Skip to main content

ഇന്ത്യയിൽ ആദ്യമായി പൂർണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യം ഉയർത്തിയത് കമ്മ്യൂണിസ്റ്റുകാരാണ് , സ്വാതന്ത്ര്യ സമരത്തിൽ ഒരു സംഭാവനയും നൽകാത്ത പ്രസ്ഥാനമാണ് ആർ എസ് എസ്സും ഹിന്ദു വർഗീയ പ്രസ്ഥാനവും

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികം രാജ്യവ്യാപകമായി ആഘോഷിക്കുന്ന വേളയാണിത്. ഈ സന്ദർഭത്തിൽ ദേശീയപതാക ഉയർത്താനും സ്വാതന്ത്ര്യ സമ്പാദനത്തിന്റെ ചരിത്രവഴികൾ നാടിനെ ഓർമപ്പെടുത്താനും സ്വാതന്ത്ര്യസമരമൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടാനും പ്രത്യേക പരിപാടികൾ സിപിഐ എം സംഘടിപ്പിക്കുന്നു. കേരളത്തിൽ രണ്ട് കമ്യൂണിസ്റ്റ് പാർടി കഴിയുന്നത്ര ഇടങ്ങളിൽ സഹകരിച്ചാണ് ആഘോഷപരിപാടികൾ നടത്തുന്നത്.

എട്ടു വർഷമായി തുടരുന്ന ആർഎസ്എസ് നേതൃത്വത്തിലുള്ള മോദി സർക്കാർ സ്വാതന്ത്ര്യ ജൂബിലി ആഘോഷത്തിന് പരിപാടികൾ നടപ്പാക്കിവരുന്നുണ്ട്. എല്ലാ വീട്ടിലും ദേശീയപതാക ഉയർത്തുന്നത് ഉൾപ്പെടെ നടത്തി കേരളവും ആഘോഷത്തിന്റെ മുൻനിരയിൽ ഉണ്ടാകുന്നതിന് എൽഡിഎഫ് സർക്കാർ ഇതിനകം നടപടികൾ എടുത്തിട്ടുണ്ട്. വീടുകളിലും ഓഫീസുകളിലും ഉയർത്താൻ പതാക കിട്ടുന്നതിനുവേണ്ടി ചൈനയിൽനിന്ന് അടക്കം കേന്ദ്രസർക്കാർ ദേശീയപതാക ഇറക്കുമതി ചെയ്യുന്നുണ്ട്. കേരളത്തിലാകട്ടെ കുടുംബശ്രീ യൂണിറ്റുകൾ പതാക തുന്നുന്ന ജോലിയിൽ വ്യാപൃതമായിരിക്കുകയാണ്.

സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ടിന്റെ ജൂബിലി ആഘോഷത്തിൽ കമ്യൂണിസ്റ്റുകാർ ഇത്രമേൽ താൽപ്പര്യം കാട്ടുന്നതിൽ ഒരു പ്രത്യേക പശ്ചാത്തലമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ഘടകം സ്വാതന്ത്ര്യസമരചരിത്രത്തെ തലകീഴാക്കിമറിക്കാൻ സമരത്തിന് ഒരുപങ്കും വഹിക്കാത്ത പ്രസ്ഥാനങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്നതാണ്. സ്വാതന്ത്ര്യസമരത്തിൽ ഒരു സംഭാവനയും നൽകാത്ത പ്രസ്ഥാനമാണ് ആർഎസ്എസും ഹിന്ദുവർഗീയ പ്രസ്ഥാനവും. അതുകൊണ്ടുതന്നെ ഇക്കൂട്ടരുടെ നേതൃത്വത്തിൽ നടത്തുന്ന സ്വാതന്ത്ര്യജൂബിലി ആഘോഷം ചരിത്രത്തെ അട്ടിമറിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്താതിരുന്ന സംഘടനയാണ് ആർഎസ്എസ്. അശോകചക്രാങ്കിത ത്രിവർണപതാകയല്ല കാവിക്കൊടിയാണ് ദേശീയ പതാകയാക്കേണ്ടത് എന്ന പ്രഖ്യാപനമാണ് ആർഎസ്എസ് നടത്തിയത്. 1925ൽ ആർഎസ്എസും അതിനുമുമ്പ് 1915ൽ ഹിന്ദുമഹാസഭയും രൂപീകരിച്ചപ്പോൾ മുന്നോട്ടുവച്ച ആശയമാണ് ഹിന്ദുരാഷ്ട്രം എന്നത്.

