Skip to main content

സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം

സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനമാണ് ഞായറാഴ്ച. പാർടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച, ജനങ്ങളുമായി ഏറെ അടുപ്പം സൂക്ഷിച്ച കോടിയേരിയുടെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പരിഹരിക്കാവുന്നതല്ല. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും കോടിയേരി വ്യക്തിമുദ്ര പതിപ്പിച്ചു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം പാർടിക്കും യുവജന പ്രസ്ഥാനത്തിനും വർഗ-ബഹുജന സംഘടനകൾക്കും ഊർജസ്വലമായ നേതൃത്വം നൽകി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ട് നയിക്കുന്നതിൽ അദ്ദേഹം അനുപമമായ മാതൃക കാട്ടി. ഏതു പ്രതിസന്ധി ഘട്ടവും മുറിച്ചുകടന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു കോടിയേരി. എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന കോടിയേരി സ്നേഹനിർഭരമായ പെരുമാറ്റംകൊണ്ട് ഏവരുടെയും ഹൃദയം കവർന്നു. കേരളം മുഴുവൻ പ്രവർത്തനമണ്ഡലമാക്കിയ സഖാവ് മറ്റ് സംസ്ഥാനങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും അവിടങ്ങളിലെ ജനങ്ങളുടെ ജീവിതവും വ്യക്തമായി മനസ്സിലാക്കി. കർഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളിൽ അതീവ ശ്രദ്ധയോടെ ഇടപെട്ട് പരിഹാരം കാണുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. വർഗ–ബഹുജന സംഘടനകളുടെ പ്രവർത്തനത്തിന്‌ കൃത്യമായ ദിശാബോധം പകരുന്നതിലും പ്രക്ഷോഭ സമരപാതകളിൽ അവരെ അണിനിരത്തുന്നതിലും ശ്രദ്ധിച്ചു.
നല്ലൊരു പാർലമെന്റേറിയൻകൂടിയായിരുന്ന കോടിയേരി നിയമസഭാംഗം, മന്ത്രി എന്നീ നിലകളിലും ശോഭിച്ചു. കൈകാര്യം ചെയ്ത വകുപ്പുകൾക്ക് നൂതനമായ ആശയങ്ങളിലൂടെ മിഴിവേകാനും കഴിഞ്ഞു. നിരവധിയായ ജയിൽ പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പാക്കി. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് എന്നിവയെല്ലാം ആഭ്യന്തരമന്ത്രിയായിരിക്കെ രൂപംകൊണ്ടതാണ്. കേരളത്തിന്റെ ഭാവി വികസനം മുന്നിൽക്കണ്ട് എൽഡിഎഫ് ആവിഷ്കരിച്ച വികസന പദ്ധതികളിലെല്ലാം കോടിയേരിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. വികസന വിഷയങ്ങളും നാടിന്റെ ആവശ്യങ്ങളും വ്യക്തമായി പഠിച്ച് നിയമസഭയിൽ ശക്തമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. നർമത്തിന്റെ അകമ്പടിയോടെ കുറിക്കു കൊള്ളുന്ന വാക്കുകളുമായി നിയമസഭയിൽ ശോഭിച്ചു. എതിർ പാർടികളിൽപ്പെട്ടവരുടെപോലും സ്നേഹവും ആദരവും ഏറ്റുവാങ്ങി. തന്റെ മുന്നിലെത്തുന്ന ഏതൊരാളെയും ചെറുചിരിയോടെ സ്വീകരിച്ച്‌ അവരുടെ വാക്കുകൾ സശ്രദ്ധം കേട്ട് പരിഹാരമാർഗം നിർദേശിക്കുമായിരുന്നു.

പാർടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ പദവിയും സഖാവ് വഹിച്ചിരുന്നു. കാലത്തിനനുസരിച്ച് ദേശാഭിമാനിയെ നവീകരിക്കുന്നതിലും പത്രത്തിന്റെ കെട്ടിലും മട്ടിലുമെല്ലാം പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിലും അതീവ ശ്രദ്ധ പുലർത്തി. പ്രസ്ഥാനത്തിന്റെ നാവായി പ്രവർത്തിക്കുന്നതിനൊപ്പം ദേശാഭിമാനിയെ പൊതുപത്രമാക്കി വളർത്തുന്നതിലും മികച്ച സംഭാവനകൾ നൽകി. ഏറ്റവും ആധുനികമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലും ശ്രദ്ധവച്ചു. കൂടുതൽ ജനങ്ങളിലേക്ക് ദേശാഭിമാനിയെ എത്തിക്കുന്നതിനുള്ള അക്ഷീണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് അദ്ദേഹത്തെ രോഗം കീഴ്പ്പെടുത്തിയത്. അസുഖത്തിന്റെ ബുദ്ധിമുട്ടുകൾ അവഗണിച്ചും പ്രസ്ഥാനത്തിനായി അവസാനംവരെ പോരാടിയ സഖാവിനെയാണ് നമുക്ക് നഷ്ടമായത്.

