ബിജെപി ഇതര രാഷ്ട്രീയ പാർടികൾ ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന നിലപാടാണ് മതനിരപേക്ഷവാദികൾക്ക് പൊതുവെയുള്ളത്. ബിജെപിക്ക് സ്വാധീനമുള്ള സീറ്റുകളിലെല്ലാം പരമാവധി പൊതുവായ ഒരു സ്ഥാനാർഥി എന്നതിലേക്ക് പ്രതിപക്ഷ പാർടികൾ യോജിപ്പോടെ എത്തണമെന്നും ഇവർ ആഗ്രഹിക്കുന്നു. ഈ ദിശയിലുള്ള എല്ലാ നീക്കങ്ങളും മതനിരപേക്ഷ സമൂഹത്തിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
എന്നാൽ, ഇടതുപക്ഷവും കോൺഗ്രസും നയിക്കുന്ന മുന്നണികൾ നേരിട്ട് മത്സരിക്കുന്ന കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്ന വോട്ടർമാർ ആർക്കൊപ്പം നിൽക്കണമെന്ന ചോദ്യം ഈ ഘട്ടത്തിൽ പ്രസക്തമാണ്. ദേശീയതലത്തിൽ കോൺഗ്രസിനല്ലേ ബിജെപിവിരുദ്ധ സമരത്തിൽ കൂടുതൽ പങ്കുവഹിക്കാൻ കഴിയുന്നതെന്ന പ്രചാരവേല ഒരുവിഭാഗം നടത്തുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ ഈ പ്രചാരവേലയുടെ സ്വാധീനത്താൽ വോട്ട്ചെയ്ത നല്ലൊരു വിഭാഗം ജനങ്ങളും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറ്റിയ അബദ്ധം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പഴയ പ്രചാരവേലയുടെ തനിയാവർത്തനം ചിലർ തുടങ്ങിയിട്ടുണ്ട്.
കൃത്യവും വ്യക്തവുമായ� നിലപാടുകൾ
എന്തുകൊണ്ടാണ് ബിജെപിവിരുദ്ധ നിലപാടിൽ ഇന്ത്യയിലെ ഏതു രാഷ്ട്രീയ പാർടിയേക്കാളും ഇടതുപക്ഷത്തെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യാമെന്ന് പറയുന്നത്. ഉത്തരം ലളിതമാണ്, വർഗീയവിരുദ്ധ നിലപാടിൽ ആശയപരവും രാഷ്ട്രീയവും പ്രായോഗികവുമായ നിലപാട് സ്ഥായിയായി സ്വീകരിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്നതാണ്. അങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതിന് ഒരു കാലത്തും അധികാരസ്ഥാനങ്ങൾക്കായ ഒരു നിബന്ധനയും ഇടതുപക്ഷം മുന്നോട്ട് വയ്ക്കാറില്ല. അതിന്റെ ഏറ്റവും പ്രധാന ചരിത്രാനുഭവമാണ് 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായത്. വാജ്പേയി ഭരണത്തിൽ ‘ഇന്ത്യ തിളങ്ങുന്നു’വെന്ന മുദ്രാവാക്യവുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്നാൽ, 145 സീറ്റുമാത്രമാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് 138 സീറ്റും ലഭിച്ചു.
സിപിഐ എമ്മിന് ഒരു സ്വതന്ത്രനടക്കം 44 സീറ്റ് ലഭിച്ചു. ഇടതുപക്ഷമുന്നണിക്ക് 61 എംപിമാരുണ്ടായിരുന്നു. ഈ എംപിമാർ കോൺഗ്രസിനെ പരാജയപ്പെടുത്തി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. എന്നാൽ, ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുന്ന നിലപാട് സ്വീകരിക്കുന്നതിന് അത് പ്രശ്‌നമേ ആയിരുന്നില്ല. മൻമോഹൻസിങ്ങിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് നിശ്ചയിക്കുമ്പോൾ, ഉദാരവൽക്കരണ നയം നടപ്പാക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തിയെന്നത് ഇടതുപക്ഷ പിന്തുണയ്‌ക്ക് തടസ്സമാകുമോയെന്ന സംശയം ഉയർന്നിരുന്നു. സോണിയ ഗാന്ധി, സുർജിത്തിനെ സന്ദർശിച്ച് അഭിപ്രായം ആരായുകയും പിന്തുണ അഭ്യർഥിക്കുകയും ചെയ്തു. കോൺഗ്രസിന് ആരെവേണമെങ്കിലും പ്രധാനമന്ത്രിയാക്കാമെന്ന് വ്യക്തമാക്കിയ സുർജിത്ത് ബിജെപി അധികാരത്തിൽ വരാതിരിക്കൽ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി. മന്ത്രിസഭയുടെ ഭാഗമാകാൻ ഇല്ലെന്നും എന്നാൽ, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കണമെന്നും മുന്നണിഭരണത്തിന്റെ പരിമിതിക്കകത്തുനിന്ന് സാധ്യമായ നടപടികൾ വഴി ജനങ്ങൾക്ക് ആശ്വാസം പകരണമെന്നും വ്യക്തമാക്കി. തുടർന്ന്, മറ്റു രാഷ്ട്രീയപാർടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് സുർജിത്തും സിപിഐ എമ്മും നേതൃപരമായ പങ്കുവഹിച്ചു.