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടാൽ ഇവിടെ ഹിന്ദുസ്ഥാൻ ഉണ്ടാകണമെന്നായിരുന്നു ഇവരുടെ ആവശ്യം. അതായത് ഹിന്ദുരാഷ്ട്രം. ഭാരതീയമല്ലാത്ത ഒന്നിനും ഇവിടെ ഇടം നൽകരുതെന്നാണ് ഹിന്ദുത്വ ആശയപ്രചാരകരായ സവർക്കറും ഗോൾവാൾക്കറും ഉദ്ഘോഷിച്ചത്. അവർ ചൂണ്ടിക്കാണിച്ച ഒന്നാമത്തെ ശത്രു മുസ്ലിമും രണ്ടാമത്തേത് ക്രിസ്ത്യാനിയും മൂന്നാമത്തേത് കമ്യൂണിസ്റ്റുകാരുമാണ്. ഈ മൂന്ന് ആശയവും വിദേശത്തുനിന്നും വന്നതാണ് ഭാരതീയമല്ല എന്നായിരുന്നു എതിർപ്പിന് നിദാനമായി ഉന്നയിച്ച വാദങ്ങളിലൊന്ന്. ഇപ്രകാരം ഒരു വാദം ഉയർത്തുക മാത്രമല്ല, ഇതിനെ അടിസ്ഥാനപ്പെടുത്തി ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിന് കൂട്ടായി മാറിയ ഒറ്റുകാരുടെ പ്രസ്ഥാനമാണ് ആർഎസ്എസ്. സവർക്കറും മറ്റും ജയിൽമോചനത്തിന് ബ്രിട്ടീഷുകാരോട്‌ മാപ്പ് യാചിച്ചതും ജയിൽമോചിതനായാൽ വെള്ളസായിപ്പിന്റെ വിശ്വസ്തസേവകരായി മാറാമെന്ന് ഉറപ്പുനൽകിയതും ചരിത്രവസ്തുതയായി ശേഷിക്കുന്നു.

