Skip to main content

മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയല്ല മറിച്ച് മതാധിഷ്ഠിത രാഷ്ട്രം ലക്ഷ്യമാക്കുന്ന ആർഎസ്എസാണ് ഗവർണറുടെ വഴികാട്ടി.

സംസ്ഥാന സർക്കാരിന്റെ സംവിധാനവും പ്രവർത്തനവും കേന്ദ്ര സർക്കാരിന്റെ മാതൃകയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. അതിന് പാർലമെന്ററി രീതിയാണുള്ളത്. ഇന്ത്യക്ക്‌ രാഷ്ട്രപതി എന്നതുപോലെ സംസ്ഥാന സർക്കാരിന്റെ തലവൻ ഗവർണറാണ്. ഇന്ത്യൻ പ്രധാനമന്ത്രിയെപ്പോലെ സംസ്ഥാന സർക്കാരിന്റെ ഭരണാധികാരി മുഖ്യമന്ത്രിയാണ്. ഇന്ത്യൻ ഭരണഘടനയിലെ 153 മുതൽ 164 വരെയുള്ള അനുച്ഛേദങ്ങളിലാണ് ഗവർണറുടെ തെരഞ്ഞെടുപ്പും ചുമതലകളും പ്രതിപാദിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെയും അതിന്റെ നേതാവായ മുഖ്യമന്ത്രിയുടെയും സഹായവും ഉപദേശവും അനുസരിച്ച് ഗവർണർ അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കണമെന്നാണ് ഈ വകുപ്പുകൾ അനുശാസിക്കുന്നത്. നിയമസഭ വിളിച്ചുകൂട്ടുക, നയപ്രഖ്യാപനപ്രസംഗം നടത്തുക, സർക്കാർ ഓർഡിനൻസുകളിലും ബില്ലുകളിലും ഒപ്പുവയ്ക്കുക തുടങ്ങിയ ഔപചാരികമായ ചുമതലകൾ നിർവഹിക്കുകയാണ് ഗവർണറുടെ അധികാരം. ഭരണഘടനയെ സംരക്ഷിക്കാനും നിലനിർത്താനും അതിനുവേണ്ടി പ്രവർത്തിക്കാനും താൻ തയ്യാറാണെന്ന് സംസ്ഥാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നയാളാണ് ഗവർണർ. അയാൾ തന്നെ ഭരണഘടനാ ലംഘനം നടത്തിയാലോ? സെപ്തംബർ 19ന് കേരളം കണ്ടത് അതാണ്. രാജ്ഭവനിൽ വാർത്താസമ്മേളനം വിളിച്ചുചേർത്ത് ‘തന്റെ സർക്കാരിനെതിരെ’ കലിതുള്ളുന്ന ഗവർണറെയാണ് കേരളം കണ്ടത്. കേട്ടുപഴകിയ ആരോപണങ്ങളുടെയും കണ്ടുപഴകിയ ദൃശ്യങ്ങളുടെയും കെട്ടഴിച്ച് ഭരണഘടനാ പദവിയിൽ ഇരിക്കുന്നയാൾ സ്വയം അപഹാസ്യനാകുന്നതും ജനം കണ്ടു. ദേശാഭിമാനി നൽകിയ തലക്കെട്ടുപോലെ ‘ഗവർണർ പൊട്ടിത്തെറിച്ചു’ അതുകണ്ട് ‘കേരളം പൊട്ടിച്ചിരിച്ചു’.

