Skip to main content

ഇഎംഎസ് ദിനം

ആധുനിക കേരളത്തിന്റെ ശിൽപ്പിയായ സഖാവ് ഇഎംഎസ് വിടവാങ്ങിയിട്ട് 26 വർഷം തികയുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിന്റെ യുഗപുരുഷനെന്നും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവെന്നും വിലയിരുത്തിയ ഇഎംഎസ് ഇല്ലാത്ത, കേരളത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കാൽ നൂറ്റാണ്ടു പിന്നിട്ടു. സഖാവിന്റെ സ്മരണകൾ ഒരിക്കലും മായുന്നതോ മറയുന്നതോ അല്ല. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാദിവസവും ആ ഓർമ നമ്മുടെ നാട്ടിൽ അലയടിക്കുന്നുണ്ട്. നവകേരളം എന്നത് ആശയതലത്തിൽനിന്ന്‌ യാഥാർഥ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള ഭരണനടപടികൾ എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്ന ഘട്ടമാണിത്. അതുകൊണ്ടുതന്നെ ഇഎംഎസ് സ്മരണ പുതുക്കുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തെ പുരോഗമനപരമായി വഴിതിരിച്ചുവിടുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായി പ്രാധാന്യമുള്ളതാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം സിപിഐ എമ്മിന്റെ ജനറൽ സെക്രട്ടറിയായി 13 വർഷം പ്രവർത്തിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞശേഷം 1992ൽ തിരുവനന്തപുരത്ത് തിരിച്ചെത്തിയെങ്കിലും വിശ്രമിച്ചില്ല. കേരളത്തെ മതനിരപേക്ഷതയിലും സമത്വരാഷ്ട്രീയ ചിന്തയിലും ഉറപ്പിച്ചുനിർത്തുന്നതിൽ സഖാവിന്റെ നേതൃത്വവും പ്രവർത്തനവും ഇടപെടലും പ്രധാനമാണ്. വർഗീയ ഫാസിസ്റ്റ് ചിന്താഗതിയുടെ ഗർത്തത്തിൽ കേരളീയർ പൊതുവിൽ വീഴാത്തതിൽ സഖാവ് നടത്തിയ പ്രത്യയശാസ്ത്ര സമരം വലിയ സംഭാവന നൽകി.

നിരവധി പതിറ്റാണ്ടുകളിൽ കേരള രാഷ്ട്രീയത്തിന്റെ അജൻഡ നിശ്ചയിച്ചത് ഇഎംഎസിന്റെ ചിന്തകളായിരുന്നു. ആധുനിക കേരളത്തിന്റെ സ്രഷ്ടാവെന്ന വിശേഷണം വെറുതെ ലഭിച്ചതല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ അദ്ദേഹം അഖിലേന്ത്യ തലത്തിൽ പാർടിയുടെ വളർച്ചയ്ക്ക് അതുല്യസംഭാവന ചെയ്തു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെതന്നെ സമുന്നതനേതാക്കളിൽ ഒരാളായി മാറി.

അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയിൽനിന്ന് നാടിനെ മോചിപ്പിക്കാനും ജാതി–ജൻമി നാടുവാഴിത്ത വ്യവസ്ഥയ്ക്ക് ആഘാതമേൽപ്പിക്കാനും വലിയതോതിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിലൂടെ കഴിഞ്ഞു. ജനിച്ച സമുദായത്തിലെ ജീർണതകൾക്കെതിരായ പോരാട്ടത്തിലായിരുന്നു ആദ്യം ഏർപ്പെട്ടത്. അങ്ങനെ നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള പ്രസ്ഥാനത്തെ നയിച്ചു. അതിന്റെ ഫലമായി ആ സമുദായത്തിൽ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം കൊണ്ടുവന്നു. അതിനുവേണ്ടി പ്രക്ഷോഭം നയിച്ചവരുടെ നിരയിൽ ഇ എം എസ് ഉൾപ്പെടെ ധാരാളം പേരുണ്ട്. ഇവരുടെയെല്ലാം പ്രവർത്തനഫലമായി, വിധവാവിവാഹത്തിന് അനുകൂലവും "സംബന്ധ ഇടപാടിന്' എതിരെയും ഇംഗ്ലീഷ് പഠനത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേഷപരിഷ്കാരത്തിനും അനുകൂലവുമായ നടപടികളുണ്ടായി.
വെറും സമുദായപരിഷ്കാരത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന പ്രസ്ഥാനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങളുമായി ബന്ധിപ്പിച്ചുവെന്നതാണ് ഇഎംഎസിന്റെ മികവ്. അതുവഴി സ്വാതന്ത്ര്യപ്രസ്ഥാനത്തെ ശക്തമാക്കാനും കഴിഞ്ഞു. അതിലൂടെ ആദ്യം കോൺഗ്രസിനെയും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയെയും ശേഷം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയും വലിയ ബഹുജനസംഘടനകളാക്കി വളർത്തിക്കൊണ്ടുവന്നു. ഇതിലൂടെ തെളിയുന്ന വസ്തുത നവോത്ഥാനപ്രസ്ഥാനം നാടിനെ മുന്നോട്ടുനയിക്കുന്ന രാഷ്ട്രീയ ഊർജപ്രവാഹമായി മാറും എന്നതാണ്.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യൻകാളിയും വക്കം മൗലവിയും ചാവറയച്ചനും പൊയ്കയിൽ യോഹന്നാനും എല്ലാം നേതൃത്വം നൽകിയ നവോത്ഥാന പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ തകർന്നടിയാതെ നവോത്ഥാനത്തെ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കാൻ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാരും പുരോഗമനശക്തികളും യത്നിച്ചു. ഇത് നാടിന്റെ സാമൂഹ്യമാറ്റത്തിന് നൽകിയ സംഭാവന വലുതാണ്. അതിലൂടെയാണ് ആത്മാഭിമാനമുള്ള സമൂഹമായി കേരളീയർ ഇന്നും ശിരസ്സുയർത്തി നിൽക്കുന്നത്. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ശ്രീനാരായണ ഗുരുവിന്റെ ചിന്ത കേരളീയരിൽ പൊതുവിൽ ഇന്നും സ്വാധീനം ചെലുത്തുന്നതും വർഗീയതകളിൽനിന്ന്‌ സംസ്ഥാനത്തെ അകറ്റിനിർത്തുന്നതും എൽഡിഎഫിന് മേധാവിത്വം ഉള്ളതുകൊണ്ടും എൽഡിഎഫ് ഭരണം ഉള്ളതുകൊണ്ടുമാണ്.

കോളേജ് വിദ്യാഭ്യാസം മതിയാക്കി 1932ൽ കോഴിക്കോട് ഉപ്പ് സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഇഎംഎസ് കോഴിക്കോട് സബ്ജയിലിൽ എത്തിയപ്പോൾ സ്വീകരിച്ചത് പി കൃഷ്ണപിള്ളയായിരുന്നു. മരണംവരെ നീണ്ട അസാധാരണമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച. കോഴിക്കോട് സബ് ജയിലിൽനിന്ന്‌ കണ്ണൂർ സെൻട്രൽ ജയിലിലേക്കും അവിടെനിന്ന്‌ വെല്ലൂർ ജയിലിലേക്കും ഇഎംഎസിനെ മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽവച്ചാണ് എകെജിയെ കണ്ടുമുട്ടുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ നേതാവായി മാറിയ ഇഎംഎസിനെ കെപിസിസിയുടെ സെക്രട്ടറിമാരിൽ ഒരാളായി തെരഞ്ഞെടുത്തു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ ദേശീയ നേതാക്കളിൽ ഒരാളായി മാറുകയും ചെയ്തു. 1937ൽ രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിൽ അംഗമായിരുന്നു ഇഎംഎസ്. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെയും പിന്നീട് സിപിഐ എമ്മിന്റെയും ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചതിനെപ്പറ്റി നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്.
മാർക്സിസത്തെ പ്രയോഗവുമായി ബന്ധിപ്പിക്കുന്നതിൽ ഇഎംഎസ് നൽകിയ സംഭാവന താരതമ്യമില്ലാത്തതാണ്. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് ചേരിയുടെയും തകർച്ചയെത്തുടർന്ന് സോഷ്യലിസത്തിനും കമ്യൂണിസത്തിനുമെതിരായ പ്രചാരണം ഒരു കൊടുങ്കാറ്റായി വീശി. ലോകത്തിലെ പല കമ്യൂണിസ്റ്റ് പാർടികളും പേരും കൊടിയും ഉപേക്ഷിച്ചു. അന്ന് സിപിഐ എമ്മിനെ പിരിച്ചുവിടാൻ ഉപദേശിച്ച് മനോരമ മുഖപ്രസംഗം എഴുതി. എന്നാൽ, പ്രയോഗത്തിലെ പാളിച്ചയാണ് സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സോഷ്യലിസത്തിന് സംഭവിച്ചതെന്നും സോഷ്യലിസവും കമ്യൂണിസവും ഇല്ലാതാകില്ലെന്നും ഇഎംഎസ് വ്യക്തമാക്കി. ദേശീയ അന്തർദേശീയ പ്രശ്നങ്ങളെ വിലയിരുത്തുന്നതിൽ ഇഎംഎസ് പുലർത്തിയ പാടവം അനിതരസാധാരണമാണ്.

ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച രണ്ട് മന്ത്രിസഭയെ നയിച്ചു. ബാലറ്റ് പേപ്പറിലൂടെ ഒരു സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ കമ്യൂണിസ്റ്റ് പാർടി എങ്ങനെ ഭരണത്തിൽ പ്രവർത്തിക്കണമെന്ന് മുൻ അനുഭവമുണ്ടായിരുന്നില്ല. ഈ വിഷമകരമായ അവസ്ഥയിൽ നിന്നുകൊണ്ട് സംസ്ഥാനസർക്കാരിനെ നയിക്കുന്നതിൽ അന്യാദൃശമായ മാതൃക കാണിച്ചു. കേരളത്തിലെ വികസനത്തിന് അടിസ്ഥാനമിട്ട നിരവധി പരിഷ്കാരങ്ങൾക്ക് ഈ കാലയളവ് സാക്ഷ്യം വഹിച്ചു. ഭൂമിയിൽനിന്ന്‌ മണ്ണിന്റെ മക്കളെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്ന രേഖയിലാണ് അധികാരമേറ്റ ഉടനെ മുഖ്യമന്ത്രി ഒപ്പിട്ടത്. കേരളത്തിൽ ജൻമിത്തം അവസാനിപ്പിക്കുന്നതിനും ഈ രാജ്യത്ത് ആദ്യമായി സമഗ്രമായ ഭൂപരിഷ്കരണ നടപടികൾ നടപ്പാക്കുന്നതിനും ഇഎംഎസ് സർക്കാരിന് കഴിഞ്ഞു.
ആറടി മണ്ണുപോലും സ്വന്തമെന്ന് പറയാനില്ലാത്ത ദയനീയ അവസ്ഥയിൽ കഴിയുന്ന മണ്ണിന്റെ മക്കൾക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി നൽകി എന്നതാണ് ഇഎംഎസ് സർക്കാരിന്റെ ഏറ്റവും ഉന്നതവും മനുഷ്യത്വപൂർണവുമായ നടപടി. ഭൂപരിഷ്കരണം, വിദ്യാഭ്യാസബിൽ, അധികാരവികേന്ദ്രീകരണത്തിനു വേണ്ടിയുള്ള ഇടപെടൽ, ന്യൂനപക്ഷങ്ങൾക്കെതിരെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റൽ തുടങ്ങി നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കി. ഭൂപരിഷ്കരണരംഗത്ത് ഉൾപ്പെടെ രണ്ടാം ഇ എം എസ് സർക്കാർ വരുത്തിയ മാറ്റം സംസ്ഥാന വികസന ചരിത്രത്തിലെ സുപ്രധാന ഏടാണ്. കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള പിൽക്കാല സർക്കാരുകൾക്കും ഇഎംഎസിന്റെ ചിന്ത വഴികാട്ടിയായി. ജനകീയാസൂത്രണം ഉൾപ്പെടെയുള്ള ആശയങ്ങൾ സാക്ഷാൽക്കരിക്കാൻ സഖാവിന്റെ ഇടപെടൽ വളരെ ഉപകരിച്ചു. കേരളത്തിന്റെ ഭാവി വികസനസാധ്യതകളെ രൂപപ്പെടുത്തിയ അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ മുഖ്യസംഘാടകരിൽ ഒരാളായി അദ്ദേഹം പ്രവർത്തിച്ചു. കലയും സാഹിത്യവും വരേണ്യവർഗത്തിന്റെ കൈയിൽ അമർന്നിരിക്കുന്ന അവസ്ഥയ്ക്കെതിരെ, അത് തൊഴിലാളിവർഗത്തിന്റെ വിമോചന പോരാട്ടത്തിനുള്ള ഊർജസ്രോതസ്സാക്കി മാറ്റുന്നതിനുള്ള ഇടപെടൽ അദ്ദേഹം നടത്തി.

