ഭരണഘടനയെ അംഗീകരിക്കാത്ത, ജീർണമായ ഫ്യൂഡൽ സംസ്കാരത്തെയും ശാസ്‌ത്രവിരുദ്ധ നിലപാടുകളെയും പിൻപറ്റുന്നവരാണ് ഇന്ത്യ ഭരിക്കുന്ന ബിജെപി. മതനിരപേക്ഷതയോ സാംസ്കാരിക വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യൻ സമൂഹമല്ല അവരുടെ ഉന്നം. ബിജെപി അധികാരത്തിൽ എത്തിയതോടെ ഇന്ത്യ പിന്തിരിപ്പൻ നിലപാടുകളിലേക്കു പോയി. ഇത് രാജ്യത്തിന്റെ ജനാധിപത്യ ഉള്ളടക്കത്തെയാകെ മാറ്റിമറിച്ചു.
പട്ടിണിസൂചികയിൽ ഓരോ വർഷവും പിന്നോട്ടുപോകുകയാണ് രാജ്യം. രാജ്യത്ത് കോടിക്കണക്കിനുപേർ കയറിക്കിടക്കാൻ ഇടമില്ലാതെ കഴിയുമ്പോൾ ലോകത്തെ രണ്ടാമത്തെ സമ്പന്നനാകാൻ അദാനിക്ക് അവസരമൊരുക്കിയ വികസനരീതിയാണ് നടപ്പാക്കുന്നത്. പൗരത്വഭേദഗതിയും ഏക സിവിൽകോഡും നടപ്പാക്കാനുള്ള സാഹചര്യ രൂപീകരണമാണ് അവരുടെ മറ്റൊരു ലക്ഷ്യം. ഏക ഭാഷയെന്നതും അതിനൊപ്പമുണ്ട്. എന്നാൽ, കേരളത്തിൽ ഇതൊന്നും നടപ്പാക്കാനില്ലെന്ന് എൽഡിഎഫ് സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. രാജ്യത്ത് അന്ധവിശ്വാസ ജടിലവും ശാസ്‌ത്രവിരുദ്ധവുമായ നിലപാടുകളും നയങ്ങളും ശക്തിപ്പെട്ടുവരികയാണ്. സ്വാതന്ത്ര്യം നേടി 75 വർഷം കഴിഞ്ഞപ്പോൾ ഇന്ത്യൻ സാമൂഹ്യജീവിതം പഴയതിനേക്കാൾ കൂടുതൽ ജീർണതയിലേക്ക് മാറ്റപ്പെട്ടു.
മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി വൈവിധ്യങ്ങൾ നിറഞ്ഞ സംസ്ഥാനമാണ് കേരളം. ഒരു തുരുത്തായി തെറ്റുകളെ പ്രതിരോധിക്കുകയാണ് നമ്മുടെ സംസ്ഥാനം. ആശയ, സാംസ്കാരിക രംഗങ്ങളിലുള്ള നമ്മുടെ മുന്നേറ്റം ഇന്ത്യക്ക് മാതൃകയാക്കാനും ബദലാക്കാനും കഴിയണം.