Skip to main content

ഇന്ത്യ എവിടേക്കാണ് പോകുന്നത് ?

ഇന്ത്യ എവിടേക്കാണ് പോകുന്നത് ? ഉൽക്കണ്ഠാജനകമായ ഈ ചോദ്യത്തിനുള്ള ആപൽക്കരമായ മറുപടിയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തെ മുറിവേൽപ്പിക്കുന്ന നിലപാടുകൾ. തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ ആലോചിച്ചുറപ്പിച്ച് ഇറക്കിയ വീഡിയോയിലാണ് കേരളത്തെ അധിക്ഷേപിക്കുന്ന പരാമർശം യോഗി നടത്തിയത്. ദേശീയതലത്തിൽത്തന്നെ ബിജെപിക്ക്‌ ആശയപരമായും ബദൽഭരണ നടപടികളിലൂടെയും വെല്ലുവിളി ഉയർത്തുന്ന കരുത്തുറ്റ പ്രസ്ഥാനമാണ് സിപിഐ എമ്മും എൽഡിഎഫും. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷാദികളുടെയും പിന്തുണയോടെ യോഗി കേരളത്തെ കടന്നാക്രമിക്കുന്നത്. സമാധാനമായി കഴിയുന്ന ഈ വികസിതനാടിനെ ഭീകരദേശമായി ചിത്രീകരിക്കുകയും ബിജെപിയെ ജയിപ്പിച്ചില്ലെങ്കിൽ യുപി കേരളമാകുമെന്ന ഭീതിപ്പെടുത്തലുമാണ്‌ യോഗി നടത്തിയത്. ആധുനികകാലത്തിന്റെ തിളക്കമായി കേരളം മാറിയതും ഇവിടത്തെ സാമൂഹ്യ–വികസന പുരോഗതിയും ചൂണ്ടിക്കാട്ടി യോഗിയുടെ നിലപാടുകളുടെ പൊള്ളത്തരം മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നുകാട്ടിയിരുന്നു. മതനിരപേക്ഷ പുരോഗമന പക്ഷത്തുള്ളവരെല്ലാം യോഗിയെ തള്ളുകയും ചെയ്തു.
കേരളത്തിന്റെ പുരോഗതി എണ്ണിപ്പറഞ്ഞുകൊണ്ട് സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ് യോഗിക്ക് മറുപടി നൽകുകയും ചെയ്തു. പക്ഷേ, ഇതൊന്നും ചെവിക്കൊള്ളാനല്ല, തന്റെ നിലപാട് ആവർത്തിക്കാനാണ് യോഗി തയ്യാറായിരിക്കുന്നത്. കേരളത്തിലെ സർക്കാരിന്റെ കുഴപ്പം താൻ വിളിച്ചുപറയുകയാണെന്നും ശരിഅത്തല്ല ഇന്ത്യൻ ഭരണഘടനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളക്കരയെ അധിക്ഷേപിച്ചതിൽ യോഗിക്കൊരു ഖേദവുമില്ല. യഥാർഥത്തിൽ യോഗിക്ക് മാത്രമല്ല, പ്രധാനമന്ത്രിമുതൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കുവരെ കേരളമെന്നാൽ ചതുർഥിയാണ്. ഇന്ത്യക്ക്‌ മാതൃകയായ ഭരണം നടത്തുന്ന എൽഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നൂറുജൻമം ജനിച്ചാലും ഇക്കൂട്ടർക്ക് കഴിയില്ല. ഇന്ത്യൻ ഭരണഘടനയെയും ശരിഅത്തിനെയും പറ്റിയുള്ള പരാമർശം ഹിജാബ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ അക്രമരാഷ്ട്രീയത്തെ തുണയ്ക്കുന്നതാണ്.

