Skip to main content

ബിജെപിക്കെതിരെ ഇന്ത്യൻ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന അവകാശവാദവുമായി രാഹുൽ ഗാന്ധി ഭാരത്‌ ജോഡോ യാത്ര തുടങ്ങിയതിനുശേഷം മാത്രമുള്ള കാര്യങ്ങൾ പരിശോധിച്ചാൽ കോൺഗ്രസിന്റെ ദൗർബല്യം അളക്കാനാകും

ഒന്നരവർഷം കഴിഞ്ഞാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നടക്കും. ഭരണകക്ഷിയായ ബിജെപി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർടികളും തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 2019ലെ തെരഞ്ഞെടുപ്പിൽനിന്ന്‌ വ്യത്യസ്‌തമായി കാണുന്ന പ്രധാന കാര്യം മോദി സർക്കാരിനെ താഴെയിറക്കുക ലക്ഷ്യമാക്കി പ്രതിപക്ഷത്ത്‌ ചില നീക്കങ്ങൾ നടക്കുന്നുവെന്നതാണ്‌. 2019ൽ തനിച്ച്‌ ഭൂരിപക്ഷംനേടി ബിജെപി വീണ്ടും അധികാരത്തിൽ വരാൻ കാരണം പ്രതിപക്ഷ ക്യാമ്പിലെ അനൈക്യമാണ്‌.

ആഗസ്റ്റ് രണ്ടാംവാരം ബിഹാറിൽ ഉണ്ടായ ഭരണമാറ്റമാണ്‌ ഇപ്പോഴത്തെ പ്രതിപക്ഷ നീക്കത്തിന്‌ ആക്കംപകർന്നത്‌. ദീർഘകാലത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച്‌ ജെഡിയു നേതാവ്‌ നിതീഷ്‌ കുമാർ മതനിരപേക്ഷ കക്ഷികളുമായി ചേർന്ന്‌ മഹാസഖ്യത്തിന്‌ തയ്യാറായി. ആർജെഡിയും ഇടതുപക്ഷ കക്ഷികളും ഇതിന്റെ ഭാഗമാണ്‌. മഹാരാഷ്ട്രയിൽ ഉദ്ധവ്‌ താക്കറെ നയിക്കുന്ന ബിജെപിവിരുദ്ധ സർക്കാരിനെ അട്ടിമറിച്ച്‌ ‘പ്രതിപക്ഷമുക്ത ഭാരതത്തിലേക്ക്‌’ നീങ്ങുകയാണെന്ന്‌ അമിത്‌ ഷായും കൂട്ടരും പ്രഖ്യാപിച്ച വേളയിലാണ്‌ നിതീഷ്‌കുമാർ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച്‌ ആർജെഡിയുമായി ചേർന്ന്‌ സർക്കാരുണ്ടാക്കിയത്‌. ബിജെപിക്ക്‌ കനത്ത തിരിച്ചടിയായിരുന്നു ഈ നീക്കം. ബിഹാറിലെ ഭരണമാറ്റത്തിൽനിന്ന്‌ പ്രതിപക്ഷത്തിന്‌ പല പാഠവും ഉൾക്കൊള്ളാനുണ്ട്‌. അതിൽ ഏറ്റവും പ്രധാനം ബിജെപിയിതര വോട്ടുകൾ പരമാവധി സമാഹരിച്ചാൽ അവരെ പരാജയപ്പെടുത്താമെന്നതാണ്‌. അതുപോലെ തന്നെയുള്ള മറ്റൊരു പാഠം കോൺഗ്രസിനേക്കാളും പ്രതിപക്ഷത്തെ ഒന്നിച്ച്‌ അണിനിരത്താനും ബിജെപിയെ തോൽപ്പിക്കാനും പ്രാദേശിക കക്ഷികൾക്കാണ്‌ കരുത്തുള്ളത്‌ എന്നതാണ്‌. 2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷനീക്കത്തിന്റെ അടിസ്ഥാനംതന്നെ ഈ രണ്ട്‌ വസ്‌തുതകളുടെ വെളിച്ചത്തിലായിരിക്കുമെന്ന്‌ പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചു.

അതിൽ പ്രധാനമാണ്‌ സെപ്‌തംബർ 25ന്‌ ഹരിയാനയിലെ ഫത്തേഹാബാദിൽ നടന്ന പ്രതിപക്ഷ പാർടികളുടെ റാലി. മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ 109-ാം ജന്മദിനത്തിൽ ഓംപ്രകാശ്‌ ചൗത്താലയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ലോക്‌ദൾ (ഐഎൻഎൽഡി) സംഘടിപ്പിച്ച റാലിയായിരുന്നു ഇത്‌. പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയായി ഈ മഹാറാലി മാറി. ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ, ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്‌, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി നേതാവ്‌ ശരദ്‌ പവാർ, അകാലിദൾ നേതാവ്‌ സുഖ്‌ബീർ സിങ് ബാദൽ തുടങ്ങിയ നേതാക്കളെല്ലാം ഈ പ്രതിപക്ഷ കൂട്ടായ്‌മയിൽ പങ്കെടുത്തു. നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഫാറൂഖ്‌ അബ്‌ദുള്ള സന്ദേശമയച്ചു. ഈ യോഗത്തിലേക്ക്‌ കോൺഗ്രസ്‌ ക്ഷണിക്കപ്പെട്ടില്ല. പ്രതിപക്ഷ മുന്നണിയെ നയിക്കാൻ കോൺഗ്രസിന്‌ കഴിയില്ലെന്നും അതിനുള്ള കരുത്ത്‌ അവർക്ക്‌ നഷ്ടപ്പെട്ടുവെന്നും പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ്‌ ഇത്‌.

