Skip to main content

പ്രാണൻ കവരുന്ന കൊലക്കത്തി ആർഎസ്എസ് ഉറയിലിടുന്നില്ല.

പ്രാണൻ കവരുന്ന കൊലക്കത്തി ആർഎസ്എസ് ഉറയിലിടുന്നില്ല. സമാധാന കേരളത്തിന്റെ ശാന്തത തകർക്കാനുള്ള കൊലപാതകങ്ങൾ അവസാനമില്ലാതെ തുടരുന്നു. തലശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ അതിക്രൂരമായാണ് സംഘപരിവാർ വെട്ടിക്കൊന്നത്. ഈ കൊലപാതക രാഷ്‌ട്രീയം ആകസ്മികമായി സംഭവിച്ചതല്ല. അതിനുപിന്നിൽ പ്രേരകശക്തികളും ലാക്കുകളുമുണ്ട്. അക്രമരാഷ്ട്രീയത്തിലെ പൈശാചികത, ആർഎസ്എസ്–-ബിജെപി ശക്തികളുടെ നിക്ഷിപ്ത അജൻഡ, കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ വികല സമീപനം, എൽഡിഎഫിന്റെയും സംസ്ഥാനസർക്കാരിന്റെയും നിശ്ചയദാർഢ്യ നിലപാട്‌ എന്നിവ ഈ ഘട്ടത്തിൽ നോക്കേണ്ടത് കാര്യങ്ങൾ സ്പഷ്ടമാകുന്നതിന് ആവശ്യമാണ്.
ഒന്ന്: മനുഷ്യത്വം മറക്കുകയും പൈശാചികത ഉറപ്പിക്കുകയും ചെയ്യുക എന്നതാണ് ആർഎസ്എസ് ശൈലി. ഹിറ്റ്‌ലറും മുസോളിനിയും ഫാസിസ്റ്റ് വാഴ്‌ചക്കാലത്ത് നടപ്പാക്കിയ രീതി ഇക്കൂട്ടർ പകർത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ്‌  മുമ്പ് കുട്ടനാട് മങ്കൊമ്പിൽ സിപിഐ എം പ്രവർത്തകൻ തങ്കപ്പന്റെ തല കൊയ്‌ത്‌ റോഡിൽ പ്രദർശിപ്പിച്ചത്. ഗുജറാത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വംശഹത്യ നടത്തുകയും ഗർഭിണികളെ ശൂലംകുത്തി വയർപിളർന്ന് കൊല്ലുകയും ചെയ്തത്. ആ ശൈലിയുടെ ആവർത്തനമാണ് ഹരിദാസന്റെ അരുംകൊലയിൽ തെളിഞ്ഞത്. ഹരിദാസൻ കഴിഞ്ഞ തിങ്കളാഴ്‌ച പുലർച്ചെ വീട്ടിലെത്തി, ഭാര്യയെ മീൻ ഏൽപ്പിച്ച് മുറ്റത്തു കൈ കഴുകുന്നതിനിടയിലായിരുന്നു ആക്രമണം. പതിയിരുന്ന സംഘം ചാടിവീണ് വടിവാളും മഴുവുംകൊണ്ട് തലങ്ങും വിലങ്ങും വെട്ടി. കൊല്ലരുതേ എന്ന് നിലവിളിച്ച് ഭാര്യ കേണപേക്ഷിച്ചിട്ടും ഭാര്യയുടെ കൺമുമ്പിൽ ഭർത്താവിനെ കശാപ്പുചെയ്യുകയായിരുന്നു. ഒരു കാല് വെട്ടിമാറ്റി. രാജ്യം ഭരിക്കുന്ന പാർടിയുടെ കിരാത മുഖം എന്തെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ കൊടുംക്രൂരത. ഇതിനെതിരെ മനുഷ്യത്വമുള്ള എല്ലാവരും ശബ്ദമുയർത്തണം.

രണ്ട്: ആർഎസ്എസ്–-ബിജെപി കൊലപാതക രാഷ്‌ട്രീയം കേരളത്തിൽ തുടരുന്നത് ഗൂഢരാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സംസ്ഥാനത്ത് അഞ്ചരവർഷത്തിനിടെ ഹരിദാസനടക്കം 22 ഉശിരൻ പ്രവർത്തകരെ സിപിഐ എമ്മിന് നഷ്ടമായി. അതിൽ പതിനാറും സംഘപരിവാർ കൊലപാതകങ്ങളാണ്‌. തിരുവല്ലയിൽ ഒരു സംഘർഷവുമില്ലാതിരിക്കെ കൊലപ്പെടുത്തിയ സിപിഐ എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കുടുംബസഹായ ഫണ്ട് ബന്ധുക്കൾക്ക് ഞാൻ കൈമാറിയ ദിവസം തന്നെയാണ് നാടിനെ നടുക്കിയ മറ്റൊരു കൊലപാതകത്തിലൂടെ വേറൊരു കുടുംബത്തെയും സഖാക്കളെയും കണ്ണീരിലാഴ്‌ത്തിയത്.

