Skip to main content

കേരളത്തിന്റെ സാമൂഹ്യജീവിതത്തെ ഉൾക്കൊണ്ട് ജനകീയ നേതാവായി മാറിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ജീവിതം പുതുതലമുറയ്ക്ക് പാഠപുസ്തകമാണ്

സഖാവ് കോടിയേരി ബാലകൃഷ്ണൻ ജ്വലിക്കുന്ന ഓർമയായി. സഖാവിന്റെ അസാന്നിധ്യം തീർച്ചയായും പാർടിയെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ സാഹചര്യം ഉണ്ടാക്കുന്നുവെന്നത് വസ്തുതയാണ്. കോടിയേരി സഖാവിനൊപ്പം ഏറെക്കാലം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ച ഒരാളെന്നനിലയിൽ അദ്ദേഹത്തിന്റെ ശേഷിയെയും കരുത്തിനെയും അടുത്തറിയാനും കഴിഞ്ഞിരുന്നു. ഓരോ പ്രദേശത്തിന്റെയും സവിശേഷതകളെ മനസ്സിലാക്കിയാണ് രാഷ്ട്രീയ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകേണ്ടത്. മാർക്സിസം –ലെനിനിസം മുന്നോട്ടുവയ്ക്കുന്ന ഈ അടിസ്ഥാനപാഠം ഉൾക്കൊണ്ടു പ്രവർത്തിച്ചുവെന്നതാണ് കോടിയേരിയുടെ സവിശേഷത. അതുകൊണ്ടാണ് എല്ലാ വിഭാഗങ്ങളുടെയും നേതാവായി ഉയരാൻ സഖാവിന് സാധിച്ചത്.

രാഷ്ട്രീയ സംഘടനാ കാഴ്ചപ്പാടിന്‌ അനുസരിച്ച് പാർടി മുന്നോട്ടുപോകണമെങ്കിൽ യുക്തമായ ഇടത്ത് അതിനു പറ്റാവുന്ന രീതിയിലുള്ള സഖാക്കളെ ചുമതല ഏൽപ്പിക്കാൻ കഴിയണം. സഖാക്കളുടെ ശക്തിദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ് ഇടപെടാനും കഴിഞ്ഞുവെന്നതാണ് കോടിയേരിയെ കേരളം മുഴുവൻ ഏറ്റുവാങ്ങുന്ന നേതാവാക്കി മാറ്റിയത്. ഓരോ വിഭാഗങ്ങളുമായി ഇടപഴകുമ്പോഴും പാർടി കേഡർമാരുമായി ചർച്ച ചെയ്യുമ്പോഴും പാർടി കാഴ്ചപ്പാടുകൾ ലളിതമായി രീതിയിൽ അവതരിപ്പിച്ചുകൊണ്ട് ഇടപെടാൻ സഖാവിനു കഴിഞ്ഞു. ദുരന്തങ്ങളിൽ സഖാക്കൾക്ക് താങ്ങായും പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായും തെറ്റുവരുമ്പോൾ തിരുത്തുന്ന നേതാവായും കോടിയേരി പ്രവർത്തിച്ചു. വ്യക്തി ജീവിതത്തിനെതിരെ ഉണ്ടായ ആക്രമണങ്ങളെയും സംഘടനാരംഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളെയും സമചിത്തതയോടെ കാണാനും പരിഹാരമുണ്ടാക്കാനും സഖാവിന് കഴിഞ്ഞിരുന്നു. പാർടിയുടെ നേതൃത്വമെന്നത് കൂട്ടായ്മയുടെയും ഭാഗമായി നിലനിൽക്കുന്ന ഒന്നാണെന്നും ആ ശേഷിയാണ് പാർടിയുടെ പ്രധാന കരുത്തെന്നും എപ്പോഴും ഓർത്തിരുന്ന നേതാവായിരുന്നു കോടിയേരി.

ഒരു വ്യക്തിയും സ്വയംഭൂവായി നേതാവാകുന്നില്ല. മറിച്ച് നിരവധി പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുവന്നാണ് നേതൃത്വമായി ഉയരുന്നത്. പാർടി പ്രവർത്തനത്തിലൂടെ ജനങ്ങളുമായി സ്ഥാപിക്കുന്ന ബന്ധത്തിൽനിന്നും അവരിലൂടെ കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്നതിലൂടെയാണ് അത് സാധ്യമാകുന്നതെന്ന ധാരണയും അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. അതുകൊണ്ട് ജനങ്ങളുമായി ഇടപഴകാനുള്ള ഒരു അവസരവും അദ്ദേഹം ഒഴിവാക്കിയിരുന്നില്ല. ജനങ്ങളെയും അവരുടെ പ്രശ്നങ്ങളെയും ഹൃദയത്തിൽ ഏറ്റുവാങ്ങുമ്പോഴാണ് ഇത്തരം ദിശാബോധത്തോടെ പ്രവർത്തിക്കാനാകുക.