മോദി സർക്കാരിനെതിരെ മുഖ്യമുന്നണിയെന്ന സന്ദേശമാണ്‌ ഫത്തേഹാബാദ്‌ റാലി നൽകിയത്‌. പ്രാദേശിക കക്ഷികളും ഇടതുപക്ഷവും ഉൾപ്പെട്ട സഖ്യത്തിന്‌ മാധ്യമങ്ങൾ പൊതുവെ നൽകിവരുന്ന പേര്‌ മൂന്നാംമുന്നണി എന്നാണ്‌. എന്നാൽ, ബിജെപിക്കെതിരെയുള്ള ഒരു മുന്നണി രൂപംകൊള്ളുകയാണെങ്കിൽ അതായിരിക്കും മുഖ്യമുന്നണിയെന്ന ആഖ്യാനമാണ്‌ റാലി നൽകിയത്‌. അക്കാര്യമാണ്‌ നിതീഷ്‌ കുമാർ ഫത്തേഹാബാദിൽ വിശദീകരിച്ചത്‌. അതായത്‌ അടുത്ത തെരഞ്ഞെടുപ്പിലെ പോര്‌ ബിജെപിയും മുഖ്യമുന്നണിയും തമ്മിലായിരിക്കും. ‘എല്ലാ പ്രതിപക്ഷ പാർടികളും ഒന്നിച്ചുനിന്നാൽ ബിജെപിയെ 50 സീറ്റിൽ ഒതുക്കാൻ കഴിയും.’ എന്നാണ്‌ നിതീഷ് കുമാറിന്റെ ആത്മവിശ്വാസം.

കഴിഞ്ഞദിവസം ഉത്തർപ്രദേശിൽനിന്നുള്ള ഒരു വാർത്ത ഈ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണ്‌. സമാജ്‌വാദി പാർടിയുടെ ലഖ്‌നൗവിലുള്ള ആസ്ഥാനമന്ദിരത്തിൽ ഒരു ബാനർ ഉയർന്നതിനെക്കുറിച്ചായിരുന്നു ആ വാർത്ത. ‘യുപി+ ബിഹാർ-ഗയി മോദി സർക്കാർ’ അതായത്‌ ബിഹാറും യുപിയും ബിജെപിക്കെതിരെ ഒന്നിച്ചാൽ മോദി സർക്കാരിനെ വീഴ്‌ത്താൻ കഴിയുമെന്ന്‌. മോദി സർക്കാരിനെതിരെയുള്ള പ്രതിപക്ഷനീക്കം ജനങ്ങളിൽ സൃഷ്ടിക്കുന്ന ആവേശവും പ്രതീക്ഷയും ഈ ബാനറിൽനിന്ന്‌ വായിച്ചെടുക്കാം. ഈവർഷം ആദ്യം ഉത്തർപ്രദേശിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദിത്യനാഥിന്റെ നേതൃത്വത്തിൽ സർക്കാർ രൂപംകൊണ്ടെങ്കിലും 2017നേക്കാൾ 57 സീറ്റാണ്‌ ബിജെപിക്ക്‌ കുറഞ്ഞത്‌. എസ്‌പിക്ക്‌ 64 സീറ്റ്‌ വർധിച്ചു. ബിഹാറിൽ നേരിയ ഭൂരിപക്ഷത്തിനാണ്‌ ആർജെഡി സഖ്യം പരാജയപ്പെട്ടത്‌. വാശിപിടിച്ച്‌ കൂടുതൽ സീറ്റ്‌ വാങ്ങിയ കോൺഗ്രസ്‌ മൂന്നിലൊന്ന്‌ സീറ്റിൽപോലും വിജയിക്കാത്തതായിരുന്നു ഈ പരാജയത്തിന്‌ കാരണം. പുതിയ കക്ഷിബന്ധങ്ങളിൽ ബിഹാർ തിരിച്ചുപിടിക്കാനാകുമെന്നതിൽ ആർക്കും സംശയമില്ല.