പ്രായോഗികമായ ഈ നിലപാട് ആദ്യത്തേതായിരുന്നില്ല. കഴിഞ്ഞ ലേഖനത്തിൽ വിശദീകരിച്ച വി പി സിങ്ങിന്റെ വിശ്വാസ പ്രമേയചർച്ചയിൽ അദ്ദേഹംതന്നെ ഇടതുപക്ഷത്തിന്റെ വ്യക്തമായ നിലപാട് എടുത്തുപറയുന്നുണ്ട്. രഥയാത്ര തടഞ്ഞതിന്റെ പേരിൽ പിന്തുണ പിൻവലിച്ച ബിജെപിക്കൊപ്പം കോൺഗ്രസും ചേർന്നപ്പോൾ ഇടതുപക്ഷം സ്വീകരിച്ച വർഗീയവിരുദ്ധ നിലപാടിന് വി പി സിങ് പ്രത്യേകം നന്ദി പറഞ്ഞു.
രണ്ടാമത്തേത് ആശയപരവും രാഷ്ട്രീയവുമായ നിലപാടുകളിലെ തെളിമയാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്വീകരിച്ച അമിതാധികാര, ഭരണഘടന വിരുദ്ധ നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ ഇടതുപക്ഷത്തിന് ചാഞ്ചാട്ടമുണ്ടായില്ല. പൗരത്വ ഭേദഗതി നിയമം പാസാക്കിയ സന്ദർഭത്തിൽ തങ്ങൾ അത് നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ജനപ്രതിനിധികളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തപ്പോൾ കശ്മീരിലേക്ക് ആദ്യം യാത്ര തിരിച്ചത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. അദ്ദേഹത്തെ ശ്രീനഗറിൽ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ല. തുടർന്ന്, സുപ്രീംകോടതിയെ ആദ്യം സമീപിച്ചതും സിപിഐ എമ്മായിരുന്നു. അന്ന് കശ്മീരിനെ പ്രതിനിധാനംചെയ്‌ത് രാജ്യസഭയിലുണ്ടായിരുന്നത് കോൺഗ്രസ് നേതാവായിരുന്ന ഗുലാംനബി ആസാദായിരുന്നു. അദ്ദേഹവും കോൺഗ്രസും തുടക്കത്തിൽ രംഗത്തുണ്ടായിരുന്നില്ല.
ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിൽ ആ സമയത്ത് പ്രതികരിക്കാൻ കോൺഗ്രസിനായില്ല. ഏറ്റവുമാദ്യം ശക്തമായ നിലപാട് രാജ്യത്ത് സ്വീകരിച്ചത് ഇടതുപക്ഷമാണ്. കേരളത്തിൽപ്പോലും സെമിനാർ നടത്താൻ കോൺഗ്രസ് ആദ്യം ധൈര്യം കാട്ടിയില്ല. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് ലഭിച്ച ക്ഷണം നിരസിക്കാൻ സിപിഐ എമ്മിന് അരനിമിഷംപോലും വേണ്ടിവന്നില്ല. അതോടൊപ്പം വിശ്വാസിയുടെ വിശ്വസിക്കാനുള്ള അവകാശത്തിനൊപ്പമാണ് തങ്ങളെന്ന കാര്യവും വ്യക്തമാക്കി. പക്ഷേ, വിശ്വാസത്തെ രാഷ്ട്രീയ താൽപ്പര്യത്തിനായി ദുരുപയോഗപ്പെടുത്തുന്നത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് ആഴ്ചകൾ വേണ്ടിവന്നു. എന്നാൽ, ഞെക്കിപഴുപ്പിച്ച് എടുത്ത ആ തീരുമാനത്തെ കോൺഗ്രസ് നേതാക്കൾതന്നെ തള്ളിപ്പറഞ്ഞു. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ ബിജെപിക്കൊപ്പം നിലപാട് സ്വീകരിച്ച് അവധി പ്രഖ്യാപിച്ചു.
