പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന പാചക വാതക വിലവർധന പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. പൊതു വിഭാഗങ്ങൾക്കും സബ്സിഡി വിഭാഗങ്ങൾക്കുമുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 50 രൂപയാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. ഇതോടെ 7,000 കോടി രൂപയുടെ അധിക ബാധ്യതയാണ് പൊതുജനങ്ങൾക്കുമേൽ വരുന്നത്. കൂടാതെ, പെട്രോളിന്റെയും ഡീസലിന്റെയും പ്രത്യേക എക്സൈസ് തീരുവയിൽ സർക്കാർ 32,000 കോടി രൂപയുടെ വർധന വരുത്തി.
പണപ്പെരുപ്പം മൂലം ഇതിനകം തന്നെ കഷ്ടപ്പെടുന്ന പൊതുജനങ്ങളെ പാചക വാതക വില വർധന വഴി വീണ്ടും ബുദ്ധിമുട്ടിക്കുകയാണ്. വില വർധന വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ എണ്ണയുടെയും വാതകത്തിന്റെയും വിലയിടിവിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് പകരം കേന്ദ്ര സർക്കാർ അധിക ബാധ്യതകൾ ചുമത്തുകയാണ്. പ്രത്യേക എക്സൈസ് തീരുവ വഴി എല്ലാ ഫെഡറൽ തത്വങ്ങളും ലംഘിച്ച് വരുമാനം മുഴുവൻ കവർന്നെടുക്കുകയാണ് കേന്ദ്രം.
പാചക വാതക സിലിണ്ടറുകളുടെ വിലവർധനയെയും പെട്രോളിനും ഡീസലിനും പ്രത്യേക എക്സൈസ് തീരുവ ചുമത്തിയതിനെയും സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു. വിലവർധന പിൻവലിക്കണം. കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിക്കാൻ പാർടിയുടെ എല്ലാ ഘടകങ്ങളോടും ആഹ്വാനം ചെയ്യുന്നു.
