മതനിരപേക്ഷ നിലപാട് സ്വീകരിക്കുകയും വർഗീയതയെ ശക്തമായി എതിർക്കുകയും ചെയ്‌തതിനാലാണ് ആർഎസ്‌എസുകാർ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ആശ്രമം ആർഎസ്എസുകാർ കത്തിച്ചേനെ. ആർഎസ്‌എസ് രൂപീകരിച്ചിട്ട് നൂറാംവാർഷികമാകുമ്പോഴേക്ക് കഴിയാവുന്നത്ര സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ് കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്. ശതാബ്‌ദി വർഷത്തിൽ രാജ്യം ഹിന്ദു രാഷ്‌ട്രമാക്കുകയാണ് ലക്ഷ്യം. പൗരത്വനിയമം നടപ്പാക്കാനും അവർ ശ്രമിക്കുന്നു. 2024ലെ തെരഞ്ഞെടുപ്പ് ഇന്ത്യ ഇതേരൂപത്തിൽ നിലനിൽക്കണോ എന്നു തീരുമാനിക്കുന്നതാണ്. ആ തെരഞ്ഞെടുപ്പിലും ബിജെപി ജയിച്ചാൽ ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയും ഇല്ലാതാകും. ഹിന്ദുരാഷ്‌ട്രം നടപ്പാക്കിയാൽ നമ്മുടെ രാജ്യമല്ലേ വരികയെന്ന് ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ കോർപറേറ്റുകളുടെ രാജ്യമാകും വരിക. ആർഎസ്‌എസിന്റെ ഹിന്ദുക്കളുടെ കൂട്ടത്തിൽ അവർണരും ദളിതരുമില്ല. ഫുട്‌ബോളിനെപ്പോലും വർഗീയവൽക്കരിക്കാനാണ് ശ്രമം. വർഗീയവാദികൾ ഏറ്റുമുട്ടുമ്പോൾ ആരും തോൽക്കുന്നില്ല. രണ്ടുകൂട്ടരും ജയിക്കുകയും വളരുകയുമാണ്. ഇതിനെ മാനവികതയിലും മതനിരപേക്ഷതയിലും അടിയുറച്ചുനിന്ന് ചെറുത്തു തോൽപ്പിക്കണം.