കേരളത്തിന്റെ സാമൂഹ്യ,- സാമ്പത്തികമേഖലയിൽ വലിയ മാറ്റങ്ങൾക്ക് സഹകരണമേഖല നാന്ദികുറിക്കുകയുണ്ടായി. റോബർട്ട് ഓവൻ സഹകരണ പ്രസ്ഥാനത്തിന് ബ്രിട്ടനിൽ തുടക്കമിട്ട ഘട്ടത്തിൽ സോഷ്യലിസത്തിലേക്കുള്ള പാതയെന്ന നിലയിലാണ് അത് അവതരിപ്പിക്കപ്പെട്ടത്. എന്തായാലും കേരളത്തിലെ സാമ്പത്തിക- ധനമേഖലയിൽ സഹകരണമേഖല വഹിച്ച പങ്ക് ആർക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഹുണ്ടിക പിരിവുകാരിൽനിന്നും കൊള്ളപ്പലിശക്കാരിൽനിന്നും കേരളത്തിലെ സാധാരണ ജനങ്ങളെയും തൊഴിലാളികളെയും രക്ഷിക്കുക മാത്രമല്ല, അവരുടെ ജീവിതസ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ കൈത്താങ്ങായതും സഹകരണ പ്രസ്ഥാനമാണ്. സമസ്ത ജീവിതമേഖലകളിലും കടന്നുകയറിയ സഹകരണപ്രസ്ഥാനം ആ മേഖലകളിലൊക്കെ ശക്തമായ സാന്നിധ്യം അറിയിക്കുകയും ചെയ്തു. ചുരുക്കത്തിൽ ഗ്രാമീണമേഖലയുടെ ഉയർച്ചയ്‌ക്കും ഉണർവിനും പിറകിൽ സഹകരണമേഖല വഹിച്ച പങ്ക് വളരെ വലുതാണ്.
ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്നനിലയിൽ സഹകരണമേഖലയെ വളർത്താൻ സിപിഐ എമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളും വഹിച്ച പങ്കും ആർക്കും തേച്ചുമായ്ച്ചു കളയാനാകില്ല. കേരളത്തിലെ പ്രസിദ്ധമായ സഹകരണ പ്രസ്ഥാനങ്ങളുടെയെല്ലാം വളർച്ചയ്‌ക്കുപിന്നിൽ സിപിഐ എമ്മിന്റെ കരങ്ങളുണ്ട്. ജനങ്ങൾക്കിടയിൽ സത്യസന്ധമായി നടത്തിയ ഈ പ്രവർത്തനം സിപിഐ എമ്മിന്റെ പ്രതിച്ഛായ ഉയർത്താൻ സഹായിക്കുകയും ചെയ്തു. അതോടൊപ്പം കേരള വികസനം യാഥാർഥ്യമാക്കുന്നതിലും പട്ടിണി, ദാരിദ്ര്യം എന്നിവ തുടച്ചുനീക്കുന്നതിലും സഹകരണമേഖല വഹിച്ച പങ്ക് ചെറുതല്ല. ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിങ്, കാർഷിക-വ്യാവസായികരംഗം എന്നുവേണ്ട എല്ലാ മേഖലയിലേക്കും പടർന്നുകയറാൻ ഇന്ന് സഹകരണ മേഖലയ്‌ക്കായിട്ടുണ്ട്.
കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച സഹകരണമേഖലയെ തകർക്കാൻ ഇന്ന് ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. തൃശൂർ ജില്ലയിലെ കരുവന്നൂർ ബാങ്കിൽ നടക്കാൻ പാടില്ലാത്ത ചില സാമ്പത്തിക ക്രമക്കേടുകൾ നടന്നത് കരുവാക്കിയാണ് ഈ ശ്രമം നടക്കുന്നത്. സിപിഐ എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും തകർക്കാൻ സഹകരണമേഖലയെയും തകർക്കണമെന്ന് ഇവർ കണ്ടെത്തിയതിന്റെ ഫലംകൂടിയാണ് ഇത്. അതോടൊപ്പം കേരളത്തിന്റെ സമഗ്രവികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും തടയിടാനും ഈ മേഖലയെ തകർക്കേണ്ടത് അനിവാര്യമാണെന്ന് ഇവർ കണ്ടെത്തിയിരിക്കുന്നു. ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിൽപ്പോലും സഹകരണമേഖലയുടെ സജീവ സാന്നിധ്യം കാണാം. സിപിഐ എമ്മിന്റെ രാഷ്ട്രീയ എതിരാളികളായ കോൺഗ്രസും ബിജെപിയും അവരെ അന്ധമായി പിന്തുണയ്‌ക്കുന്ന കോർപറേറ്റ് മാധ്യമങ്ങളും ചേർന്നാണ് സഹകരണമേഖലയെ തകർക്കാൻ ഒന്നിച്ചു രംഗത്തിറങ്ങിയിട്ടുള്ളത്.