കോൺഗ്രസിന്റെ കുറ്റകരമായ മൗനം
ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇർഫാൻ ജഫ്രിയുടെ കുടുംബത്തിനൊപ്പം ഒരു ഘട്ടത്തിലും കോൺഗ്രസ് നിലയുറപ്പിച്ചില്ല. നീതിന്യായ വ്യവസ്ഥയെ അംഗീകരിക്കുന്നവരെല്ലാം വിമർശിച്ച സുപ്രീംകോടതിവിധിയിലുള്ള കോൺഗ്രസിന്റെ പ്രതികരണം ലജ്ജാകരമായിരുന്നു. ബിൽക്കിസ് ബാനു കേസിലും കോൺഗ്രസിനെ എങ്ങും കണ്ടില്ല. സുപ്രീംകോടതിയിലും സുഭാഷിണി അലിയാണ് ആദ്യം കേസു കൊടുത്തത്. ഗുജറാത്ത് വംശഹത്യ അന്വേഷിക്കുന്നതിൽ കോൺഗ്രസ് സർക്കാർ കുറ്റകരമായ വീഴ്ചവരുത്തി.
ഡൽഹിയിൽ മുസ്ലിം ന്യൂനപക്ഷവിഭാഗങ്ങൾ താമസിക്കുന്ന തെരുവിൽ ബുൾഡോസറുമായി ഭരണനേതൃത്വം ഇറങ്ങിയപ്പോൾ അതിനെ തടഞ്ഞതും സുപ്രീംകോടതിയെ സമീപിച്ചതും സിപിഐ എമ്മാണ്. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനായി ഇലക്‌ടറൽ ബോണ്ട് നടപ്പാക്കിയപ്പോൾ തങ്ങൾ ബോണ്ട് സ്വീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് സുപ്രീംകോടതിയെ സമീപിച്ചത് സിപിഐ എം മാത്രമായിരുന്നു. അയോധ്യയിൽ ശിലാന്യാസത്തിന് അനുമതി നൽകിയതിലും ബാബ്‌റി മസ്ജിദ് തകർത്തപ്പോൾ കുറ്റകരമായ മൗനം പാലിച്ചതിലുമുള്ള മൃദുഹിന്ദുത്വം ഒറ്റപ്പെട്ടതല്ലെന്നും കോൺഗ്രസിന്റെ പൊതുസ്വഭാവത്തിന്റെ ഭാഗമാണെന്നും ഈ അനുഭവങ്ങളും വ്യക്തമാക്കുന്നു.
മൂന്നാമതായി, ബിജെപിവിരുദ്ധ മുന്നണിക്ക് പലപ്പോഴും കോൺഗ്രസ് ബാധ്യതയാകുന്നുവെന്നതാണ്. 2024ലെ തെരഞ്ഞെടുപ്പിനായി ബിജെപി ഇതര പ്രതിപക്ഷ പാർടികൾ ചേർന്ന് ‘ഇന്ത്യ’ എന്ന കൂട്ടായ്മ രൂപീകരിച്ചപ്പോൾ അതിന്റെ തുടർച്ചയെ ദുർബലമാക്കിയത് കോൺഗ്രസാണ്. കർണാടകം, ഹിമാചൽ പ്രദേശ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വിജയം കോൺഗ്രസിനെ അഹങ്കാരികളാക്കി. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർടികളുടെ ഐക്യത്തെ കോൺഗ്രസ് തകർത്തു. ഭോപാലിൽ നിശ്ചയിച്ച പ്രതിപക്ഷ റാലി നടത്താൻ കോൺഗ്രസ് സമ്മതിച്ചില്ല. ഇപ്പോൾ ചില മാറ്റങ്ങളുണ്ടെങ്കിലും പഴയ പ്രതാപം ഇന്നില്ലെന്ന യാഥാർഥ്യബോധത്തോടെ രാജ്യത്തെ സാഹചര്യം മനസ്സിലാക്കാൻ കോൺഗ്രസിന് കഴിയുന്നില്ല.
