Skip to main content

ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും എൽഡിഎഫിന് വേണ്ടി പ്രവർത്തിച്ചവർക്കും അഭിവാദ്യങ്ങൾ

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത ചൂടിനെ അവഗണിച്ചും പോളിങ്‌ ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാരെയും അഭിവാദ്യം ചെയ്യുന്നു. യുഡിഎഫിന്റെയും ബിജെപിയുടെയും കള്ളപ്രചരണങ്ങളെയും അക്രമത്തിനുള്ള ശ്രമങ്ങളെയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങളെയും അതിജീവിച്ച്‌ സമാധാനപൂർണമായാണ്‌ കേരളത്തിൽ പോളിങ്‌ പൂർത്തിയാക്കിയത്‌.
ബിജെപി ഭരണത്തിന്‌ കീഴിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികളും ഹിന്ദുത്വ രാഷ്ട്രനിർമിതിക്കുള്ള സംഘപരിവാർ ശ്രമങ്ങളും ജനസമക്ഷം അവതരിപ്പിച്ചാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെയും നിയമനിർമാണങ്ങളെയും ശക്തമായി എതിർക്കാൻ ഇടതുപക്ഷത്തിന്റെ സാന്നിധ്യം പാർലമെന്റിൽ അത്യന്താപേക്ഷിതമാണെന്ന്‌ വോട്ടർമാരെ ബോധ്യപ്പെടുത്താനും എൽഡിഎഫിനായി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെയും ജനജീവിതം പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളെയും വോട്ടർമാരെ ഒരിക്കൽക്കൂടി ഓർമിപ്പിക്കാനും തെരഞ്ഞെടുപ്പ്‌ വേദിയായി. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെ തുറന്നുകാണിക്കാനും ഇടതുപക്ഷത്തിനായി. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളോട്‌ മികച്ച രീതിയിലുള്ള പ്രതികരണമാണ്‌ ജനങ്ങളുടെ ഭാഗത്ത്‌ നിന്നുണ്ടായത്‌. ഈ ഘടകങ്ങളെല്ലാം പോളിങിൽ പ്രതിഫലിക്കും. അശ്ലീലവും വ്യാജകഥകളും പ്രചരിപ്പിച്ചാണ്‌ യുഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. അവസാന നിമിഷവും കള്ളക്കഥകളെ കൂട്ടുപിടിച്ചാണ്‌ യുഡിഎഫ്‌ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചത്‌. ഇതിനെല്ലാം കൂട്ടായി ഒരു വിഭാഗം മാധ്യമങ്ങളും യുഡിഎഫിനും ബിജെപിക്കും ഒപ്പം കൂടി. ബിജെപി, യുഡിഎഫ്‌, മാധ്യമ അവിശുദ്ധ കൂട്ടുകളെ കേരളം ബാലറ്റിലൂടെ തൂത്തെറിയും. ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകുമെന്ന പ്രതീക്ഷയാണ്‌ വോട്ടർമാരുടെ പ്രതികരണങ്ങൾ. എൽഡിഎഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം.
യുഡിഎഫിന്റെയും ബിജെപിയുടെയും കുതന്ത്രങ്ങളെയും അധിക്ഷേപങ്ങളെയും പണക്കൊഴുപ്പിനെയും അതിജീവിച്ച്‌ സമാധാനപൂർണമായി പ്രചരണപ്രവർത്തങ്ങളിൽ സജീവമാവുകയും എൽഡിഎഫ്‌ സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്‌ത പ്രവർത്തകരെയും ബഹുജനങ്ങളെയും അഭിവാദ്യം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മഴക്കെടുതി ദുരിതാശ്വാസത്തിന് എല്ലാ ഘടകങ്ങളും രംഗത്തിറങ്ങുക

സംസ്ഥാനത്ത്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന്‌ എല്ലാ പാര്‍ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണം.

76-ാം പഴശ്ശി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഉരുവച്ചാലില്‍ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സ. പി ജയരാജന്‍ സംസാരിച്ചു

മെയ് 28, 76-ാം പഴശ്ശി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഉരുവച്ചാലില്‍ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സ. പി ജയരാജന്‍ സംസാരിച്ചു.

ബദൽനയങ്ങളിലൂടെ കേരളത്തെ മുന്നോട്ടു കൊണ്ടുപോകാനും രാജ്യത്തെ ജനകീയ പ്രക്ഷോഭങ്ങൾക്ക് കരുത്തുപകരാനും എൽഡിഎഫ് സർക്കാരിന്റെ എട്ടു വർഷത്തെ പ്രവർത്തനത്തിനായി

സ. പുത്തലത്ത് ദിനേശൻ

നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വിധി നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ആ ഘട്ടത്തിൽത്തന്നെയാണ് എൽഡിഎഫ് സർക്കാരിന്റെ എട്ടാം വാർഷികം കടന്നുപോകുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്ന സുപ്രധാനമായ ഇടപെടലുകൾ വിവിധ ഘട്ടങ്ങളിൽ ഇടതുപക്ഷം നടത്തിയിട്ടുണ്ട്.

കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകിയ നാലാമത് സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റം സ. എ കെ ബാലൻ നിർവഹിച്ചു

കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകിയ നാലാമത് സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലൻ നിർവഹിച്ചു.