Skip to main content

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ചതോടെ മോദി സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികളും സജീവമായി

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ചതോടെ മോദി സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികളും സജീവമായി. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങ് വലിയ സംഭവമാക്കി ഭൂരിപക്ഷ മതത്തിന്റെ വോട്ട് നേടാൻ ഒരു വശത്ത് ശ്രമിക്കുമ്പോൾത്തന്നെയാണ് പ്രതിപക്ഷനേതാക്കൾക്കെതിരെ കൽപ്പിത കഥകൾ ചമച്ച് അന്വേഷണ ഏജൻസികളെ കയറൂരി വിട്ടിട്ടുള്ളത്. ഇപ്പോൾ ഈ ഏജൻസികൾ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെയും ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് അന്വേഷണപ്രഹസനം നടത്തുകയാണ്.

കേന്ദ്രത്തിലും ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും അധികാരം കൈയാളുന്ന ബിജെപിയുടെ നേതാക്കൾക്കോ മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ എതിരെ ഈ നിമിഷംവരെയും ഏജൻസികൾ ഒരു ചെറുവിരലുപോലും അനക്കിയിട്ടില്ല എന്നത് അവരുടെ പക്ഷപാതിത്വം ആരോടാണ് എന്ന് വ്യക്തമാക്കുന്നു. ബിജെപി സർക്കാരുകൾക്കെതിരെ കഴിഞ്ഞ ഒമ്പതു വർഷത്തിനകം നിരവധി അഴിമതി ആരോപണങ്ങൾ ഉയരുകയുണ്ടായി. റഫാൽ, പെഗാസസ്, അദാനി ഓഹരി തട്ടിപ്പ് തുടങ്ങി ലോകശ്രദ്ധ പിടിച്ചുപറ്റിയ അഴിമതിക്കേസുകൾ ഉയർന്നുവന്നിട്ടും ഈ ഏജൻസികൾ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. വ്യാപം, ഉജ്ജയിൻ ഭൂമിതട്ടിപ്പ്, കർണാടകത്തിലെ 40 ശതമാനം കമീഷൻ തുടങ്ങി പല അഴിമതികളും ബിജെപി ഭരണം നടത്തിയ സംസ്ഥാനങ്ങളിൽ ഉയർന്നുവരികയുണ്ടായി. അതേക്കുറിച്ച് അന്വേഷിക്കാനും ഈ ഏജൻസികൾ തയ്യാറായില്ല.

അന്വേഷണ ഏജൻസികൾ ലക്ഷ്യമിടുന്ന പ്രതിപക്ഷ നേതാക്കൾ ബിജെപിയുമായി സഹകരിക്കാൻ തയ്യാറായാൽ ആ നിമിഷം എല്ലാ അന്വേഷണവും കേസും ഇല്ലാതാക്കുന്നതും മോദിയുഗത്തിന്റെ പ്രത്യേകതയാണ്. അഴിമതിക്കാരെന്ന കറ കഴുകിക്കളയുന്ന വാഷിങ്‌ മെഷീനാണ് ബിജെപിയെന്ന വിശേഷണംപോലും വന്നത് ഈ പശ്ചാത്തലത്തിലാണ്. പ്രതിപക്ഷമുക്ത ഭാരതം എന്ന ലക്ഷ്യം നേടാൻ ആർഎസ്എസ് ബിജെപിയെ സഹായിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ. ബിജെപിയും വിഎച്ച്പിയും ബജ്‌റംഗ്‌ദളും എബിവിപിയുംപോലെ സംഘപരിവാറിലെ ഒരു സംഘടനയായി മാറിയിരിക്കുകയാണ്, എന്റെയും നിങ്ങളുടെയും നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ അന്വേഷണ ഏജൻസികൾ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഈ ഏജൻസികൾ നടത്തുന്ന നീക്കങ്ങൾ അതിവിപുലമാണ്. രാജ്യത്തെ പ്രമുഖരായ പ്രതിപക്ഷ നേതാക്കൾക്കെതിരെ ധൃതിപിടിച്ച് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്‌.

