Skip to main content

ലോകമെങ്ങുമുള്ള വിപ്ലവകാരികള്‍ക്ക്‌ ആവേശമായ കയ്യൂര്‍ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണകൾ വരുംകാല പോരാട്ടങ്ങൾക്ക് കരുത്ത് പകരും

സമര കേരള ചരിത്രത്തിലെ അവിസ്മരണീയ ദിനമാണ് 1943 മാർച്ച് 29. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ടായിരുന്ന ജന്മിത്തത്തിനും, നൂറ്റാണ്ടുകള്‍ നീണ്ട ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയ്ക്കും, ഭരണകൂട നെറികേടുകള്‍ക്കുമെതിരായ പ്രതിഷേധത്തിന്റെയും, പ്രതികരണത്തിന്റെയും, പ്രതിരോധത്തിന്റെയും അത്യുജ്ജ്വല അദ്ധ്യായങ്ങളില്‍ പ്രധാനമായ ഒന്നായിരുന്നു കയ്യൂർ സമരം.

മണ്ണിന്റെ മക്കള്‍ക്ക് മനുഷ്യരായി ജീവിക്കുവാനുള്ള അവകാശത്തിനുവേണ്ടി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും പ്രസ്ഥാനത്തെയും സ്വീകരിച്ചവര്‍ ത്യാഗപൂർവ്വം പോരാട്ടപാതയിൽ അണിനിരന്നു. അങ്ങനെ മുന്നോട്ടുവന്ന ധീരരില്‍പ്പെടുന്നവരായിരുന്നു മഠത്തില്‍ അപ്പുവും കുഞ്ഞമ്പു നായരും ചിരുകണ്ടനും അബൂബക്കറും. യൗവ്വനകാന്തി തുടിക്കുന്ന പ്രായത്തില്‍, കേവലം ഇരുപത്തിയഞ്ച് വയസ്സെത്തുന്നതിനു മുമ്പുതന്നെ അവര്‍ കഴുമരത്തിലേറ്റപ്പെട്ടു.