മൂന്നു സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് അധികാരത്തിലുള്ളത്. അതിൽ നാല് ലോക്‌സഭാ സീറ്റുമാത്രമുള്ള ഹിമാചലാണ് ദക്ഷിണേന്ത്യക്ക് പുറത്ത് ഭരണമുള്ള സംസ്ഥാനം. രാജ്യസഭാ തെരഞ്ഞെടുപ്പിനുശേഷം ഇവിടത്തെ ഭരണം പ്രതിസന്ധിയിലുമാണ്. ദക്ഷിണേന്ത്യയിൽ ഭരണമുള്ള രണ്ടു സംസ്ഥാനങ്ങളിൽ തെലങ്കാനയിൽ ബിജെപി മുഖ്യ എതിരാളിയല്ല. നൂറ്റിഇരുപതോളം സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപിക്കെതിരായ മുന്നണിയിൽ പ്രബല സാന്നിധ്യമാകാൻ കോൺഗ്രസിന് കഴിയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞത് 15 സീറ്റിൽ മാത്രമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഏറ്റവും കൂടുതൽ സീറ്റുള്ള പാർടിയാക്കാൻ കേരളത്തിൽ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന 2019ലെ പ്രചാരവേല ഇത്തവണ അപ്രസക്തമായെന്ന് ചുരുക്കം. രാഹുൽ ഗാന്ധി വയനാട്ടിൽനിന്ന് മത്സരിക്കണമെന്നത് ഫലത്തിൽ ‘ഇന്ത്യ’ കൂട്ടായ്‌മയുടെ ആത്മവിശ്വാസമില്ലായ്മയായി ജനം കാണുകയും ചെയ്യും.
എന്നാൽ, എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചാൽ അത് ബിജെപിവിരുദ്ധ സർക്കാരിനുള്ള സ്ഥിര നിക്ഷേപമായിരിക്കും. എപ്പോൾ വേണമെങ്കിലും ഏത് ഉയർന്ന കോൺഗ്രസ് നേതാവും ബിജെപിയായി മാറാമെന്ന യാഥാർഥ്യം മുമ്പിലുള്ളപ്പോൾ കേരള മതനിരപേക്ഷ സമൂഹം ഭാഗ്യപരീക്ഷണത്തിന് തുനിയേണ്ടതില്ല. എ കെ ആന്റണിയുടെ മകന് പുറകെ എഐസിസി അംഗംകൂടിയായ പത്മജ വേണുഗോപാലും ബിജെപിയിലെത്തിയത് ആ പാർടിയുടെ അവസ്ഥയെ കാണിക്കുന്നു. കേരളത്തിൽനിന്ന് ബിജെപി പാർലമെന്റിൽ രണ്ടക്കം തികയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് യുഡിഎഫ് എംപിമാർ ബിജെപിയിലെത്തുമെന്ന് മുൻകൂട്ടി കണ്ടാണ്. പ്രധാനമന്ത്രിക്കൊപ്പമുള്ള പ്രേമചന്ദ്രന്റെ ഉച്ചഭക്ഷണവും ഒരില സ്ഥിരമായി ഉറപ്പിക്കാനാണ്. കോൺഗ്രസിന് എത്ര സീറ്റെന്നതല്ല, ‘ഇന്ത്യ’ കൂട്ടായ്‌മയ്‌ക്ക് എത്ര സീറ്റെന്നതാണ് ഇത്തവണത്തെ ചോദ്യം. അതുകൊണ്ട്, കോൺഗ്രസ് കൂടി പങ്കാളിയാകുന്ന ബിജെപിവിരുദ്ധ സംവിധാനത്തെ പിന്തുണയ്‌ക്കേണ്ടി വന്നാൽപ്പോലും കോൺഗ്രസ് എംപിമാരേക്കാൾ വിശ്വസിക്കാവുന്നത് എൽഡിഎഫ് എംപിമാരെയായിരിക്കുമെന്ന് ചുരുക്കം.