ഒന്നാം ഇഎംഎസ് സർക്കാരിനെ കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ വിമോചനസമരം സംഘടിപ്പിച്ചാണ് വലതുപക്ഷ യാഥാസ്ഥിതിക ശക്തികൾ പുറത്താക്കിയത്. വിമോചന സമരത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടിക്ക് നാല് ശതമാനം വോട്ടിന്റെ വർധന ജനങ്ങൾ നൽകി. എന്നാൽ, എതിരാളികൾ യോജിച്ച് മത്സരിച്ചതിനാൽ അവർക്ക് സീറ്റ് കൂടുതൽ കിട്ടി. വിമോചനസമര രാഷ്ട്രീയം കാലഹരണപ്പെട്ടെങ്കിലും അതിന്റെ പുതുരൂപങ്ങൾ ഇന്നുമുണ്ട്‌. ജനങ്ങൾക്കുവേണ്ടി ഭരണം നടത്തുന്ന എൽഡിഎഫ്‌ സർക്കാരിനെ ഏതെല്ലാം രീതിയിൽ ഇകഴ്‌ത്താൻ കഴിയുമോയെന്ന ശ്രമമാണ്‌ യുഡിഎഫും ബിജെപിയും നടത്തുന്നത്‌. അവർക്ക്‌ ഇക്കാര്യത്തിൽ തികഞ്ഞ യോജിപ്പാണ്‌. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരാകട്ടെ ഭരണഘടനയെത്തന്നെ ഇരുട്ടിലാക്കിയാണ്‌ ഭരണം നടത്തുന്നത്. പാർലമെന്റിൽപ്പോലും ഇടപെടാൻ അനുവദിക്കാതെയാണ്‌ മോദി ഭരണം ജനാധിപത്യധ്വംസനം നടത്തുന്നത്‌. എതിർക്കുന്നവരെ കേന്ദ്ര ഏജൻസികളെക്കൊണ്ട്‌ ഭീഷണിപ്പെടുത്തുന്നു. ബിജെപി ഇതര സർക്കാരുകളെ പരമാവധി ദ്രോഹിക്കുകയും ചെയ്യുന്നു.

കേരളത്തിനു മേൽ കേന്ദ്രം അടിച്ചേൽപ്പിക്കുന്ന അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തിനും ഫെഡറലിസത്തെ തകർക്കുന്ന ഇടപെടലുകൾക്കും എതിരായുള്ള കേരളത്തിന്റെ നിയമപോരാട്ടം സുപ്രീംകോടതിയിൽ തുടരുകയാണ്. എന്നാൽ ഈ വിഷയത്തിലും കോൺഗ്രസ് ബിജെപിയുടെ അതെ നിലപാടാണ് സ്വീകരിച്ചത്. ബിജെപിയും കോൺഗ്രസും എടുത്തിരിക്കുന്നത് കേരള വിരുദ്ധമായ സമീപനമാണ്. ഈ പ്രതിസന്ധിക്കിടയിലും പെൻഷൻ നൽകാനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വിപണിയിൽ ഇടപെടാനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. റംസാൻ–ഈസ്റ്റർ–വിഷുക്കാലത്തെ വിലവർധന തടയാൻ ലക്ഷ്യമിട്ട്‌ സപ്ലൈകോയിൽ സബ്‌സിഡി ഇല്ലാത്ത 15 അവശ്യസാധനങ്ങൾ അടക്കം 45 സാധനങ്ങളുടെ വില കുറച്ചു. 13 സബ്‌സിഡിയുള്ള അവശ്യസാധനങ്ങളുടെ വിലകൾ പൊതു വിപണിയിലെ വിലയുടെ 35 ശതമാനം സബ്സിഡി നൽകുന്നു. കുറഞ്ഞ വിലയ്ക്ക്‌ ഗുണനിലവാരമുള്ള കെ റൈസ് വിതരണം തുടങ്ങി. രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും കുറഞ്ഞ് നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം തുടരുന്നു.

