Skip to main content

ഗാസ അധിനിവേശത്തിന്റെ ഒന്നാം വാർഷികദിനമായ ഒക്ടോബർ 7 ന് ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ എല്ലാവരും അണിചേരണമെന്ന് അഭ്യർഥിക്കുന്നു

ഹമാസ് നടത്തിയ ആക്രമണം കരുവാക്കി ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യായുദ്ധത്തിന് ഈ മാസം ഏഴാംതീയതി ഒരു വർഷം പൂർത്തിയാകുകയാണ്. ഹമാസിനെ പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം ആരംഭിച്ചതെങ്കിലും ഒരു വർഷമായിട്ടും ഇസ്രയേലിന് അതിന്‌ കഴിഞ്ഞിട്ടില്ല. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കുന്നതിലും നെതന്യാഹു സർക്കാർ പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് പശ്ചിമേഷ്യയെയാകെ യുദ്ധത്തിലേക്ക് ഇസ്രയേൽ വലിച്ചിഴയ്‌ക്കുന്നത്. ലബനനുനേരേ നടത്തിയ ആക്രമണവും ഹിസ്ബുള്ള സെക്രട്ടറി ജനറൽ നസറള്ളയെ വധിച്ചതും ഇറാൻ, സിറിയ, യെമൻ, ഇറാഖ് എന്നീ രാജ്യങ്ങളിൽ അധിനിവേശം നടത്തുന്നതും ഇതിന്റെ ഭാഗമാണ്. അമേരിക്ക നൽകുന്ന ഉറച്ച പിന്തുണയുടെ ബലത്തിലാണ് ഇസ്രയേലിന്റെ അഴിഞ്ഞാട്ടം.
ലബനനുനേരേ നടത്തിയ ആക്രമണവും ഹസൻ നസറള്ളയുടെ വധവുമാണ് യുദ്ധത്തിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കിയത്. തെക്കൻ ലബനനിൽ നടത്തിയ വ്യോമാക്രമണങ്ങളും ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമാക്കി നടത്തിയ പേജർ, വാക്കിടോക്കി ആക്രമണങ്ങളും യുദ്ധമുഖം വിപുലമാക്കുക എന്ന ഇസ്രയേലി തന്ത്രത്തിന്റെ ഭാഗമായിരുന്നു. അമേരിക്കൻ നിർമിത വിമാനമായ എഫ് - 35 ഉപയോഗിച്ച് നടത്തിയ ബങ്കർ വേധ ബോംബുകളാണ് (ഇതും അമേരിക്ക നിർമിച്ചതാണ്) നസറള്ളയെ വധിക്കാൻ ഉപയോഗിച്ചത്. ചില പ്രത്യേകലക്ഷ്യങ്ങൾ നേടാനായി പരിമിതമായ തോതിൽ ലബനനുനേരേ കരയുദ്ധം ആരംഭിക്കുമെന്ന് ചൊവ്വാഴ്ചയാണ് ഇസ്രയേൽ പ്രഖ്യാപിച്ചത്. ഇസ്രയേൽ ആർമി ജനറൽ ഹെർസി ഹലേവി കരയുദ്ധത്തിന് തയ്യാറെടുക്കാൻ സൈനികരോട് ആവശ്യപ്പെടുകയും ലബനൻ അതിർത്തിയിൽ വൻതോതിൽ സൈനികരെ വിന്യസിക്കുകയും ചെയ്തു. ലബനൻ ഒരു രാഷ്ട്രമല്ലെന്നും അതിനാൽ ആ ഭൂപ്രദേശം കൈവശപ്പെടുത്താൻ ഇസ്രയേലിന് അവകാശമുണ്ടെന്നുമാണ് ഇസ്രയേലി പ്രവാസി കാര്യാലയ മന്ത്രി അമിച്ചായി ചിക്കി ഹാററ്റസ് ദിനപത്രത്തോട് പറഞ്ഞത്. പശ്ചിമേഷ്യയിലെ തെമ്മാടി രാഷ്ട്രമാണ് ഇസ്രയേൽ എന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കങ്ങൾ. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിച്ച്‌ വിവിധ രാജ്യങ്ങളെ ആക്രമിക്കുകയും അവിടുത്തെ നേതാക്കളെയും സൈനികനേതൃത്വത്തെയും വധിക്കുകയും ചെയ്യുകയാണ് ഇസ്രയേൽ. ഹമാസിന്റെ മുഖ്യ അനുരഞ്‌ജകനായ ഇസ്മായിൽ ഹനിയയെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വച്ചാണ് ഇസ്രയേൽ വധിച്ചത്. പുതിയ ഇറാൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാൻ പോയ വേളയിലായിരുന്നു ഹനിയ കൊല്ലപ്പെട്ടത്. ബെയ്റൂട്ടിൽ വച്ച് നസറള്ളയും കൊല്ലപ്പെട്ടു. നേരത്തേ ബെയ്റൂട്ടിൽ വച്ചുതന്നെ ഹിസ്ബുള്ളയുടെ കമാൻഡർ ഫുവദ് ഷുക്കറിനെ വധിച്ചു. നസറള്ളയ്‌ക്കൊപ്പം ഹിസ്ബുള്ള തെക്കൻ മുന്നണി കമാൻഡറും ഇറാൻ റവല്യൂഷണറി ഗാർഡ് ജനറൽ അബ്ബാസ് നിൽഫൗറുഷാനും വധിക്കപ്പെട്ടു.