കക്ഷിരാഷ്ട്രീയത്തിന് അതീതനായിരിക്കണം ഗവർണർ എന്നതാണ് പൊതുസങ്കൽപ്പം. ഭരണഘടന അനുശാസിക്കുന്നതും അതാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളയാളെ ഗവർണറായി നിയമിക്കുകയെന്ന കീഴ്‌വഴക്കത്തിനു പിന്നിലും സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപഴകാതിരിക്കുകയെന്ന സങ്കൽപ്പമുണ്ടെന്നു കാണാൻ കഴിയും. എന്നാൽ, ഈ പതിവുധാരണകളെയെല്ലാം കാറ്റിൽപ്പറത്തിയാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ വാർത്താസമ്മേളനം വിളിച്ചതും ഒരു രാഷ്ടീയക്കാരനെപ്പോലെ സംസാരിച്ചതും. തന്റെ രാഷ്ട്രീയ പക്ഷപാതിത്വം പരസ്യമായി വിളിച്ചുപറയാനും ഗവർണർ തയ്യാറായി. രാഷ്ട്രപിതാവിനെ വധിച്ച പ്രത്യയശാസ്‌ത്രത്തിന്റെ കൊടിപിടിക്കുന്ന പ്രസ്ഥാനവുമായി മൂന്നു ദശാബ്ദത്തിലധികം കാലത്തെ ബന്ധമുണ്ടെന്നും അതിന്റെ ഭാഗമായാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ കണ്ടതെന്നും ഇനിയും അദ്ദേഹത്തെ കാണുമെന്നും ഗവർണർ പറഞ്ഞു. ഗുവാഹത്തിയിലേത്‌ ഉൾപ്പെടെയുള്ള ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുമെന്നും ഗവർണർ പറയുമ്പോൾ ഒരുകാര്യം വ്യക്തമാകുകയാണ്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയല്ല മറിച്ച് മതാധിഷ്ഠിത രാഷ്ട്രം ലക്ഷ്യമാക്കുന്ന ആർഎസ്എസാണ് ഗവർണറുടെ വഴികാട്ടി. അതുകൊണ്ടാണ് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിന്റെ യശസ്സിന് കളങ്കംവരുത്തി എങ്ങനെയെങ്കിലും അട്ടിമറിക്കുകയെന്ന അജൻഡയുടെ ഭാഗമായി ഗവർണർ വാർത്താസമ്മേളനത്തിൽ ‘പൊട്ടിച്ചിതറിയത്'.

വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുകയെന്ന ബിജെപി– ആർഎസ്എസ് അജൻഡയുടെ ഭാഗമായിത്തന്നെയാണ് വിസിമാരെ നിയമിക്കുന്നതിൽ ഗവർണർ വഴിവിട്ട് ഇടപെടുന്നതെന്നും പകൽപോലെ വ്യക്തമാകുകയാണ്. സർവകലാശാലാ ഭേദഗതി ബില്ലിനോടുള്ള അസഹിഷ്ണുതയും ഇതിൽ നിന്നുണ്ടാകുന്നതാണ്. കേരളത്തിൽ ലക്ഷ്യം നേടാൻ കഴിയാത്തതിലുള്ള ചൊരുക്കാണ് ഗവർണർ ആവർത്തിച്ച് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. കണ്ണൂർ വൈസ് ചാൻസലറെ ‘ക്രിമിനൽ’ എന്നും സ്വന്തം അധ്യാപകൻ ഇർഫാൻ ഹബീബിനെ ‘ഗുണ്ട’ എന്നും മറ്റും വിളിച്ചതിനു പിന്നിലുള്ള ചോതോവികാരവും ഈ മോഹഭംഗത്തിൽനിന്ന് ഉണ്ടാകുന്നതായിരിക്കാം. കേന്ദ്ര –സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വൈസ് ചാൻസലർ പദവി ഗവർണർക്ക് നൽകരുതെന്ന് അഭിപ്രായപ്പെട്ടിരുന്ന കാര്യവുംകൂടി ഇവിടെ ഓർമിപ്പിക്കട്ടെ. ഭരണഘടനയിൽ എവിടെയും ഇക്കാര്യം പറയുന്നില്ലെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുകയുണ്ടായി.

സർക്കാരും ഗവർണറും പല വിഷയത്തിലും ആശയവിനിമയം നടത്തുന്നത് സ്വാഭാവികമാണ്. അതിന് രഹസ്യസ്വഭാവമുണ്ട്. ഭരണഘടനയുടെ 163-ാം വകുപ്പുപ്രകാരം കോടതിക്കുപോലും പരിശോധിക്കാൻ അവകാശമില്ലാത്ത ഔദ്യോഗിക കത്തിടപാടുകളാണ് ഗവർണർ പുറത്തുവിട്ടിട്ടുള്ളത്. ഗവർണർ മന്ത്രിസഭയുടെ ഉപദേശാനുസരണമാണ് ഭരണം നിർവഹിക്കുന്നതെങ്കിലും മന്ത്രിസഭ ഗവർണർക്ക് എന്ത് ഉപദേശമാണ് നൽകിയതെന്ന് ഒരു കോടതിക്കും അന്വേഷിക്കാൻ അധികാരമില്ല. വസ്തുത ഇതായിരിക്കെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ‘വൻതെളിവുകൾ’ എന്നുപറഞ്ഞ് ഔദ്യോഗിക കത്തിടപാടുകൾ പുറത്തുവിട്ട നടപടി നഗ്നമായ ഭരണഘടനാലംഘനമാണ്. സത്യപ്രതിജ്ഞാ ലംഘനമാണ്.

