അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പോരാട്ടത്തിനൊപ്പം വിശ്വാസികളെയും ചേർത്തുനിർത്തണണം. വിശ്വാസവും വർഗീയതയും രണ്ടാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ വിശ്വാസികളെ സംഘടിപ്പിച്ചാൽ അത് വർഗീയതയല്ല. എന്നാൽ, ഇങ്ങനെ സംഘടിപ്പിച്ച് രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടുമ്പോഴാണ് വർഗീയത ഉണ്ടാകുന്നത്. ഈ വർഗീയതയ്‌ക്കും അന്ധവിശ്വാസത്തിനും എതിരെ വിശ്വാസികളെക്കൂടി ചേർത്ത് പ്രതിരോധിച്ചേ വിജയിപ്പിക്കാനാകൂ. വിശ്വാസി അല്ലെങ്കിലും വിശ്വാസികൾക്ക് വേണ്ടി നിലകൊള്ളണം.
ബിജെപി ഭരിക്കുന്ന രാജ്യത്ത് അന്ധവിശ്വാസത്തിന് നിയമപരമായ പരിരക്ഷയാണ് ലഭിക്കുന്നത്. സ്വതന്ത്രചിന്തയുടെ പ്രാധാന്യം വർധിച്ചുവരികയാണ്. ശാസ്‌ത്രബോധം സമൂഹത്തിൽ അനിവാര്യഘടകമാണ്. വർഗീയതയെയും വിശ്വാസത്തെയും അന്ധവിശ്വാസത്തെയും തിരിച്ചറിയണം. മതനിരപേക്ഷതയുടെ കേന്ദ്ര ഭൂമിയാണ് കേരളം. ഇവിടെപ്പോലും അന്ധവിശ്വാസ ജഡിലമായ അനാചരങ്ങൾ നീക്കാനായിട്ടില്ലെന്നാണ് സമീപകാല സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. അപ്പോൾ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി ആലോചിക്കണം. പ്ലാസ്റ്റിക് സർജറി ഗണപതിയുടെ കാലത്തേ ഉണ്ടെന്ന് പ്രചരിപ്പിച്ച് അന്ധവിശ്വാസം ആളിക്കത്തിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് ഇത്തരം അനാചാരക്കാർക്ക് പിന്തുണയാകുന്നു.