തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിമാരുടെ സ്ഥാനം റദ്ദാക്കുമെന്ന ഗവര്‍ണ്ണറുടെ ഭീഷണി ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അജ്ഞതയാണ്. ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമില്ല. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമാണ് മന്ത്രിമാരെ നിയമിക്കാനും നീക്കാനും കഴിയുക. ഗവര്‍ണറുടെ പിആര്‍ഒ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പിലൂടെ കേരള രാജ്‌ഭവന്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തന്നെ വെല്ലുവിളിക്കുകയാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടു എന്നത് കേരളത്തിലെ ഗവര്‍ണര്‍ ഓര്‍മിക്കുന്നില്ല എന്നത് അത്ഭുതകരമാണ്. അദ്ദേഹത്തിന്റെ ഒടുവിലത്തെ ഇടപെടല്‍ ജനങ്ങള്‍ക്കും ജനാധിപത്യ സംവിധാനത്തിനും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമായി മാത്രമേ കാണാനാകൂ.
ഭരണഘടനയുടെ മര്‍മ്മത്താണ് ഗവര്‍ണര്‍ കുത്തിയിരിക്കുന്നത്. ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തുന്ന ഇത്തരം ശ്രമങ്ങളില്‍ നിന്ന് അദ്ദേഹം പിന്മാറണം. ഭരണഘടനയുടെ അനുച്ഛേദം 163,164 എന്നിവയും സുപ്രീംകോടതി വിധികളും വായിച്ച് നിലപാട് സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചു വെക്കുകയും സര്‍വ്വകലാശാലകളില്‍ അനാവശ്യ കൈകടത്തലുകള്‍ നടത്തുകയും ചെയ്യുന്നതാണോ ഭരണഘടനയുടെ അന്തസ്സ് എന്നത് ഗവര്‍ണ്ണര്‍ തന്നെ വ്യക്തമാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തവരാണ് മന്ത്രിമാര്‍ എന്നും ജനങ്ങളോടാണ്, അല്ലാതെ കൊളോണിയല്‍ കാലത്തിന്റെ അവശിഷ്ടങ്ങളായ പദവികളോടല്ല ജനാധിപത്യ വ്യവസ്ഥയില്‍ മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമെന്നും ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നു. അടിയന്തിരമായും പുറപ്പെടുവിച്ച ട്വീറ്റ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.