ചെറുപ്പംമുതൽ കോടിയേരി ബാലകൃഷ്ണനുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. കണ്ണൂർ ജില്ലയിൽ ഞങ്ങളിരുവരും സംഘടനാ പ്രവർത്തനത്തിൽ സജീവമായി വന്ന ഘട്ടംമുതൽ അന്യോന്യം അടുത്തറിയാം. കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷൻ (കെഎസ്‌വൈഎഫ്) രൂപീകരണ വേളയിൽ ഈ ബന്ധം ദൃഢമായി. (അന്ന് വിദ്യാർഥി രംഗത്തായിരുന്നു കോടിയേരിയുടെ പ്രവർത്തനം. ഞാൻ യുവജനരംഗത്തും) ഞങ്ങളുടെയൊക്കെ പ്രധാന കേന്ദ്രം സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായിരുന്നു. പല ദിവസങ്ങളിലും രാത്രി ഈ ഓഫീസിലായിരുന്നു താമസം. അന്ന് രൂപപ്പെട്ട സൗഹൃദം അവസാനംവരെ ഒരു പോറൽപോലുമേൽക്കാതെ നിലനിന്നു. സംഘാടകൻ എന്ന നിലയിൽ അന്നുമുതലേ മികച്ച കഴിവ് പ്രകടിപ്പിച്ച നേതാവായിരുന്നു കോടിയേരി. ഏത് സന്ദിഗ്ധ ഘട്ടത്തിലും പാർടിയെ മുന്നോട്ടു നയിക്കുന്ന നേതാവ്. തലശേരി മേഖലയിൽ ആർഎസ്എസിന്റെ കടന്നാക്രമണം തുടർച്ചയായി നടക്കുമ്പോൾ അതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതിൽ സഖാവ്‌ മുന്നിലുണ്ടായിരുന്നു.
സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ, കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ വ്യക്തമായി അവതരിപ്പിക്കുന്നതാണ് കോടിയേരിയുടെ പ്രസംഗശൈലി. രാഷ്ട്രീയ എതിരാളികളെ നിശിതമായി വിമർശിക്കുന്നതിൽ ഒരു പിശുക്കും കാട്ടിയില്ല. സംഘാടകൻ, പ്രാസംഗികൻ എന്നീ നിലകളിൽ ശ്രദ്ധേയനായി വളരുന്നത് അടുത്തുനിന്ന് വീക്ഷിക്കാൻ എനിക്ക് കഴിഞ്ഞു.

പാർടിയിൽ ആശയപരമായ വ്യതിയാനങ്ങളുണ്ടായ ഘട്ടത്തിലെല്ലാം പാർടിയെ പരിക്കേൽക്കാതെ രക്ഷിക്കുന്നതിലും കോടിയേരിക്ക് പ്രമുഖ പങ്കുണ്ട്. 1967–68 ഘട്ടത്തിൽ നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പാർടിയിൽ ശക്തമായ ആശയസമരം നടന്നപ്പോൾ വളരെ വ്യക്തതയോടെ അത്തരം ആശയഗതികളെ നേരിടുന്നതിൽ വിദ്യാർഥി നേതാവെന്ന രീതിയിൽ വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. അക്കാലത്ത് വിദ്യാർഥി നേതാവെന്ന നിലയിൽ സംസ്ഥാനത്തെങ്ങും ഈ ആശയസമരത്തെ നയിച്ചു. പാർടിക്കകത്ത് വിഭാഗീയത ഉയർന്നുവന്ന ഘട്ടത്തിലും പാർടി നിലപാടുകളിൽ ഉറച്ചുനിന്ന് വിഭാഗീയ നിലപാടുകളെ ചെറുക്കുന്നതിന് നേതൃത്വം നൽകി. രാഷ്ട്രീയ, പ്രത്യയശാസ്ത്ര കാര്യങ്ങളിൽ കണിശതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് എന്നും ശ്രദ്ധിച്ചു. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിൽ അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കൽത്തുറുങ്കിൽ അടയ്ക്കപ്പെട്ട കോടിയേരി പുറത്തിറങ്ങിയശേഷം കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കുന്നതാണ് കണ്ടത്.