നിര്‍ഭയമായി, ഉയര്‍ത്തിപിടിച്ച ശിരസുമായി തൂക്കിലേറുമ്പോഴും അവര്‍ ഇടറാത്ത ശബ്ദത്താല്‍ വിളിച്ച മുദ്രാവാക്യം ''കമ്മ്യൂണിസ്റ്റ് പാര്‍ടി സിന്ദാബാദ്, ജന്മിത്വം തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ'' എന്നതായിരുന്നൂ.
ജന്മിത്വത്തിന്റെ ക്രൂരതകള്‍ക്കും അടിമത്വ വ്യവസ്ഥയ്ക്കുമെതിരായാണ് മുനയംകുന്നിലും മറ്റ് പലയിടങ്ങളിലുമെന്നപോലെ കമ്മ്യൂണിസ്റ്റുകാര്‍ കയ്യൂരിലും പൊരുതിയത്. കയ്യൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ കുടിയാന്മാരെയും കര്‍ഷകരെയും സംഘടിപ്പിച്ചത് ജന്മിമാരെയും അധികാരികളെയും പ്രകോപിതരാക്കി.
കര്‍ഷകരുടെയും കുടികിടപ്പുകാരുടെയും വീടുകളില്‍ നിരന്തരം പരിശോധന നടത്താനും വീടുകള്‍ കൊള്ളയടിക്കുവാനും കര്‍ഷക പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരെ പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുവാനും പൊലീസ് മുന്നോട്ടുവന്നു.
സ്ത്രീകളടക്കമുള്ളവര്‍ നിരന്തരം അപമാനിക്കപ്പെട്ടു.
പൊലീസ് മര്‍ദനമുറകള്‍ക്കും ഭരണകൂട ക്രൂരതകള്‍ക്കുമെതിരായ പ്രതിഷേധവും പ്രതിരോധവും അവിടെ ശക്തിപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും കര്‍ഷക സംഘം പ്രവര്‍ത്തകരും ജാഥ നടത്തുന്നതിനിടെ വന്നുപെട്ട, സ്ത്രീകളെ അടക്കം ആക്രമിച്ചിരുന്ന ഒരു പൊലീസുദ്യോഗസ്ഥന്‍ ഭയന്നോടി വെള്ളത്തില്‍ വീണ് മരിച്ചു. തുടര്‍ന്നാണ് കയ്യൂര്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. പൊലീസ് കോണ്‍സ്റ്റബിളിനെ കല്ലെറിഞ്ഞുകൊന്നതായാണ് കേസ്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജന്മിത്വത്തിന്റെ അവസാനത്തിനും വേണ്ടി പൊരുതാനിറങ്ങിയ സഖാക്കള്‍ ആ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. പല കോടതികളിലെ വിചാരണകള്‍ക്കുശേഷം അപ്പുവിനെയും കുഞ്ഞമ്പുവിനെയും ചിരുകണ്ടനെയും അബൂബക്കറിനെയും ചൂരിക്കാടന്‍ കൃഷ്ണന്‍ നായരെയും തൂക്കിലേറ്റാന്‍ വിധിച്ചു.
ചൂരിക്കാടന്‍ പ്രായപൂര്‍ത്തിയാവാത്തതുകൊണ്ട് തൂക്കുമരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മറ്റ് നാലുപേരും കുനിയാത്ത ശിരസ്സുമായി പരിഭ്രമമോ ഭയമോ ആശങ്കയോ ഇല്ലാത്ത മനസ്സുമായി 1943 മാര്‍ച്ച് 29 ന് തൂക്കുമരത്തിനരികിലേക്ക് നടന്നുചെന്നു. വിപ്ലവകേരളത്തിന്റെമുന്നേറ്റ ചരിത്രത്തിലെ ഒരിക്കലും മായാത്ത ഐതിഹാസിക അധ്യായമാണ് അവരുടെ രക്തസാക്ഷിത്വങ്ങളിലൂടെ രചിക്കപ്പെട്ടത്.
തൂക്കുമരം കാത്തുകിടന്ന സഖാക്കളെ കാണാന്‍ അന്ന് സിപിഐ ജനറല്‍ സെക്രട്ടറിയായിരുന്ന സ. പി സി ജോഷി, സ. പി കൃഷ്ണപിള്ളയ്‌ക്കൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയിരുന്നു. അദ്ദേഹം ആ അനുഭവം വികാരഭരിതമായ ഭാഷയില്‍ എഴുതിയിട്ടുണ്ട്. 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ് വിളിച്ചുകൊണ്ടവര്‍ അന്ത്യം വരിച്ചു' എന്നെഴുതിയ ജോഷി കഴുമരം മുന്നില്‍ വാ പിളര്‍ത്തിനില്‍ക്കുമ്പോഴും അക്ഷോഭ്യരായി നിന്ന ആ നാലു കമ്മ്യൂണിസ്റ്റുകാരെയും വരച്ചുവച്ചിട്ടുമുണ്ട്.
''കമ്മ്യൂണിസ്റ്റ് പാര്‍ടി, സഖാക്കളോട് ഉത്കണ്ഠപ്പെടാതിരിക്കുവാന്‍ പറയുക, അവരെ ഉന്മേഷഭരിതരാക്കുക, ഞങ്ങള്‍ നാടിനുവേണ്ടി അഭിമാനത്തോടെ ജീവത്യാഗം ചെയ്തുവെന്നറിയിക്കുക'' എന്നാണ് തൂക്കുകയറിലേയ്ക്ക് പോകുന്നതിനുമുമ്പ് തടവറയില്‍ നിന്ന് കയ്യൂര്‍ സഖാക്കള്‍ പറഞ്ഞത്.

വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ സൂര്യതേജസ്സോടെ ജ്വലിച്ച്‌ നില്‌ക്കുന്ന നാല്‌ പേരുകള്‍: സ. മഠത്തില്‍ അപ്പു, സ. കോയിത്താറ്റില്‍ ചിരുകണ്ടന്‍, സ. പൊടോര കുഞ്ഞമ്പു നായര്‍, സ. പള്ളിക്കല്‍ അബൂബക്കര്‍.
ലോകമെങ്ങുമുള്ള വിപ്ലവകാരികള്‍ക്ക്‌ ആവേശമായ കയ്യൂര്‍ രക്തസാക്ഷികള്‍. അവരുടെ ജ്വലിക്കുന്ന സ്മരണകൾവരുംകാല പോരാട്ടങ്ങൾക്ക് കരുത്ത് പകരും. ആ രണധീരരുടെ ഒരിക്കലും മരിക്കാത്ത ഓർമകൾക്ക് മുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങൾ. ലാൽസലാം.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.