ശിരോവസ്‌ത്രം ധരിച്ചതിന് കർണാടകത്തിൽ വിദ്യാർഥികളെ ക്ലാസിൽനിന്നോ വിദ്യാലയത്തിൽനിന്നോ വ്യാപകമായി പുറത്താക്കുകയാണ്. ഇതിനുവേണ്ടി കാവി ഷാൾ കഴുത്തിലിട്ട് സംഘപരിവാർ കലാപം നടത്തുകയാണ്. സ്‌കാർഫ് ധരിച്ചുവന്നവരെ ആക്രമിക്കാൻ തുനിയുകയും ചെയ്തു. കർണാടകത്തിലെ ബിജെപി ഭരണം അക്രമികൾക്ക് ഒത്താശ ചെയ്യുന്നു. ബിജെപി ഭരണമുള്ള മധ്യപ്രദേശിൽ ഹിജാബിനെതിരെ വിദ്വേഷ പ്രകടനങ്ങൾ നടന്നു. ഉത്തരാഖണ്ഡിലെ ബിജെപി മുഖ്യമന്ത്രിയാകട്ടെ വീണ്ടും ഭരണംകിട്ടിയാൽ സംസ്ഥാനത്ത് വേഷത്തിൽ മാത്രമല്ല, വ്യക്തിനിയമംതന്നെ മാറ്റിമറിച്ച് ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് ഭീഷണിപ്പെടുത്തി. ശിരോവസ്‌ത്ര പ്രശ്നം പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായി. ഇത്രയൊക്കെ ആയിട്ടും പ്രധാനമന്ത്രി നീണ്ട മൗനത്തിലാണ്. ഇത് ഹിന്ദുത്വ വർഗീയ കോമരങ്ങളുടെ അക്രമങ്ങളെ പ്രോൽസാഹിപ്പിക്കലാണ്.


ഹിജാബ് വിരുദ്ധ കോലാഹലം രാജ്യത്ത് വ്യാപകമാക്കാൻ കേന്ദ്ര ഭരണകക്ഷിയും അവരെ പിന്താങ്ങുന്ന വർഗീയശക്തികളും കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോൾ കേരളം എങ്ങനെ പ്രതികരിക്കുന്നുവെന്നത് ലോകം കാണുന്നു. ഹിജാബ് വിവാദം രാജ്യത്തെ വിഭജിക്കുന്നതിനുള്ള അജൻഡയാണെന്ന് സിപിഐ എമ്മും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി 53 സ്‌കൂൾ കെട്ടിടം ഫെബ്രുവരി 10ന് പൂവച്ചലിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ആ സമ്മേളനത്തിൽ ഹിജാബ് ധരിച്ച വിദ്യാർഥിനികളുടെ പ്രാർഥനാഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഹിജാബ് വിരുദ്ധ വർഗീയവികാരമിളക്കാൻ സംഘപരിവാർ ശക്തികൾ ആക്രോശിച്ച് ഇറങ്ങുമ്പോഴാണ് കർമംകൊണ്ട് എൽഡിഎഫ് സർക്കാർ മറുപടി നൽകിയത്.

മാനവവികസനം പറഞ്ഞുകൊണ്ട് ബിജെപിക്ക്‌ ജയിക്കാൻ പറ്റില്ല. കാരണം, ആ മേഖലകളിലെല്ലാം ബിജെപി ഭരണം നാടിനെ പിന്നോക്കം തള്ളുകയാണ്. ഉത്തർപ്രദേശിൽ ജനസംഖ്യയുടെ 37.79 ശതമാനം ദരിദ്രരാണെന്ന്‌ നിതി ആയോഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കേരള ജനസംഖ്യയുടെ മൂന്നിരട്ടിയാണ്. അതായത് ഒമ്പത് കോടി പേർ. ഇന്ത്യയിൽ പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. 0.79 ശതമാനംമാത്രം. സംസ്ഥാനത്തെ അതീവ ദരിദ്രരെ കണ്ടെത്തി അവരെ കൈപിടിച്ചുയർത്താൻ പ്രത്യേക പരിപാടി രണ്ടാം പിണറായി സർക്കാർ നടപ്പാക്കുകയാണ്. അതിനുള്ള സർവേ പൂർത്തിയായി. ഇതിനകം കണ്ടെത്താനായത് ഒരുലക്ഷത്തിൽ താഴെ ആൾക്കാരെ മാത്രമാണ്. ഭരണംകൊണ്ട് പട്ടിണിയുടെ നരകം കെട്ടിപ്പൊക്കിയ ബിജെപി നേതാക്കളാണ് പട്ടിണി പൊതുവിൽ ഇല്ലാത്ത കേരളത്തെ അധിക്ഷേപിക്കുന്നത്.