അക്രമരാഷ്ട്രീയത്തിന് ബിജെപിയെ പ്രേരിപ്പിക്കുന്നത് എന്താണ്? പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചത് ഇക്കൂട്ടർക്ക് സഹിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. തൂക്ക് സഭ ഉണ്ടാകുമെന്നും യുഡിഎഫ് പിന്തുണയോടെ ബിജെപിക്ക് അധികാരത്തിൽ വരാമെന്നും കരുതി. എന്നാൽ, ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന സ്ഥിതിയിൽ ബിജെപി നാണംകെട്ടു. നേമം സീറ്റ് നഷ്ടപ്പെടുകയും നിയമസഭയിൽ വട്ടപ്പൂജ്യമാകുകയും ചെയ്തു. 99 സീറ്റിന്റെ അഭിമാന വിജയത്തോടെ എൽഡിഎഫിന് തുടർഭരണം കിട്ടി. ബിജെപി പിന്നോട്ടടിക്കപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയത്തിലും ബിജെപി തോറ്റമ്പിയതിലുമുള്ള അസഹിഷ്‌ണുതയുടെ അടിസ്ഥാനം ആർഎസ്എസ് അജൻഡ നടപ്പാക്കാനുള്ള മണ്ണായി കേരളത്തെ കിട്ടുന്നില്ല എന്നതാണ്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ, അതിനു തടസ്സമായ എല്ലാത്തിനെയും അക്രമത്തിലൂടെ ആണെങ്കിലും ഇല്ലാതാക്കണം. ഇതാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. മതനിരപേക്ഷത ഉറപ്പിക്കുന്നതാണ് പിണറായി സർക്കാരിന്റെ നയം. അതിനാൽ സർക്കാരിനെയും എൽഡിഎഫിനെയും ദുർബലപ്പെടുത്താൻ കേരളത്തെ വർഗീയകലാപഭൂമിയാക്കണം. അതിനുവേണ്ടിയാണ് കൊലപാതകരാഷ്‌ട്രീയത്തെ തുടർപ്രക്രിയയാക്കിയിരിക്കുന്നത്.

അതിനുവേണ്ടി ആസൂത്രിതപരിപാടികളും നടപ്പാക്കുന്നുണ്ട്. രണ്ടുമാസം മുമ്പ് സംസ്ഥാനത്ത് ജില്ലകൾ കേന്ദ്രീകരിച്ച് ആർഎസ്എസ് ഒരാഴ്‌ചത്തെ പരിശീലനപരിപാടി നടത്തി. മൂവായിരത്തിലേറെ പേർ പങ്കെടുത്തു. ഇതിൽ പരിശീലനം കിട്ടിയവരാണ്‌ തലശേരിയിൽ കൊലപാതകം നടത്തിയതെന്ന് സൂചനയുണ്ട്. ദിവസങ്ങൾക്ക് മുമ്പേ നേതാക്കൾ ഉൾപ്പെട്ട ആസൂത്രണവും ഗൂഢാലോചനയും നടന്നു. അതിന്റെ തുടർച്ചയായിരുന്നു കൊലപാതകം. സിപിഐ എമ്മിനെയും എൽഡിഎഫ് സർക്കാരിനെയും മുഖ്യശത്രുവായി കണ്ട് സർക്കാരിനെ ദുർബലപ്പെടുത്താനും അസ്ഥിരപ്പെടുത്താനുമുള്ള ഗൂഢരാഷ്‌ട്രീയ ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളത്.

