കേരള സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്കും സാമൂഹ്യ പുരോഗതിക്കും രാഷ്ട്രീയ ബോധ്യങ്ങൾക്കും പുതിയ വഴി നൽകിയ ദാർശനിക വിപ്ലവമായിരുന്നു ശ്രീനാരായണഗുരു. വിഭാഗീയതയും സങ്കുചിതത്വവും തൊട്ടുകൂടായ്മയും തീവ്രമായി പ്രവർത്തിച്ച സമൂഹത്തെ പുനർചിന്തനം നടത്തി മനുഷ്യത്വപൂർണ്ണമാക്കാനാണ് ഗുരു ശ്രമിച്ചത്. അക്കാലത്തിന്റെ തനിയാവർത്തനങ്ങൾ ഏറിയും കുറഞ്ഞും നമ്മുടെ സമൂഹത്തിൽ പിന്നെയും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. വിഭജന യുക്തികൾ പല രൂപങ്ങളിൽ സമൂഹത്തിലേക്ക് കടന്നു വരുമ്പോൾ അതിനെതിരെയുള്ള ദാർശനിക പ്രതിരോധം കൂടിയാണ് ഗുരു. ശ്രീനാരായണഗുരു മുന്നോട്ടുവെച്ച മാനവിക ചിന്തകൾ കാലാതീതമായ പ്രവർത്തനശേഷിയോടെ നമുക്കിടയിൽ തുടരും.