അപ്പോൾ മാനവവികസന സൂചികകളിൽ മത്സരിക്കാൻ കഴിയാത്ത മോദിയും യോഗിയും കൂട്ടരും ജയിക്കാൻ ആശ്രയിക്കുന്നത് തീവ്രവർഗീയതയെയാണ്. യുപിയിലെ ജനസംഖ്യാനുപാതം ശരാശരി നോക്കിയാൽ ഹിന്ദുക്കൾ എൺപതും ന്യൂനപക്ഷം ഇരുപതും എന്നതാണ്. അതുകൊണ്ടാണ് വർഗീയത കുത്തിയിളക്കാൻ ശ്രമിക്കുന്നത്. ഇതിന് ഇന്ധനം പകരാനാണ് കർണാടകത്തിൽ ഹിജാബ് വേട്ട തുടങ്ങിയത്. ഇതിന്റെതന്നെ മറ്റൊരു രൂപമാണ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലി അർപ്പിച്ച ഷാരൂഖ്ഖാൻ മൃതദേഹത്തിൽ തുപ്പിയെന്ന വ്യാജപ്രചാരണവും വൈദ്യശാസ്‌ത്രമേഖലയിൽ ചരകശപഥം കൊണ്ടുവരുന്നതുമെല്ലാം.

ലോകം ആരാധിക്കുന്ന മഹാനടനാണ് ഷാരൂഖ്ഖാൻ. പകരം വയ്ക്കാനില്ലാത്ത വിശ്വനാദമായ ലതാ മങ്കേഷ്‌കർക്ക് പ്രണാമം അർപ്പിച്ചപ്പോൾ മാസ്‌ക്‌ മാറ്റി ഖുർആൻ വചനപ്രാർഥന നടത്തിയതിനെയാണ് തുപ്പൽ പ്രയോഗമായി ചിത്രീകരിച്ച് സംഘപരിവാർ പരത്തിയത്. ആധുനിക വൈദ്യശാസ്‌ത്രമേഖലയിൽ ബിരുദം നേടി ഇറങ്ങുന്നവർ ഇതുവരെ ഹിപ്പോക്രാറ്റിക് പ്രതിജ്ഞയാണ് എടുത്തിരുന്നത്. ഗ്രീക്ക് വൈദ്യശാസ്ത്ര പ്രതിഭയായ ഹിപ്പോക്രാറ്റസിന്റെ പേരിലുള്ള ഈ സത്യവാചകം 1948ൽ വേൾഡ് മെഡിക്കൽ അസോസിയേഷൻ, ജനറൽ അസംബ്ലി ജനീവയിൽ ചേർന്ന് രൂപം നൽകിയതാണ്. മനുഷ്യത്വത്തിനും നൈതികതയ്‌ക്കും രോഗികളുടെ സ്വകാര്യതയ്‌ക്കും ഊന്നൽ നൽകുന്നതാണ് ഇത്. പ്രായം, മതം, ദേശീയം, രാഷ്‌ട്രീയം ഇതൊന്നും നോക്കാതെ വിവേചനരഹിതമായി രോഗികളെ ചികിത്സിക്കാനുള്ള ബോധം പകരുന്നതാണ് ഈ പ്രതിജ്ഞ. ഇതിന് വലിയ അർഥമുണ്ട്. ജനീവ ഡിക്ലറേഷൻ പ്രകാരമുള്ള പ്രതിജ്ഞയ്ക്ക് പകരം ‘ചരകശപഥം’ ഏർപ്പെടുത്താനുള്ള നാഷണൽ മെഡിക്കൽ കമീഷൻ ശുപാർശ വകതിരിവില്ലാത്തതാണ്. ഇന്ത്യൻ ദർശനത്തിലെ ഭൗതികവാദ നിരയിലുള്ള ചിന്തകനാണ് ചരകൻ. പക്ഷേ, ആ ഭൗതികവാദത്തിലല്ല ശാസ്‌ത്രവിരുദ്ധതയിൽ ഊന്നിയതാണ് ചരക ശപഥം. കിഴക്ക് നോക്കി പ്രതിജ്ഞയെടുക്കണമെന്നതാണ് ഒരു നിർദേശം. ബ്രാഹ്മണ സ്‌തുതി വേറെ. സ്‌ത്രീയെ അവരുടെ ഭർത്താവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തിലേ പരിശോധിക്കാവൂയെന്നു പറയുന്നുണ്ട്. സ്‌ത്രീകളെ ഡോക്ടർ പരിശോധിക്കുമ്പോൾ മറ്റൊരു സ്‌ത്രീ അവിടെ ഉണ്ടാകണമെന്നതാണ് ഇന്നത്തെ വ്യവസ്ഥ. അതുമാറ്റി സ്‌ത്രീയുടെ ബന്ധുവായ പുരുഷനെ പരിശോധനയിലോ ചികിത്സയിലോ സാക്ഷിയാക്കണമെന്നത് സ്‌ത്രീവിരുദ്ധതയും സ്വകാര്യതാലംഘനവുമാണ്. ഇങ്ങനെ ചരകശപഥം ഇന്ത്യയുടെ മാനം ലോകത്തിന് മുന്നിൽ കെടുത്തുന്നതാണ്.