മൂന്ന്: ആർഎസ്എസിന്റെ കൊലയാളി രാഷ്‌ട്രീയത്തെ അപലപിക്കാനുള്ള ജനാധിപത്യ മര്യാദ കോൺഗ്രസിന്റെയും അവർ നയിക്കുന്ന യുഡിഎഫിന്റെയും ഭാഗത്തുനിന്നുണ്ടാകുമെന്നാണ് സാധാരണ നിലയിൽ ആളുകൾ കരുതുക. പക്ഷേ, അങ്ങനെ കരുതുന്ന ശുദ്ധാത്മാക്കൾക്ക് തെറ്റി. "മാർക്സിസ്റ്റ് വിരോധ'ത്താൽ എൽഡിഎഫ് സർക്കാരിനെയും സിപിഐ എമ്മിനെയും ഒറ്റപ്പെടുത്താൻ ആർഎസ്എസിന്റെ കൊലക്കത്തിക്ക് എണ്ണയിട്ടുകൊടുക്കുന്ന പണിയിലാണ് കോൺഗ്രസും യുഡിഎഫും. എൽഡിഎഫിനെ ക്ഷീണിപ്പിക്കാനും ഈ പ്രസ്ഥാനത്തിൽ അണിചേർന്നവരിൽ ഒരു വിഭാഗത്തെയെങ്കിലും ഭയപ്പെടുത്താനും ഉദ്ദേശിച്ച് ഇടതുപക്ഷപ്രവർത്തകരെ കൊലപ്പെടുത്തുക എന്ന മാർഗം കോൺഗ്രസും യുഡിഎഫും സ്വീകരിക്കുന്നുണ്ട്. ഇടുക്കി എൻജിനിയറിങ്‌ കോളേജിലെ സമർഥനായ ഫൈനൽ ഇയർ വിദ്യാർഥി ധീരജിനെ കൊന്നത് യൂത്ത് കോൺഗ്രസ്, കെഎസ്‌യു അക്രമികളാണ്. കോൺഗ്രസും യുഡിഎഫും നടത്തുന്ന കൊലപാതകങ്ങളെ സംഘപരിവാറും സംഘപരിവാറിന്റെ കൊലപാതകങ്ങളെ കോൺഗ്രസും യുഡിഎഫും വെള്ളപൂശുന്നു.

അതുകൊണ്ടാണ് പുന്നോലിലെ കൊലപാതകത്തെ തള്ളിപ്പറയാനും കൊലക്കത്തി ഉറയിലിടാൻ ആർഎസ്എസിനോട് ആവശ്യപ്പെടാനും കോൺഗ്രസ് തയ്യാറാകാത്തത്. അതിനുപകരം സിപിഐ എമ്മിന്റെയും ആർഎസ്എസിന്റെയും കൊലപാതകങ്ങൾക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നാണ് ഇവരുടെ പ്രഖ്യാപനം. അക്രമം നടത്തുന്ന ആർഎസ്എസിനെയും അക്രമത്തിന് ഇരയാകുന്ന സിപിഐ എമ്മിനെയും ഒരേ ചരടിൽ കോർക്കുന്ന നടപടി സംഘപരിവാറിനു വേണ്ടിയുള്ള കുഴൽവിളിയാണ്. കൊന്നും ആക്രമിച്ചും സിപിഐ എമ്മിനെ തകർക്കാമെന്നത് വ്യാമോഹം മാത്രമാണ്.

നാല്: ഒരു ഭാഗത്ത്‌ കൊലപാതകം നടത്തുകയും മറുഭാഗത്ത് സംസ്ഥാന സർക്കാരിനെ പഴിക്കുകയും ചെയ്യുന്ന ദ്വിമാന തന്ത്രമാണ് കോൺഗ്രസും ബിജെപിയും പയറ്റുന്നത്. എൽഡിഎഫ് ഭരണത്തിൽ വന്നശേഷം സംസ്ഥാനത്ത് ആർഎസ്എസും ബിജെപിയും കോൺഗ്രസും യുഡിഎഫും 22 സിപിഐ എം പ്രവർത്തകരെ അരുംകൊല ചെയ്‌തു. എന്നാൽ, കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന മുദ്രാവാക്യം വിളിച്ച് ഓരോ കൊലപാതകത്തിനും ബദൽ കൊലപാതകം എന്ന ശൈലി സിപിഐ എമ്മും ഇടതുപക്ഷവും സ്വീകരിച്ചില്ല. ഓരോ സംഭവത്തിനും അതേ നാണയത്തിൽ തിരിച്ചടി ക്ഷണിച്ചുവരുത്തി കേരളത്തെ കുരുതിക്കളമാക്കുകയെന്ന അജൻഡയിൽ ആർഎസ്എസും കോൺഗ്രസും യോജിച്ചിരിക്കുകയാണ്. അത് തിരിച്ചറിഞ്ഞ് അത്തരം വിഷച്ചൂണ്ടയിൽ ഇടതുപക്ഷം കുരുങ്ങിയില്ല. സങ്കടം ഉള്ളിലൊതുക്കി, ജനങ്ങളെ അണിനിരത്തി അക്രമശക്തികളെ ഒറ്റപ്പെടുത്തുക എന്നതാണ് സിപിഐ എമ്മിന്റെ നയം.

