിനുള്ളത്. തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കിയോ ഏതെങ്കിലും സങ്കുചിത താൽപ്പര്യത്തിന്റെ ഭാഗമായോ അല്ല ഈ വിഷയത്തെ സിപിഐ എമ്മോ എൽഡിഎഫോ കാണുന്നത്. ഭാവിതലമുറയെകൂടി കണ്ടുള്ള സർവതോന്മുഖമായ വികസനമാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ ഇതിൽ കക്ഷിരാഷ്ട്രീയം കലർത്താൻ താൽപ്പര്യമില്ല. പ്രവാസിസംഗമം ഉൾപ്പെടെ പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽപോലും പ്രതിപക്ഷം മുഖംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ്. കേന്ദ്രമാകട്ടെ കേരളത്തെ ക്രൂരമായി അവഗണിക്കുകയുമാണ്. ഈ പശ്ചാത്തലത്തിലും വ്യവസായ വികസനം സാധ്യമാക്കാൻ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പോകാനാണ് സർക്കാർ ശ്രമിച്ചത്.

നാടിന്റെ താൽപ്പര്യംമാത്രം ലക്ഷ്യമാക്കിയുള്ള ഈ നയത്തിനുള്ള അംഗീകാരംകൂടിയാണ് പ്രതിപക്ഷ നേതാക്കളും കേന്ദ്രമന്ത്രിമാരും നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുത്തത്. ഉദ്ഘാടന സമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനും സമാപന സമ്മേളനത്തിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സംബന്ധിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി, കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ എന്നിവർ നിക്ഷേപക സംഗമത്തിന്റെ ഭാഗമായി. നേരിട്ട് പങ്കെടുത്തില്ലെങ്കിലും നിക്ഷേപക സംഗമത്തിന് അയച്ച വീഡിയോ സന്ദേശത്തിൽ റോഡ് വികസനത്തിന് അരലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചത്. ഉൽപ്പാദനം, ടൂറിസം, ലോജിസ്റ്റിക്സ് ഉൾപ്പെടെ എല്ലാ മേഖലയിലും കേരളം വികസന കുതിപ്പിലാണെന്നാണ് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്. ഇന്ത്യയുടെ വികസനത്തിലേക്കുള്ള കവാടമായാണ് കേരളത്തെ മുൻ പ്രധാനമന്ത്രി ചരൺസിങ്ങിന്റെ ചെറുമകൻകൂടിയായ മന്ത്രി ജയന്ത് ചൗധരി കണ്ടത്. രാജ്യത്തെ ആദ്യത്തെ സുസ്ഥിര ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ കേരളത്തിന് കഴിയുമെന്നുവരെ ഉച്ചകോടിയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. സമാപനസമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലും ഈ പ്രത്യാശ പങ്കുവച്ചു. പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ സഹായം നൽകാമെന്ന് പറഞ്ഞ് സ്വന്തം നാടിനെ ഇകഴ്‌ത്തിയ ജോർജ് കുര്യനുപോലും സർക്കാരിനെ അഭിനന്ദിക്കേണ്ടി വന്നു. അതാണ് കേരളത്തിന്റെ കരുത്ത്. പിന്നോട്ടല്ല, മുന്നോട്ടാണ് കേരളം നയിക്കപ്പെടുന്നത് എന്നതിനാലാണിത്.

