Skip to main content

ജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള എല്ലാ ശ്രമവും പാർടിയുടെയും നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടാകും

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരികയും പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരികയും ചെയ്തിരിക്കുകയാണല്ലോ. മൂന്നാമതും കൂട്ടുകക്ഷി സർക്കാരുണ്ടാക്കി അധികാരത്തിൽ വരാൻ കഴിഞ്ഞെങ്കിലും തനിച്ച് ഭൂരിപക്ഷം നേടുന്നതിൽ ബിജെപി പരാജയപ്പെട്ടു. അതായത്, ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം നേടുന്നതിൽ സിപിഐ എം ഉൾപ്പെടെയുള്ള മതനിരപേക്ഷ കൂട്ടായ്മ നടത്തിയ ശ്രമം ഒരുപരിധിവരെ വിജയിച്ചു. അതിനാവശ്യമായ ആശയപരിസരം ഒരുക്കുന്നതിലും ഓരോ സംസ്ഥാനത്തെയും സാഹചര്യം നോക്കി ബിജെപിയുടെ സീറ്റ് പരമാവധി കുറയ്ക്കുകയെന്ന അടവുനയം മുന്നോട്ടുവയ്‌ക്കുന്നതിലും സിപിഐ എം കാര്യമായ പങ്കുവഹിച്ചു.

എന്നാൽ, ആ വിജയം കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമാക്കുന്നതിൽ പാർടിക്ക് വിജയിക്കാനായില്ല. ഇത് എന്തുകൊണ്ടാണെന്ന പരിശോധന ജൂൺ മൂന്നാംവാരത്തിൽ അഞ്ചു ദിവസം നീണ്ട പാർടി സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും പരിശോധിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും ഈ യോഗത്തിൽ പങ്കെടുത്തു. ഉള്ളുതുറന്ന ചർച്ചയാണ് യോഗത്തിൽ ഉണ്ടായത്. വിമർശ, സ്വയം വിമർശമെന്ന തത്വത്തിൽ അധിഷ്ഠിതമായ ഗൗരവമേറിയ ചർച്ചയാണ് നടന്നത്. തുടർന്ന് എല്ലാ ജില്ലാ സെക്രട്ടറിയറ്റും ജില്ലാ കമ്മിറ്റിയും തെരഞ്ഞെടുപ്പുഫലവും പ്രവർത്തനവും വിലയിരുത്തി. ഈമാസം 28 മുതൽ 30 വരെ ഡൽഹിയിൽ പാർടി കേന്ദ്ര കമ്മിറ്റി ചേരുന്നുണ്ട്. അതിനുശേഷം ജൂലൈ രണ്ടുമുതൽ നാലുവരെ നാല്‌ മേഖലാ യോഗങ്ങൾ നടക്കും. ഈ യോഗങ്ങളിൽ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പങ്കെടുക്കും. തുടർന്ന് ജില്ലാ കേന്ദ്രങ്ങളിൽ വിവിധ മേഖലകളാക്കി തിരിച്ച് കാര്യങ്ങൾ വിശദീകരിക്കും. ലോക്കൽ തലത്തിലും വിപുലമായ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ച് ജനങ്ങളോട് സംവദിക്കും. ബൂത്തുതല പരിശോധനയും നടത്തും. തെരഞ്ഞെടുപ്പിൽ കനത്ത പരാജയമുണ്ടായെന്ന്‌ സമ്മതിക്കുന്നതിൽ ഒരു വൈമുഖ്യവും സിപിഐ എമ്മിന്‌ ഇല്ല.

കടുത്ത സാമ്പത്തിക പരാധീനതകൾക്കിടയിലും ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയതിനാൽ ജയിക്കുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാൽ, അത്‌ ഉണ്ടായില്ലെന്നു മാത്രമല്ല, തിരിച്ചടി ഉണ്ടാകുകയും ചെയ്തു. തൃശൂരിൽ ബിജെപി ജയിക്കുമെന്ന് ഒരു വേളയിൽപ്പോലും കരുതിയില്ല. അതും സംഭവിച്ചു. മൊത്തം പരാജയത്തേക്കാൾ അപകടകരമാണ് തൃശൂരിലെ ബിജെപിയുടെ വിജയം. ഈയൊരു പശ്ചാത്തലത്തിലാണ് സിപിഐ എമ്മിന്റെ എല്ലാ ഘടകങ്ങളും തുറന്ന ചർച്ച നടത്തുന്നത്.

ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ പാർടിയും സർക്കാരും തിരുത്തേണ്ട എന്തൊക്കെ കാര്യങ്ങളുണ്ടോ അതൊക്കെ തിരുത്തുകതന്നെ ചെയ്യും. എന്തെല്ലാം മാറേണ്ടതുണ്ടോ അതെല്ലാം മാറ്റും. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ. അതുകൊണ്ടുതന്നെ അവർ നൽകിയ മുന്നറിയിപ്പ് സിപിഐ എമ്മിന് അവഗണിക്കാനാകില്ല. പെൻഷനും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും നൽകുന്നതിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും ബോധപൂർവം നൽകാതിരുന്നതല്ല. കേന്ദ്ര സർക്കാർ നൽകേണ്ടതും അനുവദിക്കേണ്ടതും തടഞ്ഞതിനാലാണ്‌ പ്രതിസന്ധിയുണ്ടായത്‌. വീണ്ടും മോദി തന്നെ അധികാരത്തിൽ വന്നതിനാൽ ഈ പ്രതിസന്ധി തുടരാനാണ് സാധ്യത. കേരളത്തിലെ യുഡിഎഫ്‌ ആകട്ടെ ഇക്കാര്യത്തിൽ മോദിക്ക് ഒപ്പവുമാണ്. അതിനാൽ സർക്കാരിന്റെ പ്രവർത്തനത്തിന് മുൻഗണനാക്രമം നിശ്ചയിച്ച് മുന്നോട്ടു പോകേണ്ടിവരും. സർക്കാർ ആദ്യം പരിഗണിക്കേണ്ടത് ഏതെന്ന് നിശ്ചയിക്കുമ്പോൾ ഏറ്റവും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ആദ്യം നൽകാൻ കഴിയണം. ഇക്കാര്യത്തിൽ പാർടിയും സർക്കാരും യോജിച്ച് മുന്നോട്ടുപോകും. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയാണെന്നും ജീവനക്കാരുടെയും അധ്യാപകരുടെയും എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നും കഴിഞ്ഞദിവസം ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുകയുണ്ടായി.

ലോക്‌‌സഭാ തെരഞ്ഞെടുപ്പിൽ മിക്കവാറും സംഭവിക്കുന്നതുപോലെ ഇക്കുറിയും യുഡിഎഫിനാണ് കേരളത്തിൽ കൂടുതൽ സീറ്റ്‌ ലഭിച്ചത്. ഇതിന് പ്രധാന കാരണം ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ‘ഇന്ത്യ കൂട്ടായ്മ’യുടെ ലക്ഷ്യം നേടാൻ കോൺഗ്രസിനെ ജയിപ്പിക്കുന്നതല്ലേ നല്ലതെന്ന ധാരണ ജനങ്ങളിൽ ഉണ്ടായതാണ്. പ്രതിപക്ഷ സർക്കാർ രൂപീകരിക്കുന്നപക്ഷം അതിന്റെ നേതൃത്വം കോൺഗ്രസിന്‌ ആയിരിക്കില്ലേ എന്ന ചിന്തയാണ് ഇതിന്‌ അടിസ്ഥാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇതുതന്നെയാണ് സംഭവിച്ചത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത്‌ ഈ ധാരണ പരത്താൻ യുഡിഎഫ് ആയുധമാക്കുകയും ചെയ്തു.

എന്നാൽ, ഇതേ കോൺഗ്രസും യുഡിഎഫും സഹായിച്ചതിനാലാണ് തൃശൂരിൽ ബിജെപി സ്ഥാനാർഥി വിജയിക്കാൻ കാരണമായത്‌ എന്നതാണ് വസ്തുത. ബിജെപി തൃശൂരിൽ വിജയിച്ചുവെന്നത് മാത്രമല്ല, അവരുടെ വോട്ട് ശതമാനം വർധിക്കുകയുംചെയ്തു. തൃശൂരിൽ 74, 686 വോട്ടിനാണ് ബിജെപി ജയിച്ചത്. കോൺഗ്രസിന് ഇവിടെ 86,000 വോട്ട് കുറഞ്ഞു. ബിജെപി 10 ശതമാനം വോട്ട് വർധിപ്പിച്ചപ്പോൾ കോൺഗ്രസിന് 9.92 ശതമാനം വോട്ട് കുറഞ്ഞു. കോൺഗ്രസിനു പിന്നിൽ അണിനിരന്ന ക്രിസ്ത്യൻ ജനവിഭാഗം ബിജെപിക്ക്‌ അനുകൂലമായി നീങ്ങിയതാണ് ബിജെപിയുടെ വിജയത്തിനു കാരണമായത്. ഇതിനുംപുറമെയാണ് പരമ്പരാഗത കോൺഗ്രസ് വോട്ടും ബിജെപിക്ക് അനുകൂലമായി ചോർന്നത്.