മുതലാളിത്തത്തിന്റെ കൊള്ളലാഭത്തിൽ ഊന്നുന്ന നവ ഉദാരവാദനയത്തെ പിന്തുണയ്‌ക്കുന്നവരാണ് ഈ മൂന്നു കക്ഷികളും എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. ബിജെപിക്കൊപ്പം അവരാൽ നിയന്ത്രിക്കപ്പെടുന്ന കേന്ദ്ര ഏജൻസികളായ ഇഡിയെയും സിബിഐയെയും മറ്റും രംഗത്തിറക്കിയിരിക്കുകയാണ്. ഗോൾവാൾക്കർ ‘വിചാരധാര’യിൽ പ്രഖ്യാപിച്ച മൂന്ന് ആഭ്യന്തര ശത്രുക്കളിൽ ഒന്നാണ് കമ്യൂണിസ്റ്റുകാർ. കഴിഞ്ഞദിവസം പുണെയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിച്ച ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത് ഇടതുപക്ഷ ആശയങ്ങൾ ലോകത്തെ നശിപ്പിക്കുന്നുവെന്നാണ്. അതിനാൽ ഇടതുപക്ഷത്തിൽനിന്നും ലോകത്തെ മോചിപ്പിക്കണമെന്നാണ് ഭാഗവത് ആഹ്വാനം ചെയ്യുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ കമ്യൂണിസത്തിന് ചരമക്കുറി എഴുതിയവരാണ് ഇപ്പോൾ ഈ ആഹ്വാനം നടത്തുന്നതെന്ന് ഓർക്കണം. അതായത് സംഘപരിവാറിന്റെ ഇടതുപക്ഷവിരുദ്ധ നീക്കം കേരളത്തിൽ വിജയംവരിക്കണമെങ്കിൽ സഹകരണമേഖലയെ തകർക്കണമെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇഡിയെ കയറൂരിവിട്ടുകൊണ്ടുള്ള നീക്കം.
സംഘപരിവാറിന്റെ ഈ രാഷ്ട്രീയത്തെ പൂർണമായും പിന്തുണയ്‌ക്കുകയാണ് കേരളത്തിലെ കോൺഗ്രസ്. കരുവന്നൂരിൽ ഇഡിയെ പിന്തുണയ്‌ക്കുക മാത്രമല്ല, കേന്ദ്ര ഏജൻസികളെ ക്ഷണിച്ചുവരുത്താൻ ദല്ലാളായി പ്രവർത്തിക്കുകയാണ് കോൺഗ്രസ് നേതാവായ അനിൽ അക്കര. ഇഡിയുമായുള്ള സഹകരണത്തിലൂടെ ബിജെപിയിലേക്കുള്ള പാലം പണിയുകയാണ് ഈ നേതാവ്. രാജ്യത്ത് പ്രതിപക്ഷ പാർടികൾ ബിജെപിക്കൊപ്പം ഇഡിയെയും സിബിഐയെയും പോലുള്ള കേന്ദ്ര ഏജൻസികളെക്കൂടി നേരിടേണ്ട അവസ്ഥയിലാണെന്ന്, ജയ്‌പുരിലെ കോൺഗ്രസ് റാലിയിൽ പ്രസംഗിച്ചത് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ്. ഞങ്ങളുടെ പോരാട്ടം ബിജെപിക്കെതിരെ മാത്രമല്ല, ഇഡിയെയും സിബിഐയെയും ആദായനികുതി വിഭാഗത്തെയുംകൂടി അതിജീവിക്കേണ്ടതുണ്ടെന്ന് ഖാർഗെ പറഞ്ഞു (വീക്ഷണം - സെപ്തംബർ 24, 2023). എനിക്കെതിരെ ബിജെപിയുടെ സ്ഥാനാർഥി ഇഡിയാണ് എന്നുപറഞ്ഞത് ഛത്തീസ്ഗഢിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലാണ് (മലയാള മനോരമ. സെപ്തംബർ 27, 2023). എന്നാൽ, കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇഡിയുടെയും സിബിഐയുടെയും ആരാധകരാണ്. ഇക്കാര്യത്തിൽ കെ സുധാകരനും വി ഡി സതീശനും അനിൽ അക്കരയും ബിജെപിയുടെ ഒക്കച്ചങ്ങാതിമാരാണ്. സിപിഐ എമ്മിനെ തകർത്ത് മതനിരപേക്ഷ ജനാധിപത്യ അടിത്തറയിളക്കി ബിജെപിക്ക് വളരാനുള്ള മണ്ണൊരുക്കുന്ന തിരക്കിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ബിജെപിയുടെ നീക്കൾക്കാണ് കേരളത്തിൽ കോൺഗ്രസ് കരുത്തു പകരുന്നത്.