അപരമതവിദ്വേഷത്തിലൂന്നിയ ഹിന്ദുത്വശക്തികൾ മുസ്ലിങ്ങളെ പുറത്താക്കി പാകിസ്ഥാൻ രൂപീകരിക്കുന്നതിനും ശേഷിക്കുന്ന ഭാഗം ഹിന്ദുസ്ഥാൻ ആക്കുന്നതിനുംവേണ്ടി നിലപാടെടുത്തു. ഭാഷയും മതവും ജാതിയും എന്താണെങ്കിലും ഇന്ത്യക്കാരെല്ലാം ഒന്നാണെന്ന ആശയം പ്രാവർത്തികമാക്കാൻ യത്നിച്ച മഹാത്മാഗാന്ധിയെ ഹിന്ദുത്വശക്തികളുടെ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ ഭാഗമായി ഗോഡ്സെ പകൽവെളിച്ചത്തിൽ നിഷ്ഠുരമായി കൊലപ്പെടുത്തി. ഇതിനുശേഷം രാജ്യത്ത് ബാബ്റി മസ്ജിദ് പൊളിച്ചതിന്റെയും വർഗീയകലാപങ്ങളുടെയും വംശഹത്യയുടെയും പാപക്കറയുള്ള പ്രസ്ഥാനമാണ് ആർഎസ്എസും അതിന്റെ രാഷ്ട്രീയ രൂപമായ ബിജെപിയും. ഇതൊക്കെക്കൊണ്ടാണ് ഹിന്ദുത്വശക്തികളും ഇന്ത്യൻ സ്വാതന്ത്ര്യസമരവും തമ്മിലുള്ള ബന്ധത്തിന്റെ നേർചിത്രം മറച്ചുവയ്ക്കുന്ന കേന്ദ്രഭരണക്കാരുടെയും സംഘപരിവാറിന്റെയും പ്രചണ്ഡപ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടേണ്ടിവരുന്നത്.
സ്വാതന്ത്ര്യസമരം ആറ്റിക്കുറുക്കിയെടുത്ത മഹത്തായ ആശയങ്ങളുണ്ട്. മതനിരപേക്ഷത, ഫെഡറലിസം, അഭിപ്രായസ്വാതന്ത്ര്യം, സ്ഥിതിസമത്വം, ലിംഗവിവേചനമില്ലായ്മ തുടങ്ങിയവ. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ ഭരണഘടനയ്ക്കുതന്നെ രൂപംനൽകിയത്. ഈ ഭരണഘടനാമൂല്യങ്ങളെ നഗ്നമായി പിച്ചിച്ചീന്തുകയാണ് എട്ടുവർഷത്തെ മോദി ഭരണം. എല്ലാ വീട്ടിലും പതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. എന്നാൽ, 136 കോടിയിൽ 17 കോടി ജനങ്ങൾക്ക് വീടില്ല. ഹിന്ദുവർഗീയ ശക്തികൾക്ക് പങ്കാളിത്തം നൽകുന്നതും കോർപറേറ്റുകളുമായി ചങ്ങാത്തമുള്ളതുമാണ് മോദി ഭരണനയം. കർഷകരും തൊഴിലാളികളും കൂടുതൽ പാപ്പരീകരിക്കപ്പെട്ടു. തൊഴിലില്ലായ്മ പെരുകി. പട്ടിണിസൂചികയിൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് നൂറ്റിഒന്നാമ ത്തേതായി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ പാർലമെന്ററി ജനാധിപത്യവും ജുഡീഷ്യറിയുടെ നിഷ്പക്ഷതയും പൗരസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവുമെല്ലാം നിഷേധിക്കുന്ന ഒരു ഭരണമാണ് രാജ്യത്ത് ഇന്നുള്ളത്. ഇക്കാര്യങ്ങൾ നാടിനെ ബോധ്യപ്പെടുത്തുന്നതിനുള്ള അവസരംകൂടിയാണ് സ്വാതന്ത്ര്യത്തിന്റെ ജൂബിലി ആഘോഷം.

സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് വളരെ വലുതാണ്. 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തോടെയാണ് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആരംഭമെന്നത് തെറ്റായ ധാരണയാണ്. പ്രഥമ ഇന്ത്യൻ സ്വാതന്ത്ര്യയുദ്ധമെന്ന് കാൾ മാർക്‌സ്‌ വിശേഷിപ്പിച്ച ലഹള 1857ലാണല്ലോ. വിദേശ സാമ്രാജ്യത്വം ഇന്ത്യയിൽ നേരിട്ട ആദ്യത്തെ ആകസ്മിക പ്രക്ഷോഭമായിരുന്നു അത്. ഇത് കോൺഗ്രസ് ഉടലെടുക്കുന്നതിനുമുമ്പ് ഉണ്ടായതാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനം ഒരു ഒറ്റയടിപ്പാത ആയിരുന്നില്ല. ഗാന്ധിയൻ സത്യഗ്രഹം മാത്രമല്ല, തൊഴിലാളി പ്രക്ഷോഭവും പണിമുടക്കും അടങ്ങുന്ന പന്ഥാവും തോക്കും ബോംബും ഉപയോഗിച്ച് വെള്ളക്കാരെ തുരത്താനുള്ള മാർഗവും ഉണ്ടായിരുന്നു. ഇതിൽ ആദ്യത്തേത് ഒഴികെയുള്ള പാതകളിൽ നിറഞ്ഞുനിന്നത് കമ്യൂണിസ്റ്റുകാരാണ്. ഇത് അഭിമാനത്തോടെ ഞങ്ങൾ പറയുന്നത് ആ സംഭവങ്ങളിലെ ധീരരക്തസാക്ഷികളുടെ ചുടുനിണത്തിൽ തൊട്ടുകൊണ്ടാണ്. തോക്കും ബോംബുമായി സായിപ്പിനെ നേരിടാനിറങ്ങിയ വിപ്ലവകാരികളിൽ ഒട്ടുമിക്കവരും ജയിൽവാസത്തിനിടെ കമ്യൂണിസ്റ്റുകാരായി മാറുകയും ചെയ്തു. അവർ ബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കാൻ വലിയ പങ്കുവഹിച്ചു.