നസറള്ളയുടെ വധത്തോടെ ഹിസ്ബുള്ളയുടെ കഥ കഴിഞ്ഞു എന്ന ആഖ്യാനമാണ് ഇസ്രയേൽ സൃഷ്ടിക്കുന്നത്. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ആഖ്യാനമാണിത്. 1992ൽ ഹിസ്ബുള്ളയുടെ സ്ഥാപകരിലൊരാളും രണ്ടാം സെക്രട്ടറി ജനറലുമായ അബ്ബാസ് അൽ മുസാവിയെ ഇസ്രയേൽ വധിച്ചിരുന്നു. മുസാവിക്ക് പകരക്കാരനായി വന്ന നസറള്ള കഴിഞ്ഞ 32 വർഷം ഹിസ്ബുള്ളയെ നയിച്ചുവെന്നു മാത്രമല്ല രണ്ട് ഇസ്രയേൽ അധിനിവേശങ്ങളെ ചെറുത്തു നിൽക്കുകയും ചെയ്തു. ഹിസ്ബുള്ളയുടെ ശക്തമായ പ്രത്യാക്രമണങ്ങളെ തുടർന്ന് 18 വർഷത്തെ അധിനിവേശത്തിനുശേഷം 2000ൽ തെക്കൻ ലബനനിൽനിന്നും ഇസ്രയേൽ സേനയ്‌ക്ക് പിൻവാങ്ങേണ്ടി വന്നു. 2006 ലും ഹിസ്ബുള്ളയെ പരാജയപ്പെടുത്താനാകാതെ വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രയേലിന് പിൻവാങ്ങേണ്ടി വന്നു. മുൻ അനുഭവങ്ങളിൽനിന്നും ഇസ്രയേൽ ഒരു പാഠവും പഠിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ഹിസ്ബുള്ളയ്‌ക്കെതിരായ പുതിയ യുദ്ധനീക്കങ്ങൾ.

അമേരിക്കയുടെ സാമ്രാജ്യത്വ തന്ത്രങ്ങളാണ് ഇസ്രയേലും പശ്ചിമേഷ്യയിൽ പയറ്റുന്നത്. "സമാധാനം സ്ഥാപിക്കാനായി ആക്രമണം’ എന്ന അമേരിക്കൻ വായ്ത്താരി തന്നെയാണ് ഇസ്രയേലും നടത്തുന്നത്. കടുത്ത ആക്രമണം നടത്തി ശത്രുവിനെ വരുതിയിലാക്കാം എന്നതാണ് ഈ തന്ത്രം. എന്നാൽ ചരിത്രം നൽകുന്ന പാഠം മറ്റൊന്നാണ്. അമേരിക്ക പയറ്റിയ ഈ തന്ത്രം അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലിബിയയിലും സിറിയയിലും പരാജയപ്പെടുകയായിരുന്നു. ഇസ്രയേലിന്റെ ഗതിയും ഇതുതന്നെയായിരിക്കും. ഹിസ്ബുള്ളയുടെ സൈനികശേഷി നശിപ്പിച്ച് ഇസ്രയേൽ അതിർത്തി പ്രദേശങ്ങളിൽനിന്നും അവരെ മാറ്റുക എന്ന ലക്ഷ്യം എളുപ്പം നേടാനാകില്ലെന്നർഥം.

ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഹിസ്ബുള്ളയും ഹമാസും ഹൂതികളും നിലംപരിശായെന്നും അതോടെ അവർക്ക് പിന്തുണ നൽകുന്ന ഇറാനും ദുർബലമായെന്നുമാണ് ഇസ്രയേൽ ധരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇറാനെതിരെ സൈനികാക്രമണത്തിന് ഇസ്രയേൽ തയ്യാറെടുക്കുന്നത്. ഇറാന്റെ ആണവകേന്ദ്രവും ആക്രമിക്കുമെന്നാണ് ഭീഷണി. ഇറാനിൽ ഭരണമാറ്റം നടത്തി പശ്ചിമേഷ്യയുടെ രാഷ്ട്രീയഭൂപടം മാറ്റി വരയ്‌ക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞദിവസം അവകാശപ്പെട്ടത്. ഇതുവഴി മേഖലയിൽ ആധിപത്യം നേടാനാകുമെന്നാണ് ഇസ്രയേൽ പ്രതീക്ഷിക്കുന്നത്. ഇസ്രയേലിന്റെ അധിനിവേശത്തെ തടയാനും സ്വന്തം സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കാനും ലക്ഷ്യമിട്ട് ഇറാൻ 180 ഓളം മിസൈലുകളാണ് കഴിഞ്ഞ ദിവസം അയച്ചത്. ഇത് രണ്ടാം തവണയാണ് ഇറാൻ ഇസ്രയേലിനു നേരേ മിസൈലാക്രമണം നടത്തുന്നത്.

പശ്ചിമേഷ്യയിലെ അരഡസനോളം രാജ്യങ്ങളെ ആക്രമിക്കാൻ ഇസ്രയേലിന് ധൈര്യം ലഭിക്കുന്നത് അമേരിക്കയും ബ്രിട്ടനും മറ്റിതര പാശ്ചാത്യശക്തികളും നൽകുന്ന പിന്തുണ ഒന്നുകൊണ്ടു മാത്രമാണ്. സംഘർഷം മൂർച്ഛിക്കുന്ന ഓരോഘട്ടത്തിലും ഇസ്രയേലിന് പിന്തുണ നൽകുന്നത് അമേരിക്കയാണ്. രണ്ടാം ലോക യുദ്ധത്തിനുശേഷം അമേരിക്ക ഏറ്റവും കൂടുതൽ സൈനികസഹായം നൽകിയ രാജ്യം ഇസ്രയേലാണ്. 12400 കോടി ഡോളറിന്റെ സഹായമാണ് അമേരിക്ക നൽകിയത്. 2016ന് ശേഷം ഇസ്രയേലിന് വർഷം തോറും 360 കോടി ഡോളർ സൈനിക സഹായം ലഭിച്ചു വരികയാണ്. ഗാസയിൽ ആക്രമണം ആരംഭിച്ച വേളയിൽ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ കൂടുതൽ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ഇസ്രയേലിന് വാഗ്ദാനം ചെയ്യുകയുണ്ടായി. ഗാസയിൽ 42000 പേരേയും (ആരോഗ്യ പ്രസിദ്ധീകരണമായ ലാൻസറ്റിന്റെ കണക്കനുസരിച്ച് 85000 പേർ കൊല്ലപ്പെട്ടു) ലബനനിൽ ആയിരത്തിലധികം പേരേയും വധിച്ചതിനെതിരെ ഐക്യരാഷ്‌ട്ര സംഘടനയും ലോകരാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും ശക്തമായ പ്രതിഷേധം ഉയർത്തുന്ന വേളയിലും 350 കോടി ഡോളറിന്റെ സഹായം അമേരിക്കൻ നിർമിത ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാനായി ജോ ബൈഡൻ സർക്കാർ നൽകി. കഴിഞ്ഞ ഒരു വർഷം മാത്രം ഇസ്രയേൽ സൈനിക ശേഷി വർധിപ്പിക്കാനായി അമേരിക്ക 14 ബില്യൺ ഡോളറാണ് നൽകിയത്. ഇറാൻ മിസൈൽ നശിപ്പിക്കുന്നതിന് ഇസ്രയേലുമായി ചേർന്ന് പ്രവർത്തിക്കുകയാണ് അമേരിക്കൻ സേന. ഇറാഖിലും മറ്റുമുള്ള അമേരിക്കയുടെ സൈനിക ത്താവളങ്ങളിൽ 43000 സൈനികരെ എന്തിനും തയ്യാറാക്കി നിർത്തിയിട്ടുമുണ്ട്. ഇറാനിയൻ മിസൈലുകളെ തടയാൻ ഇസ്രയേൽ സേനയുമൊത്ത് പ്രവർത്തിക്കുന്നതിൽ നേതൃപരമായ പങ്ക് തന്നെ അമേരിക്കൻ സേന വഹിച്ചതായി അവർ തന്നെ വെളിപ്പെടുത്തുകയുണ്ടായി. ബ്രിട്ടനും സമാനമായ പ്രസ്താവനയുമായി രംഗത്തെത്തി. ഇതേ അമേരിക്കയാണ് സംഘർഷം ലഘൂകരിക്കാനും വെടിനിർത്തലിനുമായി പ്രവർത്തിക്കുകയാണെന്ന് പറയുന്നത്. തനി കാപട്യമല്ലാതെ മറ്റൊന്നുമല്ല ഇത്.

പലസ്തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്ന മുൻനയത്തിൽനിന്നും മോദി സർക്കാർ പ്രകടമായി പിൻവാങ്ങുന്നതാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും വിശ്വസ്ത നയതന്ത്ര പങ്കാളിയാണ് ഇപ്പോൾ ഇന്ത്യ. എല്ലാ അധിനിവേശ പ്രദേശങ്ങളിൽനിന്നും ഇസ്രയേൽ ഒരു വർഷത്തിനകം പിന്മാറണമെന്ന യുഎൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു ഇന്ത്യ. വിദേശരാജ്യങ്ങളിലെ സൈനിക നേതൃത്വത്തെ കൊല ചെയ്ത ഇസ്രയേൽ നടപടിയെക്കുറിച്ച് മോദി സർക്കാർ മൗനം പാലിക്കുകയാണ്. നെതന്യാഹുവുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ഭീകരവാദത്തെ അപലപിച്ച മോദി, ഗാസയിലും ലബനനിലും ഇസ്രയേൽ നടത്തുന്ന വംശഹത്യായുദ്ധത്തെക്കുറിച്ച് പരാമർശിക്കാൻപോലും ധൈര്യം കാട്ടിയില്ല. പേജർ, വാക്കിടോക്കി ബോംബാക്രമണങ്ങളെ അപലപിക്കുന്നതിനു പകരം "മാസ്റ്റർസ്ട്രോക്ക് ’ എന്ന് പറഞ്ഞ് പ്രകീർത്തിക്കാനാണ് ഇന്ത്യൻ ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി തയ്യാറായത്. ഇതിനുംപുറമെ ഇന്ത്യൻ നിർമിത ഡ്രോണുകളും യുദ്ധസാമഗ്രികളും യഥേഷ്ടം ഇന്ത്യ ഇസ്രയേലിലേക്ക് കപ്പൽമാർഗം കയറ്റി അയക്കുകയുമാണ്. അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട ഇന്ത്യ അധിനിവേശം നടത്തുന്നവരുടെ കൂടെയാണിപ്പോൾ. ഇത് പ്രതിഷേധാർഹമാണ്. ഇസ്രയേലിന്റെ കടന്നാക്രമണങ്ങൾ ലോകസമാധാനത്തിനാണ് ഭീഷണി ഉയർത്തുന്നത്. എണ്ണ മേഖലയിലുണ്ടാകുന്ന യുദ്ധം ലോക ജനതയുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കും. അതിനാൽ ഈ യുദ്ധനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഗാസ അധിനിവേശത്തിന്റെ ഒന്നാം വാർഷികദിനമായ ഒക്ടോബർ ഏഴിന് ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ എല്ലാവരും അണിചേരണമെന്ന് അഭ്യർഥിക്കുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.