കേന്ദ്ര അവഗണനയുടെ ഫലമായി സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. വയനാട് ദുരന്തത്തിൽപോലും നയാ പൈസ സഹായിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. എന്നാൽ ഈ സാമ്പത്തിക വിഷമവും പറഞ്ഞ് ഒന്നും ചെയ്യാതിരിക്കലല്ല സർക്കാരിന്റെ നയം. മറ്റു വരുമാനസ്രോതസ്സുകൾ കണ്ടെത്തി വികസന സ്വപ്നങ്ങൾക്ക് ചിറകു നൽകുകയാണ് ലക്ഷ്യം. സ്വയം കണ്ടെത്തുന്ന വരുമാനത്തിന്റെ കരുത്തിൽ "കേരളം സാമ്പത്തിക പ്രതിസന്ധിയെ മറി കടക്കുകയാണെന്ന’ ബജറ്റ് പ്രസംഗത്തിലെ ധനമന്ത്രിയുടെ പ്രസ്താവന ആത്മവിശ്വാസം പകരുന്നതാണ്. നിക്ഷേപക സംഗമത്തിന്റെ വിജയം ഈ ആത്മവിശ്വാസം വർധിപ്പിക്കുന്നു. സ്‌റ്റാർട്ടപ്‌ രംഗത്ത് നേടിയ വിജയവും ഇതോടൊപ്പം ചേർത്തു വായിക്കണം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 300 സ്റ്റാർട്ടപ്പുകളാണെങ്കിൽ അതിപ്പോൾ 6000 ആയി ഉയർന്നു. ഇത് 15000 ആയി വർധിപ്പിക്കുകയാണ് ലക്ഷ്യം.

ഈ മുന്നേറ്റങ്ങളെല്ലാം പ്രതിപക്ഷത്തെ അങ്കലാപ്പിലാഴ്‌ത്തുന്നു. കോൺഗ്രസ് പ്രവർത്തകസമിതി അംഗവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവന അതിലേക്കാണ് വിരൽചൂണ്ടുന്നത്. കേരളത്തിലെ യാഥാർഥ്യം മനസ്സിലാക്കാതെ ഇപ്പോഴത്തെ നിലയിലാണ് കോൺഗ്രസ് പോകുന്നതെങ്കിൽ മൂന്നാം തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്നാണ് ശശി തരൂർ പറഞ്ഞത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ 15-ാം സ്ഥാനത്തായിരുന്ന കേരളം ഒന്നാമത് എത്തിയതിനെയും സ്റ്റാർട്ടപ്‌ ആവാസ വ്യവസ്ഥയിൽ ആഗോള വളർച്ചയുടെ അഞ്ചിരട്ടിയിലധികം നേടി- 254 ശതമാനത്തിലെത്തിയതിനെയും പ്രശംസിച്ച് ‘ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ’ ലേഖനമെഴുതിയ തരൂരിനെ കോൺഗ്രസ് നേതൃത്വം രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ കോൺഗ്രസിൽ നേതാക്കളുടെ അഭാവമുണ്ടെന്ന തുറന്നുപറച്ചിലുമായി തരൂർ രംഗത്തെത്തി.

രാഷ്ട്രീയഎതിരാളികളെക്കുറിച്ച് നല്ല കാര്യങ്ങൾ പറയുന്നത് കെപിസിസി നേതൃത്വത്തിന് സഹിക്കാൻ കഴിയുന്നില്ലെന്നാണ് തരൂർ പറഞ്ഞുവയ്‌ക്കുന്നത്. ഞങ്ങൾ പറയുന്നതും ഇതു തന്നെയാണ്. സംസ്ഥാനം വളരുന്നത് ഇവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. നാട്‌ പിറകോട്ട് പോകണമെന്ന ദുഷ്ടമനസ്സാണ് പ്രതിപക്ഷത്തിനുള്ളത്. ഈ നയം മാറ്റാതെ കോൺഗ്രസും പ്രതിപക്ഷവും രക്ഷപ്പെടില്ലെന്ന സന്ദേശമാണ് തരൂർ നൽകിയത്. അതു ശരിയുമാണ്. ജനജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിലപാട് സ്വീകരിച്ച്, പരമാവധി അവരെ ചേർത്തുപിടിച്ച് മുന്നോട്ടു പോകുന്ന എൽഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ വരികതന്നെ ചെയ്യും. മുൻ കേന്ദ്രമന്ത്രിയും മുൻ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരിനൊപ്പം ചേർന്ന് എൽഡിഎഫിന്റെ ഭരണ തുടർച്ചയെക്കുറിച്ച് പറയുന്നത് കൺമുമ്പിലുള്ള യാഥാർഥ്യമാണ്. കഴിഞ്ഞ ദിവസം തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ മുന്നേറ്റം ഈ ദിശയിലേക്കുള്ള ശക്തമായ സൂചനയാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.