തൂക്കുമരത്തിലേക്ക് പോകുന്നതിനുമുമ്പ് ഭഗത് സിങ്‌ ആവശ്യപ്പെട്ടത് ലെനിന്റെ ജീവചരിത്രപുസ്തകമാണ്. ഭഗത് സിങ്ങിന്റെ സഹപ്രവർത്തകരായ കിശോരിലാലും ശിവ് ശർമയും പിന്നീട് കമ്യൂണിസ്റ്റുകാരായി. ഇരുവരെയും ബ്രിട്ടീഷ് ഭരണം ആൻഡമാനിലെ സെല്ലുലാർ ജയിലിൽ അടച്ചു. ഭഗത് സിങ്‌ തൂക്കിലേറ്റപ്പെട്ടിരുന്നില്ലെങ്കിൽ അദ്ദേഹവും കമ്യൂണിസ്റ്റാകുമായിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിൽ ഝാൻസിറാണി റെജിമെന്റിന്റെ നായികയായിരുന്ന ധീരവനിത ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ സിപിഐ എം നേതാവായിരുന്നല്ലോ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി ജനങ്ങളെ ഊർജ്വസ്വലമായി അണിനിരത്തുന്നതിന് കമ്യൂണിസ്റ്റുകാർ കാര്യമായ പങ്കുവഹിച്ചതിൽ അരിശംപൂണ്ടാണ് ബ്രിട്ടീഷുകാർ കമ്യൂണിസ്റ്റുകാർക്കെതിരെ 1922–24ലെ പെഷാവർ ഗൂഢാലോചനക്കേസ്, 1924ലെ കാൺപുർ ഗൂഢാലോചനക്കേസ്, 1929ലെ മീററ്റ് ഗൂഢാലോചനക്കേസ് എന്നിവ ചുമത്തിയത്.

1920ൽ താഷ്‌കെന്റിൽ രൂപീകൃതമായ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിക്ക്, അതിഭീകരമായ അടിച്ചമർത്തൽ കാരണം തുടക്കത്തിൽ വ്യക്തമായ സംഘടനാരൂപം ഉണ്ടാക്കാനായില്ല. 1920–30കളിൽ കോൺഗ്രസ് സംഘടനയ്‌ക്കുള്ളിൽ നിന്നാണ് കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തിയത്. ഇന്ത്യക്കാരെ സ്വാതന്ത്ര്യസമരത്തിൽ അണിനിരത്തുന്നതിൽ ഗാന്ധിജിയും ഗാന്ധിയൻ ചിന്തയും വലിയ പങ്കുവഹിച്ചെങ്കിലും പരിമിതിയുണ്ടായിരുന്നു. വർഗസമരത്തിൽ വിശ്വസിച്ചില്ല, തൊഴിലാളിവർഗത്തിന്റെ മേൽക്കൈ തള്ളി തുടങ്ങിയ പരിമിതികൾ. ഇതെല്ലാം ഉള്ളപ്പോഴും ജനങ്ങളെ വലിയതോതിൽ അണിനിരത്താൻ ഗാന്ധിജിയുടെ നേതൃത്വത്തിനായി. തീവ്രവാദരാഷ്ട്രീയത്തിന്റെ അസ്വസ്ഥത, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പരാജയം, തൊഴിലാളികളുടെ ദുരിതം ഇതെല്ലാം ചേർന്ന് ജനങ്ങളിൽ ഗണ്യമായ വിഭാഗം നിരാശയിലാഴ്ത്തപ്പെട്ട ഘട്ടത്തിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിയുടെ രംഗപ്രവേശം. ഇത് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് പുത്തൻ ഉണർവ്‌ നൽകി.