ഒരുകാര്യം ഇവിടെ വ്യക്തമാക്കാം. ഭരണഘടന വിഭാവനം ചെയ്യുന്ന ഗവർണർ പ്രതിപക്ഷ നേതാവല്ല. സർക്കാരിന്റെ, നിയമസഭയുടെ ഭാഗമാണ്. അതിനാൽ വിയോജിപ്പുകൾ ആരോഗ്യകരമായ രീതിയിൽ മുഖ്യമന്ത്രിയെ അറിയിക്കുകയാണ് വേണ്ടത്. വാർത്താസമ്മേളനം നടത്തി പറയുകയല്ല വേണ്ടത്. ഭരണഘടനാപരമായ മാന്യതയുടെയും അന്തസ്സിന്റെയും പ്രതീകമായിരിക്കണം ഗവർണർ. ‘അയോഗ്യരായവർ അയോഗ്യത ഭരണഘടനയ്ക്കു സമ്മാനിക്കുമെന്ന’ ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്കറുടെ മുന്നറിയിപ്പാണ് ഇവിടെ യാഥാർഥ്യമാകുന്നത്. എത്ര ദീർഘദൃഷ്ടിയോടെയാണ് അംബേദ്കർ ഇങ്ങനെ പറഞ്ഞതെന്ന് കേരളത്തിലെ ഗവർണറുടെ ചെയ്തികൾ ഓർമിപ്പിക്കുന്നു.

നിയമസഭ പാസാക്കിയ രണ്ട് ബില്ലിൽ വായിച്ചു നോക്കുക പോലും ചെയ്യാതെ, ഒപ്പിടില്ലെന്ന ഗവർണറുടെ പ്രഖ്യാപനവും ഭരണഘടനാലംഘനം തന്നെയാണ്. താൻ ഒപ്പിട്ടില്ലെങ്കിൽ നിയമമാകുന്നത് കാണട്ടെ എന്ന ഭീഷണിയാണ് ഗവർണറുടെ സ്വരത്തിലുള്ളത്. ഭരണഘടനയുടെ 200-ാം അനുച്ഛേദം അനുസരിച്ച് നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക് അയച്ചാൽ അദ്ദേഹത്തിന് ഒന്നുകിൽ അതിൽ ഒപ്പിട്ട് നിയമസഭയ്ക്ക് തിരിച്ചയക്കാം. അല്ലെങ്കിൽ ഒപ്പിടാൻ വിസമ്മതിക്കാം. അതുമല്ലെങ്കിൽ കൂടുതൽ പരിശോധനയ്ക്കായി നിയമസഭയിലേക്കുതന്നെ തിരിച്ചയക്കാം. അതല്ലെങ്കിൽ അപൂർവ സാഹചര്യങ്ങളിൽമാത്രം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവർണർക്കുണ്ട്. പുനഃപരിശോധനയ്ക്ക് അയച്ച ബിൽ ഒരുമാറ്റവും കൂടാതെ നിയമസഭ തിരിച്ചയച്ചാൽ അതിൽ ഒപ്പിടാൻ ഗവർണർ നിർബന്ധിതനാണ്. ബിൽ ഒപ്പിടാതെ അനന്തമായി വച്ചുതാമസിപ്പിക്കുന്നതിനുള്ള അധികാരമൊന്നും ഗവർണർക്ക് ഇല്ല. എന്നാൽ, ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാർ ബിൽ പെട്ടെന്ന് നിയമമാകാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ബില്ലിൽ ഒപ്പിടാതെ താമസിപ്പിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ജനങ്ങളോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്‌ ഇത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഇത്തരം ഭരണഘടനാവിരുദ്ധ നീക്കങ്ങൾക്കെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാർ ഒന്നിച്ചുനിൽക്കണം.