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ കേസിൽ അറസ്റ്റ് ചെയ്യാനാണ് ഇപ്പോഴത്തെ നീക്കം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലും ബിജെപിയെ ദയനീയമായി പരാജയപ്പെടുത്തിയതിലുള്ള രാഷ്ട്രീയ വിരോധമാണ് കെജ്‌രിവാളിനെതിരെയുള്ളത്. ചോദ്യം ചെയ്യാനായി നാലാം തവണയും ഇഡി സമൻസ് അയച്ചിരിക്കുകയാണിപ്പോൾ. രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി നിർദേശിച്ചതനുസരിച്ചാണ് സമൻസ് എന്ന്‌ കുറ്റപ്പെടുത്തി കഴിഞ്ഞ മൂന്നുതവണയും കെജ്‌രിവാൾ ചോദ്യം ചെയ്യലിന്‌ ഹാജരായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഡൽഹി മുഖ്യമന്ത്രിയെ ജയിലിലിടാനുള്ള നീക്കമാണ് മോദി സർക്കാരിന്റേത്. നേരത്തേതന്നെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും പാർലമെന്റ്‌ അംഗം സഞ്ജയ് സിങ്ങിനെയും ജയിലിലടച്ചിട്ടുണ്ട്. ഇതേ മദ്യനയക്കേസിലാണ് തെലങ്കാനയിലെ മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കവിതയെ മൂന്നു തവണ ഇഡി ചോദ്യം ചെയ്തത്. ഇതോടെയാണ് ബിആർഎസ് നേതാവുകൂടിയായ ചന്ദ്രശേഖർ റാവു ബിജെപി പക്ഷത്തേക്ക് ചാഞ്ഞതും അവർക്കെതിരെയുള്ള പ്രതിപക്ഷ പാർടികളുടെ കൂട്ടായ്മ രൂപീകരിക്കാനുള്ള നീക്കത്തിൽനിന്ന്‌ പിന്മാറിയതും.

ജാർഖണ്ഡിൽ ബിജെപിയെ ശക്തമായി ചെറുത്തു നിൽക്കുകയാണ് ജെഎംഎം നേതാവും ആദിവാസിവിഭാഗത്തിൽപ്പെട്ട മുഖ്യമന്ത്രിയുമായ ഹേമന്ത് സൊറൻ. അനധികൃത കൽക്കരി ഖനനത്തിന് അനുമതി നൽകിയെന്ന കേസിലാണ് എട്ടാം തവണയും ഹേമന്ത് സൊറന് ഇഡി നോട്ടീസ് നൽകിയിട്ടുള്ളത്. ഈ മാസം 20ന് മുഖ്യമന്ത്രിയുടെ ഓഫീസിൽവച്ച് ഇഡി ഉദ്യോഗസ്ഥർക്ക്‌ ചോദ്യം ചെയ്യാമെന്നാണ് ഹേമന്ത് സൊറൻ പറഞ്ഞിട്ടുള്ളത്. അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഇഡി വൃത്തങ്ങൾതന്നെ പ്രചരിപ്പിച്ച സാഹചര്യത്തിൽ ബദൽ രാഷ്ട്രീയ സംവിധാനത്തിന് ഹേമന്ത് സൊറൻ രൂപം കൊടുത്തെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്.

ബിഹാറിൽ ബിജെപിയെ ഫലപ്രദമായി ഇന്നും നേരിടുന്ന, ഒരിക്കൽപ്പോലും ബിജെപിയുമായി വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകാത്ത ആർജെഡി നേതാക്കളെ എല്ലാം വേട്ടയാടുകയാണ് മോദി സർക്കാർ. കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലുപ്രസാദ് യാദവ് ജയിൽശിക്ഷ അനുഭവിച്ചതാണ്. ഇപ്പോൾ റെയിൽവേ ജോലിക്ക് ഭൂമിതട്ടിയെടുത്തെന്നും ഐആർസിടിസി ഹോട്ടൽ ടെൻഡറിൽ അഴിമതി നടത്തിയെന്നും ആരോപിച്ച് ഇഡിയും സിബിഐയും ആർജെഡി നേതാക്കളായ ലാലു, ഭാര്യ റാബ്‌റി ദേവി, മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വിയാദവ് എന്നിവരെ വേട്ടയാടുകയാണ്. റെയിൽവേ ജോലിക്ക് ഭൂമിവാങ്ങിയ കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ലാലുവിന്റെ പെൺമക്കളെപ്പോലും ഈ കേസിൽ ഉൾപ്പെടുത്തിയത് പരക്കെ വിമർശിക്കപ്പെടുകയുണ്ടായി. എന്നാൽ, റെയിൽവേയിലെ ഒരുദ്യോഗസ്ഥൻപോലും ഈ കേസിൽ ഉൾപ്പെട്ടിട്ടുമില്ല. 2008ൽ എഫ്ഐആർ ഫയൽ ചെയ്യുകയും സിബിഐയും ഇഡിയും അന്വേഷിച്ച് 2011ൽ അവസാനിപ്പിക്കുകയും ചെയ്ത കേസാണ് വീണ്ടും കുത്തിപ്പൊക്കിയിട്ടുള്ളത്. ബിഹാറിൽ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന മഹാസഖ്യത്തിന്റെ കേന്ദ്രബിന്ദു ആർജെഡി ആയതിനാലാണ് അവർക്കെതിരെ ഇഡിയും സിബിഐയും ചടുലമായി നീങ്ങുന്നത്.