രാഷ്ട്രീയ എതിരാളികളോടുപോലും എന്നും സൗഹൃദം നിലനിർത്താൻ കഴിഞ്ഞു. പാർടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പാർടിയെയാകെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാനായി. നിഷ്കളങ്കവും സൗമ്യവുമായ പെരുമാറ്റത്തിലൂടെ ആരെയും ആകർഷിക്കാൻ കഴിയുന്ന വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു. വിശ്രമരഹിതമായ രാഷ്ട്രീയ ജീവിതമായിരുന്നു സഖാവിന്റേത്. അസുഖം ബാധിച്ച ഘട്ടത്തിലും അതിന് മാറ്റമുണ്ടായില്ല. ഏത് പരീക്ഷണ ഘട്ടത്തിലും സൗമ്യമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ ആദരവ് പിടിച്ചു വാങ്ങാനും അദ്ദേഹത്തിനായി.

കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ജനകീയ വികസനപ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ട് കുതിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വേർപാടുണ്ടായത്. സമൂഹത്തിലെ നാനാതുറയിലുംപെട്ടവരുടെ വിഷമതകളും പ്രശ്നങ്ങളുമെല്ലാം അഭിമുഖീകരിച്ച് സാധാരണക്കാർക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള പാതയൊരുക്കുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാർ എല്ലാത്തരത്തിലും ബുദ്ധിമുട്ടിക്കുന്ന വേളയിലും വികസന– ക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ ബഹുദൂരം മുന്നേറി.

ബദൽമാർഗങ്ങൾ സൃഷ്ടിച്ച് ലോകത്തിനുതന്നെ മാതൃകയായി വളരുന്ന കേരളത്തെ അനുദിനം ഞെരുക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ജനങ്ങളെ മറന്ന് കോർപറേറ്റുകൾക്കായി തണൽവിരിക്കുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ അധികാരത്തിൽനിന്ന്‌ നീക്കിയാൽ മാത്രമേ ഇന്ത്യയെ ജനാധിപത്യ രാജ്യമായി നിലനിർത്താൻ നമുക്ക് കഴിയുകയുള്ളൂ. അതിനായുള്ള ശക്തമായ ജനാധിപത്യ പോരാട്ടങ്ങൾക്ക് കളമൊരുങ്ങുന്ന വേളയിലാണ് നാം കോടിയേരി ബാലകൃഷ്ണന്റെ ഓർമ പുതുക്കുന്നത്. പ്രക്ഷോഭ പാതകൾക്ക് എന്നും ഊർജം പകർന്ന സഖാവിന്റെ സ്മരണ നമുക്ക് ഏത് പ്രതിസന്ധിഘട്ടത്തിലും കരുത്തേകും. ആ അമര സ്മരണകൾക്കു മുന്നിൽ രക്തപുഷ്പങ്ങൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേരളം വീണ്ടും രാജ്യത്തിന്‌ മാതൃക

സ. സജി ചെറിയാൻ

കേരളം വീണ്ടും രാജ്യത്തിന്‌ മാതൃകയാവുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനമായി കേരളവും മികച്ച മറൈന്‍ ജില്ലയായി കൊല്ലവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

സർക്കാരും മത്സ്യത്തൊഴിലാളികളും ഒത്തുചേർന്ന് മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി നടത്തിയ പ്രയത്നങ്ങൾക്ക് ദേശീയതലത്തിൽ അംഗീകാരം

സ. പിണറായി വിജയൻ

മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും പുരോഗതിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രധാന പരിഗണനാ വിഷയങ്ങളിൽ ഒന്നാണ്. 2016 മുതൽ നൽകിയ ഓരോ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചും പ്രതിസന്ധിഘട്ടങ്ങളിൽ ചേർത്തുപിടിച്ചും മത്സ്യത്തൊഴിലാളികൾക്കൊപ്പം ഈ സർക്കാരുണ്ട്.

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ വ്യാജ വോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്പാലക്കാട്‌ കളക്ട്രേറ്റിലേക്ക് മാർച്ച് ചെയ്യും

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ആയിരക്കണിക്കിന് വ്യാജ വോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 18ന് എൽഡിഎഫ് പാലക്കാട്‌ കളക്ട്രേറ്റിലേക്ക് മാർച്ച് ചെയ്യും.

നുണപ്രചരണത്തിലൂടെ വിജയം നേടാനുള്ള യുഡിഎഫിന്റെ നിന്ദ്യമായ നീക്കങ്ങളെയും വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് ഡോ. പി സരിൻ വിജയം നേടും

സ. പിണറായി വിജയൻ

ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾക്ക് നേരെ വലിയ വെല്ലുവിളികൾ ഉയരുന്ന ഇക്കാലത്ത് പുരോഗമനാശയങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ജനകീയ ശബ്ദമാവാൻ ഡോ. സരിന് സാധിക്കുമെന്നതിൽ സംശയമേതുമില്ല. പാലക്കാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.