കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കേരളം വളരേണ്ടെന്നും ലോകത്തിന് മുന്നിൽ മാതൃകയാകേണ്ടതില്ലെന്നുമുള്ള കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനം കേരളം തിരിച്ചറിയുന്നുണ്ട്. കേന്ദ്രം നൽകേണ്ട വിഹിതം കൈമാറാത്തതിനാൽ ജനങ്ങൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകാൻ നമുക്കാവുന്നില്ല. കേന്ദ്രവിഹിതവും കുടിശികയും നൽകിയാൽ കുടിശികയും നൽകാൻ കേന്ദ്രം തയ്യാറായാൽ കേരളത്തിന്റെ പ്രതിസന്ധികൾ തീരും. സാമ്പത്തിക പ്രതിസന്ധിയിൽ കരുതലോടെയാണ് കേരളം മുന്നോട്ട് പോകുന്നത്. കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകൾക്കെതിരായ സമരത്തിലേക്കുള്ള ക്ഷണം പ്രതിപക്ഷം രാഷ്ട്രീയകാരണങ്ങളാൽ നിരസിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കാൾ തങ്ങളുടെ രാഷ്ട്രീയമാണ് വലുതെന്നാണ് പ്രതിപക്ഷം പറയുന്നത്. ജനവിരുദ്ധമായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര അവഗണനയെ പ്രതിരോധിക്കാൻ ജനങ്ങളുടെ കയ്യിലുള്ള ആയുധം ജനകീയ പോരാട്ടം മാത്രമാണ്. ഉജ്വലമായ ചെറുത്തുനിൽപ്പിന്റെ ഉജ്വലമുഖമായി ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ച മനുഷ്യച്ചങ്ങല മാറി. ജനങ്ങൾ ഒറ്റക്കെട്ടയായി അണിചേർന്നത് കേരളത്തിന്റെ സമരചരിത്രത്തിലെ പുതിയ അധ്യായമായി മാറി.