ഇന്ത്യയിൽ ആദ്യമായി പൂർണസ്വാതന്ത്ര്യമെന്ന മുദ്രാവാക്യം ഉയർത്തിയത് കമ്യൂണിസ്റ്റുകാരാണ്. 1921ൽ അഹമ്മദാബാദിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പൂർണസ്വാതന്ത്ര്യപ്രമേയം (പൂർണസ്വരാജ്) കമ്യൂണിസ്റ്റുകാരായ മൗലാന ഹസ്രത്ത് മൊഹാനിയും സ്വാമി കുമരാനന്ദുമാണ് അവതരിപ്പിച്ചത്. അന്നത് തള്ളി. ആ പ്രമേയത്തിൽ കൃഷിക്കാരന് ഭൂമിയും തൊഴിലാളികൾക്ക് ആഹാരവുമെന്ന മുദ്രാവാക്യവും കമ്യൂണിസ്റ്റുകാർ മുന്നോട്ടുവച്ചു. അന്നത്തെ ആ പ്രമേയത്തിലെ പൂർണസ്വരാജ് ആറു വർഷത്തിനുശേഷം കോൺഗ്രസ് സമ്മേളനം സ്വീകരിക്കാൻ നിർബന്ധിതമായി. സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്കിനെ ചില കോൺഗ്രസ് നേതാക്കൾ ഇപ്പോഴും നിസ്സാരവൽക്കരിക്കുന്നു. പക്ഷേ, സുഭാഷ് ചന്ദ്രബോസിനെ കോൺഗ്രസ് പ്രസിഡന്റാക്കുന്നതിന് കമ്യൂണിസ്റ്റ് –-ഇടതുപക്ഷവിഭാഗങ്ങൾക്ക് കോൺഗ്രസിനുള്ളിൽ ശക്തിയുണ്ടായിരുന്നു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ വിഭാഗം കോൺഗ്രസുകാർ വിസ്മരിക്കുകയാണ്.

രണ്ടാം ലോകയുദ്ധത്തിലെ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ വിജയവും ലോക സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ഉയർച്ചയും യുദ്ധാനന്തരം ദേശീയ വിമോചനപ്രസ്ഥാനങ്ങളുടെ വിമോചനത്തിന് വഴിതെളിച്ചു. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷുകാർക്ക് ഇനി ഇവിടെ വാഴാൻ കഴിയില്ലെന്ന പരിതഃസ്ഥിതി സൃഷ്ടിച്ചത്. ബോംബെയിലെ നാവിക കലാപം, തെലങ്കാന, പുന്നപ്ര-വയലാർ സമരങ്ങൾ തുടങ്ങിയതെല്ലാം ഈ ചരിത്രഗതിയിലെ തിളങ്ങുന്ന ഏടുകളാണ്. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ കേരളവും വലിയ പങ്കുവഹിച്ചു. പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കൾക്ക് സാമ്രാജ്യത്വ വിരുദ്ധസമരത്തിൽ നിർണായകമായ സ്ഥാനമുണ്ട്. തൂക്കിലേറേണ്ടിവന്ന കയ്യൂർ രക്തസാക്ഷികൾ ഉൾപ്പെടെ നൂറുകണക്കിന് സഖാക്കൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷികളായി. സാമ്രാജ്യത്വത്തിനും ജൻമിത്തത്തിനും മുതലാളിത്തത്തിനും എതിരായ സവിശേഷമായ പോരാട്ടമാണ് കേരളത്തിൽ കമ്യൂണിസ്റ്റുകാർ നടത്തിയത്. അത്തരം പോരാട്ടത്തിന്റെ ഫലംകൂടിയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. ആദ്യ സ്വാതന്ത്ര്യദിനത്തിൽ പോലും എ കെ ജിയെ പോലുള്ള കമ്യൂണിസ്റ്റുകാർക്ക് ജയിലിൽ കിടക്കേണ്ടിവന്നു. ജയിലിൽ കിടന്നാണെങ്കിലും തടവറയ്ക്കുള്ളിൽ അന്ന് എ കെ ജി ദേശീയപതാക ഉയർത്തി.