ഇപ്രകാരം നാനാവിധത്തിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി അധഃപതിപ്പിക്കുന്നതിനുള്ള അജൻഡ തീവ്രമായി നടപ്പാക്കുകയാണ് ബിജെപി ഭരണവും അവരുടെ തണലിൽ അക്രമാസക്തമായി സംഘപരിവാർ സംഘങ്ങളും. ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും അപമാനിക്കുകയെന്നത് കാവിക്കൂട്ടത്തിന്റെ സംഘടിത പ്രവർത്തനശൈലിയാണ്. ഇത്തരം പ്രവൃത്തികൾക്ക് കേരളത്തിന്റെ മണ്ണ് കിട്ടാത്തതിന്റെ അരിശമാണ് യോഗിയുടെ ആവർത്തിച്ചുള്ള കേരളവിരുദ്ധ വാചകമടിയിൽ തെളിയുന്നത്. ഒരു മുസ്ലിം സ്‌ത്രീയോ മറ്റുമതവിഭാഗത്തിൽപ്പെട്ടവരോ ഏത് വസ്‌ത്രം ധരിക്കണമെന്നും ശിരോവസ്‌ത്രം ധരിക്കണോ വേണ്ടയോ എന്നും തീരുമാനിക്കാനുള്ള അവകാശം അവർക്കുള്ളതാണ്. ഹിജാബ് സ്‌ത്രീസ്വാതന്ത്ര്യത്തിന്റെ വസ്‌ത്രമാണെന്ന ചർച്ച ചിലർ നടത്തുന്നുണ്ട്. കാവിപ്പട ഹിജാബിന്റെ പേരിൽ ഉറഞ്ഞുതുള്ളുമ്പോൾ ഇത്തരം ചർച്ച ഒട്ടും ആശ്വാസമല്ല.