സിപിഐ എം ജനറൽ സെക്രട്ടറി പറഞ്ഞതുപോലെ പ്രതിപക്ഷ പാർടികളെ ഒരുവേദിയിൽ അണിനിരത്തുക എന്നതാണ്‌ ഇപ്പോഴത്തെ പ്രധാന കടമ. അതിനുള്ള നീക്കങ്ങൾ ത്വരിതഗതിയിൽ നടന്നുവരികയാണ്‌. നിതീഷ്‌ കുമാർ ഡൽഹിയിൽ എത്തി ഇടതുപക്ഷ പാർടി നേതാക്കൾ, ആംആദ്‌മി പാർടി നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാൾ, കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, സമാജ്‌വാദി പാർടി നേതാക്കളായ മുലായം സിങ് യാദവ്‌, അഖിലേഷ്‌ യാദവ്‌ എന്നിവരുമായി ചർച്ച നടത്തി. ടിആർഎസ്‌ നേതാവ്‌ ചന്ദ്രശേഖർ റാവു, തൃണമൂൽ നേതാവ്‌ മമത ബാനർജി, ഡിഎംകെ നേതാവ്‌ എം കെ സ്‌റ്റാലിൻ എന്നിവരുമായും ആശയവിനിമയം നടത്തിക്കഴിഞ്ഞു. ആർജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവും തേജസ്വി യാദവും ബിജെപി ഇതര കക്ഷികളുമായി ബന്ധം പുലർത്തിവരികയാണ്‌. എല്ലാവരും ഒത്തുപിടിച്ചാൽ മോദിയുടെ ദുർഭരണം അവസാനിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോൾ പ്രതിപക്ഷ പാർടികൾക്കുണ്ട്‌.

എന്നാൽ, കോൺഗ്രസിനെ മുൻനിർത്തിയുള്ള നീക്കം ഗുണം ചെയ്യില്ലെന്ന നിഗമനവും പൊതുവെയുണ്ട്‌. ബിജെപിയെ എതിരിടാനുള്ള സംഘടനാ ശേഷിയില്ലായ്‌മ, ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തെ മൃദുഹിന്ദുത്വംകൊണ്ട്‌ നേരിടാനുള്ള തെറ്റായ ശ്രമം എന്നിവ കാരണം മതനിരപേക്ഷ ശക്തികളെ ബിജെപിക്കെതിരെ അണിനിരത്താൻ കോൺഗ്രസിന്‌ കഴിയുന്നില്ല. കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗങ്ങളും മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള നേതാക്കൾ ദിനമെന്നോണം ബിജെപിയിലേക്ക്‌ ഒഴുകുമ്പോൾ മതനിരപേക്ഷ മുന്നണിയുടെ നായകസ്ഥാനം എങ്ങനെ കോൺഗ്രസിനെ ഏൽപ്പിക്കുമെന്ന ചോദ്യമാണ്‌ പ്രാദേശിക കക്ഷികൾ ഉയർത്തുന്നത്‌.

ബിജെപിക്കെതിരെ ഇന്ത്യൻ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന അവകാശവാദവുമായി രാഹുൽ ഗാന്ധി ഭാരത്‌ ജോഡോ യാത്ര തുടങ്ങിയതിനുശേഷം മാത്രമുള്ള കാര്യങ്ങൾ പരിശോധിച്ചാൽ കോൺഗ്രസിന്റെ ദൗർബല്യം അളക്കാനാകും. പഞ്ചാബിലെ മുൻമുഖ്യമന്ത്രി അമരീന്ദർ സിങ്ങും ഗോവയിലെ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ 11ൽ എട്ട്‌ എംഎൽഎമാരും ബിജെപിയിൽ ചേർന്നു.

അസമിലെ ബറാക്ക്‌ താഴ്‌വരയിലെ പ്രമുഖ കോൺഗ്രസ്‌ നേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കമറൂൽ ഇസ്ലാം ചൗധരി കോൺഗ്രസ്‌ വിട്ടു. അടുത്ത കോൺഗ്രസ്‌ പ്രസിഡന്റായി ഗാന്ധികുടുംബം ഉയർത്തിക്കാട്ടിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ തന്നെ മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാൻ എംഎൽഎമാരെ കൂടെനിർത്തി നേതൃത്വത്തെ വെല്ലുവിളിച്ചതും ഭാരത്‌ ജോഡോ യാത്ര തുടങ്ങിയശേഷമാണ്‌. സ്വന്തം പാർടിയെപ്പോലും ഒരുചരടിൽ കോർത്തിണക്കാൻ കഴിയാത്ത കോൺഗ്രസിന്‌ എങ്ങനെ പ്രതിപക്ഷത്തെ കൂട്ടിയോജിപ്പിക്കാനാകുമെന്ന ചോദ്യമാണ്‌ ഉയരുന്നത്‌. അതുകൊണ്ടാണ്‌ തേജസ്വി യാദവ്‌ പറഞ്ഞത്‌ ‘പ്രാദേശിക കക്ഷികൾ ശക്തമായ സാന്നിധ്യമുള്ളിടത്ത്‌ ഡ്രൈവർ സീറ്റിൽ കയറി ഇരിക്കാൻ കോൺഗ്രസ്‌ വരരുതെന്ന്‌’. ഈ രാഷ്ട്രീയ യാഥാർഥ്യം ഉൾക്കൊള്ളാൻ ഇനിയെങ്കിലും കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന സെക്രട്ടറി

 

 

 

    •  

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.