Skip to main content

സീതാറാം യെച്ചൂരിയുടെ അകാല വിയോഗം സിപിഐ എമ്മിന്‌ കനത്ത ആഘാതവും ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾക്ക്‌ വേദനാജനകമായ നഷ്ടവുമാണ്

സിപിഐ എം പൊളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന അനുശോചനസന്ദേശം
__________________________________
ദേശീയരാഷ്‌ട്രീയം നിർണായകഘട്ടത്തിൽ എത്തിനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സീതാറാം യെച്ചൂരിയുടെ അകാല വിയോഗം സിപിഐ എമ്മിന്‌ കനത്ത ആഘാതവും ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾക്ക്‌ വേദനാജനകമായ നഷ്ടവുമാണ്. സിപിഐ എമ്മിന്റെ ഏറ്റവും ഉന്നതനേതാവായിരുന്ന അദ്ദേഹം ഇടതുപക്ഷത്തിന്റെ പ്രഗത്ഭനായ നായകനും പ്രമുഖ മാർക്‌സിസ്‌റ്റ്‌ സൈദ്ധാന്തികനുമായിരുന്നു. 1974ൽ വിദ്യാർഥിപ്രസ്ഥാനത്തിന്റെ ഭാഗമായ അദ്ദേഹം 1975ൽ സിപിഐ എം അംഗമായി. 2015ൽ നടന്ന 21-ാം കോൺഗ്രസ്‌ മുതൽ പാർടി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

മൂന്ന്‌ പതിറ്റാണ്ടിലേറെയായി പാർടി കേന്ദ്രത്തിൽ നേതൃനിരയുടെ ഭാഗമായി പ്രവർത്തിച്ചുവന്ന അദ്ദേഹം കാലാകാലങ്ങളിൽ പാർടിയുടെ രാഷ്‌ട്രീയ നിലപാട്‌ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക്‌ വഹിച്ചു. പ്രത്യയശാസ്‌ത്രമേഖലയിൽ സീതാറാം യെച്ചൂരി സവിശേഷ പങ്ക്‌ വഹിച്ചു. സോഷ്യലിസത്തിനേറ്റ തിരിച്ചടികളുടെ പശ്‌ചാത്തലത്തിൽ 14-ാം കോൺഗ്രസിൽ പാർടിയുടെ പ്രത്യയശാസ്‌ത്ര നിലപാടുകൾ ഉറപ്പിക്കാൻ ‘ചില പ്രത്യയശാസ്‌ത്ര പ്രശ്‌നങ്ങളെക്കുറിച്ച്‌’ എന്ന പേരിൽ പ്രമേയം അംഗീകരിച്ചു. പാർടി കോൺഗ്രസിൽ ഈ പ്രമേയം അവതരിപ്പിച്ചത്‌ സീതാറാം യെച്ചൂരിയാണ്‌. 2012ൽ നടന്ന 20-ാം പാർടി കോൺഗ്രസിൽ പ്രത്യയശാസ്‌ത്ര നിലപാടുകൾ നവീകരിച്ചപ്പോൾ ആ പ്രമേയത്തിന്റെ മുഖ്യ അവതാരകനും അദ്ദേഹമായിരുന്നു.
അടുത്ത കാലത്തായി സീതാറാം യെച്ചൂരി തന്റെ സമയത്തിന്റെയും ഊർജത്തിന്റെയും ഏറിയ പങ്കും ചെലവിട്ടത്‌ മതനിരപേക്ഷ പ്രതിപക്ഷ പാർടികളുടെ വിശാലമായ ഐക്യം രൂപപ്പെടുത്താനാണ്‌, ഇതാണ്‌ ഇന്ത്യ കൂട്ടായ്‌മയായി മാറിയത്‌. സിപിഐ എം പിന്തുണച്ച ഐക്യമുന്നണി, യുപിഎ സർക്കാരുകളുടെ കാലത്ത്‌ കൂടിയാലോചനകളിൽ പാർടിയെ പ്രതിനിധാനം ചെയ്‌തവരിൽ പ്രധാനിയാണ്‌ സീതാറാം യെച്ചൂരി. രാഷ്‌ട്രീയ വ്യത്യാസത്തിന്‌ അതീതമായും, സമൂഹത്തിന്റെ നാനാതുറകളിലും അദ്ദേഹത്തിന്‌ വിപുലമായ സുഹൃദ്‌വലയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ സത്യസന്ധതയും പ്രതിബദ്ധതയും അങ്ങേയറ്റം ആദരം നേടി.

പ്രിയ സഹപ്രവർത്തകന്റെ വിയോഗത്തിൽ, ചെങ്കൊടി താഴ്‌ത്തി അനുശോചനം പ്രകടിപ്പിക്കുന്നു. ചൂഷണരഹിതമായ സമൂഹം കെട്ടിപ്പടുക്കാനുള്ള പോരാട്ടം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ പാർടി പ്രവർത്തകരോട്‌ ആഹ്വാനം ചെയ്യുന്നു. അദ്ദേഹത്തിന്‌ ആദരാഞ്‌ജലി അർപ്പിക്കാൻ ഏറ്റവും മികച്ച വഴി ഇതാണ്‌. സീതാറാം യെച്ചൂരിയുടെ ഭാര്യ സീമ, മകൾ അഖില, മകൻ ഡാനിഷ്‌, സഹോദരൻ ശങ്കർ എന്നിവരെയും ഇതര കുടുംബാംഗങ്ങളെയും അഗാധമായ അനുതാപവും അനുശോചനവും അറിയിക്കുന്നു. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.