കമ്യൂണിസ്റ്റ് പാർടി 1920ൽ സ്ഥാപിതമായതുമുതൽ ഇന്നുവരെ ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാബോധം പകരുന്നതിൽ നിർണായക പങ്ക് ഈ പ്രസ്ഥാനം വഹിച്ചു. സ്വാതന്ത്ര്യസമരകാലത്ത് വർഗീയസംഘട്ടനങ്ങൾ ഭീകരമായി രൂപംപ്രാപിച്ച ഘട്ടത്തിൽ 1926ൽ ഗുവാഹത്തി കോൺഗ്രസ് സമ്മേളനത്തിൽ മതനിരപേക്ഷതയ്ക്കുവേണ്ടിയുള്ള മാനിഫെസ്റ്റോ കമ്യൂണിസ്റ്റുകാരാണ് അവതരിപ്പിച്ചത്‌. ഹിന്ദു തൊഴിലാളികളും കർഷകരും മുസ്ലിം തൊഴിലാളികളും കർഷകരും ഒരേ ഫാക്ടറിയിലും മണ്ണിലും വിയർപ്പൊഴുക്കുകയാണ്. മുസ്ലിം തൊഴിലാളിക്ക് തന്റെ അതേ സമുദായക്കാരനായ തൊഴിലുടമയിൽനിന്നോ അതുപോലെ ഹിന്ദുതൊഴിലാളിക്ക് മറിച്ചോ നല്ല കൂലി കിട്ടുന്നില്ല. അതിനാൽ പണിയെടുക്കുന്നവരുടെ വർഗഐക്യം ഊട്ടിയുറപ്പിക്കുകയാണ് വർഗീയതയ്ക്ക് മറുമരുന്നെന്ന് കമ്യൂണിസ്റ്റുകാർ വ്യക്തമാക്കി. സ്വാതന്ത്ര്യസമര ഘട്ടത്തിൽ ഹിന്ദു, ഇസ്ലാം രാഷ്ട്രങ്ങൾക്കുവേണ്ടി നിലകൊണ്ട വർഗീയവാദികളും മതനിരപേക്ഷതയ്‌ക്കുവേണ്ടി പോരാടിയ ജനാധിപത്യ പുരോഗമനശക്തികളും വ്യത്യസ്ത ഭാഗത്തായി ഉണ്ടായിരുന്നു. ആ പോരാട്ടം ഇന്നും തുടരുകയാണ്. വർഗീയ കോയ്മകളെ തളയ്ക്കാനും മതനിരപേക്ഷ പുരോഗമന വിഭാഗങ്ങളെ ശക്തിപ്പെടുത്താനും കഴിയണം. അതിനുള്ള ആഹ്വാനമാണ് സ്വാതന്ത്ര്യത്തിന്റെ ജൂബിലി ആഘോഷം നൽകുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

ബിജെപിയെ കോൺഗ്രസിന് ഭയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്കെതിരായാണ് മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും സ്വന്തം പതാക പോലും ഉയർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. മുസ്ലിം ലീഗിന്റ സഹായമില്ലങ്കിൽ വയനാട് രാഹുൽ ഗാന്ധി വിജയിക്കില്ല. എന്നിട്ടും ബിജെപിയെ ഭയന്ന് ലീഗിന്റെ കൊടി ഉപേക്ഷിച്ചു. അതുകൊണ്ട് സ്വന്തം കൊടിയും ഉപേക്ഷിക്കേണ്ടി വന്നു.

ഇലക്ടറൽ ബോണ്ട്‌ ‘കൊള്ളയടി’യിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസ്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയാണൈന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ മാധ്യമങ്ങൾ ആവേശംകൊണ്ടു. എന്നാൽ, ഇലക്ടറൽ ബോണ്ടിൻെറ പങ്കുപറ്റിയ ബിജെപിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണ് എന്നതാണ് വസ്തുത.

സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല. ഇതു തടയാൻ യുഡിഎഫ് നേതൃത്വം ഇടപെടണം സെെബർ ആക്രമണം നടത്താനുള്ള നീക്കം കേരളത്തിൽ വിലപോകില്ല.