മതം, ജാതി, സ്വത്വവാദ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ സഹായിച്ചു. ഇസ്ലാം രാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മുസ്ലിംലീഗും യുഡിഎഫും ഒരു മുന്നണിയായാണ് ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ കക്ഷികൾ ചില മണ്ഡലങ്ങളിൽ പ്രത്യേകമായി മത്സരിക്കാറുണ്ടെങ്കിലും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ കക്ഷികളെല്ലാം ഒരു മുന്നണിപോലെയാണ് പ്രവർത്തിച്ചത്. ഈ ന്യൂനപക്ഷ വർഗീയ മുന്നണിയെ ചൂണ്ടിക്കാട്ടി ഭൂരിപക്ഷ വർഗീയത വളർത്തിയെടുക്കാൻ ബിജെപിയും ശ്രമിച്ചു. ഈ വസ്തുത മറച്ചുപിടിക്കാനാണ് മതനിരാസമാണ് സിപിഐ എമ്മിന്റെ മുഖമുദ്രയെന്ന പ്രസ്താവനയുമായി പാണക്കാട് സാദിഖലി ശിഹാബ്‌ തങ്ങൾ രംഗത്തുവന്നത്. മതനിരോധനത്തെ ഒരുകാലത്തും പിന്തുണയ്‌ക്കാത്ത പാർടിയാണ് സിപിഐ എം. ഏതു മതത്തിൽ വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ജനങ്ങൾക്ക് ഉറപ്പുവരുത്തണമെന്നാണ് സിപിഐ എമ്മിന്റെ പാർടി പരിപാടി പറയുന്നത്.

അതോടൊപ്പം ക്രിസ്ത്യൻ,- മുസ്ലിം സ്പർധ വളർത്തി ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ട് നേടാനും ബിജെപി ശ്രമിച്ചു. ഒരേസമയം ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും വളർത്തി വോട്ട് നേടുകയെന്ന അത്യന്തം അപകടകരമായ നീക്കമാണ് ബിജെപി നടത്തിയത്. മണിപ്പുരിനെ കുരുതിക്കളമാക്കിയത് ഇതേ ബിജെപിയാണെന്ന് മറന്നുപോകരുത് എന്നുമാത്രമേ ബിജെപിയുടെ കെണിയിൽ വീഴുന്നവരോട് പറയാനുള്ളൂ. ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളിയെ പോലുള്ളവരും പ്രവർത്തിച്ചു. രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതിൽ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്പ്പെട്ടു തുടങ്ങിയ പ്രസ്താവനകൾ ഈ ദിശയിലുള്ളതാണ്. "പലമതസാരവുമേകം’ എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച ഗുരുദർശനം തന്നെയാണോ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടേതെന്ന് ശ്രീനാരായണ ഗുരുദർശനം പിന്തുടരുന്നവർ ആലോചിക്കണമെന്നാണ് പറയാനുള്ളത്.

ഇനി മറ്റൊരു കാര്യംകൂടി വ്യക്തമാക്കാം. തെരഞ്ഞെടുപ്പുകാലത്ത് ഏതാനും വോട്ട് നേടാനുള്ള നയത്തിന്റെ ഭാഗമായല്ല ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐ എം കാണുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്താനുള്ള സമരത്തിന്റെ മർമപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ. അതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമത്തെയും ഏക സിവിൽ കോഡിനെയും സിപിഐ എം എതിർക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുമോ, ഭൂരിപക്ഷ വോട്ട് നഷ്ടപ്പെടുമോ എന്നുനോക്കിയുള്ള അവസരവാദ സമീപനത്തിന്റെ ഭാഗമല്ല അത്. ഇന്ത്യൻ റിപ്പബ്ലിക്കും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐ എം കാണുന്നത്. ഈ നിലപാട് ആരെങ്കിലും തെറ്റായി മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ആ തെറ്റിദ്ധാരണ തിരുത്താൻ സിപിഐ എം ശ്രമിക്കും. ജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള എല്ലാ ശ്രമവും പാർടിയുടെയും നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടാകും. തെറ്റുകൾ ജനങ്ങളോട് ഏറ്റുപറഞ്ഞ് അവരുടെ വിശ്വാസം നേടി തിരിച്ചുവരിക എന്നതാണ് സിപിഐ എമ്മിന്റെ തീരുമാനം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.