എന്നാൽ, കേന്ദ്രം ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ ശബ്ദിക്കാനും കേരളത്തിന്റെ അവകാശങ്ങൾക്കു വേണ്ടി ഒരുമിച്ച് നിൽക്കാനും കോൺഗ്രസ് തയ്യാറാകുന്നില്ല. ജനങ്ങളുടെ ക്ഷേമത്തിനും കേരളത്തിന്റെ വികസനത്തിനുമായി ഇടതുപക്ഷം ശ്രമിക്കുമ്പോൾ കേരളത്തെ തകർക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. കേരളത്തിന്റെ ഭാവിക്ക് പാർലിമെന്റിൽ ഇടതുപക്ഷ എംപിമാരുടെ സാന്നിധ്യം പ്രധാനമാണ് എന്ന് ഇത് കൂടുതൽ വ്യക്തമാക്കുകയാണ്.

സുപ്രീംകോടതിയുടെ ശക്തമായ നിലപാടിനെ തുടർന്ന് ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പുറത്തുവരുന്നത് തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. അഴിമതിക്ക് നിയമസാധുത നൽകുന്ന ഇലക്ടറൽ ബോണ്ട് സംവിധാനത്തെ തുടക്കം മുതൽ സിപിഐ എം എതിർത്തു. ഇലക്ടറൽ ബോണ്ട് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഏക രാഷ്ട്രീയ പാർടി സിപിഐ എമ്മാണ്. ബോണ്ടുവഴി പണം സ്വീകരിക്കാനും പാർട്ടി തയ്യാറായില്ല. അതിനായി എസ്ബിഐയിൽ അക്കൗണ്ടും തുറന്നില്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ഇലക്ടറൽ ബോണ്ടുകൾ വഴി പണം സ്വീകരിച്ചു. ഏതൊക്കെ കോർപറേറ്റുകളുമായാണ് ബിജെപിക്ക് ബന്ധം എന്നതുപോലെ കോൺഗ്രസിനുള്ള ബന്ധവും ബോണ്ട് വിവരങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ വോട്ടർമാർക്ക് ബോധ്യമാകും. സിപിഐ എം എടുത്ത ശരിയും ശക്തവുമായ നിലപാട് ചരിത്രത്തിന്റെ ഭാഗമാകും.

അഴിമതിയുടെ വിവരങ്ങൾ പുറത്തുവരുമെന്ന് ഉറപ്പായപ്പോൾ ഇലക്ടറൽ ബോണ്ട് വിഷയം പൊതുസമൂഹം ചർച്ച ചെയ്യാതിരിക്കാനാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. മാർച്ച് 11ന് രാവിലെയാണ് ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‌ കൈമാറണമെന്ന സുപ്രീംകോടതിയുടെ വിധിയുണ്ടായത്. അന്ന് വൈകിട്ട് തന്നെ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനവും പുറത്തുവന്നു. ഇലക്ടറൽ ബോണ്ടിൽ നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടുന്നതിനൊപ്പം രാഷ്ട്രീയ ലക്ഷ്യം നേടാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. മത ധ്രുവീകരണം സൃഷ്ടിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്. വർഗീയ ധ്രുവീകരണത്തിലുടെ കോർപ്പറേറ്റ് താൽപര്യം സംരക്ഷിക്കാനാണ് ശ്രമം. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കമാണിത്. ആ നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല.

രാജ്യത്തെ മതരാഷ്ട്രത്തിലേക്ക് നയിക്കുന്ന മോദി സർക്കാരിന്റെ എല്ലാ നടപടികളും സിപിഐ എം ശക്തമായി എതിർത്തിട്ടുണ്ട്. ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുമുണ്ട്. പൗരത്വ ഭേദഗതി നിയമത്തെയും സിപിഐ എം തുടക്കത്തിലേ എതിർത്തു. അതിനെതിരെ യോജിച്ച പ്രക്ഷോഭത്തിനും പാർടിയും എൽഡിഎഫും തയ്യാറായിരുന്നു. എന്നാൽ, കേരളത്തിലെ യുഡിഎഫ് അതിന് തയ്യാറായില്ല. ഇടതുപക്ഷവുമായി യോജിച്ച് പൗരത്വ വിഷയത്തിൽ പ്രക്ഷോഭത്തിന് ഇറങ്ങിയവർക്കുനേരെ കോൺഗ്രസ്സ് പാർടിതല നടപടിയടക്കം എടുത്തു.

പൗരത്വനിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സർക്കാർ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയും തുടർന്നു നടന്ന സർവ്വകക്ഷി യോഗവും വഴി ഈ വിഷയത്തിൽ ഐക്യം രൂപപ്പെടുത്തി. നിയമത്തിനെതിരെ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച്‌ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവും കേരളമാണ്. ഈ വിഷയത്തിൽ മുൻകൈയെടുക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് 13 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി കത്തെഴുതി. ഭരണഘടനാ സംരക്ഷണ യോഗങ്ങൾ വിളിച്ചു ചേർത്ത് ഇവിടെ ആർഎസ്എസിന്റെ അജണ്ടകൾ നടപ്പിലാവില്ല എന്ന് സർക്കാർ പ്രഖ്യാപിച്ചു. അതോടൊപ്പം എൽഡിഎഫ്‌ നേതൃത്വത്തിൽ മഞ്ചേശ്വരം മുതൽ പാറശാലവരെ മനുഷ്യച്ചങ്ങല തീർത്തു. ലോക്സഭയിലും രാജ്യസഭയിലും ഇടതുപക്ഷ അംഗങ്ങൾ ബില്ലിനെതിരെ പ്രതിരോധം സൃഷ്ടിച്ചു. ബില്ല് വോട്ടിനിടാൻ ആവശ്യപ്പെട്ടതും സെലക്റ്റ് കമ്മിറ്റിക്ക് വിടാൻ പ്രമേയം കൊണ്ടുവന്നതും ഇടതുപക്ഷ എംപിമാർ ആയിരുന്നു. പൗരത്വ നിയമം പാർലമെന്റിൽ പാസാക്കിയപ്പോഴും കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചപ്പോഴും പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല, കേരള സർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. ഇപ്പോൾ വന്ന വിജ്ഞാപനത്തിനെതിരെയും സുപ്രീംകോടതിയെ സമീപിക്കുകയാണ്.

എന്നാൽ, പൗരത്വ ഭേദഗതി നിയമ ചട്ടം വിജ്ഞാപനമായി പുറത്തുവന്ന് ദിവസങ്ങളായിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ കോൺഗ്രസ് പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയോ രാഹുൽ ഗാന്ധിയോ തയ്യാറായിട്ടില്ല. നിയമം കൊണ്ടുവന്ന സമയത്തെ പറ്റി മാത്രം സംസാരിച്ച് അതിന്റെ ഉള്ളടക്കത്തെ വിമർശിക്കാതെ ഒഴിഞ്ഞുമാറുകയാണ് കോൺഗ്രസിന്റെ ദേശീയ നേതാക്കൾ. നിയമം നടപ്പാക്കില്ലെന്ന് പറയാൻ കോൺഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രിമാരിൽ ആരും ഇതുവരെ തയ്യാറായിട്ടില്ല. ബിജെപിയുടെ തീവ്രഹിന്ദുത്വ അജണ്ടയോട് ഏറ്റുമുട്ടാൻ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചിട്ടുള്ള കോൺഗ്രസിന്‌ കഴിയുന്നില്ല എന്നാണ് വസ്തുത. ഇലക്ടറൽ ബോണ്ട് വിഷയം പോലെ തന്നെ എന്തുകൊണ്ട് ഇടതുപക്ഷം എന്ന ചോദ്യത്തിന് ഉത്തരമാണ് സിഎഎ വിഷയത്തിലെ സിപിഐ എമ്മിന്റെ ശരിയും ഉറച്ചതുമായ നിലപാട്.