കൊലയാളികൾക്കും അവർക്ക് കൂട്ടുനിന്നവർക്കും ഗൂഢാലോചനക്കാർക്കും എതിരെ കർശനമായ നിയമനടപടി എൽഡിഎഫ് സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുന്നോലിൽ ഹരിദാസൻ കൊല്ലപ്പെട്ടപ്പോൾ അത് സംസ്ഥാന സർക്കാരിന്റെ പൊലീസ് ഭരണത്തിന്റെ പരാജയമെന്ന് വലിയ വായിൽ വിളിച്ചുപറഞ്ഞത് ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ്. പൊലീസിനെയും ക്രമസമാധാന സംവിധാനങ്ങളെയും വെല്ലുവിളിച്ച് അക്രമരാഷ്ട്രീയം നടത്തിയിട്ടാണ് പൊലീസിനെ കുറ്റപ്പെടുത്തുന്നത്. കുറ്റവാളികൾ ഏത് തലത്തിലുള്ളവരായാലും അവർക്കെതിരെ കർശന പൊലീസ് നടപടിയും നിയമനടപടിയും സംസ്ഥാനസർക്കാർ സ്വീകരിക്കും. ഇതിനുള്ള ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും എൽഡിഎഫ് സർക്കാരിനുണ്ട്.

ഇന്ത്യയിൽ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ് കേരളം. വർഗീയശക്തികൾ ചേരിതിരിഞ്ഞ് വിവിധ വിഷയങ്ങളുടെ പേരിൽ പരസ്യകലാപം അയൽസംസ്ഥാനങ്ങളിലടക്കം നടത്തുന്നുണ്ട്. പക്ഷേ, വർഗീയശക്തികൾക്ക് അഴിഞ്ഞാടാൻ കേരളം ആർക്കും ലൈസൻസ് നൽകുന്നില്ല. രണ്ടുചേരികളിലായി നിന്ന്‌ ആർഎസ്‌എസും എസ്‌ഡിപിഐയും ചോരക്കളം തീർത്തപ്പോൾ അതിനെ തടയാൻ ഒരു വർഗീയ ശക്‌തിക്കും കീഴടങ്ങാത്ത നിലപാട്‌ സംസ്ഥാന പൊലീസ്‌ സ്വീകരിച്ചു. മതനിരപേക്ഷമായി പൊലീസിനെ നയിക്കുന്നതു കൊണ്ടാണ്‌ കുൽസിത ശക്‌തികൾ ശ്രമിച്ചിട്ടും കേരളം കലാപഭൂമിയാകാത്തത്‌. രാജ്യത്ത് ഹിന്ദുവർഗീയതയുടെ അപകടം തടഞ്ഞുനിർത്തുന്നതിൽ എൽഡിഎഫ് സർക്കാരിന്റെ പങ്ക് നിർണായകമാണ്. രണ്ടാം പിണറായി സർക്കാർ നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. കേരളത്തെ കൂടുതൽ പുരോഗമനപരവും വികസനോന്മുഖവും ക്ഷേമപൂർണവും ആക്കാനുള്ള പാതയിലാണ് എൽഡിഎഫ് സർക്കാർ. അതിന് വിലങ്ങുതടി തീർക്കാനാണ് ആർഎസ്എസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ സംഘപരിവാർ ഇവിടെ കൊലപാതകരാഷ്‌ട്രീയം അരങ്ങുതകർക്കുന്നത്. ഈ കാര്യത്തിൽ നാവുകൊണ്ടും കർമംകൊണ്ടും കാവിശക്തികൾക്കൊപ്പമാണ് കോൺഗ്രസ് നയിക്കുന്ന യുഡിഎഫ്. എൽഡിഎഫ് സർക്കാരിന്റെ വഴിമുടക്കാനുള്ള ഈ രണ്ട് കൂട്ടരുടെയും തലതിരിഞ്ഞ അക്രമരാഷ്ട്രീയത്തെ ഒറ്റപ്പെടുത്താനും കൊലക്കത്തി താഴെയിടാൻ ആർഎസ്എസിനോട് ആവശ്യപ്പെടാനും കേരളം സടകുടഞ്ഞെഴുന്നേൽക്കും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.