Skip to main content

സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾ ഹനിക്കുന്ന നടപടികളും നയങ്ങളുമാണ് മോദി സർക്കാർ സ്വീകരിക്കുന്നത് സംസ്ഥാന താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള സമരങ്ങളുടെ തുടക്കമാണ് രാജ്ഭവന് മുന്നിലെ ജനകീയ കൂട്ടായ്മ

ചൊവ്വാഴ്‌ച രാജ്‌ഭവനു മുമ്പിൽ തടിച്ചുകൂടിയ വൻജനാവലി ഒരു വലിയ സന്ദേശം നൽകുന്നുണ്ട്‌. വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനുള്ള ആർഎസ്‌എസ്‌ അജൻഡ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന സന്ദേശം. ഗവർണർ എന്ന ഭരണഘടനാപദവി ഉപയോഗിച്ച്‌ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ നടപ്പാക്കാൻ ശ്രമിച്ചാൽ അതിനൊപ്പം മതനിരപേക്ഷ കേരളം അണിചേരില്ലെന്ന സന്ദേശവും ഈ ജനക്കൂട്ടം നൽകുന്നുണ്ട്‌. ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ കേരളത്തിലെ സർവകലാശാലകളെയും അതുവഴി ഉന്നതവിദ്യാഭ്യാസ മേഖലയെയും തകർക്കാനുള്ള കേന്ദ്രത്തിന്റെ ഉപകരണമാകുകയാണ്‌. ഇത്‌ കേരളത്തിന്റെമാത്രം സ്ഥിതിയല്ല മറിച്ച്‌ പ്രതിപക്ഷം ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെല്ലാംതന്നെ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ അടിച്ചേൽപ്പിക്കുന്നത്‌ ഗവർണറെ ഉപയോഗിച്ചുകൊണ്ടാണ്‌ എന്നത്‌ പതിവായിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ കേവലം ഗവർണറുടെ അനാവശ്യമായ ഇടപെടലിനെതിരായ സമരമല്ല മറിച്ച്‌ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരായ പ്രതിഷേധംകൂടിയാണ്‌ രാജ്‌ഭവനുമുമ്പിൽ ഉയർന്നത്‌.

ഘട്ടംഘട്ടമായി സംസ്ഥാനങ്ങളുടെ അധികാരം കവർന്ന്‌ എല്ലാ അധികാരവും കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള ശ്രമത്തിനെതിരെയുള്ള ജനരോഷം കൂടിയായിരുന്നു കേരളം കണ്ടത്‌. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെയാണ്‌ എല്ലാ അധികാരവും അവിടെ കേന്ദ്രീകരിക്കാനുള്ള നീക്കങ്ങൾക്ക്‌ വേഗംകൂടിയത്‌. ഈ ശ്രമത്തിന്റെ ഭാഗംതന്നെയാണ്‌ ഉന്നതവിദ്യാഭ്യാസ മേഖലയിലും പിടിമുറുക്കാനുള്ള മോദി സർക്കാരിന്റെ നീക്കം. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൻ കീഴിലായിരുന്ന വിദ്യാഭ്യാസംപോലുള്ള വിഷയങ്ങളെ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കുന്നതിന്‌ ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെയാണ്, അടിയന്തരാവസ്ഥക്കാലത്ത്‌ 42 –-ാം ഭരണഘടനാഭേദഗതി അനുസരിച്ച്‌ സമവർത്തിപ്പട്ടികയിലേക്ക്‌ മാറ്റിയത്‌. മോദി സർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസനയം സംസ്ഥാനങ്ങളുമായി ചർച്ചപോലും ചെയ്യാതെയാണ്‌ നടപ്പാക്കാൻ ശ്രമിക്കുന്നത്‌. നവഉദാരവൽക്കരണ യുക്തി വിദ്യാഭ്യാസരംഗത്തും വ്യാപിപ്പിച്ച്‌ സ്വകാര്യമേഖലയ്‌ക്ക്‌ ലാഭം വർധിപ്പിക്കാനുള്ള സംവിധാനമായി വിദ്യാഭ്യാസത്തെയും മാറ്റിയെടുക്കാനാണ്‌ പുതിയ വിദ്യാഭ്യാസനയം ശ്രമിക്കുന്നത്‌. ആർഎസ്‌എസ്‌ വിഭാവനം ചെയ്യുന്ന തീവ്രഹിന്ദുത്വത്തിന്‌ മേൽക്കൈ നേടിക്കൊടുക്കുകയും ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുകയും പുതിയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യങ്ങളാണ്‌. ഈ തെറ്റായ നയം നടപ്പാക്കുന്നതിന്‌ ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കുകയും ഗവർണറുടെ ലക്ഷ്യമായിരിക്കാം.