പാർടി പ്രവർത്തകരെയും വിവിധ ജനവിഭാഗങ്ങളെയും അവരുടെ കടമകളെയും ഉത്തരവാദിത്വങ്ങളെയുംകുറിച്ച് നിരന്തരം ഓർമിപ്പിച്ചുകൊണ്ട് അവരെ ശരിയായ പാതയിലൂടെ നയിക്കാൻ ഇടപെടുന്ന ശൈലിയായിരുന്നു കോടിയേരിയുടേത്. ഇതുകൊണ്ടാണ് അച്ചടക്കമുള്ള പാർടി പ്രവർത്തകനായി ഇരുന്നുകൊണ്ടുതന്നെ ജനങ്ങളുടെ നേതാവായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞത്. പാർടിക്കെതിരായി വരുന്ന ആക്രമണങ്ങളെ ചെറുക്കുന്ന പ്രചാരകൻ മാത്രമല്ല, എതിരാളികളെ പ്രതിരോധത്തിലാക്കുന്ന ഇടപെടലുകളും സഖാവിന്റെ സവിശേഷതയായിരുന്നു.

ഒരു പാർടി കേഡറുടെ ഏറ്റവും പ്രധാന സവിശേഷത ഏതുരംഗത്ത് നിയോഗിക്കപ്പെടുമ്പോഴും പാർടി മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകൾക്ക്‌ അനുസരിച്ച് ആ മേഖലയിൽ ഇടപെടുകയെന്നതാണ്. പാർലമെന്ററി രംഗത്ത് ദീർഘകാലം പ്രവർത്തിച്ച അനുഭവങ്ങൾ കോടിയേരിക്കുണ്ട്. സഭയെ എങ്ങനെയാണ് സമര പോരാട്ടത്തിന്റെ വേദിയാക്കി ഉപയോഗിക്കാനാകുകയെന്നത് പ്രതിപക്ഷ നേതൃത്വത്തിന്റെ മുൻനിരയിൽ നിന്നുകൊണ്ടുതന്നെ സഖാവ് തെളിയിച്ചു. നിയമസഭാ രേഖകളിലെ പ്രസംഗങ്ങൾ പരിശോധിച്ചാൽ ഇവയെല്ലാം കാണാവുന്നതാണ്.

ആഭ്യന്തരംപോലെ സങ്കീർണമായ ഒരു വകുപ്പ് ജനകീയമാക്കുന്നതിനുവേണ്ടിയുള്ള ഇടപെടൽ സഖാവ് നടത്തി. ജനകീയസേന എന്നനിലയിലേക്ക് യൂണിഫോം സർവീസ് മാറണമെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്‌ ഉണ്ടായിരുന്നത്. ജനങ്ങളും പൊലീസും തമ്മിലുള്ള മാനസികമായ അന്തരം ഒരു പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ജനമൈത്രി പൊലീസ് പോലുള്ള സംവിധാനങ്ങൾ കൊണ്ടുവന്നത്. സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റ് ഒരു മഹാപ്രസ്ഥാനമായി മാറിക്കഴിഞ്ഞു. അതിനു തുടക്കംകുറിച്ചതും കോടിയേരി ആയിരുന്നു.

വികസന കാര്യത്തിലും പിന്നാക്ക പ്രദേശങ്ങളെ സവിശേഷമായിത്തന്നെ അദ്ദേഹം കണ്ടു. ടൂറിസം മാപ്പുകളിൽ ഒരിക്കലും സ്ഥലംപിടിക്കാത്ത മലബാർ മേഖലയിൽ ഇതിന് അടിത്തറയിട്ടു. സംഘർഷബാധിത പ്രദേശങ്ങളിൽ പെട്ടെന്ന് ഓടിയെത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കോടിയേരിയെ സംബന്ധിച്ചിടത്തോളം അർഹതപ്പെട്ട അന്ത്യാഞ്ജലിയാണ് പൊതുവിൽ കേരളീയ സമൂഹത്തിൽനിന്ന് ലഭിച്ചത്. എല്ലാ മാധ്യമങ്ങളും ഇത്തരമൊരു സമീപനം സ്വീകരിച്ചിട്ടുണ്ട്. എന്തുകൊണ്ടായിരിക്കും ഇത് ഉണ്ടായത്? പല അപവാദകഥകളും മെനഞ്ഞവർക്കുപോലും അതിന് കഴിയാതെപോയത്. അവയെല്ലാം അവഗണിച്ച് ജനമനസ്സുകളിൽ സ്ഥാനംനേടാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞുവെന്നതാണ്. കേരളീയ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽനിന്നും ഇത്തരമൊരു അംഗീകാരം സഖാവിന് ലഭിച്ചിരുന്നു.

സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം അതിന്റെ ആരംഭകാലം മുതൽതന്നെ വിവിധങ്ങളായ പ്രതിസന്ധികളെ നേരിട്ടുകൊണ്ടാണ് വളർന്നത്. ഓരോ കാലഘട്ടത്തിലും അവയെ നേരിടാൻ പ്രാപ്തമായ നേതൃത്വത്തെ രൂപപ്പെടുത്തിയെടുക്കാൻ പാർടിക്ക് കഴിഞ്ഞിരുന്നു. ഇത്തരമൊരു രീതി വളർന്നുവന്നത് കൂട്ടായ പ്രവർത്തനം പാർടിയിൽ നിലനിൽക്കുന്നുവെന്നതുകൊണ്ടാണ്. വിവിധ തലമുറകളിൽപ്പെട്ടവരെയും വിവിധ വിഭാഗങ്ങളിൽനിന്ന് രാഷ്ട്രീയ ഇടപെടലിലൂടെ വളർന്നുവന്ന നേതൃത്വത്തെയും കൂട്ടിയിണക്കിയുള്ള പ്രവർത്തനശൈലിയാണ് പാർടിക്കുള്ളത്. അതുകൊണ്ടാണ് നിരവധി പ്രഗൽഭരായ നേതാക്കളുടെ അഭാവത്തിനുശേഷവും പാർടിക്ക് കരുത്തോടെ മുന്നോട്ടുപോകാനാകുന്നത്. പി കൃഷ്ണപിള്ളയും ഇഎംഎസും എകെജിയും ഇത്തരത്തിൽ കേരളത്തിന്റെ ജനമനസ്സുകളിൽ സ്വാധീനം സൃഷ്ടിച്ച് ഉയർന്നുവന്ന നേതൃനിര ആയിരുന്നു.

ചരിത്രപരമായ ഈ മാറ്റങ്ങളെ മനസ്സിലാക്കിത്തന്നെയാണ് കോടിയേരിയുടെ വേർപാട് കനത്ത നഷ്ടമാണെങ്കിലും അത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്തുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയത്. പാർടിയുടെ സംഘടനാ സംവിധാനത്തിലൂടെ പരിശീലിച്ചുവരുന്ന ശൈലിയാണ് നേതൃനിരയെ വളർത്തിയെടുക്കുന്നത്. ആ നേതൃത്വം പാർടിയെ വളർത്തുകയും പാർടിയെ കൂടുതൽ കരുത്തുറ്റതാക്കാൻ ഇടപെടുകയും ചെയ്യുന്നു. ഒപ്പം പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകാനും പാർടിക്ക് കഴിയുന്നു.

പാർടിയുടെ രാഷ്ട്രീയ സംഘടനാ കാര്യങ്ങളിൽ പ്രഗൽഭരായ നേതാക്കൾ നഷ്ടപ്പെടുമ്പോഴും പാർടിക്ക് മുന്നോട്ടുപോകാനാകുന്നത് ഈ സവിശേഷത കൊണ്ടാണ്. ആ കരുത്ത് കാത്തുസൂക്ഷിച്ച് പാർടിയെ ശരിയായ രീതിയിലേക്ക് നയിക്കുകയെന്ന ഉത്തരവാദിത്വമാണ് പാർടിക്കുള്ളത്. കേരളത്തിന്റെ സാമൂഹ്യജീവിതത്തെ ഉൾക്കൊണ്ട് ജനകീയ നേതാവായി മാറിയ കോടിയേരി ബാലകൃഷ്ണന്റെ ജീവിതം പുതുതലമുറയ്ക്ക് തീർച്ചയായും ഒരു പാഠപുസ്തകമായിരിക്കും.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

ബിജെപിയെ കോൺഗ്രസിന് ഭയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്കെതിരായാണ് മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും സ്വന്തം പതാക പോലും ഉയർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. മുസ്ലിം ലീഗിന്റ സഹായമില്ലങ്കിൽ വയനാട് രാഹുൽ ഗാന്ധി വിജയിക്കില്ല. എന്നിട്ടും ബിജെപിയെ ഭയന്ന് ലീഗിന്റെ കൊടി ഉപേക്ഷിച്ചു. അതുകൊണ്ട് സ്വന്തം കൊടിയും ഉപേക്ഷിക്കേണ്ടി വന്നു.

ഇലക്ടറൽ ബോണ്ട്‌ ‘കൊള്ളയടി’യിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസ്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയാണൈന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ മാധ്യമങ്ങൾ ആവേശംകൊണ്ടു. എന്നാൽ, ഇലക്ടറൽ ബോണ്ടിൻെറ പങ്കുപറ്റിയ ബിജെപിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണ് എന്നതാണ് വസ്തുത.

സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല. ഇതു തടയാൻ യുഡിഎഫ് നേതൃത്വം ഇടപെടണം സെെബർ ആക്രമണം നടത്താനുള്ള നീക്കം കേരളത്തിൽ വിലപോകില്ല.