കേരളത്തെ ഉപരോധിക്കുന്ന തരത്തിലുള്ള സാമ്പത്തിക നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കേരളത്തിന്റെ ആവശ്യം പ്രസക്‌തിയുള്ളതാണെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചിരിക്കുകയാണ്. കേരളം ഉന്നയിച്ച വളരെ പ്രധാനപ്പെട്ട ഈ പ്രശ്നം ഭരണഘടനാ ബെഞ്ച് തന്നെ പരിശോധിക്കേണ്ട ഗൗരവമുള്ള കാര്യമായി സുപ്രീംകോടതി കാണുന്നു. മാർച്ച് 31ന് മുൻപ് 57,000 കോടി രൂപയാണു കേരളത്തിന് കേന്ദ്രം തരാനുണ്ടായിരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളിലും ഏഴായിരത്തോളം കോടി രൂപ തരാൻ ബാക്കിയാണ്.
കേന്ദ്ര സർക്കാരിന്റെ ഗുണ്ടാസംഘമായാണ് ഇഡി പ്രവർത്തിക്കുന്നത്. ഗുണ്ടാപിരിവുകാർ ആദ്യം ഭീഷണിയായിട്ടാണ് വരിക. പിന്നെയാണ് കടന്നാക്രമണം. ഇതുതന്നെയാണ് ഇഡിയും ചെയ്യുന്നത്. ഭീഷണിയും കേസുംകൊണ്ട് ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഞങ്ങൾ ആർക്ക് മുമ്പിലും മുട്ടുമടക്കില്ല. ഭീഷണിപ്പെടുത്തലൊക്കെ അശോക് ചൗഹാനെപ്പോലുള്ളവരോട് മതി. ഇവിടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും സർക്കാരിനെയും തകർക്കാമെന്ന് കരുതേണ്ട.
സിപിഐ എമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി. അങ്ങനെയുണ്ടെങ്കിൽ കണ്ടുപിടിക്കട്ടെ. അന്വേഷിക്കലും അറസ്റ്റ് ചെയ്യലും തന്നെയാണല്ലോ ഇഡിയുടെ പണി. അവരത് ചെയ്യട്ടെ. ഞങ്ങൾക്കാരെയും ഭയമില്ല. സിപിഐ എം എല്ലാ കണക്കുകളും തെരഞ്ഞെടുപ്പ് കമ്മിഷന് പരസ്യമായി നൽകുന്നതാണ്.റിയാസ് മൗലവി കേസിൽ അന്വേഷണം മികവുറ്റ രീതിയിൽ നടന്നതാണ്. ജഡ്‌ജിമാരുടെ ആത്മനിഷ്‌ട ഘടകം കൂടി ചേർന്നാണ് വിധി. സിപിഐ എം എക്കാലവും കുടുംബത്തോടൊപ്പം ഉണ്ടാകും. കുടുംബത്തിന് ആവശ്യമായ സഹായം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും.