യാക്കോബായ സഭയുടെയും സമൂഹത്തിന്റെയാകെയും ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിച്ച വലിയ ഇടയനാണ് യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ. പ്രതിസന്ധി ഘട്ടത്തിൽ സഭയെ ഒരുമിപ്പിച്ച് ചേർത്തുപിടിക്കാൻ അദ്ദേഹത്തിനായി. യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനമായ പുത്തൻകുരിശിലെ പാത്രിയാർക്കീസ് സെന്ററടക്കം നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ധ്യാന കേന്ദ്രങ്ങൾ, മിഷൻ സെന്ററുകൾ, പള്ളികൾ, വിദ്യാലയങ്ങൾ എന്നിവയെല്ലാം ബാവയുടെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്.
ജീവിതംകൊണ്ടും ആശയംകൊണ്ടും പകരം വെക്കാനില്ലാത്ത നേതൃത്വമാണ് ബാവയുടെ നിര്യാണത്തോടെ യാക്കോബായ സുറിയാനി സഭയ്‌ക്ക് നഷ്ടമാകുന്നത്. സഭയുടെ അവകാശങ്ങൾ നേടിയെടുക്കാൻ വിശ്രമരഹിതമായ പ്രവർത്തനങ്ങളാണ് തന്റെ പൗരോഹിത്യ ജീവിതത്തിലുടനീളം അദ്ദേഹം നടത്തിയത്. പ്രതികൂല സാഹചര്യങ്ങളെ ആത്മസമർപ്പണത്തോടെ സധൈര്യം നേരിടാൻ അദ്ദേഹത്തിന് സാധിച്ചു. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരുമായി ആഴത്തിലുള്ള സൗഹൃദം പുലർത്താനും അദ്ദേഹത്തിനായിരുന്നു. യാക്കോബായ സഭയ്‌ക്ക് നികത്താനാകാത്ത വിടവാണുണ്ടായിരിക്കുന്നത്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ ഒപ്പംചേരുന്നു.