കോൺഗ്രസിന്റെ ഈ മൃദുഹിന്ദുത്വ സമീപനത്തിന്റെ തുടർച്ചയാണ് രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോൺഗ്രസ് നേതാക്കൾ, മുൻ മുഖ്യമന്ത്രിമാരും മന്ത്രിമാരും എംപി മാരും നിയമ സഭാ ചീഫ് വിപ്പുകളും എംഎൽഎമാരും ദേശീയ സെക്രട്ടറിമാരും സംസ്ഥാന അധ്യക്ഷന്മാരും വക്താക്കളും എല്ലാവരും ബിജെപിയിൽ ചേരുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകളിൽ മാത്രം നടന്നതാണ് ഇതൊക്കെ. 2014നു ശേഷം 12 കോൺഗ്രസ് മുഖ്യമന്ത്രിമാരും നൂറിലേറെ എംപിമാരും ഇരുന്നൂറിലേറെ എംഎൽഎമാരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിട്ടുണ്ട്. കോൺഗ്രസും ബിജെപിയും തമ്മിൽ അതിരുകൾ ഇല്ലാതെ ആവുകയാണ്. സാമ്പത്തിക നയവും രാഷ്ട്രീയ നയവും തമ്മിൽ വ്യത്യാസമില്ലാതാകുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും പോകാം. ഇപ്പോഴും ആൾക്കാർ പോകാൻ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ പദ്മജാ വേണുഗോപാലും തമ്പാനൂർ സതീഷും വി എൻ ഉദയകുമാറും പദ്മിനി തോമസും ഈ കഴിഞ്ഞ ദിവസങ്ങളിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയത്. ഇനിയും എത്ര പേർ മറുകണ്ടം ചാടുമെന്ന് പറയാൻ പറ്റില്ല. കേരളത്തിൽ ഇതുവരെ പ്രഖ്യാപിച്ച എൻഡിഎ സ്ഥാനാർഥികളിൽ 3 പേർ യുഡിഎഫിൽ നിന്ന് പോയവരാണ്. ഇതേ സമയത്താണ് കോൺഗ്രസ് സിപിഐ എമ്മിനെ മുഖ്യശത്രു ആയി കണക്കാക്കിക്കൊണ്ട് ബിജെപിയ്ക്ക് അനുകൂലമായ നിലപാടുകൾ എടുക്കുന്നത്.

ഇത്തരം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്‌ കേരളം ജനകീയ ബദൽ ഉയർത്തുമ്പോൾ ആധുനിക കേരളത്തിന്റെ ശിൽപ്പിയായ ഇഎംഎസിന്റെ സ്മരണ നവകേരളം കെട്ടിപ്പടുക്കുന്നതിന് നമുക്ക് പ്രചോദനവും ഊർജവുമാകും. നവകേരള സൃഷ്ടിക്കായി യത്നിക്കുന്ന എൽഡിഎഫ് സർക്കാരിനെയും അതിന് നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് പാർടിയെയും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ നമുക്ക് പങ്കാളികളാകാം. അത്തരം പോരാട്ടങ്ങൾക്ക് കരുത്തുപകരാൻ ഇഎംഎസ് സ്മരണ നമുക്ക് വഴികാട്ടും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേരളം വീണ്ടും രാജ്യത്തിന്‌ മാതൃക

സ. സജി ചെറിയാൻ

കേരളം വീണ്ടും രാജ്യത്തിന്‌ മാതൃകയാവുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനമായി കേരളവും മികച്ച മറൈന്‍ ജില്ലയായി കൊല്ലവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

സർക്കാരും മത്സ്യത്തൊഴിലാളികളും ഒത്തുചേർന്ന് മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി നടത്തിയ പ്രയത്നങ്ങൾക്ക് ദേശീയതലത്തിൽ അംഗീകാരം

സ. പിണറായി വിജയൻ

മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും പുരോഗതിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രധാന പരിഗണനാ വിഷയങ്ങളിൽ ഒന്നാണ്. 2016 മുതൽ നൽകിയ ഓരോ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചും പ്രതിസന്ധിഘട്ടങ്ങളിൽ ചേർത്തുപിടിച്ചും മത്സ്യത്തൊഴിലാളികൾക്കൊപ്പം ഈ സർക്കാരുണ്ട്.

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ വ്യാജ വോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്പാലക്കാട്‌ കളക്ട്രേറ്റിലേക്ക് മാർച്ച് ചെയ്യും

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ആയിരക്കണിക്കിന് വ്യാജ വോട്ടുകൾ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 18ന് എൽഡിഎഫ് പാലക്കാട്‌ കളക്ട്രേറ്റിലേക്ക് മാർച്ച് ചെയ്യും.

നുണപ്രചരണത്തിലൂടെ വിജയം നേടാനുള്ള യുഡിഎഫിന്റെ നിന്ദ്യമായ നീക്കങ്ങളെയും വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് ഡോ. പി സരിൻ വിജയം നേടും

സ. പിണറായി വിജയൻ

ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾക്ക് നേരെ വലിയ വെല്ലുവിളികൾ ഉയരുന്ന ഇക്കാലത്ത് പുരോഗമനാശയങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ജനകീയ ശബ്ദമാവാൻ ഡോ. സരിന് സാധിക്കുമെന്നതിൽ സംശയമേതുമില്ല. പാലക്കാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.