അടുത്തിടെ, സുപ്രീംകോടതി യുജിസി ചട്ടവുമായി ബന്ധപ്പെട്ട് നടത്തിയ വിധിന്യായവും പുനഃപരിശോധനയ്‌ക്ക്‌ വിധേയമാകേണ്ടതുണ്ട്‌. സംസ്ഥാനം പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ വൈസ്‌ ചാൻസലർമാരെ നിയമിക്കുന്നത്‌. അതിനും മുകളിലാണോ യുജിസിയുടെ ചട്ടമെന്ന ചോദ്യമാണ്‌ പ്രധാനമായും ഉയരുന്നത്‌. പാർലമെന്റ്‌ പാസാക്കിയ യുജിസി നിയമത്തിന്റെ അടിസ്ഥാനത്തിൽ യുജിസി ഉണ്ടാക്കിയ ചട്ടം സബോഡിനേറ്റ്‌ ലെജിസ്ലേഷൻ മാത്രമാണ്‌. പാർലമെന്റ്‌ പാസാക്കിയ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എക്‌സിക്യൂട്ടീവിന്റെ ഈ നടപടി ഒരിക്കലും നിയമസഭ പാസാക്കുന്ന നിയമത്തെ മറികടക്കുന്നതാകരുത്‌. അതുകൊണ്ടുതന്നെ ഉന്നതനീതിന്യായപീഠം മേൽപ്പറഞ്ഞ വിധി പുനഃപരിശോധിക്കേണ്ടതാണ്‌. സംസ്ഥാന വിഷയമായ കാർഷികമേഖലയിൽ മൂന്ന്‌ നിയമം പാസാക്കാൻ കേന്ദ്രം ശ്രമിച്ചപ്പോഴാണ്‌ കർഷകർ ഒരുവർഷം നീണ്ട സമരത്തിന്‌ തയ്യാറായതും കേന്ദ്രത്തിന്‌ അവർക്കു മുമ്പിൽ വഴങ്ങേണ്ടിയും വന്നത്‌.

ആർഎസ്‌എസിന്റെ മുദ്രാവാക്യമായ ‘ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ മാറ്റിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ഇപ്പോൾ മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ നേതൃത്വം നൽകുന്ന പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി കേന്ദ്ര സർവകലാശാലകളിൽ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (ഐഐടി, ഐഐഎം ഉൾപ്പെടെ) ഹിന്ദി അധ്യയന മാധ്യമമാക്കണമെന്ന്‌ ശുപാർശ ചെയ്‌തു. ഇതിന്‌ തൊട്ടുപിറകെയാണ്‌ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്‌, ഉത്തരാഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങൾ എംബിബിഎസ്‌ പാഠപുസ്‌തകങ്ങൾ ഹിന്ദിയിലാക്കിയത്‌. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഈ നീക്കം വൻപ്രതിഷേധമാണ്‌ ക്ഷണിച്ചുവരുത്തിയിട്ടുള്ളത്‌. ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള 22 ഭാഷയെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഹിന്ദിക്കു മാത്രം മുൻഗണന നൽകുന്നത്‌ അംഗീകരിക്കാനാകില്ല.

ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനം കഴിഞ്ഞദിവസം ഹരിയാനയിലെ സൂരജ്‌കുണ്ഡിൽ ചേർന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച നിർദേശം ‘ഒരു രാജ്യം ഒരു യൂണിഫോം’ പൊലീസിന്‌ എന്നായിരുന്നു. ‘ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ’ എന്ന പുതിയ കേന്ദ്ര നിലപാടും നേരത്തേ മുന്നോട്ടുവയ്‌ക്കുകയുണ്ടായി. രാജ്യത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കാതെ എല്ലാം ഹിന്ദുത്വവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്‌ നടക്കുന്നത്‌.

സംസ്ഥാനങ്ങളെ ധനപരമായി കുത്തുപാളയെടുപ്പിക്കുന്ന സമീപനവും മോദിസർക്കാർ സ്വീകരിച്ചുവരികയാണ്‌. ജിഎസ്‌ടി തന്നെ അതിന്‌ ഉദാഹരണമാണ്‌. ധനമേഖലയിൽ കൂടുതൽ നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കുന്നതാണ്‌ ജിഎസ്‌ടി. മദ്യം, പെട്രോൾ തുടങ്ങി എതാനും ഉൽപ്പന്നങ്ങളുടെമേൽ നികുതി ചുമത്താനുള്ള അധികാരമേ ഇപ്പോൾ സംസ്ഥാന സർക്കാരുകൾക്കുള്ളൂ. കേന്ദ്രത്തെ ആശ്രയിച്ച്‌ മുന്നോട്ടുപോകേണ്ട ഗതികേടാണ്‌ സംസ്ഥാന സർക്കാരുകൾക്ക്‌. ജിഎസ്‌ടി നഷ്ടപരിഹാരം നീട്ടണമെന്നതുൾപ്പെടെ, സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നുമില്ല. സംസ്ഥാനങ്ങളുമായി നികുതിവരുമാനം പങ്കുവയ്‌ക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളും വർധിപ്പിച്ച്‌ വരുമാനം കൂട്ടാൻ കേന്ദ്രം ശ്രമിക്കുമ്പോൾ അത്തരമൊരു ആനുകൂല്യവും സംസ്ഥാനങ്ങൾക്ക്‌ അനുവദിക്കുന്നുമില്ല.

ഏറ്റവും അവസാനമായി ബജറ്റിതര വായ്‌പകളും ധനകമ്മിയുടെ പരിധിയിൽ വരുമെന്നുള്ള കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാനങ്ങളുടെ വായ്‌പയെടുക്കാനുള്ള അവകാശത്തെത്തന്നെ പരിമിതപ്പെടുത്തലാണ്‌. എന്നാൽ, വർഷത്തിൽ രണ്ടും മൂന്നും ലക്ഷം കോടി രൂപ ബജറ്റിതര വായ്‌പയെടുക്കുന്ന കേന്ദ്രത്തിന്റെ ധനകമ്മി കണക്കാക്കുമ്പോൾ ഈ വായ്‌പ അതിൽ ഉൾപ്പെടുത്തുന്നുമില്ല. കേന്ദ്രത്തിന്‌ എന്തുമാകാം, എന്നാൽ സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക്‌ ഇതൊന്നും അനുവദനീയമല്ല എന്ന നയം അംഗീകരിക്കാനാകില്ല. കേരളം കടം വാങ്ങരുതെന്നു പറയുന്ന കേന്ദ്രസർക്കാരിന്റെ വിദേശകടം 49 ലക്ഷം കോടി രൂപയാണ്‌. കഴിഞ്ഞദിവസം കേരളത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്‌ ക്ഷേമപദ്ധതികൾ നടപ്പാക്കാനായി കേന്ദ്രവായ്‌പകൾ ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു. കോർപറേറ്റുകൾ പൊതുമേഖലാ ബാങ്കുകളിൽനിന്ന്‌ എടുത്ത 12 ലക്ഷം കോടി രൂപയുടെ വായ്‌പകൾ എഴുതിത്തള്ളാൻ ഒരുമടിയുമില്ലാത്ത കേന്ദ്രസർക്കാരാണ്‌ പാവങ്ങൾക്ക്‌ കേരളസർക്കാർ പെൻഷൻ നൽകുന്നതിനെതിരെ രംഗത്തുവരുന്നത്‌. എന്നാൽ, കോർപറേറ്റുകളെ സഹായിക്കുന്ന കേന്ദ്രത്തിന്റെ നയമല്ല മറിച്ച്‌ പാവങ്ങളെ സഹായിക്കുന്നതാണ്‌ കേരള സർക്കാരിന്റെ നയമെന്ന്‌ ഇവിടെ വ്യക്തമാക്കട്ടെ. ക്ഷേമ കാര്യങ്ങളിൽ കേന്ദ്രത്തിന്റെ തീട്ടൂരം അംഗീകരിക്കില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ ഈ പശ്ചാത്തലത്തിലാണ്‌.

രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ ആസൂത്രണപ്രക്രിയക്ക്‌ വലിയ പങ്കുണ്ടെന്നത്‌ എല്ലാവരും അംഗീകരിക്കുന്ന വസ്‌തുതയാണ്‌. എന്നാൽ, മോദി സർക്കാർ വന്നതോടെ ആസൂത്രണ കമീഷനെ പിരിച്ചുവിടുകയും പകരം നിതി ആയോഗ്‌ എന്ന സംവിധാനം നിലവിൽവരികയും ചെയ്‌തു. ഇതോടെ സംസ്ഥാനങ്ങൾക്ക്‌ ആസൂത്രണപ്രകിയയിൽ നൽകിയിരുന്ന മുൻഗണനയും സംസ്ഥാനങ്ങളെ തുല്യമായി കാണുന്ന രീതിയും നഷ്ടപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോൾ സംസ്ഥാനങ്ങളുടെ പങ്ക്‌ വർധിപ്പിക്കുകയും വൈവിധ്യങ്ങളെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന പുതിയ രീതിയാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. കേന്ദ്രസർക്കാർ അന്താരാഷ്ട്ര കരാറുകളിൽ ഒപ്പുവയ്‌ക്കുമ്പോൾ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾ പരിഗണിക്കണമെന്ന ആവശ്യവും ബധിരകർണങ്ങളിൽ പതിക്കുകയാണ്‌. ആസിയൻ കരാർ എങ്ങിനെയാണ്‌ കേരളത്തിന്റെ കാർഷികമേഖലയെ ദോഷകരമായി ബാധിച്ചതെന്ന്‌ എല്ലാവർക്കും അറിയാം. ചുരുക്കിപ്പറഞ്ഞാൽ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾ ഹനിക്കുന്ന നടപടികളും നയങ്ങളുമാണ്‌ മോദി സർക്കാർ സ്വീകരിച്ചുവരുന്നത്‌. ഇതിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം ആവശ്യമാണ്‌. നിരന്തരമായ സമരത്തിലൂടെ മാത്രമേ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകൂ. അതിനുള്ള തുടക്കമാണ്‌ രാജ്‌ഭവന് മുന്നിലെ ജനകീയ കൂട്ടായ്‌മ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധം തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം

സ. പിണറായി വിജയൻ

രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധവും കോടാനുകോടി വരുന്ന ജനവിഭാഗത്തെ ആക്ഷേപിക്കലുമാണ്‌.

വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹി പോലീസിൽ സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിൽ നടത്തിയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം ഡൽഹി പൊലീസിന് പരാതി നല്‍കി.

സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർത്താൽ പ്രകടനപത്രിക വലുതായി പോകുമോ? സിഎഎയിൽ നിലപാട് തുറന്ന് പറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിന്?

സ. പ്രകാശ് കാരാട്ട്

പി ചിദംബരം കേരളത്തിൽ വന്ന് പറഞ്ഞത് കോൺഗ്രസ് പ്രകടനപത്രികയിൽ സിഎഎ നിലപാട് ഉൾപ്പെടുത്താൽ സ്ഥലമില്ലായിരുന്നു എന്നാണ്. സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർക്കാൻ അത്ര സ്ഥലം വേണോ? അതുകൊണ്ട് പ്രകടനപത്രിക വലുതായി പോകുമോ.? സിഎഎയിൽ നിലപാട് തുറന്ന് പറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിനാണ്?