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ മൂന്നു തവണയായി 12 മണിക്കൂറും രാഹുൽ ഗാന്ധിയെ അഞ്ചു തവണയായി 50 മണിക്കൂറിലധികവും ഇഡി ചോദ്യം ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിൽ 751.9 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയും ചെയ്തു. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയ്‌ക്കെതിരെയും ഇഡി അന്വേഷണവല വ്യാപിപ്പിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ബിക്കാനിറിൽ ചുളുവിലയ്‌ക്ക് സ്ഥലം വാങ്ങി മറിച്ചുവിറ്റ് 615 ശതമാനം ലാഭം നേടിയെന്നാണ് ഇഡി അവകാശപ്പെടുന്നത്. ഛത്തീസ്ഗഢിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും മഹാദേവ് വാതുവയ്‌പ്‌ ആപ്‌ കേസിൽ ഇഡിയുടെ അന്വേഷണവലയത്തിലാണുള്ളത്. 508 കോടി രൂപയുടെ അഴിമതി ആരോപണമാണ് ബാഗേലിനെതിരെ ഇഡി ഉന്നയിച്ചിട്ടുള്ളത്. ബാഗേലിനെയും ചോദ്യം ചെയ്യാനിരിക്കുകയാണ് ഇഡി. ജമ്മു- കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ഫണ്ട് തിരിമറി നടത്തി എന്ന ആരോപണത്തിന്റെ പേരിൽ ജമ്മു- കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെയും കർണാടകത്തിലെ കോൺഗ്രസ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും വളഞ്ഞുപിടിക്കാനൊരുങ്ങുകയാണ് ഇഡി.

ഈ നീക്കങ്ങളുടെ ഭാഗമായാണ് കേരളത്തിലും ഇഡി ചില സിപിഐ എം നേതാക്കൾക്കെതിരെ തിരിഞ്ഞിട്ടുള്ളത്. ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ക്ക് രൂപം നൽകുന്നതിലും അതിന് ഒരു മതനിരപേക്ഷ ഉള്ളടക്കം നൽകുന്നതിലും സിപിഐ എമ്മും ഇടതുപക്ഷവും നിർണായക പങ്കാണ് വഹിക്കുന്നത്. അയോധ്യ വിഷയത്തിലടക്കം അത് പ്രതിഫലിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മോദിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടിയുടെ ഭാഗമാണ് ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാചടങ്ങെന്ന്‌ ആദ്യം വിലയിരുത്തിയത് സിപിഐ എമ്മാണ്. മൂന്നാഴ്ച കഴിഞ്ഞിട്ടാണെങ്കിൽപ്പോലും അതേ സമീപനം സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വവും നിർബന്ധിതമായി. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് സിപിഐ എമ്മിനെതിരെ അന്വേഷണ ഏജൻസികളെ അഴിച്ചുവിടാൻ മോദി തയ്യാറായിട്ടുള്ളത്. സിപിഐ എമ്മിന് ഭരണമുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിലെ നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമെതിരെയാണ് ഇഡിയും കേന്ദ്ര കമ്പനിവകുപ്പും തിരിഞ്ഞിട്ടുള്ളത്. കിഫ്ബിക്കും തോമസ് ഐസക്കിനും എതിരെ ഇഡി നടത്തുന്ന നീക്കങ്ങളും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര കമ്പനിവകുപ്പ് പ്രഖ്യാപിച്ച അന്വേഷണവും കരുവന്നൂർ വിഷയത്തിൽ മന്ത്രി പി രാജീവിനെതിരെയുള്ള ഇഡി നീക്കവും ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയ പ്രേരിതമാണ് ഈ അന്വേഷണങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരം അന്വേഷണങ്ങളെ ഭയക്കുന്നില്ല. അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. പ്രതിപക്ഷമുക്ത ഭാരതം എന്ന ലക്ഷ്യം നേടാൻ ബിജെപിയും കേന്ദ്ര സർക്കാരും നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് കേരളത്തിലെ സിപിഐ എം നേതാക്കൾക്കെതിരെ നടത്തുന്നതും. ഇതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. സിപിഐ എമ്മിനെ വേട്ടയാടാൻ മോദിക്കും ബിജെപിക്കും പിന്തുണ നൽകുന്ന കെപിസിസിയുടെ നിലപാട് സ്വന്തം ശവക്കുഴി കുഴിക്കുന്നതിന്‌ സമാനമാണെന്ന്‌ അവരെ ഓർമിപ്പിക്കട്ടെ . ഇടതുപക്ഷത്ത തോൽപ്പിക്കാൻ കോൺഗ്രസ് -ബിജെപിയുമായി ചേർന്ന് നടത്തുന്ന ഈ നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. കേന്ദ്ര അവഗണനയ്‌ക്കെതിരെ യോജിച്ച പോരാട്ടത്തിന് യുഡിഎഫ് തയ്യാറാകാത്തതിന്റെ രാഷ്ട്രീയവും ഈ അന്തർധാര കാരണമാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.