Skip to main content

സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ സഖാവ് എ വി ബാബുവിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു

സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ സഖാവ് എ വി ബാബുവിന്റെ നിര്യാണത്തിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മോറാഴയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യുവമുഖങ്ങളിലൊന്നിനെയാണ് സഖാവിന്റെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്. ബാലസംഘത്തിലൂടെ വളർന്ന് ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മിറ്റി അംഗം, തളിപ്പറമ്പ നഗരസഭയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികളിൽ സഖാവ് പ്രവർത്തിച്ചു.

കല്യാശേരി സർവ്വീസ് സഹകരണ ബാങ്ക് യോഗശാല ബ്രാഞ്ച് മാനേജർ, കർഷക തൊഴിലാളി യൂണിയൻ മോറാഴ വില്ലേജ് പ്രസിഡന്റ്, കൈരളി വായനശാല പ്രസിഡൻ്റ്, മത്സ്യത്തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയ പ്രസിഡൻ്റ്,മോറാഴ ബാങ്ക് കെ സി ഇ യു യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുമ്പോഴാണ് സഖാവ് അകാലത്തിൽ വിടവാങ്ങുന്നത്. ചെറുപ്പകാലം തൊട്ടുതന്നെ വ്യക്തിപരമായി ഏറ്റവും അടുത്ത് പ്രവർത്തിച്ചിരുന്ന സഖാവായിരുന്നു എ വി ബാബു. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞും ഇടപെട്ടും രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു. ഏത് സന്നദ്ധ പ്രവർത്തനത്തിന്റെയും മുൻപന്തിയിൽ സഖാവുണ്ടാവും. സഹകരണമേഖലയിൽ തലയെടുപ്പോടെ പ്രവർത്തിക്കുന്ന സ്റ്റെംസ് സഹകരണ കോളേജിന് ഭൂമി കണ്ടെത്തുന്നതിനും യാഥാർഥ്യമാക്കുന്നതിലും ബാബു വഹിച്ച നേതൃപരമായ പങ്ക് ആർക്കും മറക്കാനാവില്ല.ഏൽപ്പിച്ച ചുമതലകളെല്ലാം കുറ്റമറ്റ നിലയിൽ പൂർത്തിയാക്കണമെന്നതിൽ നിർബന്ധമുള്ള സഖാവായിരുന്നു ബാബു.

ബാബുവിനെക്കുറിച്ച് പറയുമ്പോള്‍ എടുത്തു പറയേണ്ടത് പാചകകലയിലുള്ള സഖാവിന്റെ വൈദഗ്ധ്യമാണ്. തളിപ്പറമ്പിലെത്തുന്ന എല്ലാ പ്രധാനപ്പെട്ട നേതാക്കൾക്കും, പാർടി/ബഹുജനസംഘടനാ ജാഥകളിലെ അംഗങ്ങള്‍ക്കും കാലങ്ങളായി ഭക്ഷണമൊരുക്കിയത് സഖാവിന്റെ നേതൃത്വത്തിലായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി മുതലിങ്ങോട്ട് എല്ലാ നേതാക്കളും സഖാവിന്റെ രുചിവൈഭവം നേരിട്ട് അറിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു ബഹുമുഖ പ്രതിഭയായിരുന്നു സഖാവ്. എല്ലാ പ്രതിസന്ധി ഘട്ടത്തിലും പാർടിയോടൊപ്പം ഉറച്ചുനിന്ന് പ്രസ്ഥാനത്തെ മുന്നോട്ടുനയിച്ച ഊർജസ്വലനായ യുവനേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. മരണവിവരം അറിഞ്ഞയുടൻ തന്നെ ആശുപത്രിയിലെത്തി അന്ത്യാഭിവാദ്യം അർപ്പിച്ചിരുന്നു. ബാബുവിന്റെ കുടുംബത്തിന്‍റെയും നാടിന്‍റെയും ദുഖത്തിൽ പങ്കുചേരുന്നു, ആദരാഞ്ജലി അർപ്പിക്കുന്നു. 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.