ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ. കേവലം 54 വർഷത്തെ ഹ്രസ്വവും അതേസമയം പോരാട്ടമുഖരിതവും സംഭവബഹുലവുമായ ആ ജീവിതം ലോകമെമ്പാടുമുള്ള മനുഷ്യരുടെ വിമോചന സ്വപ്നങ്ങൾക്ക് ഇന്ധനമാണ്. റഷ്യൻ വിപ്ലവത്തിന് ലെനിൻ നൽകിയ നേതൃത്വവും അനുഭവവും വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ഇന്നും വഴിവെളിച്ചമാണ്. മനുഷ്യ സമൂഹത്തിന് മേലുള്ള എല്ലാവിധ അടിച്ചമർത്തലുകളും അവസാനിക്കണമെന്നതായിരുന്നു ലെനിന്റെ നിലപാട്. മാർക്സിസത്തെ സൈദ്ധാന്തികവും പ്രായോഗികവുമായി വികസിപ്പിക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്വം നിർവഹിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മുതലാളിത്തത്തിനെതിരെയും വർഗീയതയ്ക്കെതിരെയും നടക്കുന്ന പോരാട്ടങ്ങൾക്ക് ലെനിന്റെ സ്മരണകൾ നൽകുന്ന വെളിച്ചം അത്രമേൽ വിപ്ലവാത്മകമാണ്.