ഗവർണർ പദവിയെക്കുറിച്ച് സിപിഐ എമ്മിന് സുചിന്തിതമായ അഭിപ്രായമുണ്ട്. 2008 ഒക്ടോബർ 12 മുതൽ 14 വരെ കൊൽക്കത്തയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കേന്ദ്ര–സംസ്ഥാന ബന്ധങ്ങളുടെ പുനഃസംഘടന സംബന്ധിച്ച രേഖ പാർടിയുടെ കാഴ്ചപ്പാട് വിശദീകരിക്കുന്നുണ്ട്. ‘ഫെഡറൽ ജനാധിപത്യവ്യവസ്ഥയ്ക്ക് നിരക്കാത്ത ഒന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽനിന്ന് ഗവർണർമാരെ നിയമിച്ചുകൊടുക്കുക എന്നത്. ഗവർണർസ്ഥാനം നിലനിർത്തണമെന്ന് ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സർക്കാരിയ കമീഷൻ മുന്നോട്ടുവച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി മുഖ്യമന്ത്രി നിർദേശിക്കുന്ന പ്രമുഖരായ മൂന്നുപേരുടെ പട്ടികയിൽനിന്നും രാഷ്‌ട്രപതിക്ക്‌ ഗവർണറെ നിയമിക്കാവുന്നതാണ്. ഇതും അന്തർസംസ്ഥാന കൗൺസിൽ പലവട്ടം ചർച്ച ചെയ്തിട്ടുള്ളതാണ്. ഫെഡറൽ ഭരണഘടന നിലവിലുള്ള പ്രമുഖ രാജ്യങ്ങളിലൊന്നുംതന്നെ കേന്ദ്രം സംസ്ഥാനങ്ങളിൽ ഗവർണറെ നിയമിക്കുന്നതിനുള്ള വ്യവസ്ഥ ഏർപ്പെടുത്തിയിട്ടില്ല. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക് ഗവർണർ അനുമതി നൽകുന്നതിന് സമയപരിധി നിശ്ചയിക്കണം. അതിലുപരി സംസ്ഥാന സർക്കാരുകളുമായുള്ള വ്യത്യസ്‌ത അഭിപ്രായങ്ങളോ വിയോജിപ്പികളോ പരസ്യമായി പ്രകടിപ്പിക്കുന്നതിന് ഗവർണറെ വിലക്കുന്നതിനുതകുന്ന വ്യക്തമായ മാനദണ്ഡം ഉണ്ടാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യേണ്ടതാണ്. ഗവർണർമാർ സംസ്ഥാന സർവകലാശാലയുടെ എക്സ് ഒഫീഷ്യോ ചാൻസലർമാരായി തുടരേണ്ടതുണ്ടോ എന്ന കാര്യവും പരിശോധനാ വിധേയമാക്കേണ്ടതാണ്.’ സിപിഐ എം ചൂണ്ടിക്കാട്ടിയ ഈ വിഷയങ്ങൾ തന്നെയാണ് ഇന്ന് കേരളം ചർച്ച ചെയ്യുന്നതും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന സെക്രട്ടറി

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി അനുവദിച്ചു

സ. പിണറായി വിജയൻ

ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടി അനുവദിച്ചു. ജനവാസമേഖല പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്.

കേരളത്തിനെതിരെ ആസൂത്രിതമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടാണ് കേന്ദ്ര ധനമന്ത്രി കേരളത്തിൽവന്ന് വെല്ലുവിളികളെല്ലാം നടത്തുന്നത്

സ. ടി എം തോമസ് ഐസക്

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു.

കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്

സ. ഇ പി ജയരാജൻ

രാജസിംഹാസനത്തിലിരുന്ന്‌ കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തെറിവിളിച്ചതുകൊണ്ട്‌ കോൺഗ്രസ്‌ രക്ഷപ്പെടില്ല.

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല

സ. പിണറായി വിജയൻ

മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ല. പൊതുസമൂഹത്തിൽ അത് തടയാൻ ആർക്കും കഴിയില്ല. ഇന്നത്തെ പൊതുസമൂഹത്തിൽ മിശ്രവിവാഹം തടയാൻ ആർക്കും കഴിയില്ല.