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നതിന് ബിജെപിക്ക് മറ്റൊരു ലക്ഷ്യവുമുണ്ട്. ഈ മേഖലയെയും കോർപറേറ്റ് ചൂഷണത്തിന് വിട്ടുനൽകുക എന്നതാണത്. ഗുജറാത്തിൽ ബിജെപി അധികാരമേറിയതോടെയാണ്, ഗാന്ധിജിയുടെ കാലംമുതൽ ജനങ്ങളുമായി അടുത്തുപ്രവർത്തിച്ച സഹകരണമേഖല വൻകിടക്കാരുടെ കൈകളിലേക്ക് മാറിയത്. റിയൽ എസ്റ്റേറ്റ് മേഖലയിലും ഓഹരി വിപണിയിലും പ്രവർത്തിക്കുന്നവർക്ക് ക്രമവിരുദ്ധമായി വൻ വായ്പകൾ നൽകിയാണ് ഗുജറാത്തിലെ സഹകരണമേഖല തകർന്നത്. ഇത് ജില്ലാ സഹകരണ ബാങ്കുകൾ ഉൾപ്പെടെ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചു. 10,000 കോടിയുടെ വായ്പാതട്ടിപ്പാണ് നടന്നത്. 40 ബാങ്ക് പാപ്പരായി. ഒരു ഇഡിയെയും അവിടെ കണ്ടില്ല. ഇപ്പോൾ അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര സഹകരണ വകുപ്പ് വ്യാപകമായി ബഹുസംസ്ഥാന സഹകരണ ബാങ്കുകൾ തുടങ്ങുകയാണ്. സാധാരണ ജനങ്ങളെ സഹായിക്കുന്നതിനേക്കാൾ കോർപറേറ്റ് സേവയാണ് ലക്ഷ്യം. വിജയ് മല്യമാരെയും മെഹുൽ ചോക്സിമാരെയും നീരവ് മോദിമാരെയും സൃഷ്ടിക്കാനാണ് ഇത്. ഇതിന് കേരളത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള സഹകരണമേഖലയെ തകർക്കണം. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിനെ ആരും ന്യായീകരിക്കുന്നില്ല. കേരളത്തിലെ മഹത്തായ സഹകരണ പ്രസ്ഥാനത്തിൽ വിരലിലെണ്ണാവുന്ന (1.5 ശതമാനത്തിൽ താഴെ) സ്ഥാപനങ്ങളിൽമാത്രമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്. കരുവന്നൂരിൽ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ സിപിഐ എം അതിന് ഉത്തരവാദികളായ പാർടി അംഗങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു.
തട്ടിപ്പുകാരെ സംരക്ഷിക്കാനല്ല പാർടി തയ്യാറായത്. സംസ്ഥാന സർക്കാരും അന്വേഷണം നടത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. നിക്ഷേപകരുടെ ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളാണ് പാർടിയും സർക്കാരും സ്വീകരിച്ചത്. ക്രമക്കേട് നടന്നാൽ കുറ്റക്കാരെ കണ്ടെത്തി, അവർക്കെതിരെ നടപടി സ്വീകരിച്ച് സഹകരണ സ്ഥാപനത്തെ സംരക്ഷിച്ച് മുന്നോട്ടുപോകുക എന്നതാണ് സിപിഐ എമ്മിന്റെ നയം. അത്തരത്തിൽ കോൺഗ്രസ് ഭരണത്തിലും മറ്റും തകർന്ന നിരവധി സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും മെച്ചപ്പെട്ടവയാക്കി മാറ്റിയ ചരിത്രമാണ് സിപിഐ എമ്മിന് പറയാനുള്ളത്. ഉദാഹരണങ്ങൾ നിരവധിയാണ്. എന്നാൽ, ക്രമക്കേട് മറയാക്കി ആ സ്ഥാപനത്തെയും സഹകരണമേഖലയെയും ആകെ തകർക്കാനാണ് കോൺഗ്രസും ബിജെപിയും അന്വേഷണ ഏജൻസികളും ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. സാക്ഷികളെയും മറ്റും മർദിച്ചും ഭീഷണിപ്പെടുത്തിയും സിപിഐ എം നേതാക്കൾക്കെതിരെ തെളിവുകൾ നിർമിച്ചെടുക്കാൻ ഏത് അന്വേഷണ ഏജൻസി ശ്രമിച്ചാലും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നിയമവാഴ്ചയുള്ള സംസ്ഥാനമാണ് ഇത്. അത് തകർക്കാൻ പ്രതിപക്ഷവും അന്വേഷണ ഏജൻസികളും ശ്രമിച്ചാൽ അതിനെ ജനങ്ങളെ അണിനിരത്തി നേരിടുകതന്നെ ചെയ്യും. കേരളത്തിന്റെ വികസനമുന്നേറ്റം തടയാൻ ആരെയും അനുവദിക്കില്ല.