വ്യക്തിനിയമങ്ങൾ ഇന്ത്യയുടെ നാനാത്വത്തിന്റെ പ്രതിഫലനമാണ്. രാജ്യത്ത് ഒരു വ്യക്തി നിയമം എന്ന ആർഎസ്എസ് തീട്ടൂരം മികച്ചതാണെന്ന തെറ്റിദ്ധാരണ സൃഷ്‌ടിക്കാൻ നോക്കുന്നുണ്ട്. എന്നാൽ, ഇന്നത്തെ പരിതഃസ്ഥിതിയിൽ ഇത് ഇന്ത്യയുടെ സാംസ്‌കാരികസത്തയെത്തന്നെ അട്ടിമറിക്കലാണ്. വിവിധതരം പൂക്കൾ നിറഞ്ഞ ഉദ്യാനംപോലെയാണ് ഇന്ത്യ. ലോകവും അങ്ങനെതന്നെ. ഇവിടെ ഒരു ഭാഷയും ഒരേതരം വേഷവും ഭക്ഷണരീതികളും വിവാഹരീതികളും വിശ്വാസങ്ങളും ആചാരമര്യാദകളും സാധ്യമല്ല. അതിന് നിർബന്ധിക്കുന്നത് അവരുടെ ആചാരപരമായ മൗലികതയെ ഇല്ലാതാക്കുന്നതാണ്. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ ഇരുപത്തഞ്ചാം വകുപ്പ് വേഷത്തിൽ ഉൾപ്പെടെ വൈവിധ്യം ഉറപ്പുനൽകുന്നത്.

ഇവിടെ ഒരുകാര്യം ഓർമിപ്പിക്കേണ്ടതുണ്ട്. ഹിജാബിനെ വർഗീയവിഷത്തീയാക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ അതിനെ തടയേണ്ടത് മതനിരപേക്ഷത കൊണ്ടാകണം. അല്ലാതെ ബദൽ തീവ്ര വർഗീയത പരത്തിക്കൊണ്ടാകരുത്. ആർഎസ്എസിന്റെ ഏക സംസ്‌കാര പ്രഘോഷണങ്ങൾ ഫാസിസത്തിന്റെ കുഴൽവിളികളാണ്. ഈ നിലപാട് ഉള്ളതുകൊണ്ടാണ് ഹിജാബ് വിഷയത്തിൽ കർണാടകത്തിൽ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ശിരോവസ്‌ത്ര സ്വാതന്ത്ര്യത്തിനുവേണ്ടി പരസ്യ ക്യാമ്പയിനുമായി രംഗത്തുവന്നത്. ഭരണഘടനയുടെ 25–ാം വകുപ്പ് ഉറപ്പുനൽകുന്നതാണ് മതസ്വാതന്ത്ര്യവും വേഷ–ഭക്ഷണ സ്വാതന്ത്ര്യവും. ഇത് ലംഘിക്കാനാണ് ശരിഅത്തിന്റെ പേരുപറഞ്ഞ് ഭരണഘടനാ വ്യവസ്ഥയെ അട്ടിമറിക്കാൻ യോഗി ഭീഷണി പുറപ്പെടുവിക്കുന്നത്.

കാവിവസ്‌ത്രവും കാവി മേൽമുണ്ടും യോഗി ധരിക്കുന്നത് ഗീതയുടെയോ സിഖുകാർ ടർബൻ ധരിക്കുന്നത് ഗുരു നാനാക്ക് ഗ്രന്ഥത്തിന്റെയോ കരുത്തിലല്ല, ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ്. അതുപോലെ മറ്റൊരു വിഭാഗത്തിലുള്ളവർക്ക് ശിരോവസ്‌ത്രം ധരിക്കാൻ ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. അതിൻമേൽ കൈയേറ്റം നടത്തി ശിരോവസ്‌ത്രധാരണം കുറ്റമാക്കുന്നത് ഇന്ത്യയെ വിഭജിക്കാനുള്ള വിദ്വേഷത്തിന്റെ വിഷവിത്ത് പാകലാണ്. യോഗിയുടെയും കൂട്ടരുടെയും ഇത്തരം കളികൾക്ക് കേരളത്തിന്റെ മണ്ണ് കിട്ടില്ല.

സ. കോടിയേരി ബാലകൃഷ്‌ണൻ
സിപിഐ എം സംസ്ഥ സെക്രട്ടറി

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.